ഇന്ത്യയുടെ മഹത്തായ ജനാധിപത്യബോധം എത്രമാത്രം ശക്തമാണെന്ന് പൊതുതെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നുവെന്ന് കെസിബിസി. വർഗീയ ധ്രുവീകരണങ്ങൾക്കോ വെറുപ്പിന്റെ പ്രചാരണങ്ങൾക്കോ സാധാരണക്കാരായ ഇന്ത്യൻ പൗരന്മാരിൽ വേർതിരിവുണ്ടാക്കാൻ കഴിഞ്ഞില്ല എന്നതു ശ്രദ്ധേയമാണെന്നും പിഒസിയിൽ സമാപിച്ച കെസിബിസി വർഷകാല സമ്മേളനം വിലയിരുത്തി. പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച വരെ അഭിനന്ദിച്ച മെത്രാൻ സമിതി ജനങ്ങളോടുള്ള ഉത്തരവാദിത്വവും രാഷ്ട്രനിർമാണത്തിലുള്ള ഔത്സുക്യവും പ്രകടമാക്കാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങളുടെ പൊതുവികാരം ഉൾക്കൊണ്ടു രാജ്യത്തെ ഒന്നായി കാണാനും ഭരണഘടനയോട് വിധേയത്വം പുലർത്താനും രൂപീകൃതമാകുന്ന പുതിയ സർക്കാരിനു കഴിയണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.