ചബഹാര്‍ തുറമുഖ നടത്തിപ്പിനായുള്ള കരാറില്‍ ഇറാനുമായി ഇന്ത്യ ഒപ്പുവെച്ചതിനു പിന്നാലെ അമേരിക്കയുടെ ഉപരോധ ഭീഷണി. ഇറാനുമായി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആര്‍ക്കും അമേരിക്കയുടെ ഉപരോധം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയായിരുന്നു ഇന്ത്യയും ഇറാനും തുറമുഖവുമായി ബന്ധപ്പെട്ട പത്ത് വര്‍ഷ കരാറില്‍ ഒപ്പുവെച്ചത്.
കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡും (ഐപിജിഎല്‍), ഇറാനിലെ പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനുമാണ് കരാര്‍ ഒപ്പിട്ടത്. ടെഹ്‌റാനില്‍ നടന്ന ചടങ്ങില്‍ ഇറാന്‍ റോഡ്-നഗര വികസന മന്ത്രി മെഹര്‍സാദ് ബസര്‍പാഷും പങ്കെടുത്തിരുന്നു.
ഇസ്രയേലിനെതിരായ ആക്രമണത്തിനു പിന്നാലെ അമേരിക്ക ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യക്കെതിരെയുള്ള ഭീഷണി. ‘ഇറാനുമായുള്ള വ്യാപാര ഇടപാടുകള്‍ പരിഗണിക്കുന്ന ആരായാലും അവര്‍ സ്വയം തുറന്നു കാണിക്കുന്ന അപകട സാധ്യതയെക്കുറിച്ചും ഉപരോധത്തിന്റെ സാധ്യതയെക്കുറിച്ചും അറിഞ്ഞിരിക്കണം,’ വേദാന്ത പട്ടേല്‍ പറഞ്ഞു.
2024 ഏപ്രിലില്‍ ചൈനയില്‍ നിന്നുള്ള മൂന്ന് കമ്പനികള്‍ ഉള്‍പ്പെടെ പാകിസ്ഥാന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമിലേക്കുള്ള വിതരണക്കാര്‍ക്കെതിരെയും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.