ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ കേരളത്തിന്റെ ഹർജിയിൽ ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്ര സർക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ്. നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിൽ തീരുമാനം എടുക്കാത്തതിനെതിരായ കേരള സർക്കാരിന്‍റെ ഹർജിയിലാണ് നോട്ടീസ്. കേരളത്തിന്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.

കേരളത്തിന്റെ ഹർജി പരിഗണിക്കുമ്പോൾ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകരോ ഗവർണറുടെ അഭിഭാഷകനോ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസിലെ രണ്ടും മൂന്നും എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കേസിലെ ഒന്നാം എതിർകക്ഷിയായ ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടില്ല.

ഭരണഘടനാ പരിരക്ഷയുള്ളതിനാൽ ഗവർണർക്ക് നോട്ടീസ് അയക്കാൻ സുപ്രീം കോടതി തയ്യാറാകുമോ എന്ന കാര്യത്തിൽ നേരത്തെതന്നെ സംശയമുണ്ടായിരുന്നു. കേരളം ഹർജി ഫയൽചെയ്യുന്ന സമയത്ത് സുപ്രീം കോടതി രജിസ്ട്രി തന്നെ ഗവർണറെ കക്ഷിയാക്കുന്ന കാര്യത്തിൽ ചോദ്യം ഉന്നയിച്ചിരുന്നു. പിന്നീട് കേരളത്തിന്റെ വിശദീകരണം അംഗീകരിച്ചു കൊണ്ടാണ് ഹർജി സുപ്രീം കോടതി ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തത്.