ഇലക്ട്രിക് ബസുകള്‍ ലാഭം തരുന്നില്ലെന്നും ഡീസല്‍ ബസുകളാണ് കെഎസ്ആര്‍ടിസിക്ക് നല്ലതെന്നും വ്യക്തമാക്കി ഗണേഷ് കുമാര്‍ രംഗത്തെത്തിയതും സിപിഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ അതിനെ എതിര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാര്‍ ഗണേഷ് കുമാറിന്റെ വാദത്തിനൊപ്പമാണെന്ന് വ്യക്തമായിരിക്കുകയാണ്. പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 92 കോടി രൂപയാണ് ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് വകയിരുത്തിയത്. അതേസമയം ഇലക്ട്രിക് ബസുകളുടെ കാര്യത്തില്‍ ബജറ്റില്‍ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടുമില്ല.വന്‍ നഷ്ടത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന കെ്എസ്ആര്‍ടിസിയ്ക്ക് ബജറ്റില്‍ പ്രഖ്യാപിച്ചത് വന്‍ സാമ്പത്തിക സഹായങ്ങളാണ്. 128.54 കോടി രൂപ വകയിരുത്തിയ ധനമന്ത്രി കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ കൂട്ടിയെന്നും മൂന്ന് വര്‍ഷം കൊണ്ട് 4917.92 കോടിയോളം അനുവദിച്ചതായും വ്യക്തമാക്കുകയുണ്ടായി. ഗതാഗത മേഖലയില്‍ സമഗ്രമായ പരിഷ്‌കാരമാണ് കൊണ്ടുവരുന്നതെന്നും ധനമന്ത്രി പറഞ്ഞു.