*വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം.* ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു മൂന്നിലൊന്നു (33 ശതമാനം) സംവരണം ഉറപ്പാക്കുന്നതാണു ബിൽ. 2010 മാർച്ചിൽ രാജ്യസഭ ബിൽ പാസാക്കിയിരുന്നു. ‘ചരിത്രപരമായ തീരുമാനങ്ങൾ’ ഉണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിലാണു നിർണായക നീക്കം.
*കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ സെപ്തം 23 വരെ അവസരം.* 2023 ജനുവരി 1 നോ അതിനു മുമ്പോ 18 വയസ് പൂർത്തിയായവർക്കാണ് അവസരം.
*നിപ്പ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകളിൽ ഇളവ്.* കടകൾ രാത്രി എട്ടുമണിവരെ തുറന്നു പ്രവര്‍ത്തിക്കാം. ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുമണിവരെയും പ്രവർത്തിക്കാം. മറ്റുനിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
*ആശുപത്രി സംരക്ഷണ ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു.* ഒരാഴ്ച മുമ്പാണ് നിയമസഭ ബിൽ പാസാക്കി ഗവർണർക്ക് സമർപ്പിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമം തടയാനാണ് പുതിയ നിയമം. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന് ശേഷമാണ് നിയമനിർമാണ നടപടികൾ സർക്കാർ വേഗത്തിലാക്കിയത്. നിയമസഭ പാസാക്കിയ ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകളിൽ ഇതുവരെയും ഗവർണർ ഒപ്പിട്ടിട്ടില്ല.
*അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയില്‍.* ഇന്നലെ രാവിലെ തമിഴ്നാട് മഞ്ചോലയിലെ എസ്റ്റേറ്റിൽ എത്തി. രണ്ടായിരത്തോളം തൊഴിലാളികളുള്ള പ്രദേശമാണിത്. ആനയെ തുറന്നുവിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചു. കഴിഞ്ഞ ഒരാഴ്‍ചകൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. ഒരു രാത്രിമാത്രം സഞ്ചരിച്ചത് 10 കിലോമീറ്ററാണ്.
*ചൈനയില്‍ ദേശവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നു.* നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും തടവും ശിക്ഷയും ലഭിക്കും. നിയമത്തിന്റെ കരട് ബില്ല് തയ്യാറായി എന്നാണ് റിപ്പോര്‍ട്ട്. ദേശവികാരത്തിനെതിരായ പ്രസംഗങ്ങളും വസ്ത്രധാരണവും നിരോധി
ക്കാനാണ് ചൈന ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട കരട് ബില്ല് തയ്യാറായെങ്കിലും ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങളാണ് നിരോധിക്കുക എന്നതില്‍ വ്യക്തത വന്നിട്ടില്ല
*സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.* സെപ്തംബർ 20, 21 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
*സംസ്ഥാനത്തെ സ്‌കൂളുകളിൽ, പി.ടി.എ, എസ്.എം.സി, പൂർവ്വ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.* നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 12,040 സ്‌കൂളുകളിൽ 2400 ഓളം സ്‌കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതി നടന്നു വരുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും പ്രഭാത ഭക്ഷണ പരിപാടി വ്യാപിപ്പിക്കാനുള്ള സാധ്യതകൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
*സോളാർ കേസിലെ ഗുഢാലോചനയിലെ തുടരന്വേഷണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ.* വിഷയത്തിൽ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രാധാന്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
*പാരിപ്പള്ളിയില്‍ ഭാര്യയെ തീകൊളുത്തി കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി.* കര്‍ണാടക കൊടക് സ്വദേശി നാദിറയും ഭര്‍ത്താവ് റഹീമുമാണ് മരിച്ചത്. നിരവധി കേസുകളിലെ പ്രതിയായ റഹീം ജയില്‍ ശിക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
*സംസ്ഥാനത്ത് പുതുതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.* നിരന്തരം വീക്ഷിച്ച് പ്രോട്ടോകോൾ പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സമ്പർക്കപ്പട്ടികയിലുള്ളവർ സമ്പർക്ക ദിവസം മുതൽ 21 ദിവസം ഐസൊലേഷനിൽ കഴിയേണ്ടതാണെന്നും വീണാ ജോർജ് വ്യക്തമാക്കി.
*രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ.* സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ് ഹോട്ട്‌സ്‌പോട്ടുകൾ ഒരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി.
*നിപ പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര സംഘം.* ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് നിപ പ്രതിരോധം ഊർജിതമായി നടക്കുകയാണ്. രാവിലെ കോർ കമ്മിറ്റി യോഗം ചേർന്ന് നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച ഹൈ റിസ്‌ക് സമ്പർക്കപ്പട്ടികയിലുള്ള 61 സാംപിളുകളുടെ ഫലം നെഗറ്റീവ് ആണ്. അതിൽ ഏറ്റവും ഒടുവിൽ നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകയുടെ ഫലവും നെഗറ്റീവാണ്
*ജമ്മു കശ്മീരിലെ കൊക്കര്‍നാഗില്‍ ഭീകരര്‍ക്കെതിരായ സുരക്ഷാ സേനയുടെ ഓപ്പറേഷന്‍ ആറാം ദിവസവും തുടരുന്നു.* ഏറ്റുമുട്ടല്‍ സ്ഥലത്ത് ഡിജിപിയും എഡിജിപിയും സന്ദര്‍ശനം നടത്തും. സെപ്തംബര്‍ 13ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെ, ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ശാഖയായ ടിആര്‍എഫ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഭീകരന്‍ ഉസൈറിന് ഈ ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് വിവരം. ശനിയാഴ്ച അനന്ത്‌നാഗില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു.
*സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പാകിസ്ഥാനിലേക്കു പോയ ഉത്തർപ്രദേശ് സ്വദേശിനി അഞ്ജു (34) അടുത്തമാസം തിരിച്ചെത്തും.* അഞ്ജു അതീവ മാനസിക ബുദ്ധിമുട്ടിലാണെന്ന് പാകിസ്ഥാനിയായ ഭർത്താവ് നസറുല്ല (29) വെളിപ്പെടുത്തി. ഇന്ത്യയിലുള്ള മക്കളെ കാണാത്തതിനാൽ അഞ്ജു അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും നസറുല്ല വ്യക്തമാക്കി.
*സ്ത്രീകളെ ശല്യം ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.* സ്ത്രീകളെ ശല്യം ചെയ്യുന്നവരെ ‘യമരാജൻ’ കാത്തിരിക്കുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അംബേദ്കർ നഗറിൽ ബൈക്കിലെത്തിയ അക്രമികൾ ഷാൾ പിടിച്ച് വലിച്ചതിനെ തുടർന്ന് സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന 11–ാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.
*ഇന്ത്യയുടെ വികസനയാത്രയ്ക്ക് ഇനി വിഘ്നങ്ങളുണ്ടാകില്ലെന്നും ഈ പാർലമെന്റ് സമ്മേളനത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.* പാർലമെന്റിന്റെ 5 ദിവസത്തെ പ്രത്യേക സമ്മേളനത്തിന് തുടക്കമാകുന്നതിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ഹ്രസ്വമെങ്കിലും ചരിത്രപരമായ സമ്മേളനമാണ് നടക്കാൻ പോകുന്നത്. ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള നിർണായക തീരുമാനങ്ങൾ പുതിയ മന്ദിരത്തിൽ വച്ചുണ്ടാകും.
*പ്രതിപക്ഷ നേതാക്കള്‍ മാത്രമാണ് കേന്ദ്ര ഏജന്‍സികളുടെ ആന്വേഷണം നേരിടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.* തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാക്കള്‍ക്കുമെതിരെ കേസുകളൊന്നും ഇല്ലെന്നും കാരണം അവരെ പ്രധാനമന്ത്രി സ്വന്തം ആളുകളായാണ് കരുതുന്നതെന്നും രാഹുല്‍ ആരോപിച്ചു.
*കുവൈറ്റില്‍ തടഞ്ഞുവച്ച ഇന്ത്യന്‍ നഴ്സുമാരെ മോചിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.* വിദേശകാര്യമന്ത്രാലയവും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ 12നാണ് ബാന്ദ്ര ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന 60 പേരെ കുവൈറ്റ് അധികാരികള്‍ അവരുടെ എമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് അറസ്റ്റ് ചെയ്ത് മാറ്റിയത്.
*തമിഴ്‌നാട്ടില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ടെന്ന ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) രംഗത്ത്.* ദ്രാവിഡിയന്‍ മോഡല്‍ നടപ്പിലാക്കുന്ന വികസനങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതാണ് ഗവര്‍ണറുടെ പ്രശ്‌നമെന്ന് ഡിഎംകെ പ്രതികരിച്ചു. ദ്രാവിഡ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന ഗവര്‍ണര്‍ എവിടെയൊക്കെ അവസരം കിട്ടിയാലും സനാതന ധര്‍മത്തെ കുറിച്ചാണ് പരാമര്‍ശിക്കുന്നത്
*യുപിയിലെ ബറേലിയിൽ ക്ഷേത്രത്തിനുള്ളില്‍ നിസ്‌കരിച്ചതിന് അമ്മയേയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു.* ശനിയാഴ്ച ഉച്ചയോടെ ബറേലിയിലെ പുരാതന ശിവക്ഷേത്രത്തിലാണ് ഇരുവരും നിസ്‌കാരം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സജ്‌ന (45) മകളായ സബീന (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിനുള്ളില്‍ നിസ്‌കാരം നടത്താന്‍ ഇവരോട് നിര്‍ദ്ദേശിച്ച ഒരു മൗലവിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
*ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച എസ്‌ഡിപിഐ പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ.* പട്ടാമ്പി ചാലിശ്ശേരിയിൽ പട്ടികജാതി വിഭാഗക്കാരനായ ചാഴിയാട്ടിരി മതുപ്പുള്ളി പേരടിപ്പുറത്ത് സന്തോഷിനെ വെട്ടി പരുക്കേൽപ്പിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ചാലിശ്ശേരി ചാഴിയാട്ടിരി മതുപ്പുള്ളി പതിയാട്ടു വളപ്പിൽ ഇസ്മായിൽ, മതുപ്പുള്ളി മാണിയംകുന്നത്ത് അനീസ് എന്നിവർക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയുടേതാണ് വിധി.
*തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി* പതിനെട്ട് വയസ് പ്രായം തോന്നിപ്പിക്കുന്ന പെൺകുട്ടിയുടെ മൃതദേഹമാണ് കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ കണ്ടെത്തിയത്ത്. തലശേരി – കുടക് അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ ഒരു പേടകത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.
*പിഎസ്‌സി നിയമന തട്ടിപ്പ് കേസിലെ ഒന്നാം പ്രതി രാജലക്ഷ്മി പൊലീസിൽ കീഴടങ്ങി.* കഴക്കൂട്ടം സ്റ്റേഷനിലാണ് രാജലക്ഷ്മി കീഴടങ്ങിയത്. രാജലക്ഷ്മിയുടെ സഹായിയായ ജോയ്സി പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് രാജലക്ഷ്മി കീഴടങ്ങിയത്.
*ക്രിസ്തു വിശ്വാസം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് സർക്കാർ ഇതര പ്രസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 18 പേരെ അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടം തടവിലാക്കി.* കാബൂളിന് പുറത്ത് 400 മൈൽ ദൂരെ സ്ഥിതി ചെയ്യുന്ന ഖോറിൽ ജോലി ചെയ്തിരുന്ന ഇന്റർനാഷ്ണൽ അസിസ്റ്റൻസ് മിഷനിലെ 18 പേരെയാണ് താലിബാന്‍ തീവ്രവാദികള്‍ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ മൂന്നാം തീയതിയും, 13നുമാണ് ഓഫീസിൽ തിരച്ചിൽ നടന്നത്. സർക്കാർ കസ്റ്റഡിയിലെടുത്തവരിൽ ഒരു അമേരിക്കൻ സ്വദേശിയും ഉൾപ്പെടുന്നു. ഇവരെ കാബൂളിലെ അജ്ഞാത കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.
*റഷ്യന്‍ അധിനിവേശത്താല്‍ ദയനീയമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കുവാനുള്ള വത്തിക്കാന്റെ ശ്രമങ്ങളുടെ ഭാഗമായി പേപ്പല്‍ പ്രതിനിധി കര്‍ദ്ദിനാള്‍ മരിയ സുപ്പി ചൈനയില്‍ സന്ദര്‍ശനം നടത്തി.* ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തില്‍വെച്ച് യൂറേഷ്യന്‍ അഫയേഴ്സ് വിഭാഗത്തിന്റെ പ്രത്യേക പ്രതിനിധിയായ ലി ഹുയിയുമാട്ടാണ് കര്‍ദ്ദിനാള്‍ സുപ്പി ചര്‍ച്ച നടത്തിയതെന്നു വത്തിക്കാന്‍ പ്രസ്താവിച്ചു. സൗഹൃദപരമായ തുറന്ന അന്തരീക്ഷത്തിലായിരുന്നു ചര്‍ച്ച. യുക്രൈനിലെ യുദ്ധവും അതിന്റെ നാടകീയ അനന്തരഫലങ്ങളെക്കുറിച്ചും ചര്‍ച്ചയില്‍ വിഷയമായി.
*2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയുടെ അഭിമാനസ്തംഭമായ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് അല്‍ക്വയ്ദ തീവ്രവാദികള്‍ വിമാനം ഇടിച്ചുകയറ്റിയപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റൊരു സ്ത്രീയെ രക്ഷപ്പെടുവാന്‍ സഹായിക്കുകയും ചെയ്ത പോള്‍ കാരിസ്, പെര്‍മനന്‍റ് ഡീക്കന്‍പട്ടം സ്വീകരിച്ച് ശുശ്രൂഷ മേഖലയില്‍ സജീവം.* ആക്രമണം നടക്കുമ്പോള്‍ വേള്‍ഡ് ട്രേഡ് സെന്‍ററിന്റെ വടക്കന്‍ ടവറില്‍ എഴുപത്തിയൊന്നാമത്തെ നിലയില്‍ ജോലി ചെയ്യുകയായിരുന്നു കാരിസ്. കെട്ടിടം ഇടിഞ്ഞു വീഴുന്നതിനു മുന്‍പ് തന്റെ സഹചാരിയായ ജൂഡിത്ത് ടോപ്പിന്‍ എന്ന സ്ത്രീയെ എഴുപത്തിയൊന്നു നിലകളും ഇറക്കി താഴെ എത്തിക്കുവാന്‍ കാരിസിന് കഴിഞ്ഞു
*ഇന്നത്തെ വചനം*
കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകന്‍മാര്‍ക്കു ശവകുടീരങ്ങള്‍ നിര്‍മിക്കുകയും നീതിമാന്‍മാരുടെ സ്‌മാരകങ്ങള്‍ അലങ്കരിക്കുകയുംചെയ്‌തുകൊണ്ടുപറയുന്നു,
ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ കാലത്തു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന്‍മാരുടെ രക്‌തത്തില്‍ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്.
അങ്ങനെ, നിങ്ങള്‍ പ്രവാചകന്‍മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന് നിങ്ങള്‍ക്കുതന്നെ എതിരായി സാക്‌ഷ്യം നല്‍കുന്നു.
നിങ്ങളുടെ പിതാക്കന്‍മാരുടെ ചെയ്‌തികള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍!
സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?
അതുകൊണ്ട്, ഇതാ, പ്രവാചകന്‍മാരെയും ജ്‌ഞാനികളെയും നിയമജ്‌ഞരെയും ഞാന്‍ നിങ്ങളുടെ അടുക്കലേക്കയയ്‌ക്കുന്നു. അവരില്‍ ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയുംചെയ്യും; ചിലരെ നിങ്ങള്‍ നിങ്ങളുടെ സിനഗോഗുകളില്‍ വച്ച്, ചമ്മട്ടി കൊണ്ടടിക്കുകയും പട്ടണംതോറും പിന്തുടര്‍ന്നു പീഡിപ്പിക്കുകയും ചെയ്യും.
മത്തായി 23 : 29-34
*വചന വിചിന്തനം*
പ്രവാചകൻമാരെ ഉൾക്കൊള്ളാൻ ജനത്തിനു സാധിക്കുന്നില്ല. ദൈവത്തിനുവേണ്ടി സംസാരിക്കുന്നവർ, ധാർമികതയ്ക്കുവേണ്ടി നിലപാട് എടുക്കുന്നവർ, തങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവർ, ഇവരെ അംഗീകരിക്കാൻ ഒരു കാലത്തും സമൂഹത്തിന് സാധിച്ചിട്ടില്ല. പക്ഷേ സമൂഹം മുൻകാലങ്ങളിലെ പ്രവാചകൻമാരെ, വിശുദ്ധരെ, രക്തസാക്ഷികളെ ആദരിക്കുന്നു. ഈ വൈരുധ്യമാണ് ഈശോ ചൂണ്ടിക്കാണിക്കുന്നത്. നമുക്ക് നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ ഉൾക്കൊള്ളാൻ എത്രമാത്രം സാധിക്കുന്നുണ്ട് എന്നു ചിന്തിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*