അഞ്ചു മക്കളില്‍ നാലു പേരെയും ഈശോയുടെ വന്ദ്യ വൈദികരാകുവാന്‍ തീരുമാനമെടുത്തപ്പോള്‍ അവര്‍ക്ക് ബലമേകിയ അമ്മ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടു. പാലാ പൈക പന്തിരുവേലില്‍ ജോയിയുടെ ഭാര്യ മോളിയാണ് ഈശോയുടെ സന്നിധിയിലേക്ക് യാത്രയായത്. പന്തിരുവേലില്‍ ജോയി – മോളി ദമ്പതികളുടെ അഞ്ച് ആണ്‍ മക്കളില്‍ നാലു പേരും നിത്യ പുരോഹിതനായ ഈശോയെ പിഞ്ചെല്ലുകയായിരിന്നു. ഉയര്‍ന്ന വരുമാനമുള്ള ജോലിയും വിദേശത്തെ ജീവിത സാഹചര്യവും തെരഞ്ഞെടുക്കുന്ന ഇക്കാലഘട്ടത്തെ യുവജനങ്ങളില്‍ നിന്ന്‍ വ്യത്യസ്തരായി 4 പേരും പൗരോഹിത്യ വഴി തെരഞ്ഞെടുത്തപ്പോഴും യാതൊരു എതിര്‍പ്പും കൂടാതെ പൂര്‍ണ്ണ പിന്തുണയുമായി ഈ മാതാപിതാക്കള്‍ നിലക്കൊണ്ടിരിന്നു.
ടൈറ്റസ്, മാർട്ടിൻ, ടിയോ, നിർമൽ, വിമല്‍ എന്നീ അഞ്ചുമക്കളെയാണ് ദമ്പതികള്‍ക്കു ഈശോ സമ്മാനമായി നല്‍കിയത്. ടൈറ്റസ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ശേഷിച്ച നാലുപേരും ഈശോയുടെ നിത്യ പൗരോഹിത്യത്തില്‍ ഭാഗഭാക്കുകയായിരിന്നു. 2009 ഡിസംബര്‍ 28നു മാർട്ടിനാണ് കുടുംബത്തില്‍ നിന്നു ആദ്യമായി തിരുപ്പട്ടം സ്വീകരിച്ചത്. നിലവില്‍ പാലാ രൂപതയിലെ വരിയാനിക്കാട് ഇടവക വികാരിയായി സേവനമനുഷ്ഠിച്ച് വരികയാണ് അദ്ദേഹം. ഫാ. ടിയോ ഭഗല്‍പൂര്‍ രൂപതയിലാണ് ശുശ്രൂഷ ചെയ്യുന്നത്.2021 ജനുവരി അഞ്ചിനാണ് കുടുംബത്തിന് അനുഗ്രഹമായി വീണ്ടും തിരുപ്പട്ട സ്വീകരണം നടന്നത്. പാലാ രൂപതയ്ക്കു വേണ്ടി ഫാ. നിർമൽ മാത്യു അന്ന് അഭിഷിക്തനായി. ഈശോ ദാനമായി നല്‍കിയ മക്കള്‍ പ്രാര്‍ത്ഥനയോടെ എടുത്ത തീരുമാനത്തിന് യാതൊരു എതിരും നില്‍ക്കാതെ അവര്‍ക്ക് വേണ്ടി ജീവിതത്തെ പ്രാര്‍ത്ഥനയാക്കി മാറ്റി മുന്നോട്ട് പോകുകയായിരിന്നു മോളി. ഇളയ മകനായ ഡീക്കൻ വിമലിൻ്റെ പൗരോഹിത്യസ്വീകരണം അടുത്തുതന്നെ നടക്കാനിരിക്കുന്ന വേളയിലാണ് മോളിയുടെ വിടവാങ്ങല്‍.
ജൂൺ 7ന് വെള്ളിയാഴ്‌ച ഉച്ച കഴിഞ്ഞ രണ്ടരക്ക് സ്വവസതിയിൽ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് പൈക സെന്റ് ജോസഫ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ മൃതദേഹം സംസ്ക്കരിക്കും.