മുസ്ലിം ലീഗ് മുന്നണി മാറുന്നതായുള്ള അഭ്യൂഹങ്ങള്‍ നിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗിന് മുന്നണി മാറേണ്ട സാഹചര്യം ഇല്ലെന്ന് അദ്ദേഹം വയനാട്ടില്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ ലീഗ് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിനെ ശക്തിപ്പെടുകയാണ് പ്രധാന ലക്ഷ്യം. ഒരിഞ്ച് പോലും ലീഗ് മാറിനടക്കില്ല. ബാങ്കിന്റെ വാതിലില്‍കൂടി മുന്നണി മാറേണ്ട കാര്യം ലീഗിനില്ല. മുന്നണി മാറുന്നെങ്കില്‍ അത് തുറന്നുപറയും, സദിഖലി തങ്ങള്‍ പറഞ്ഞു.

മുന്നണി ബന്ധം ഉറപ്പിക്കാനുള്ള ഒരായിരം കാര്യങ്ങള്‍ ഇവിടെ ഉണ്ട്. എന്നാല്‍ മുന്നണി മാറാനുള്ള ഒരുകാര്യവുമില്ല. വേറെ ആരെങ്കിലും വെള്ളം അടുപ്പത്ത് വെച്ചിട്ടുണ്ടെങ്കില്‍ ആ തീ കത്താന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

ലീഗ് ഇടതുമുന്നണിയോട് അടുക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ കുറച്ചുദിവസങ്ങളായി വ്യാപകമായിരുന്നു. സി.പി.എം. നല്‍കിയ കേരള ബാങ്ക് ഡയറക്ടര്‍പദവി മുസ്ലിം ലീഗ് സംസ്ഥാനസെക്രട്ടറി പി. അബ്ദുള്‍ഹമീദ് എം.എല്‍.എ. സ്വീകരിച്ചതും കാസര്‍കോട് നവകേരള സദസ്സിന്റെ യോഗത്തില്‍ മുസ്ലിംലീഗ് നേതാവ് എന്‍.എ. അബൂബക്കര്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടതുമെല്ലാ ഇത്തരം ചര്‍ച്ചകള്‍ക്ക് ശക്തിപകര്‍ന്നിരുന്നു. ഇത് ലീഗില്‍ ഒരുവിഭാഗത്തിനിടയില്‍ വലിയ അതൃപ്തിക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന.