മാരക പാപമായ ഭ്രൂണഹത്യയെ ശക്തമായി അപലപിച്ചു അമേരിക്കയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് വേണ്ടി അമേരിക്കൻ മെത്രാൻ സമിതി മാർഗ്ഗനിർദ്ദേശ രേഖ പുറത്തിറക്കി. 225 അംഗങ്ങൾ ബാൾട്ടിമോറിൽ നടന്ന വാർഷിക സമ്മേളനത്തിൽ മാർഗ്ഗനിർദ്ദേശ രേഖയുടെ പുതുക്കിയ ആമുഖത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇടവക ബുള്ളറ്റിനുകളിൽ നൽകാനായി വിശ്വാസികൾക്ക് വേണ്ടി ഏതാനും മാർഗനിർദേശങ്ങൾക്കും വോട്ടെടുപ്പിലൂടെ അവർ അംഗീകാരം നൽകി. എതിർക്കാൻ ശേഷിയില്ലാത്ത, ശബ്ദമില്ലാത്ത സഹോദരന്മാർക്കും, സഹോദരിമാർക്കും നേരെ നടക്കുന്ന അക്രമണമാണ് ഭ്രൂണഹത്യയെന്നും 10 ലക്ഷത്തിന് മുകളിൽ ജീവന്‍ ഒരു വർഷം രാജ്യത്ത് ഇതിലൂടെ നശിപ്പിക്കപ്പെടുന്നുണ്ടെന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി.

അതിനാൽ ഭ്രൂണഹത്യ എന്നത് തങ്ങളുടെ പ്രഥമ പരിഗണനാ വിഷയമായി തുടരുന്നു. ഭ്രൂണഹത്യ, തോക്ക് അക്രമണം, തീവ്രവാദം, ദയാവധം, മനുഷ്യക്കടത്ത് തുടങ്ങിയവയെ ജീവനും, മനുഷ്യ വ്യക്തിയുടെ ജീവനും മഹത്വത്തിനും എതിരായിട്ടുള്ള അവസ്ഥകളെ മറ്റ് മാരക ഭീഷണികളായി മാർഗ്ഗനിർദ്ദേശ രേഖ വിശേഷിപ്പിക്കുന്നു. നിരവധി വിഷയങ്ങൾ പ്രധാനപ്പെട്ടതാണെങ്കിലും, എല്ലാ വിഷയങ്ങളും തുല്യമായി പരിഗണിക്കാൻ സാധിക്കില്ലായെന്നു വോട്ടെടുപ്പിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അമേരിക്കൻ മെത്രാൻ സമിതിയുടെ സഹ അധ്യക്ഷനായ ബാൾട്ടിമോർ ആർച്ച് ബിഷപ്പ് വില്യം ലോറി പറഞ്ഞു.ഗർഭധാരണത്തോട് അനുബന്ധിച്ച് പ്രതിസന്ധി നേരിടുന്ന സ്ത്രീകൾക്കും, ഗർഭസ്ഥ ശിശുക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും, അവർക്ക് ആവശ്യമുള്ള പിന്തുണയും, സേവനങ്ങളും നൽകാനുമാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ജീവന് വില നൽകാത്ത, മരണസംസ്കാരത്തിൽപ്പെട്ട കാലത്ത് ഒരു കത്തോലിക്കാ കുടുംബം പോലെ മെത്രാന്മാർ ഒരുമിച്ചു നിൽക്കുകയാണെന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. ‘ഫോമിങ് കോൺസയൻസസ് ഫോർ ഫേത്ത്ഫുൾ സിറ്റിസൺഷിപ്പ്’ എന്ന പേരിലുള്ള മാർഗനിർദ്ദേശ രേഖ 2007ലാണ് ആദ്യമായി മെത്രാൻ സമിതി പുറത്തിറക്കിയത്. നാലുവർഷം കൂടുമ്പോൾ ഈ മാർഗ്ഗരേഖ പുതുക്കാറുണ്ട്.

അതേസമയം വോട്ടർമാർക്ക് വേണ്ടി അമേരിക്കൻ മെത്രാൻ സമിതി മാർഗ്ഗനിർദ്ദേശ രേഖയുടെ ആമുഖം വെല്ലുവിളിയായിരിക്കുന്നത് നിലവിലെ അമേരിക്കന്‍ പ്രസിഡന്റായ ജോ ബൈഡനാണ്. ഭ്രൂണഹത്യ എന്ന മാരക തിന്മയെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്ന ഡെമോക്രാറ്റിക് നേതാവാണ് യുഎസ് പ്രസിഡന്‍റ് ബൈഡന്‍. കത്തോലിക്കാ വിശ്വാസി എന്ന് അവകാശപ്പെടുമ്പോഴും യാതൊരു ധാര്‍മ്മികതയും ഇല്ലാതെ നിലകൊള്ളുന്ന ജോ ബൈഡന്റെ നിലപാടുകള്‍ നിരവധി വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ബൈഡന്‍റെ ഭ്രൂണഹത്യ അനുകൂല സമീപനത്തെ ചോദ്യം ചെയ്തു നിരവധി തവണ മെത്രാന്‍ സമിതി രംഗത്തുവന്നിരിന്നു.