നവകേരള സദസ്സിനായി ഉപയോഗിക്കുന്ന ബെന്‍സിന്റെ ആഡംബര ബസ് മ്യൂസിയത്തില്‍ വച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയില്‍ അത് കാണാന്‍ ലക്ഷക്കണക്കിന് ആളുകളെത്തുമെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍. ബസ് വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എ.കെ. ബാലന്‍.
‘ക്യാബിനറ്റ് ബസ്. അത് ബഹുമാനപ്പെട്ട ഗവര്‍മെന്റ് ടെണ്ടര്‍ വച്ച് വില്‍ക്കാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ ഇപ്പൊ വാങ്ങിയതിന്റെ ഇരട്ടിവില കിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവും എനിക്കില്ല. ഇതിന്റെ കാലാവധി 15 കൊല്ലം കഴിഞ്ഞാല്‍, മ്യൂസിയത്തില്‍ വച്ചാല്‍ തന്നെ, കേരളത്തിലെ മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയില്‍ തന്നെ ലക്ഷക്കണക്കിന് ജനങ്ങള്‍ കാണാന്‍ വരും. ഒരുപക്ഷേ ലോകം ആദ്യമായിട്ടായിരിക്കും ഈ രൂപത്തിലുള്ള ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത്.’ -എ.കെ. ബാലന്‍ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ്സിന് മൂല്യം കൂടുമെന്ന് നേരത്തേ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. ബസ് ഭാവിയിലും ഉപയോഗിക്കാന്‍ കഴിയുമെന്നും ബസ് കേരളത്തിന്റെ സ്വത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് നവകേരള സദസ്സിനായി പ്രത്യേകം നിര്‍മ്മിച്ച ഭാരത് ബെന്‍സിന്റെ ബസ് കാസര്‍ഗോഡ് എത്തിയത്. മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ 180 ഡിഗ്രി കറങ്ങുന്ന കസേരയും ബയോ ടോയ്‌ലെറ്റും ഉള്‍പ്പെടെ വിപുലമായ സംവിധാനങ്ങളാണ് ബസ്സില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായി നിയമങ്ങള്‍ മറികടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു.