ജനുവരി 22-ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര ഉദ്ഘാടനചടങ്ങില്‍ നേതാക്കള്‍ പങ്കെടുക്കില്ലെന്ന കോണ്‍ഗ്രസ് നിലപാട് തള്ളി ഹിമാചല്‍ പ്രദേശ് മന്ത്രി. പുത്രധര്‍മം പാലിക്കാതിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റേയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്ങിന്റേയും മകനായ മന്ത്രി വിക്രമാദിത്യ സിങ്, ഹൈക്കമാന്‍ഡിന്റെ തീരുമാനം തള്ളിയത്. രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. സുഖ്‌വിന്ദര്‍ സിങ് സുഖു മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയാണ് വിക്രമാദിത്യ സിങ്.

‘ഞാനെന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. രാഷ്ട്രീയക്കാരനെന്ന നിലയിലല്ല, കടുത്ത രാമഭക്തനായ മരിച്ചുപോയ വീരഭദ്രസിങ്ങിന്റെ മകന്‍ എന്ന നിലയിലാണ് ഞാന്‍ അയോധ്യയിലേക്ക് പോകുന്നത്. അദ്ദേഹത്തിന്റെ മകനെന്ന നിലയില്‍ എന്റെ ധാര്‍മിക ഉത്തരവാദിത്തമാണത്. എനിക്കെങ്ങനെയാണ് പുത്രധര്‍മം പാലിക്കാതിരിക്കാന്‍ കഴിയുക’, വിക്രമാദിത്യ സിങ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

‘ഉദ്ഘാടനത്തിന് ക്ഷണം ഞാനെന്ന വ്യക്തക്കല്ല ലഭിച്ചത്, മരിച്ചുപോയ അച്ഛനോടുള്ള ആദരം കൂടിയാണത്. അദ്ദേഹം രാമജന്മഭൂമി പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. ആര്‍.എസ്.എസിന്റേയും വിശ്വഹിന്ദു പരിഷത്തിന്റേയും ബി.ജെ.പിയുടേയും ഹിന്ദു രാഷ്ട്ര പ്രത്യയശാസ്ത്രത്തെയും എതിര്‍ക്കുന്നു. അവരുടെ വിഭജനരാഷ്ട്രീയത്തിനും താന്‍ എതിരാണ്. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോട് കൂറുള്ള, അച്ചടക്കമുള്ള പ്രവര്‍ത്തകനാണ്’, അദ്ദേഹം വ്യക്തമാക്കി. അയോധ്യയില്‍ പോകാന്‍ തനിക്ക് ക്ഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എ.ഐ.സി.സി. നിലപാട് തള്ളി ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും രംഗത്തെത്തി. ഹൈക്കമാന്‍ഡിന്റെ തീരുമാനം തന്നെപ്പോലുള്ള നിരവധി പ്രവര്‍ത്തകരെ നിരാശരാക്കിയെന്ന് അംബരീഷ് ദെര്‍ എക്‌സില്‍ കുറിച്ചു. രാജ്യത്താകമാനമുള്ള നിരവധി ഭക്തരുടെ ആരാധനാദൈവമാണ് ശ്രീരാമന്‍. അതിനാല്‍ അവുടെ വികാരവുമായി പുതുതായി നിര്‍മിക്കപ്പെട്ട രാമക്ഷേത്രം ചേര്‍ന്നുനില്‍ക്കുന്നു. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് കോണ്‍ഗ്രസിലെ ചിലയാളുകള്‍ വിട്ടുനില്‍ക്കണം. വിശ്വാസികളുടെ വികാരത്തെ മാനിക്കാന്‍ തയ്യാറാകണമെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ പത്രക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് ദെര്‍ ആവശ്യപ്പെട്ടു.