അമേരിക്കയിലെ അബ്ബെവില്ലെയിലെ സെൻ്റ് മേരി മഗ്ദലന കത്തോലിക്കാ ദേവാലയത്തില്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തോട് അനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ക്കിടെ ആയുധധാരിയെ പിടിക്കൂടി. ശനിയാഴ്ച നടന്ന വിശുദ്ധ കുർബാനയ്‌ക്കിടെ സംശയാസ്പദമായ രീതിയിൽ ആയുധവുമായി എത്തിയ ഒരാൾ പള്ളിയുടെ പിൻവാതിലിനരികെ നില്‍ക്കുന്നത് കണ്ട ഇടവകാംഗങ്ങള്‍ പോലീസിനെ വേഗം വിവരമറിയിക്കുകയായിരിന്നു. ദേവാലയത്തില്‍ കൂടിയിരിന്നവര്‍ പരിഭ്രാന്തരാകുന്നത് തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഫാ. നിക്കോളാസ് ജി. ഡ്യൂപ്രെയുടെ ചെവിയിൽ ആരോ ഒരാള്‍ രഹസ്യമായി വിവരങ്ങള്‍ അറിയിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്നു എല്ലാവരോടും ഇരിക്കാൻ വൈദികന്‍ പറഞ്ഞു. പിന്നാലെ അദ്ദേഹം “നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാര്‍ത്ഥന ചൊല്ലുവാന്‍ ആരംഭിച്ചു. ആളുകൾ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് പള്ളിയുടെ പിൻഭാഗത്തേക്ക് നോക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലേ തോക്കുകളുമേന്തി പോലീസ് അള്‍ത്താരയിലേക്ക് ഉള്‍പ്പെടെ പ്രവേശിച്ചിരിന്നു. അക്രമിയെ പിടികൂടിയെന്നും ഇയാൾ കസ്റ്റഡിയിലാണെന്നും എല്ലാവരും ശാന്തരായിരിക്കുവാനും സന്ദേശം ലഭിച്ചു. 60 കുട്ടികൾ തങ്ങളുടെ ആദ്യ കുർബാന സ്വീകരണം നടത്താനിരിക്കെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
പ്രതിയെ അബ്ബെവില്ലെ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് പിടികൂടിയെന്നും ഇയാള്‍ പോലീസ് കസ്റ്റഡിയിലാണെന്നും പിടികൂടിയപ്പോൾ, അധിക അപകടമൊന്നും ഇല്ലെന്ന് ഉറപ്പാക്കാൻ നിയമപാലകർ പള്ളിയിൽ പ്രവേശിക്കുകയാണ് ചെയ്തതെന്നും ദേവാലയ നേതൃത്വം പിന്നീട് വ്യക്തമാക്കി. സന്നിഹിതരായിരുന്നവർക്ക് ഇതൊരു ഭയാനകമായ അനുഭവമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിലും, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ വേഗത്തിൽ പ്രവർത്തിച്ചതിന് ഇടവകാംഗങ്ങളോടും പോലീസ് ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുകയാണെന്നും വെർമിലിയൻ പാരിഷ് ഷെരീഫിൻ്റെ ഓഫീസിൻ്റെയും എഫ് ബി ഐയുടെ സഹായത്തോടെയും ചീഫ് മൈക്ക് ഹാർഡി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അബ്ബെവില്ലെയിലെ സെൻ്റ് മേരി ദേവാലയ നേതൃത്വം അറിയിച്ചു. അമേരിക്കയില്‍ വിവിധയിടങ്ങളില്‍ തോക്ക് ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആശങ്കയിലാണ് വിശ്വാസി സമൂഹം. ദേവാലയത്തിന് സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.