പുതിയ മന്ത്രി വരും മുമ്പേ മോട്ടോര്‍ വാഹന വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം. 57 പേര്‍ക്കആണ് സ്ഥലം മാറ്റം. ഇതിനൊപ്പം 18 ആര്‍.ടി.ഒമാര്‍ക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റവും നല്‍കി.
ആന്റണി രാജു രാജി വെച്ച് കെ.ബി. ഗണേഷ് കുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നതിന് മുമ്പാണ് സ്ഥലംമാറ്റ ഓര്‍ഡര്‍ പുറത്തിറങ്ങിയത്. എന്നാല്‍ മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കുപിന്നാലെ ഉത്തരവ് മരവിപ്പിച്ചു.
മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ അരമണിക്കൂര്‍ മുമ്പാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മന്ത്രി ഇടപെട്ടു. ഉത്തരവ് തത്കാലം നടപ്പാക്കേണ്ടിതില്ലന്ന് ശനിയാഴ്ച രാവിലെയോടെ നിര്‍ദേശം നല്‍കി.
ഉത്തരവ് പിന്‍വലിച്ചിട്ടില്ല, മരവിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. നേരത്തെ ആന്റണി രാജു മന്ത്രിയായിരുന്നപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പില്‍ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. വിചിത്രമായ മാനദണ്ഡങ്ങളോടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഇത് ചോദ്യംചെയ്ത് ചില ഉദ്യോഗസ്ഥര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതോടെ ഉത്തരവ് മരവിപ്പിച്ചിരുന്നു.
പിന്നാലെ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവില്‍നിന്ന് ചില ഉദ്യോഗസ്ഥര്‍ ഒഴിവായിരുന്നു. ചില ഉദ്യോഗസ്ഥര്‍ക്ക് അന്ന് ദൂരേക്ക് സ്ഥലം മാറി പോകേണ്ടി വന്നിരുന്നു. അവര്‍ക്കുകൂടെ താത്പര്യമുള്ള ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവായിരുന്നു വെള്ളിയാഴ്ച പുതിയ ഉത്തരവ് ഗതാഗത കമ്മിഷണര്‍ പുറത്തിറക്കിയത്.