റവ.ഡോ.അംബ്രോസ് പുത്തൻവീട്ടിലിനെ കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിലും നടന്നു. ചെട്ടിക്കാട് സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറും വികാരിയുമായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാൻ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി 2023 മെയ് ഒന്നിന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചതിനെത്തുടർന്ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെന്ന അധിക ചുമതല കൂടി നിർവ്വഹിച്ചു വരികയായിരുന്നു.

നിയുക്ത മെത്രാൻ റവ.ഡോ.അംബ്രോസ് ആലുവ കാർമൽഗിരി സെമിനാരി വൈസ് റെക്ടർ ,പ്രൊഫസർ, രൂപത ആലോചന സമിതി അംഗം, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വികാരി,കുറ്റിക്കാട് സെൻറ് ആൻറണീസ് മൈനർ സെമിനാരി റെക്ടർ, മണലിക്കാട് സെന്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി വൈസ് റെക്ടർ , ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറക്കലിന്റെ സെക്രട്ടറി, മണലിക്കാട് നിത്യസഹായ മാതാ പള്ളി പ്രീസ്റ്റ്-ഇൻ-ചാർജ് , ചാത്തനാട് സെന്റ് വിൻസന്റ് ഫെറർ പള്ളി സബ്സ്റ്റിറ്റ്യൂട്ട് വികാരി, പറവൂർ ഡോൺബോസ്കോ പള്ളി സഹവികാരി , പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സഹവികാരി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

ഓസ്ട്രിയയിലെ ഇൻസ്ബ്രുക്കിലെ ലിയോപോൾഡ് ഫ്രാൻസൻസ് സർവ്വകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ലൈസൻഷ്യേറ്റും , മദ്രാസ് സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും റോമിലെ പൊന്തിഫിക്കൽ ഉർബൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ (മിസിയോളജി )ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

പള്ളിപ്പുറം സെന്റ് മേരീസ് സ്കൂളിലായിരുന്നു ഏഴാം ക്ലാസ് വരെ പഠനം നടത്തിയത് . പിന്നീട് എറണാകുളം സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ 1979 ൽ പ്രവേശിച്ച അദ്ദേഹം എറണാകുളം സെന്റ് ആൽബർട്ട്സ് ഹൈസ്ക്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കളമശ്ശേരി സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ താമസിച്ച് കളമശ്ശേരി സെന്റ് പോൾസ് കോളജിൽ പ്രീഡിഗ്രി പഠനം നടത്തി . തത്വശാസ്ത്ര പഠനവും ബിരുദ പഠനവും ബംഗലൂരു സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു . തുടർന്ന് ഓസ്ട്രിയയിലെ കനീസിയാനും സെമിനാരിയിൽ ദൈവശാസ്ത്ര രൂപീകരണം പൂർത്തിയാക്കി.

കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ഇടവകയിൽ പരേതരായ പുത്തൻവീട്ടിൽ റോക്കിയുടെയും മറിയത്തിന്റെയും മകനാണ് . ഏലിയാസ് ജോപ്പൻ , മേരി, ട്രീസ , അൽഫോത്സ എന്നിവരാണ് സഹോദരങ്ങൾ . 1967 ആഗസ്റ്റ് 21 നായിരുന്നു ജനനം. ഓസ്ട്രിയയിലെ ബ്രേഗൻസിൽ 1995 ജൂൺ 11 ന് വൈദീകപട്ടം സ്വീകരിച്ചു.

വരാപ്പുഴ അതിരൂപതയുടെ വടക്കൻ പ്രദേശങ്ങൾ ഉൾച്ചേർത്ത് 1987 ജൂലൈ മൂന്നിന് ‘ക്വേ ആപ്തിയൂസ്’ എന്ന പേപ്പൽ ബൂള വഴിയാണ് കോട്ടപ്പുറം രൂപത നിലവിൽ വന്നത്. 1987 ഓഗസ്റ്റ് ഒന്നിന് അതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. മോൺ.ഫ്രാൻസിസ് കല്ലറക്കൽ 1987 ജൂലൈ മൂന്നിലെ ‘റൊമാനി എത്ത് പൊന്തിഫിച്ചിസ്’ എന്ന അപ്പസ്തോലിക എഴുത്തു വഴി പുതിയ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും പുതിയ മെത്രാന്റെ അഭിഷേകവും 1987 ഒക്ടോബർ നാലിന് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനത്തിൽ കോട്ടപ്പുറത്ത് നടന്നു. ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ 2010 ഫെബ്രുവരി 20 ന് വരാപ്പുഴ മെട്രോപ്പോലീത്തൻ ആർച്ച് ബിഷപ്പായി ബനഡിക്റ്റ് പതിനാറാമൻ പാപ്പയാൽ നിയമിതനായി.

2010 ഏപ്രിൽ 11 ന് എറണാകുളം സെന്റ് ആൽബർട്ട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും ആർച്ച് ബിഷപ്പ് ഡോ.കല്ലറക്കൽ നിയമിക്കപ്പെട്ടു. തുടർന്ന് 2010 ഡിസംബർ 18 ന് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയെ കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാനായി ബനഡിക്റ്റ് പതിനാറാമൻ പാപ്പ നിയമിച്ചു. 2011 ഫെബ്രുവരി 13 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ അദ്ദേഹം കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റു. എഴുപത്തിയഞ്ച് വയസ്സ് പൂർത്തിയായതിനെ തുടർന്ന് പരിശുദ്ധ സിംഹാസനത്തിന് രാജിക്കത്ത് നൽകിയെങ്കിലും പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കുന്നതുവരെ തുടരാനുള്ള പാപ്പായുടെ കൽപ്പന സ്വീകരിച്ച് രൂപത ഭരണം നടത്തിക്കൊണ്ടിരിക്കെ 2023 മെയ് ഒന്നിന് ഫ്രാൻസിസ് പാപ്പ ബിഷപ്പ് ഡോ. കാരിക്കശേരിയുടെ രാജി സ്വീകരിക്കുകയും കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയുമായിരുന്നു.

കോട്ടപ്പുറം രൂപത എറണാകുളം, തൃശ്ശൂർ ,മലപ്പുറം, പാലക്കാട് ജില്ലകളിലായി 3300 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്നു.നിലവിൽ കോട്ടപ്പുറം രൂപതയിൽ 24221 കുടുംബങ്ങളും 94576 കത്തോലിക്കരുമാണുള്ളത്.46 ഇടവകകളും ഇടവകയല്ലെങ്കിലും വൈദികർ സ്ഥിര താമസമുള്ള 5 പള്ളികളും 27 കുരിശു പള്ളികളുമുണ്ട്.രൂപത വൈദീകർ 116 പേരുണ്ട്. സന്യസ്തരുടെ 10 ആശ്രമങ്ങളും 42 കോൺവെന്റുകളും രൂപതയിൽ പ്രവർത്തിക്കുന്നു.