തോമാശ്ലീഹായുടെ തിരുശേഷിപ്പെവിടെ?

യേശുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിലൊരാളും ദിദിമോസ് എന്നു വിളിപ്പേരുമുള്ള തോമാ ശ്ലീഹാ A.D. 52 ൽ കേരളത്തിൽ വന്നു സുവിശേഷം പ്രസംഗിച്ചുവെന്നും A.D. 72 ജൂലൈ മൂന്നിനു തമിഴ് നാട്ടിലെ ചിന്നമലയിൽ വച്ച് രക്തസാക്ഷിയാ യെന്നും നമ്മൾ പരമ്പരാഗതമായി വിശ്വസിക്കുന്നു. ആ രക്തസാക്ഷിത്വത്തിൻ്റെ ഓർമദിനം (ദുക്റാന) ആണ് ജൂലൈ മൂന്ന്. യേശുവിനെ തൊട്ടുരുമ്മി നടന്ന, അവിടുത്തെ മനുഷ്യത്വത്തിനും ദൈവത്വ ത്തിനും ഒരുപോലെ സാക്ഷിയായ അദ്ദേഹം ക്രിസ്‌തുവിന്റെ പ്രഭ ഭാരതത്തിൽ തെളിച്ചു.

തിരുശേഷിപ്പ് എവിടെ?

ഇന്ത്യയിൽ വച്ച് രക്തസാക്ഷിയായ അദ്ദേഹത്തിൻ്റെ തിരുശേഷിപ്പ് പിന്നീട് എദേസ്സായിലേക്കു കൊണ്ടുപോയി എന്ന ഒരറിവാണു പൊതുവെയുള്ളത്. എന്നാൽ, ആ തിരുശേഷിപ്പുകൾക്ക് അതിലപ്പുറം ചില കഥകൾ ഉണ്ടെന്നു മനസ്സിലായത് റോമിൽനിന്ന് ഏതാണ്ട് 225 കി.മീ. അകലെയുള്ള ഓർതോണയിലെ സെൻ്റ് തോമസ് കത്തീഡ്രൽ സന്ദർശിക്കുമ്പോഴാണ്.

കൗതുകം നിറഞ്ഞ ആ കഥകൾ ഒരുപക്ഷേ, പലർക്കും അറിയില്ല. ആ പൂജ്യശരീരത്തിന്റെ തിരുശേഷിപ്പിൽ ഏറിയ പങ്കും ഇന്നു സൂക്ഷിച്ചിരിക്കുന്നത് ഓർതോണ എന്ന തുറമുഖ നഗരത്തിലെ ഈ ദേവാലയത്തിലാണ്. പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ തിരുശേഷിപ്പ് ഇവിടെയെത്തിയത്. അതിനു മുമ്പുള്ള കഥയിങ്ങനെ:

A.D. 72 ൽ ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് സമുദ്ര തീരത്തുള്ള മദ്രാസ് (ചെന്നൈ) നഗരത്തിനടുത്തുള്ള ചിന്നമലയിൽ വച്ച് കാളിഭക്തനായ ഹൈന്ദവപുരോഹിതൻ അദ്ദേഹത്തെ ശൂലം കൊണ്ട് കുത്തിക്കൊന്നു എന്നാണല്ലോ പൊതുവെ വിശ്വസിക്കപ്പെടുന്നത്. കാളീഭക്തരായ അനേകം മനുഷ്യരെ ക്രിസ്ത്യാനികളാക്കി എന്നതായിരുന്നു
കാരണം. അനുയായികൾ അദ്ദേഹത്തിൻ്റെ മൃതദേഹം അവിടെ അടുത്തുതന്നെ സംസ്‌കരിച്ചു.

ഏദേസ്റ്റ

സെന്റ് എഫ്രേം നൽകുന്ന വിവരണമനുസരിച്ച് മൂന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഒരു രാജാവായിരുന്ന മാസ്‌ദായ് (Masdai – സുറിയാനി ഭാഷയിൽ Misdeus എന്നുച്ചരിക്കുന്ന ഈ പേര് മലയാളത്തിൽ വാസുദേവ എന്നാണെന്ന് പണ്ഡിതന്മാർ) തോമാ ശ്ലീഹായുടെ മൃതദേഹാവശിഷ്‌ടങ്ങൾ എദേസ്സായിലേക്ക് ഒരു വ്യാപാരി വഴി കൊടുത്തയച്ചു എന്നാണറിയപ്പെടുന്നത്. (ഇന്നത്തെ urfa ആണ് എദേസ്സ. മെസപ്പൊട്ടോമിയയിലെ നഗരമാണ് എദേസ്സ. അബ്രാഹത്തിന്റെ ജന്മനാടായ മെസപ്പൊട്ടോമിയ ഇന്ന് മാസിഡോണിയ എന്നാണറിയപ്പെടുന്നത്). എദേസ്സാ യിലെത്തിച്ച തിരുശേഷിപ്പ് ഒരു സ്‌മൃതിമണ്ഡപം പണിത് അതിൽ സൂക്ഷിക്കുകയായിരുന്നു.

കിയോസ് (Chios)

394 ൽ എദേസ്സായിലെ ബിഷപ്പായിരുന്ന സൈറസ് ഒന്നാമൻ ആ തിരുശേഷിപ്പ് അവിടെ നിന്നെടുത്ത് ഒരു ദേവാലയത്തിലേക്കു മാറ്റി പ്രതിഷ്ഠിച്ചു. പതിമൂന്നാം നൂറ്റാണ്ടിൽ തുർക്കികളുടെ ആക്രമണത്തെത്തുടർന്ന് തിരുശേഷിപ്പ് പേടകത്തോടൊപ്പം ഇറ്റലിയിൽ സുരക്ഷിതമായി എത്തിക്കാൻ അവർ ശ്രമിച്ചു. എന്നാൽ, ആ കപ്പൽ യാത്ര അടിയന്തിരമായി ഗ്രീസിലെ കിയോസ് എന്ന ദ്വീപിൽ അവസാനിപ്പിക്കേണ്ടിവന്നു. തിരുശേഷിപ്പ് അവിടത്തെ ഒരു ദേവാലയത്തിൽ സൂക്ഷിക്കുകയും ചെയ്തു.

ഓർതോണ

1258 ൽ ഇറ്റലിയുടെ ഒരു തുറമുഖനഗരമായ ഓർതോണയിൽ നിന്ന് (ortona) ക്യാപ്റ്റൻ ലിയോണെ അക്കിയായുവോളി (Leone Acciaiuoli) യുടെ നേതൃത്വത്തിൽ കിയോസ് കൊള്ളയടിക്കാൻ ഒരു സംഘമെത്തി. അടുത്തു കണ്ട ദേവാലയത്തിൽ കയറി അദ്ദേഹം പ്രാർത്ഥിച്ചു. അവിടെയുണ്ടായിരുന്ന വയോധികനായ ഒരു പുരോഹിതൻ അദ്ദേഹത്തെ കാണാനിടയാവുകയും ആ ദേവാലയത്തിൽ തോമാശ്ലീഹായുടെ തിരുശേഷിപ്പടങ്ങിയ പേടകമുണ്ടെന്ന് അറിയിക്കുകയും ചെയ്‌തു. ആ വിശുദ്ധപേടകം കാണാനിടയായ അദ്ദേഹം പിറ്റേന്ന് രാത്രിതന്നെ പേടക ത്തോടൊപ്പം ആ തിരുശേഷിപ്പ് ഓർതോണയി ലേക്ക് മോഷ്ടിച്ചുകൊണ്ടുപോവുകയും ചെയ്തു എന്ന് ചരിത്രകാരന്മാർ പറയുന്നു.

ഈ സംഭവത്തെക്കുറിച്ച് ഒരു ഐതിഹ്യവും നിലനിൽക്കുന്നുണ്ട്. പ്രാർത്ഥിക്കാൻ ദേവാലയ ത്തിൽ പ്രവേശിച്ച ലിയോണെ ഒരു ദിവ്യാനുഭൂതി യിൽ ലയിക്കുകയും പെട്ടെന്ന് പ്രകാശകിരണങ്ങൾ കൊണ്ടുള്ള ഒരു കരം പ്രത്യക്ഷപ്പെട്ട് അരികിലേക്ക് മാടി വിളിക്കുകയും ചെയ്‌തുവത്രേ. അടുത്തു ചെന്ന അദ്ദേഹം പേടകം കാണുകയും അതിലുണ്ടായിരുന്ന വിടവിലൂടെ ഒരസ്ഥി കയ്യിലെടുക്കുകയും ചെയ്തു. പേടകത്തിലെ അസ്ഥികൾക്കു ചുറ്റും പ്രകാശ കിരണങ്ങൾ വലയം ചെയ്തിരിക്കുന്നതായും കണ്ടു. മാത്രമല്ല, പേടകത്തിൽ കൊത്തി വച്ചിരുന്ന ഗ്രീക്ക് വാക്കുകൾ ‘osios thomas’ (St. Thomas) കണ്ട് തോമാശ്ലീഹായുടേതു തന്നെ എന്നു തിരിച്ചറിഞ്ഞ് മോഷ്‌ടിച്ചുകൊണ്ടു പോവുകയായിരുന്നു. ഓർതോ ണയിലെത്തിച്ച ആ തിരുശേഷിപ്പ് തുറമുഖത്തോട് ചേർന്നുള്ള ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.
11-ാം നൂറ്റാണ്ടുവരെ ഒരു റോമൻ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഈ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. 1060 ൽ ഉണ്ടായ ഒരു ഭൂകമ്പത്തെത്തുടർന്ന് തകർന്നുപോയ ആ ദേവാലയം 1127 ൽ പുതുക്കിപ്പണിത് മാലാഖമാരുടെ രാജ്ഞിയായ മറിയത്തിനു സമർപ്പിച്ചു. 1258 ലാണ് തോമാശ്ലീഹായുടെ തിരുശേഷിപ്പ് ഇവിടെയെത്തിച്ചത്.

1566 ൽ തുർക്കികൾ ഓർതോണ നഗരം തീ വച്ച് നശിപ്പിച്ചെങ്കിലും ഈ തിരുശേഷിപ്പ് നശിപ്പിക്കപ്പെടാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിച്ചു. നാലുവർഷത്തിനുശേഷം 1570 ൽ ഈ ദേവാലയം തോമാശ്ലീഹായ്ക്കു സമർപ്പിക്കുകയും ചെയ്തു. വീണ്ടും നിരവധി ആക്രമണങ്ങൾ ഈ ദേവാലയത്തിനു നേരെയു ണ്ടായി. 1799 ഫ്രഞ്ചുകാരും 1943ൽ ജർമൻകാരും ദേവാലയത്തിനു വലിയ നാശനഷ്ട‌ങ്ങൾ വരുത്തി. ലാഞ്ചാനോ – ഓർത്തോണ രൂപതയിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം 1949 ൽ വീണ്ടും പുതുക്കി പ്പണിതു. 1859 പന്ത്രണ്ടാം പീയൂസ് പാപ്പ മൈനർ ബസിലിക്കയായി ഉയർത്തി. ഈ രൂപതയുടെ മദ്ധ്യ സ്ഥനും സെൻ്റ് തോമസാണ്

അസ്ഥികൾ പറയുന്നത്

വിശുദ്ധന്റെ തിരുശേഷിപ്പിൽ നല്ല ഒരു ഭാഗവും ഓർതോണയിൽ ഉണ്ട്. ചിത്രത്തിൽ കാണാവുന്നതു പോലെ കയ്യുടെ അസ്ഥികളാണ് കൂടുതലും നഷ്ടമായിരിക്കുന്നത്. നഷ്ടപ്പെട്ട ഭാഗങ്ങൾ ലോകത്തിൻ്റെ പല ഭാഗങ്ങളിലായി സൂക്ഷിച്ചിരിക്കുന്നു.

17-ാം നൂറ്റാണ്ടു മുതൽ ഇന്നുവരെ ഈ അസ്ഥികൾ പല ശാസ്ത്രീയ പഠനങ്ങൾക്കും വിധേയമാക്കിയിട്ടുണ്ട്. 1983-86 കാലഘട്ടത്തിൽ കിയേത്തി (Chieti) യൂണിവേഴ്സിറ്റിയിലെ പ്രഗത്ഭരായ നാലു ഡോക്ടേഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ പരീ ക്ഷണങ്ങളിൽ കണ്ടെത്തിയ തോമാശ്ലീഹായുടെ ശരീരപ്രകൃതിയെക്കുറിച്ചുള്ള നിഗമനങ്ങൾ ഇങ്ങനെയാണ്.

160 സെന്റ്റിമീറ്ററിലധികം ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള, 50 നും 70 നും ഇടയിൽ പ്രായമുള്ള പുരുഷൻ്റെ ശരീരമാണിത്. മരണത്തിനു തൊട്ടു മുൻപോ പിൻപോ ശക്തമായ അടിയേറ്റ് വലതു താടിയെല്ല് പൊട്ടിയിട്ടുണ്ട്. വാതസംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്ന വ്യക്തിയാണിത്. തലയോട്ടിയുടെ മുൻഭാഗത്ത് ചെറിയൊരു മുഴയും കാണുന്നു.

നഷ്ടപ്പെട്ടതായി കാണുന്ന അസ്ഥികൾ എവിടെയൊക്കെയാണെന്നും ഏതാണ്ടൊരു വ്യക്തത ഇന്നുണ്ട്. വലതു കൈത്തണ്ടയുടെ അസ്ഥി ഭാരതസഭയ്ക്കുതന്നെ അവർ നൽകി. അതു കൊടുങ്ങല്ലൂരിൽ തോമാശ്ലീഹാ പണികഴിപ്പിച്ച തെന്നു വിശ്വസിക്കപ്പെ ടുന്ന മാർത്തോമാ പൊന്തിഫിക്കൽ ദേവാലയത്തിൽ പ്രതിഷ്‌ഠിച്ചിരിക്കുന്നു. കയ്യുടെ മറ്റൊരസ്ഥി ഇറ്റലിയിലെ ബാരി എന്ന സ്ഥലത്തെ സെൻ്റ് നിക്കോളാസ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. 1602 ൽ അവിടെയെത്തിച്ച ആ തിരുശേഷിപ്പ് വലതുകൈയുടെ മുട്ടിനു താഴെയുള്ള രൂപത്തിൽ വെള്ളികൊണ്ട് നിർമ്മിച്ച ഒരു ശില്പ‌ത്തിനകത്ത് തീർത്ഥാടകർക്ക് കാണാവുന്ന രീതിയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വത്തിൻ്റെ പ്രതീകമായ കുന്തവും കയ്യിൽ പിടിപ്പിച്ചിരിക്കുന്നു. വേറൊരസ്ഥി നെതർലൻ്റ്സിലെ മാസ്ട്രിച്ചിലെ (Mastricht) സെന്റ് സെർവായോസ് ബസിലിക്കയിൽ സൂക്ഷിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഓർതോണയിലെ അസ്ഥികളിൽ ചില വിരലുകളുടെ അസ്ഥികളും കാണുന്നില്ല. അതിൽ യേശു വിൻ്റെ മുറിവുകളെ സ്‌പർശിച്ചതെന്നു കരുതുന്ന ചൂണ്ടുവിരലിന്റെ അസ്ഥി റോമിലെ ‘സാന്താ ക്രോച്ചേ ഇൻ ജെറുസലേമെ’ ദേവാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. നാലാം നൂറ്റാണ്ടിൽ ഹെലേന രാജ്ഞി ജെറു സലേമിൽ നിന്നു കൊണ്ടുവന്ന യേശുവിൻ്റെ കുരിശിൻ്റെ തിരുശേഷിപ്പിനൊപ്പമാണ് അത് പ്രതി ഷ്ഠിച്ചിരിക്കുന്നത്. ഇരുവശത്തും ചില്ലുകൊണ്ടുമറച്ചിട്ടുള്ള, ചെറിയ വിട വുകളോടെ നിർമിച്ചിരിക്കുന്ന, വിരലിന്റെ ആകതിയിലുള്ള ലോഹകവചത്തിനകത്താണ് അത് സൂക്ഷിച്ചരിക്കുന്നത്. ആ വിടവിലൂടെ ആ അസ്ഥികൾ നമുക്ക് കാണാൻ കഴിയും.

മൈലാപ്പൂരിലെ സാൻതോം കത്തീഡ്രലിലും കയ്യുടെ ഏതാനും അസ്ഥികൾ സൂക്ഷിച്ചിട്ടുണ്ട്. തലയോട്ടിയുടെ ഒരു ഭാഗം ഗ്രീസിലെ പാമോസ് ദ്വീപിലുള്ള ദൈവശാസ്ത്രജ്ഞനായ വിശുദ്ധ യോഹന്നാൻ്റെ നാമത്തിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് ആശ്രമത്തിൽ സൂക്ഷിച്ചിരിക്കുന്നു.

അസ്ഥികൾക്കു പുറമെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പുകളിൽ പ്രധാനം അദ്ദേഹത്തെ വധിക്കാനുപയോഗിച്ച കുന്തമാണ്. അദ്ദേഹത്തിന്റെ മൃതശരീരം അടക്കിയിരുന്ന മൈലാപ്പൂരിലെ കല്ലറ യിൽ 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നടത്തിയ അന്വേഷണത്തിനിടെ അതു കണ്ടെത്തുകയായിരുന്നു. ആ കുന്തമുന ഇന്ന് മൈലാപ്പൂരിൽ അദ്ദേഹ ത്തിൻ്റെ ശവകുടീരത്തിനു മീതെ പണികഴിപ്പിച്ചിരി ക്കുന്ന സാൻതോം കത്തീഡ്രലിൽ സൂക്ഷിച്ചിട്ടുണ്ട്.

സാൻതോം കത്തീഡ്രൽ

നാലാം നൂറ്റാണ്ടിലാണ് തോമാശ്ലീഹായുടെ മൃത ശരീരാവശിഷ്ടങ്ങൾ ഇന്ത്യയിൽനിന്ന് എദേസ്സായിലേക്ക് കൊടുത്തയച്ചത്. പിന്നീട് ആ കല്ലറ ഏതാണ്ട് വിസ്‌മൃതാവസ്ഥയിൽ ആയിരുന്നു. 1521 ൽ ഗോവയിലെ പോർച്ചുഗീസുകാർ ഏതാനും മിഷനറിമാരെ തോമാശ്ലീഹായുടെ കല്ലറ കണ്ടെത്താൻ മദ്രാസിലേക്കയച്ചു. അവരത് കണ്ടെത്തുമ്പോൾ ഇസ്ലാം മതവിശ്വാസിയായ ഒരാൾ അനുദിനം ആ കല്ലറയിൽ വിളക്കുകൊളുത്തി പരിചരിക്കുന്നുണ്ടായിരുന്നു!

ആ കല്ലറയ്ക്കുമീതെ പോർച്ചുഗീസുകാർ ഒരു ദേവാലയം പണിയുകയും 1523 ൽ അതു കൂദാശ ചെയ്യുകയും ചെയ്തു‌. 1600 ൽ പോൾ അഞ്ചാമൻ മാർപാപ്പ മൈലാപ്പൂർ രൂപത സ്ഥാപിച്ച് കത്തീഡ്രൽ പള്ളിയായി ഈ ദേവാലയത്തെ ഉയർത്തുകയും ചെയ്തു. 1896 ൽ ഈ ദേവാലയം ബ്രിട്ടീഷുകാർ ഗോത്തിക് ശൈലിയിൽ പുതുക്കിപ്പണിതു. മനോഹരമായ ആ ദേവാലയം ഇന്നും നിലനിൽക്കുന്നു. 1956 ൽ പന്ത്രണ്ടാം പീയൂസ് പാപ്പ ഈ ദേവാലയത്തെ മൈനർ ബസിലിക്കയായി ഉയർത്തി. 1986 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഭാരതസന്ദർശനത്തിനിടെ ഈ ദേവാലയം സന്ദർശിക്കുകയും നാഷണൽ ബസിലിക്കയായി ഉയർത്തുകയും ചെയ്തു.

തയ്യാറാക്കിയത് : സിസ്റ്റർ ശോഭ CSN
കടപ്പാട്: St. Thomas Guild