പത്തുവർഷത്തിനിടെ നിരത്തിൽനിന്ന് ‘അപ്രത്യക്ഷമായത് ’ 11,700 സ്വകാര്യ ബസുകൾ. 2013ൽ 19000 ബസുകളാണു സർവീസ് നടത്തിയിരുന്നതെങ്കിൽ നിലവിൽ സർവീസ് നടത്തുന്നത് 7300 ബസുകൾ. 2013ൽ സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്നതു 1.04 കോടി യാത്രക്കാരായിരുന്നെന്നു ഗതാഗത വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു. 2023ൽ സ്വകാര്യ ബസിലെ യാത്രക്കാരുടെ എണ്ണം 40 ലക്ഷമായി കുറഞ്ഞു. കോവിഡും ഡീസൽവില വർധനയും ഫീസുകളിലെ വർധനയും മറ്റു സർക്കാർ നിബന്ധനകളുമെല്ലാം സ്വകാര്യ ബസുകൾക്കു തിരിച്ചടിയായി. ദീർഘദൂര റൂട്ടുകൾ ഉൾപ്പടെ കൂടുതൽ ബസ് റൂട്ടുകൾ കെഎസ്ആർടിസി സ്വകാര്യ ബസുകളിൽനിന്ന് ഏറ്റെടുത്തതും സ്വകാര്യ ബസുകളെ ബാധിച്ചു.
കൂടുതൽ റൂട്ടുകൾ ലഭിച്ചെങ്കിലും കെഎസ്ആർടിസിക്കും നേട്ടമുണ്ടായില്ല. 2013ൽ കെഎസ്ആർടിസിക്ക് 5500 ബസുകളുണ്ടായിരുന്നു. യാത്രക്കാർ 28 ലക്ഷം. 2023ൽ കെഎസ്ആർടിസി ബസുകളുടെ എണ്ണം 4200 ആയി ചുരുങ്ങി. യാത്രക്കാരുടെ എണ്ണം 24 ലക്ഷമായി. സ്വകാര്യ, കെഎസ്ആർടിസി ബസുകൾക്ക് ഒരു ദിവസം നഷ്ടമായത് 68 ലക്ഷം യാത്രക്കാരെയെന്നാണു സർക്കാർ കണക്ക്. ഒരു ബസ് നിരത്തിൽനിന്നു പിൻവാങ്ങുമ്പോൾ അഞ്ഞൂറിലധികം പേരുടെ യാത്രാ സൗകര്യം ഇല്ലാതാകുമെന്നാണു ഗതാഗതവകുപ്പ് പറയുന്നത്. ഇതിൽ ചെറിയ ശതമാനം ഇരുചക്രവാഹനങ്ങളിലേക്കു മാറും.
കോവിഡ് കാലം ബസ് വ്യവസായത്തിനു വലിയ തിരിച്ചടിയാണു സൃഷ്ടിച്ചത്. സമ്പർക്കം ഒഴിവാക്കാൻ പലരും ബസ് യാത്ര ഒഴിവാക്കി. ബസിനു പകരം ഇരുചക്രവാഹനങ്ങൾ കുടുതലായി ഉപയോഗിച്ചു തുടങ്ങി. സ്ത്രീകൾ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നതു വർധിച്ചതായി അധികൃതർ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ വന്നതോടെ അതിലേക്കും ആളുകൾ മാറിത്തുടങ്ങി. ബസ് സർവീസുകൾ കുറഞ്ഞതും സമയനിഷ്ഠ പാലിക്കാത്തതും ആളുകളെ ബസുകളിൽനിന്ന് അകറ്റി. ബസുകൾ മാറി കയറേണ്ടവരും ബദൽ യാത്രാ മാർഗങ്ങളെ ആശ്രയിച്ചു.
നിശ്ചിത റൂട്ടിൽ സമയം നിശ്ചയിച്ചു സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കു (സ്റ്റേജ് കാര്യേജ്) പ്രവർത്തനകാലാവധി 15 വർഷമായി ചുരുക്കിയ നടപടി തിരിച്ചടിയായതായി സ്വകാര്യ ബസുടമകൾ പറയുന്നു. പിന്നീടിതു 20 വർഷമാക്കി ഉയർത്തിയെങ്കിലും പുതിയ ഉത്തരവിറങ്ങാൻ എടുത്ത കാലത്തിനിടെ പല ബസുകളും നിരത്തൊഴിഞ്ഞു. തമിഴ്നാട്ടിൽ 40 വർഷം പഴക്കമുള്ള ബസുകൾ സർവീസ് നടത്തുന്നതായി സ്വകാര്യ ബസുടമകളുടെ സംഘടനകൾ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റേജ് കാര്യേജ് ബസുകളുടെ കാലാവധി 22 വർഷമാക്കി ഉയർത്താൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ, മാസങ്ങളായിട്ടും ഉത്തരവിറങ്ങിയിട്ടില്ല. സ്റ്റാർട്ടിങ് മുതൽ എൻഡിങ് പോയിന്റുവരെ 140 കിലോമീറ്റർ സഞ്ചരിക്കാനേ സ്റ്റേജ് കാര്യേജുകൾക്ക് അനുമതിയുള്ളൂ. നേരത്തെ ദീർഘദൂര യാത്ര നടത്തിയിരുന്ന ബസുകൾ സർവീസ് അവസാനിപ്പിച്ചു. ഇതോടെ സാമ്പത്തിക നഷ്ടവുമുണ്ടായി.
പുതിയ ബസ് ഇറക്കണമെങ്കിൽ 32 ലക്ഷത്തോളം രൂപ ചെലവാകും. ദിവസ വരുമാനം 3000 രൂപയിൽ താഴെയാണ്. ഇതിൽനിന്നും രണ്ടു ജീവനക്കാർക്കുള്ള ശമ്പളവും ഫീസുകളടയ്ക്കാനും അറ്റകുറ്റപ്പണിക്കുള്ള ചെലവും ഡീസൽ ചെലവും കണ്ടെത്തണം. നേരത്തെ 4 ജീവനക്കാരാണ് ഒരു ബസിലുണ്ടായിരുന്നത്. വ്യവസായം നഷ്ടത്തിലായതോടെ നിരവധിപേർക്കു ജോലി നഷ്ടമായി. വിദ്യാർഥികളുടെ കൺസെഷൻ തുക വർധിപ്പിക്കുക, ദീർഘദൂര ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക തുടങ്ങിയവയാണു ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.
രാജ്യത്ത് ഒരു സംസ്ഥാനത്തും ഇല്ലാത്ത സ്പീഡ് ഗവർണർ, ജിപിഎസ് തുടങ്ങിയ കാര്യങ്ങൾ സ്വകാര്യ ബസുകളിൽ ഏർപ്പെടുത്തി വൻ അഴിമതി നടത്തുകയാണെന്നു കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോൺസൻ പടമാടൻ പറയുന്നു. ജിപിഎസും സ്പീഡ് ഗവർണറും ഏർപ്പെടുത്തിയ വാഹനം വർഷംതോറും സിഎഫിന് കൊണ്ടുവരുമ്പോൾ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന വ്യവസ്ഥ സ്വകാര്യ ബസുടമകൾക്കു വലിയ ബാധ്യതയാണ്. നിയമത്തിൽ ഇല്ലാത്ത കാര്യമാണിത്. ബസിനുള്ളിൽ ക്യാമറ സ്ഥാപിക്കണമെന്നതും നിയമത്തിൽ ഇല്ലാത്ത കാര്യമാണെന്നു ജോൺസൻ പടമാടൻ ചൂണ്ടിക്കാട്ടി.
കെഎസ്ആർടിസിയുടെ നയങ്ങൾ അവർക്ക് ബാധ്യതയാണെങ്കിലും ശമ്പളത്തിനും പെൻഷനും സർക്കാർ പണം നൽകുന്നുണ്ട്. അല്ലാതെയുള്ള സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിക്കാറുണ്ട്. ദീർഘദൂര സർവീസുകൾ ലാഭത്തിലായതിനാൽ കെഎസ്ആർടിസി ബസുകളുടെ ശരാശരി കലക്ഷനും കൂടുതലാണ്.