മൂന്നു സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. ഒഡിഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ കോൺഗ്രസ് രാജ്യസഭാ എംപിയുടെ വീട്ടിൽ നിന്നും 300 കോടിയിലധികം രൂപ കണ്ടെടുത്തുവെന്നാണ് വിവരം. ജാർഖണ്ഡിലെ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ധീരജ് സാഹുവിന്റെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥലങ്ങളിൽ നടത്തിയ നികുതി റെയ്ഡിലാണ് 300 കോടിയിലധികം രൂപയുടെ പണം കണ്ടെത്തിയത്.റെയ്ഡ് നടന്നത് സംബൽപൂർ, ബോലാങ്കിർ, തിറ്റിലഗഡ്, ബൗദ്, സുന്ദർഗഡ്, റൂർക്കേല, ഭുവനേശ്വർ തുടങ്ങിയ സ്ഥലങ്ങളിലാണ്. 30-ലധികം ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരുമാണ് പിടിച്ചെടുത്ത പണം എണ്ണി തിട്ടപ്പെടുത്താൻ വേണ്ടിവന്നത്. കറൻസികൾ എണ്ണാൻ ഉപയോഗിച്ചത് എട്ടിലധികം കൗണ്ടിംഗ് മെഷീനുകളാണ്.

ഏറ്റവും അധികം പണം കണ്ടെത്തിയത് ഒഡീഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിശോധന നടത്തിയപ്പോഴാണ്. സംഭവത്തിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.