ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന ടണലിന്റെ ഒരുഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിൽ. പ്രദേശത്തെ ഡ്രില്ലിങ് പ്രവർത്തനം നിലവിൽ പൂർണമായും നിർത്തിവച്ചിരിക്കുന്ന സ്ഥിതിയിലാണ്. വെള്ളിയാഴ്ച ഹൈപവര്‍ ഓഗര്‍ ഡ്രില്ലിങ് യന്ത്രം സ്തംഭിച്ചതാണ് തിരിച്ചടിയായത്. അതേസമയം, പുതിയ യന്ത്രം ഇന്ദോറിൽ നിന്നും എത്തിച്ചതായും റിപ്പോർട്ടുകളുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്കുള്ളില്‍ 24 മീറ്റര്‍ തുരന്നതിനുശേഷമാണ് യന്ത്രത്തിന് കേടുപാടുകള്‍ സംഭവിച്ച് പ്രവര്‍ത്തനം നിലച്ചത്. വ്യാഴാഴ്ച രാവിലെ വലിയ പാറക്കല്ലിലിടിച്ച് യന്ത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് യന്ത്രം നന്നാക്കിയിരുന്നു. പിന്നാലെയാണ് വെള്ളിയാഴ്ചയും യന്ത്രം തകരാറിലായത്.150 മണിക്കൂറിനടുത്ത് തൊഴിലാളികൾ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ട്യൂബുകള്‍ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നത് തുടരുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അതേസമയം, തൊഴിലാളികളുടെ ആരോഗ്യാവസ്ഥയിൽ അവരുടെ കുടുംബങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. രക്ഷാപ്രവർത്തനം ധ്രുതഗതിയിലാക്കണമെന്ന് ഡോക്ടർമാരും
അഭിപ്രായപ്പെട്ടു. വെെകുംതോറും തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനില വീണ്ടെടുക്കാൻ നീണ്ട കാലാവധി ആവശ്യം വന്നേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഞായറാഴ്ച പുലർച്ചെ 5.30-നായിരുന്നു ഉത്തരാഖണ്ഡിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകരുന്നത്. നാലര കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റർ ഭാഗമാണ് തകർന്നുവീണത്. തുടർന്ന്, ദേശീയ ദുരന്തനിവാരണസേനയും സംസ്ഥാന ദുരന്തനിവാരണസേനയും ചേർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനമാണ് ഏഴാം ദിവസവും തുടരുന്നത്.
ടണലിനുള്ളിൽ തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഡ്രിൽ ഉപയോഗിച്ച് ദ്വാരം ഉണ്ടാക്കി സ്റ്റീൽ പൈപ്പ് കടത്തിവിടാനും ഇതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുമായിരുന്നു ആദ്യശ്രമം. 900 മില്ലിമീറ്റർ വ്യാസമുള്ള കുഴലുകൾ ഒന്നൊന്നായി ഹൈഡ്രോളിക് ഡ്രില്ലിങ് മെഷിൻ ഉപയോഗിച്ചാണ് കയറ്റിയത്. ഇതിനിടയിലും പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി.
ഈ രീതിയിലുള്ള ദൗത്യം ഫലം കാണുന്നില്ലെന്ന് കണ്ടതിന് പിന്നാലെയാണ് യു.എസ്. നിർമിത ഡ്രില്ലിങ് ഉപകരണമായ ‘അമേരിക്കൻ ആഗർ’ എത്തിച്ചത്. വേഗത്തിൽ കുഴിയെടുക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ, ആഗർ ഉപയോഗിച്ചുള്ള ശ്രമവും നിലവിൽ അനിശ്ചിതത്വത്തിലാണ്.
ഉത്തരകാശിയിലെ ദണ്ഡൽഗാവിനേയും സിൽക്യാരയേയും ബന്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് തുരങ്കം. ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽനിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.