വന്ദേഭാരത് എക്‌സ്പ്രസ് വന്നതോടുകൂടി ആളുകള്‍ സെമി ഹൈസ്പീഡ് റെയില്‍വേ വേണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. അന്ന് കുറ്റിയും പറിച്ച് നടന്നവര്‍തന്നെ ഇന്ന് വന്ദേഭാരതില്‍ കയറുന്നുണ്ട്. ഇതോടെ സില്‍വര്‍ലൈനിന്റെ പ്രസക്തി കൂടി. നേരത്തെ ഹൈസ്പീഡ്‌ സെമി സ്പീഡ്‌ റെയില്‍വേയൊന്നും വേണ്ടെന്ന് പറഞ്ഞവരുണ്ടല്ലോ, സര്‍വേക്കല്ല് പിരിക്കാന്‍ പോയവര്‍, ഇപ്പോള്‍ സര്‍വേക്കല്ലുമെടുത്ത് വന്ദേഭാരതില്‍ കയറാന്‍ തുടങ്ങിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘രാവിലെ 5.20-ന് തിരുവനന്തപുരത്തുനിന്ന് കയറിയാല്‍ 12 മണിക്ക് കണ്ണൂരെത്തും. 3.30 ഞാന്‍ കണ്ണൂരില്‍നിന്ന് കയറിയാല്‍ പത്തുമണിക്ക് തിരുവനന്തപുരത്ത് എത്തുകയാണ്. ഇവിടുന്ന് രാവിലെ കയറിയാല്‍ ഒരുമണിക്കൂറുകൊണ്ട് കൊല്ലത്തെത്തി. ഒരു മണിക്കൂറുകൊണ്ട് കോട്ടയം, ഒരു മണിക്കൂറുകൊണ്ട് എറണാകുളത്തെത്തി. 11 മണിക്ക് കോഴിക്കോട് എത്തി. ആ വാഹനംവന്നതോടുകൂടി എത്രമാത്രം ആളുകള്‍ക്ക് സൗകര്യപ്രദമായ യാത്രയായി. എത്രയാളുകളാണ് യാത്രചെയ്യുന്നത്, ഇപ്പോള്‍ വന്ദേഭാരതില്‍ ടിക്കറ്റ് കിട്ടാനില്ല. അപ്പോഴാണ് ആളുകള്‍ പറയുന്നത്, യഥാര്‍ഥത്തില്‍ കുറച്ചുകൂടെ വേഗതയുണ്ടായിരുന്നെങ്കില്‍ കുറേക്കൂടി നല്ലതായിരുന്നുവെന്ന്’, ഇ.പി. ജയരാജന്‍ പറഞ്ഞു.

‘അതുകൊണ്ട് കേരളത്തിന്റെ ഭാവിയെക്കണ്ടുക്കൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഓരോ പദ്ധതിയും ആവിഷ്‌കരിക്കുന്നത്. ഞങ്ങള്‍ക്ക് വാശിയില്ല, കേരളത്തിന്റെ ഭാവി, കേരളത്തിന്റെ ജനങ്ങള്‍ക്ക് ഭാവിയില്‍ വരാന്‍ പോകുന്ന ആവശ്യം. അതിനനുസരിച്ച് വികസനം വരണ്ടേ. കാഴ്ചപ്പാട് ഉണ്ടാകണ്ടേ. ഒരു 25 വര്‍ഷം അപ്പുറത്തേക്ക് വികസനം കണ്ടുകൊണ്ട് വേണ്ടേ ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍. അല്ലെങ്കില്‍ കേരളത്തിന് മുന്നോട്ടുപോകാന്‍ സാധിക്കുമോ? അതാണ് ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയം’, അദ്ദേഹം വ്യക്തമാക്കി.