വനം വകുപ്പ് മുൻ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. അസം ഗുവാഹത്തി സ്വദേശി ബാറുൾ ഇസ്ലാം(25) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ചയാണ് ആനമല ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിന് സമീപം മെയിൻ റോഡിന് എതിർവശത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ വനം വകുപ്പ് മുൻ ഉദ്യോഗസ്ഥൻ കല്ലേറ്റുംകര ഉള്ളിശ്ശേരി വീട്ടിൽ സെയ്തിനെ(68) മരിച്ച നിലയിൽ കണ്ടത്.ശാസ്ത്രീയ അന്വേഷണങ്ങൾക്കൊടുവിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചും കല്ലുകൊണ്ട് തലക്കിടിച്ചും ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏൽക്കത്തക്ക വിധം ശരീരത്തിൽ ചവിട്ടി പരിക്കേൽപിച്ചുമാണ് കൊലപ്പെടുത്തിയത്.ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്. സിനോജ്, എസ്.എച്ച്.ഒ കെ.എസ്. സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ റൂറൽ ജില്ല പൊലീസ് മേധാവി ഡോ. നവനീത് ശർമ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കേസിൽ ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ല.
അന്വേഷണ സംഘത്തിൽ ചാലക്കുടി സബ് ഇൻസ്പെക്ടർമാരായ എം. അഫ്സൽ, എൻ.എസ്. റെജിമോൻ, കെ.ജെ. ജോൺസൺ, ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി. സ്റ്റീഫൻ, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, സി.ബി. ഷെറിൽ, റനീഷ്, കെ.കെ. ബൈജു, സി.ആർ. സുരേഷ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.