*ജെ.ഡി.എസ്. ദേശീയ നേതൃത്വം ബി.ജെ.പി. സഖ്യത്തില്‍ ചേര്‍ന്നതോടെ പ്രതിസന്ധിയിലായ കേരള ഘടകത്തിന് മുന്നറിയിപ്പുമായി ഇടതുമുന്നണി.* രണ്ടു വള്ളത്തില്‍ മുന്നോട്ടുപോകാനാകില്ലെന്ന് ജെ.ഡി.എസിനോട് എല്‍.ഡി.എഫ്. വ്യക്തമാക്കിക്കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. നിലപാട് ഉടന്‍ പ്രഖ്യാപിക്കണമെന്നും ആവശ്യമുയര്‍ന്നു.
*കരുവന്നൂര്‍ പ്രതിസന്ധി മറകടക്കാന്‍ സഹകരണ പുനരുദ്ധാരണ നിധിയില്‍നിന്ന് പാക്കേജ് രൂപവത്കരിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍.* അടുത്തയാഴ്ചയ്ക്കുള്ളില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇ.ഡിയില്‍ നിന്ന് ആധാരം തിരികെക്കിട്ടാന്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരല്ല, ബാങ്കാണ്. ബാങ്ക് നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
*മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാപരിശോധന ഉടന്‍ നടത്താന്‍ ഉന്നതാധികാര സമിതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ.* മുല്ലപ്പെരിയാര്‍ കേസിലെ ഹര്‍ജിക്കാരന്‍ ഡോ. ജോ ജോസഫാണ് അപേക്ഷ നല്‍കിയത്. ലിബിയയില്‍ അണക്കെട്ട് തകര്‍ന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാർ ഉള്‍പ്പെടെയുള്ള. അണക്കെട്ടുകള്‍ നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ.
എം.ജി. സര്‍വകലാശാലയില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായ സംഭവത്തില്‍ കുറ്റക്കാരെന്ന് സര്‍വകലാശാല ആരോപിക്കുന്ന ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ തുടരണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
*ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍-1 ഭൂമിയുടെ സ്വാധീന വലയം കടന്ന് 9.2 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചതായി ഇസ്രോ.* ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ലഗ്രാന്‍ജ് പോയിന്റ് ലക്ഷ്യമാക്കിയാണ് നിലവില്‍ ആദിത്യയുടെ സഞ്ചാരം. ചൊവ്വ ദൗത്യമായ മംഗള്‍യാനു ശേഷം ഭൂമിയുടെ സ്വാധീനവലയം പിന്നിടുന്ന രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണ് ആദിത്യയെന്നും ഇസ്രോ വ്യക്തമാക്കി.
*അണ്ടര്‍ 19 സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ടീം.* ശനിയാഴ്ച നടന്ന ഫൈനലില്‍ പാകിസ്താനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.
*എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.* കൊച്ചി എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഷാരൂഖ് സെയ്ഫിയുടേത് ജിഹാദി പ്രവര്‍ത്തനമാണെന്ന് കുറ്റപത്രത്തില്‍ എഎന്‍ഐ വ്യക്തമാക്കി. കേസിൽ ഷാരൂഖ് സെയ്ഫി മാത്രമാണ് പ്രതിയെന്നും ആക്രമണത്തിന് കേരളം തിരഞ്ഞെടുത്തത് പ്രതിയെ തിരിച്ചറിയാതിരിക്കാനാണെന്നും എഎന്‍ഐ കുറ്റപത്രത്തില്‍ പറയുന്നു.
*എംഎം മണിക്കെതിരെ ഡിജിപിക്ക് പരാതി.* സർക്കാർ ജീവനക്കാർക്കെതിരെയുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട് ഫെറ്റോ ആണ് എം എം മണിക്കെതിരെ പരാതി നൽകിയത്. സർക്കാർ ജീവനക്കാരേയും കുടുംബാംഗങ്ങളെയും അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
*നിയമനക്കോഴ വിവാദത്തിൽ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.* സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ സിസിടിവിയിലേതാണ് ദൃശ്യങ്ങൾ. പൊലീസ് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ പണം കൈമാറുന്നതില്ല. പരാതിക്കാരനായ ഹരിദാസും സുഹൃത്ത് ബാസിദും മാത്രമാണ് ദൃശ്യങ്ങളിലുള്ളത്.
*ജമ്മു കശ്മീരില്‍ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം.* നിയന്ത്രണ രേഖയില്‍ കുപ്‌വാരയിലെ മാച്ചില്‍ സെക്ടറിലെ കുംകാടിയിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും കുപ്‌വാര പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.
*ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ നിന്ന് 156 പ്രചണ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ കൂടി വാങ്ങാൻ ഒരുങ്ങി വ്യോമസേന.* സൈന്യവും വ്യോമസേനയും ചൈനയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തികളില്‍ ഈ ഹെലികോപ്റ്ററുകള്‍ വിന്യസിക്കും. ഇതുവരെ 15 പ്രചണ്ഡ് ഹെലികോപ്റ്ററുകളാണ് ഇരു സേനാവിഭാഗങ്ങളുടേയും പക്കലുള്ളത്. . 156 ഹെലികോപ്റ്ററുകളില്‍ 66 എണ്ണം വ്യോമസേനയും ബാക്കി 90 എണ്ണം സൈന്യവും ഏറ്റെടുക്കും.
*ബിജെപിയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.* മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയോടാണ് രാഹുൽ ബിജെപിയെ ഉപമിച്ചത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ആശയങ്ങളിലെ വ്യത്യാസം വിവരിച്ച് സംസാരിക്കവേ, ഒരു വശത്ത് മഹാത്മാഗാന്ധി, മറുവശത്ത് ഗോഡ്സെയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
*ഡൽഹിയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മൂന്ന് ഭീകരരെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ).* പുണെ ഐസിസ് മൊഡ്യൂൾ കേസിൽ തെരയുന്ന മുഹമ്മദ് ഷാനവാസ് ആലം എന്ന ഷാഫി ഉസ്സമ എന്ന അബ്ദുല്ല, റിസ്വാൻ അബ്ദുൾ ഹാജി അലി, അബ്ദുല്ല ഫയാസ് ഷെയ്ഖ് എന്നിവരെയാണ് എൻഐഎ സംഘം തിരയുന്നത്. ഭീകരാന്വേഷണ ഏജൻസി ഇവരുടെ തലയിൽ മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
*2000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ മാറ്റാനുള്ള അവസാന തീയതി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു.* 2000 രൂപ നോട്ട് മാറാനുള്ള സമയപരിധി അവസാനിച്ചാലും സാധുതയുണ്ടാകുമെന്ന് ആർബിഐ അറിയിച്ചു. സെപ്റ്റംബർ ഒന്ന് വരെയുള്ള റിസർവ് ബാങ്കിന്റെ കണക്കുകൾ അനുസരിച്ച്, 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയിട്ടുണ്ട്.
*ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം.* സ്‌ക്വാഷ് പുരുഷ ടീം വിഭാഗത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ പത്താം സ്വര്‍ണം നേടിയത്. പാകിസ്ഥാനെ 2-1ന് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമിൽ തോറ്റതിന് ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്.
*കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.* ജാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ വിഭജിക്കുകയാണ് കോൺഗ്രസെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തർക്കം നേരിട്ടിരുന്ന സ്ത്രീ സംവരണമെന്ന വലിയ പ്രശ്നത്തിനാണ് കേന്ദ്ര സർക്കാർ പരിഹാരം കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
*ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഒരു മണിക്കൂറോളം ആംബുലൻസ് പിടിച്ചിട്ട സംഭവത്തിൽ രൂക്ഷ വിമർശനം ഉയരുന്നു.* പട്‌നയ്ക്കടുത്ത് ഫതുഹയിൽ ആണ് സംഭവം. കനത്ത ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനുള്ളിൽ കൈക്കുഞ്ഞിനെയും കൊണ്ട് ഒരമ്മയും ബന്ധുവും ഉണ്ടായിരുന്നു. ജീവനുവേണ്ടി മല്ലിടുന്ന കുട്ടി ആംബുലൻസിൽ ഉള്ളതിനാൽ തങ്ങളെ വിട്ടയയ്ക്കണമെന്ന് അവർ ട്രാഫിക് കൈകാര്യം ചെയ്തിരുന്ന പോലീസിനെ അറിയിച്ചെങ്കിലും അവർ തയ്യാറായില്ല
*തെന്നിന്ത്യൻ സിനിമാ താരം ചിമ്പു 40-ആം വയസിൽ വിവാഹിതനാകുന്നതായി റിപ്പോർട്ട്.* ആന്ധ്രാപ്രദേശിലെ പ്രമുഖ വ്യവസായിയുടെ പുത്രിയാണ് ചിമ്പുവിന്റെ വധുവെന്നാണ് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്. സിനിമയ്ക്ക് വേണ്ടി നിക്ഷേപം നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം എന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
*കണ്ണൂർ നാറാത്തുനിന്ന് ട്രാവലർ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ.* കുറ്റ്യാടി ദേവർകോവിൽ സ്വദേശി ആഷിഫ് അബ്ദുൽ ബഷീർ (30), തൊട്ടിൽപ്പാലം കാവിലുംപാറ ചുണ്ടമ്മൽ ഹൗസിൽ സുബൈർ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മയ്യിൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
*ഭീകരവാദപ്രവർത്തനങ്ങളിൽ പങ്കാളിയായ ഒരാളെ മണിപ്പുരിലെ മലയോര ഗ്രാമമായ ചുരാചന്ദ്പുരിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്തു.* ബംഗ്ലാദേശിലെയും മ്യാൻമറിലെയും ഭീകരവാദ നേതാക്കളുമായി ഇയാൾ ഗൂഢാലോചന നടത്തിയതായി കണ്ടെത്തി.
*ഊട്ടി കൂനൂർ മരപ്പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു മരണം.* മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. മരണസഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണു ബസ് മറിഞ്ഞത്. ആകെ 55 പേരാണ് ബസിൽ ഉണ്ടായിരുന്നത്. 35 പേർക്കു പരുക്കുണ്ട്.ബസിൽ തെങ്കാശി സ്വദേശികളാണുണ്ടായിരുന്നത്.
*ഒരു വിമാനം നിറയെ കൊക്കെയ്നുമായാണ് ജി–20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിലേക്ക് എത്തിയതെന്ന ആരോപണം തള്ളി ട്രൂഡോയുടെ ഓഫിസ്.* ‘‘ഇത് തീർത്തും അടിസ്ഥാനരഹിതമാണ്. എങ്ങനെ അവാസ്തവമായ ഒരു വാർത്ത പ്രചരിപ്പിക്കാമെന്നതിന് ഉത്തമ ഉദാഹരണമാണിത്.’’– ട്രൂഡോയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
*തേങ്ങകൊണ്ടുള്ള കുരങ്ങിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു പരുക്ക്.* വീട്ടുമുറ്റത്തെ തെങ്ങിൽനിന്നു തേങ്ങ പറിച്ചുള്ള കുരങ്ങിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ നിലമ്പൂർ അമരമ്പലം മാമ്പൊയിലിൽ പോക്കാട്ടിൽ സലോമിയുടെ (56) ഇടതു കൈ ഒടിഞ്ഞു.
*കേന്ദ്ര ഏജന്‍സികള്‍ സഹകരണ ബാങ്കുകളില്‍ വ്യാപകമായി അന്വേഷണം നടത്തുന്നത് ആ മേഖലയെ തളര്‍ത്തുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.* സഹകരണ മേഖലിലെ പ്രതിസന്ധി സംബന്ധിച്ച് യുഡിഎഫിലെ സഹകാരികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
*ദയാവധം വ്യാപിപ്പിക്കുവാനുള്ള നീക്കത്തെ അപലപിച്ച് കനേഡിയൻ കത്തോലിക്ക ബിഷപ്പുമാരുടെ (CCCB) വാർഷിക സിനഡ്.* കാനഡ ദയാവധത്തിനുള്ള സാധ്യതകള്‍ വ്യാപിപ്പിക്കാനിരിക്കെ, വ്യക്തികളെ അവരുടെ കഷ്ടപ്പാടുകളിൽ സഹായിക്കുക, കുടുംബങ്ങളെ സഹായിക്കുക, മാനുഷിക അന്തസ്സിനെ മാനിക്കുക എന്നിവയിൽ സഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വ്യാഴാഴ്ച നടന്ന സിനഡാനന്തര വാർത്ത സമ്മേളനത്തിൽ കനേഡിയന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ബിഷപ്പ് വില്യം മഗ്രാട്ടൻ പറഞ്ഞു.
*ഒക്ടോബർ മാസത്തിന്റെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാർത്ഥനാ നിയോഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ വത്തിക്കാന്‍ പുറത്തുവിട്ടു.* ഒക്ടോബര്‍ 4 മുതല്‍ 29 വരെ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്‍ സിനഡാണ് പാപ്പയുടെ ഒക്ടോബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം. എല്ലാ തലങ്ങളിലും ശ്രവണവും സംവാദവും ജീവിതശൈലിയായി സ്വീകരിച്ച്, ലോകത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ സ്വയമനുവദിക്കാനായി നമുക്ക് സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കാമെന്ന് ‘പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്’ പുറത്തിറക്കിയ വീഡിയോയില്‍ പാപ്പ പറഞ്ഞു.
*ഫ്രാൻസിസ് മാർപാപ്പ 21 പുതിയ കർദ്ദിനാളുമാരെ വാഴിച്ചു.* കര്‍ദ്ദിനാള്‍ സംഘത്തിന്റെ സാന്നിധ്യത്തില്‍ ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കത്തോലിക്ക സഭയില്‍ പാപ്പയുടെ അടുത്ത സഹായികളും, ഉപദേഷ്ടാക്കളുമായ മുഴുവന്‍ കര്‍ദ്ദിനാളുമാരും ഉള്‍പ്പെടുന്ന സംഘത്തെയാണ് കര്‍ദ്ദിനാള്‍ സംഘം അഥവാ ‘കോളേജ് ഓഫ് കര്‍ദ്ദിനാള്‍സ്’ എന്ന്‍ പറയുന്നത്. പുതുതായി കര്‍ദ്ദിനാളുമാരായി ഉയര്‍ത്തപ്പെട്ടവരില്‍ 18 പേർ 80 വയസ്സിന് താഴെയുള്ളവരായതിനാല്‍ പാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ട് ചെയ്യാൻ അർഹതയുണ്ട്.
*ഇന്നത്തെ വചനം*
യേശു അവിടെ നിന്നു പുറപ്പെട്ട് ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി.
അപ്പോള്‍ ആ പ്രദേശത്തുനിന്ന് ഒരു കാനാന്‍കാരി വന്നു കരഞ്ഞപേക്‌ഷിച്ചു: കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ! എന്റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു.
എന്നാല്‍, അവന്‍ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്‍മാര്‍ അവനോട് അഭ്യര്‍ഥിച്ചു: അവളെ പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ.
അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്‌ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നത്.
എന്നാല്‍, അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്‌ഷിച്ചു.
അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്‌ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല.
അവള്‍ പറഞ്ഞു: അതേ, കര്‍ത്താവേ, നായ്‌ക്കളുംയജമാനന്‍മാരുടെമേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ.
യേശു പറഞ്ഞു: സ്‌ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.
മത്തായി 15 : 21-28
*വചന വിചിന്തനം*
1. കാനാൻകാരിക്ക് കർത്താവ് അത്ഭുതം ചെയ്തുകൊടുക്കുന്നത് അവളുടെ ‘വലിയ’ വിശ്വാസത്തിൻ്റെ ഫലമായാണ്. എൻ്റെ വിശ്വാസം വലുതാണോ? ക്രിസ്തുവാണത് പറയേണ്ടത്.
2. ഈ ഭൂമിയിലെ ഓരോ മനുഷ്യർക്കും കർത്താവിൻ്റെ കരുണയ്ക്കും സ്നേഹത്തിനും അർഹതയുണ്ടെന്നാണ് ഈ സംഭവം അർത്ഥമാക്കുന്നത്. ആരും നിരാശപ്പെടേണ്ടതില്ല. ആരും മാറി നിൽക്കേണ്ടതില്ല.
3. കാനാൻകാരിയുടെ ജനക്കൂട്ടത്തിനുമുൻപിലുള്ള കരച്ചിലും സാഷ്ടാഗപ്രണാമവുമെല്ലാം അവൾ എത്രമാത്രം തൻ്റെ മകളുടെ സൗഖ്യം ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവാണ്. നമ്മുടെ ആവശ്യങ്ങൾ കാനാൻകാരിയുടെ വിശ്വാസത്തോടെ നാം ദൈവതിരുമുൻപിൽ അവതരിപ്പിക്കാറുണ്ടോ?
4. നിൻ്റെ ആഗ്രഹം പോലെ ഭവിക്കട്ടെ എന്ന ഈശോയുടെ വാക്കുകൾ ശ്രദ്ധാർഹമാണ്. നാം നന്മ ആഗ്രഹിച്ചാൽ മാത്രമേ, നമുക്കത് സംഭവിക്കൂ.
കടപ്പാട്
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*