കൊച്ചിയിലെ ഗുണ്ടാത്തലവൻ മരട് അനീഷിനെ വിയ്യൂര്‍ സെൻട്രൽ ജയിലിനുള്ളിൽ വധിക്കാൻ ശ്രമം. ബ്ലേഡ് ഉപയോഗിച്ചു കഴുത്തിലും തലയിലും ദേഹത്തും മാരകമായി മുറിവേൽപ്പിച്ചു. സഹതടവുകാരായ അഷ്റഫ്, ഹുസൈൻ എന്നിവരാണ് ആക്രമിച്ചത്. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനായ ബിനോയിക്കും മർദനമേറ്റു. അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മരട് അനീഷിനെ കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക സംഘം ഈ മാസം ഏഴിനാണ് അറസ്റ്റ് ചെയ്തത്. ‘ഓപ്പറേഷൻ മരട്’ എന്നു പേരിട്ട നീക്കത്തിൽ പങ്കെടുത്തത് സിറ്റി പൊലീസിന്റെ സായുധ പൊലീസ് സംഘമാണ്. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കാറുള്ള അനീഷ് തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം മുഖ്യപ്രതിയാണ്.

കേരളത്തിൽ മാത്രം ഇയാൾക്കെതിരെ 45ൽ അധികം ക്രിമിനൽ കേസുണ്ട്. വിചാരണ നേരിട്ട ഇംതിയാസ് വധക്കേസിൽ കോടതി അനീഷിനെ വിട്ടയച്ചിരുന്നു. ഗോവയിൽ വച്ചു പവർ ബൈക്കിൽ നിന്നു വീണു തോളെല്ലിനു പരുക്കേറ്റെന്നു പറഞ്ഞാണ് സ്വകാര്യ ആശുപത്രിയിൽ അനീഷ് ചികിത്സ തേടിയത്. ആശുപത്രിയിലെ അനീഷിന്റെ സാന്നിധ്യം ഉറപ്പാക്കി ശസ്ത്രക്രിയ പൂർത്തിയാക്കാൻ കാത്തിരുന്ന പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബൈക്ക് അപകടത്തിൽ വലത്തെ തോളെല്ലിൽ നിന്നു മാംസപേശി വേർപെട്ട നിലയിലാണ് അനീഷ് ആശുപത്രിയിലെത്തിയത്. അനീഷിന്റെ എതിർ ചേരിയിൽപെട്ട ഗുണ്ടാ സംഘവുമായുള്ള സംഘട്ടനത്തിൽ പരുക്കേറ്റാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഒക്ടോബർ 31ന് നെട്ടൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് തിരുവല്ലയിൽ തള്ളിയ കേസിലും 2022ൽ തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകശ്രമ കേസിലുമാണ് അറസ്റ്റ്. അനീഷിനെതിരെ കലക്ടർ കാപ്പ ചുമത്തിയിരുന്നു.