*സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുട്ടികളും മാസ്ക് ധരിക്കുന്നതിന് നിർദ്ദേശം നൽകി സർക്കാർ ഉത്തരവിറക്കി.* നിപ ജാഗ്രതയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

*ഇന്ത്യ’ പ്രതിപക്ഷ മുന്നണിയുടെ ഉന്നതതല ഏകോപനസമിതിയുടെ ഭാഗമാകേണ്ടെന്ന് സി.പി.എം.* തീരുമാനം. സമിതിയില്‍ അംഗമായി ചേര്‍ത്തിട്ടുണ്ടെങ്കിലും  പ്രതിനിധിയെ അയക്കേണ്ടെന്ന് പൊളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമായി. പ്രതിപക്ഷ ഐക്യത്തിനായി മുന്നണിയില്‍ തുടരുമെങ്കിലും അംഗങ്ങളായ പാര്‍ട്ടികളുടെ തീരുമാനത്തിനുമുകളില്‍ പ്രത്യേക സമിതികള്‍ വേണ്ടെന്നാണ് നിലപാടെന്ന് സി.പി.എം. നേതൃത്വം വ്യക്തമാക്കി.

*കെ.എസ്.ഇ.ബി.യിലെ ആഭ്യന്തരതർക്കത്തിൽ ഭൂതത്താൻകെട്ട് ജലവൈദ്യുതപദ്ധതിയുടെ പണി പൂർത്തിയാക്കാനാകാതെ മുടങ്ങുന്നു.* കെ.എസ്.ഇ.ബി.തന്നെയുണ്ടാക്കിയ കരാറിൽ അവർതന്നെ സംശയം പ്രകടിപ്പിച്ച് പണം നൽകാതിരിക്കുന്നതാണ് കാരണം. 12 കോടികൂടി ചെലവഴിച്ചാൽ 24 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്നതാണ് പദ്ധതി.
 
*നിയമസഭാ തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്ന തെലങ്കാനയിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്.* സ്ത്രീകളെ ലക്ഷ്യമിട്ടു വലിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകുന്നത്. മാസം തോറും 2500 രൂപയും 500 രൂപയ്ക്കു ഗ്യാസും സർക്കാർ ബസുകളിൽ സൗജന്യയാത്രയുമാണ് മഹാലക്ഷ്മി സ്കീം പ്രകാരം സ്ത്രീകൾക്ക് ഉറപ്പുനൽകുന്നത്. കർഷകർക്ക് വർഷം തോറും 15000 രൂപയും നെൽക‍ൃഷിക്ക് 500 രൂപ ബോണസും പാട്ടക്കർഷകർക്കു 12000 രൂപയും നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

*കശ്മീരിൽ ഒരു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും നീണ്ട സൈനിക നീക്കമാണു അനന്തനാഗിൽ ഇപ്പോഴും പുരോഗമിക്കുന്നത്.* ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണു നുഴഞ്ഞു കയറിയ ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ ആരംഭിച്ചത്. ബുധനാഴ്ച കനത്ത പോരാട്ടത്തിൽ 4 സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. 19 രാഷ്ട്രീയ റൈഫിൾസിലെ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോൻചക്, ജമ്മു കശ്മീർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹുമയൂൺ ഭട്ട്, റൈഫിൾമാൻ രവികുമാർ എന്നിവരാണ് രാജ്യത്തിനായി ജീവൻ നൽകിയത്. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്കു പരുക്കേൽക്കുകയും ചെയ്തു.
 
*പൊലീസ് പിന്തുർന്നപ്പോൾ ഭയന്ന് അമിത വേഗത്തിൽ ബൈക്ക് ഓടിച്ച് അപകടത്തിൽപെട്ട യുവാവ് മരിച്ചു.* കടയ്ക്കൽ കുമ്പളം ചരുവിള പുത്തൻ വീട്ടിൽ സുബിൻ (36) ആണു മരിച്ചത്. 

*മണിപ്പൂരിലെ ഗ്രാമത്തിലെ വീട്ടിൽ നിന്ന് അഞ്ജാതർ തട്ടിക്കൊണ്ടുപോയ സൈനികൻ കൊല്ലപ്പെട്ടു.* അവധിയിലായിരുന്ന ശിപായി സെർട്ടോ താങ്‌താങ് കോമിനെ ശനിയാഴ്ച ഇംഫാൽ വെസ്റ്റ് ജില്ലയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്നലെ രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ശനി രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

*സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സെപ്റ്റംബർ 23 ശനിയാഴ്ച വരെ അവസരമുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.* 2023 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂർത്തിയായവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കമ്മീഷൻ വെബ്‌സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിച്ചു വരുന്നു.

*സംസ്‌ഥാനത്ത്‌ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 8506 പോക്‌സോ കേസുകളെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട്.* പോക്സോ നിയമപ്രകാരമുള്ള കേസുകളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാൻ ഫാസ്റ്റ്ട്രാക്ക്, പ്രത്യേക കോടതികള്‍ എന്നിവ നിലവിലുള്ളപ്പോഴാണ് ഇത്രയധികം കേസുകൾ കെട്ടിക്കിടക്കുന്നത്. 2023 ജൂലൈ 31 വരെയുള്ള കണക്കുകളാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിലുള്ളത്.

*സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.* സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കൽ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയും പൂനെ എൻ.ഐ.വി.യുടെയും മൊബൈൽ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്
 
*നിപ ബാധയിൽ ആശ്വാസ വാർത്ത. സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.* ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന 9 വയസുകാരന്റെ വെന്റിലേറ്റർ സപ്പോർട്ട് താത്ക്കാലികമായി മാറ്റിയതായും മന്ത്രി വ്യക്തമാക്കി.

*തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യൻ വ്യോമസേന.* റിപ്പോർട്ടുകൾ പ്രകാരം, 100 യുദ്ധവിമാനങ്ങൾ വാങ്ങാനാണ് പദ്ധതിയിടുന്നത്. ഇന്ത്യൻ വ്യോമസേന മേധാവി എയർ മാർഷൽ വി.ആർ ചൗധരിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. എൽസിഎ മാർക്ക് 1എ വിമാനങ്ങൾ വാങ്ങാനാണ് വ്യോമസേനയുടെ തീരുമാനം. വ്യോമസേനയിൽ എൽഎസി വിമാനങ്ങളുടെ ആവശ്യകത വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.
 
*ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍.* ഛത്രപതി സംഭാജി നഗര്‍ എന്നാണ് ഔറംഗാബാദിന്റെ പുതിയ പേര്.
മറ്റൊരു ജില്ലയായ ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നാണ് മാറ്റിയിരിക്കുന്നത്. ഇവ രണ്ടും മറാത്ത മേഖലയിലുള്ള ജില്ലകളാണ്.

*എഡിറ്റേഴ്‌സ് ഗില്‍ഡ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി.* മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ പേരില്‍ 4 അംഗങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തിരുന്നു. ഈ വിഷയത്തിൽ ഇടപെട്ട സുപ്രീം കോടതി മാധ്യമപ്രവര്‍ത്തകര്‍ക്ക് അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണം നീട്ടി നല്‍കി. രണ്ടാഴ്ചത്തേക്കാണ് ഇവരുടെ ഇടക്കാല സംരക്ഷണം നീട്ടിയത്. പ്രഥമദൃഷ്ടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് നിരീക്ഷണം നടത്തി.

*കേരളത്തില്‍ ഒന്നിലധികം നിപ കേസുകള്‍ കണ്ടെത്തിയതായും ഇത് അന്വേഷിക്കാന്‍ കേന്ദ്രം ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ.* ഏത് സാഹചര്യവും നേരിടാന്‍ കേന്ദ്രസർക്കാർ സജ്ജമെന്നും അദ്ദേഹം വ്യക്തമാക്കി.

*വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്ന് ആവശ്യം ശക്തമാക്കാൻ ഒരുങ്ങി പ്രാദേശിക പാർട്ടികൾ.* അഞ്ച് ദിവസത്തെ പ്രത്യേക സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി വിളിച്ച സർവകക്ഷിയോഗത്തിലാണ് ബിജെഡിയും ബിആർഎസും ഉൾപ്പെടെ നിരവധി പ്രാദേശിക പാർട്ടികൾ വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

*മൂന്ന് വർഷത്തിനിടെ രാജ്യത്തുടനീളം 500 ആഡംബര വാഹനങ്ങൾ മോഷ്ടിച്ചതിന് അന്തർസംസ്ഥാന സംഘത്തിലെ രണ്ട് പേരെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.* മീററ്റ് സ്വദേശി അഷറഫ് സുൽത്താൻ ഗാജി (32), റാഞ്ചി സ്വദേശി ഇർഫാൻ ഹസൻ (34) എന്നിവരെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രാജ്യവ്യാപകമായി ആഡംബര കാറുകൾ മാത്രം കവർച്ച ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.

*സി.പി.എം സൈബർ പോരാളികളുടെ ആക്രമണത്തിൽ കേസ് നൽകി മറിയ ഉമ്മൻ.* സൈബര്‍ അധിക്ഷേപത്തിനെതിരെ ഡി.ജി.പിക്ക് ആണ് മറിയ പരാതി നൽകിയിരിക്കുന്നത്. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ഡിജിപിക്ക് കൈമാറി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാവശ്യം
 
*കെഎസ്ആർടിസി ബസ് ഡ്രൈവറെ സ്റ്റാൻഡിലിട്ട് തല്ലി.* ഇതര സംസ്ഥാന തൊഴിലാളികളാണ് ഡ്രൈവറെ തല്ലിയത്. പോത്തൻകോടാണ് സംഭവം. വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ ശശികുമാറിനാണ് മർദ്ദനമേറ്റത്. നാട്ടുകാർ ചേർന്നാണ് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പശ്ചിമ ബംഗാൾ സ്വദേശികളായ ഹൈദർ അലി (31), സമീർ  (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരെയാണ് നാട്ടുകാർ ചേർന്ന് പിടികൂടിയത്. 

*കേരളത്തിലെ നൂറുകണക്കിനു ബാങ്കുകളിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കൾ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്.* ഈ പണമെല്ലാം സിപിഎം നേതാക്കളുടെ അനധികൃത സ്വത്തു സമ്പാദ്യങ്ങളുടെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധിച്ചപ്പോൾ സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്തി ബിനാമികൾ വഴി സിപിഎം നേതാക്കൾ കള്ളപ്പണം നിക്ഷേപിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു.
 
*കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. 200 പ്ലാസ്റ്റിക് കന്നാസുകളിലായി 6,600 ലിറ്റർ സ്പിരിറ്റ് കടത്തിവന്ന ലോറി എക്‌സൈസ് പിടികൂടി.* സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് മഞ്ചേശ്വരം സ്വദേശി മൂസക്കുഞ്ഞിയെ പ്രതിയായി അറസ്റ്റ് ചെയ്തു.

*മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍.* കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ റജിലേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

*രാജസ്ഥാനിലെ ഭരത്പൂരിൽ 26 വിരലുകളുള്ള ഒരു പെൺകുഞ്ഞ് ജനിച്ചു.* ദേവിയുടെ അവതാരമെന്നാണ് കുടുംബം കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്. ഓരോ കൈയിലും ഏഴ് വിരലുകളും ഓരോ കാലിലും ആറ് വിരലുകളുമായാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ അവളുടെ കുടുംബം ഒരു ദേവതയായ ധോലഗർ ദേവിയുടെ അവതാരമായി കണക്കാക്കുന്നു.

*ഒരാള്‍ക്ക് സ്വന്തം രാജ്യത്ത് തുടരുവാനുള്ള അവകാശത്തെ പ്രമേയമാക്കിക്കൊണ്ട് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ദേശീയ കുടിയേറ്റ വാരത്തിന്റെ ഒരാഴ്ച നീണ്ട ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.* സെപ്റ്റംബര്‍ 18 മുതല്‍ 24 വരെയാണ് ദേശീയ കുടിയേറ്റ വാരാഘോഷം. സഹസ്രാബ്ദങ്ങളായി സുരക്ഷയും സുരക്ഷിതത്വവും തേടി ആയിരങ്ങള്‍ തങ്ങളുടെ ജന്മദേശം വിട്ട് പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്നുവെന്നു അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ കുടിയേറ്റ സമിതിയുടെ ചെയര്‍മാനും എല്‍ പാസോ മെത്രാനുമായ മാര്‍ക്ക് ജെ. സെയിറ്റ്സ് കുടിയേറ്റ വാരാഘോഷത്തിന് മുന്നോടിയായി പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു.

*ഇന്നത്തെ വചനം*
അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയുംദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.
നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ?
സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ചെയ്യുന്നത്‌? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ?
അതുകൊണ്ട്‌, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍
മത്തായി 5 : 43-48

*വചന വിചിന്തനം*
സർഗസ്ഥനായ പിതാവിൻ്റെ മക്കളാകണം എന്നാണ് ഈശോ ആവശ്യപ്പെടുന്നത്. അവിടന്ന് ആരോടും പക്ഷപാതം കാണിക്കുന്നില്ല.എല്ലാവർക്കും ഒരേ പരിഗണന നൽകുന്നു. അതുപോലെ വിവേചനം ഇല്ലാതെ പെരുമാറാനും എല്ലാവരെയും സ്നേഹിക്കാനുമാണ് ഈശോ ആവശ്യപ്പെടുന്നത്. ഈശോയുടെ മനോഭാവത്തിലേക്ക് വളരാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*