2025 ജൂബിലി വർഷത്തിനുള്ള ഒരുക്കമായി പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജനവരി 21 ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പാപ്പ നടത്തിയത്. വ്യക്തിജീവിതത്തിലും സഭയുടെ ജീവിതത്തിലും ലോകത്തിലും പ്രാർത്ഥനയുടെ മഹത്തായ മൂല്യവും സമ്പൂർണ ആവശ്യവും പുനഃപരിശോധിക്കാൻ സമർപ്പിക്കപ്പെട്ട കാലയളവായി ഈ വര്‍ഷം മാറ്റണമെന്ന് പാപ്പ പറഞ്ഞു. ജൂബിലി വര്‍ഷം കൃപയുടെ കാലയളവാണെന്നും നന്നായി ജീവിക്കാനും ദൈവത്തിന്റെ പ്രത്യാശയുടെ ശക്തി അനുഭവിക്കാനും പ്രാർത്ഥന തീവ്രമാക്കാൻ ആവശ്യപ്പെടുകയാണെന്നും അതുകൊണ്ടാണ് പ്രാർത്ഥനയുടെ വർഷം ആരംഭിക്കുന്നതെന്നും പാപ്പ പറഞ്ഞു.
പ്രാർത്ഥനാ വർഷത്തിൽ കത്തോലിക്ക വിശ്വാസി സമൂഹത്തെ പൂർണ്ണമായി പങ്കെടുക്കാൻ സഹായിക്കുന്നതിന് വത്തിക്കാനിലെ സുവിശേഷവൽക്കരണ ഡിക്കാസ്റ്ററി കൂടുതല്‍ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് മാർപാപ്പ പറഞ്ഞു. നാളെ ജനുവരി 23-ന് പ്രാർത്ഥനാവർഷത്തെക്കുറിച്ചുള്ള പത്രസമ്മേളനം നടത്തുമെന്നു പ്രസ് ഓഫീസും അറിയിച്ചു. 2000-ലെ മഹാജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കത്തോലിക്ക സഭയില്‍ അനുഗ്രഹത്തിന്റെയും, തീര്‍ത്ഥാടനത്തിന്റെയും പ്രത്യേകമായ വിശുദ്ധ വര്‍ഷമായാണ് ജൂബിലി വര്‍ഷത്തെ കണക്കാക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാര സംഭവത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. 2024 ഡിസംബർ 24 ക്രിസ്തുമസ് തലേന്നാണ് 2025 ജൂബിലി വര്‍ഷത്തിന് ആരംഭമാകുക. 2026 ജനുവരി 6-ന് ജൂബിലി വര്‍ഷം സമാപിക്കും. 1300-ല്‍ ബോനിഫസ് എട്ടാമന്‍ പാപ്പയാണ് തിരുസഭയില്‍ ആദ്യമായി ജൂബിലി ആഘോഷം സംബന്ധിക്കുന്ന പതിവ് ആരംഭിക്കുന്നത്.