ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബോക്‌സറും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിംഗ് ബുധനാഴ്ച ബിജെപിയിൽ ചേർന്നു. ഒളിമ്പിക്‌സ് മെഡൽ ജേതാവ് 2019 ലെ തിരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇദ്ദേഹം മത്സരിച്ചിരുന്നു. ന്യൂഡൽഹിയിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം കാവി പാർട്ടിയിൽ ചേർന്നത്.

നടിയും നിലവിലെ ബിജെപി എംപിയുമായ ഹേമമാലിനി വീണ്ടും മത്സരിക്കുന്ന മഥുരയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജേന്ദറിൻ്റെ പേര് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചയായിരുന്നു. അതിനിടെയാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. അദ്ദേഹത്തിൻ്റെ സ്വന്തം സംസ്ഥാനമായ ഹരിയാനയിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും രാജസ്ഥാനിലും ഗണ്യമായ എണ്ണം സീറ്റുകളിൽ രാഷ്ട്രീയ സ്വാധീനം ചെലുത്തുന്ന ജാട്ട് സമുദായത്തിൽ നിന്നാണ് സിംഗ് വരുന്നത്.