ദേശീയ പാതയുടെ അറ്റകുറ്റപ്പണിയുടെ ഭാഗമായി എടുത്ത കുഴിയിലേക്ക് കെ എസ് ആർ ടി സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. മലപ്പുറം തലപ്പാറയിലാണ് സംഭവം. കോഴിക്കോട് നിന്ന് തൃശൂരേക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

14 പേർക്ക് പരുക്കേറ്റെന്നാണ് പ്രാഥമിക വിവരം. അറുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ദേശീയ പാതയുടെ അറ്റകുറ്റപ്പണിയുടെ ഭാഗമായി എടുത്ത പത്തടി താഴ്ചയുള്ള കുഴിയിലേക്ക് ബസ് മറിയുകയായിരുന്നു. റോഡുപണി നടന്നുവരുന്നതിനിടെ നിരവധി അപകടങ്ങളാണ് മേഖലയിൽ ഈ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.രാത്രിയായതിനാൽ ഡ്രൈവർക്ക് കുഴി കാണാനാകാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ ആംബുലൻസുകളെത്തിച്ച് പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ്.