കോഴിക്കോട് അസ്വാഭാവിക പനിബാധിച്ച് രണ്ടുപേർ മരിച്ച സംഭവം നിപയെത്തുടർന്നെന്ന് സംശയം. നിലവിൽ ചികിത്സയിലുള്ളവരുടെ സ്രവത്തിന്റെ പരിശോധനാ ഫലം ഉച്ചയോടെ പൂണെ വൈറോളജി ലാബിൽ നിന്ന് ലഭിക്കും. പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്തത വരൂ. 2018-ൽ നിപ റിപ്പോർട്ട് ചെയ്ത പ്രദേശത്തിന്റെ 18 കിലോമീറ്റർ ചുറ്റളവിലാണ് അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനിടെ, പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട്ടെത്തി.
അസ്വാഭാവിക പനിയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രണ്ടുപേരാണ് മരിച്ചത്. നിപ രോഗ ലക്ഷണങ്ങളോടെ രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇതിൽ ഒരാളുടെ ബന്ധുവും സമാനരോഗലക്ഷണങ്ങളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ട്.കോഴിക്കോട് മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയുമാണ് മരിച്ചത്. ഒമ്പത് വയസ്സുള്ള കുട്ടിയാണ് ചികിത്സയിലുള്ളത്. സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടി വെന്റിലേറ്ററിൽ ആണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അറിയുന്നത്. രോഗികളുമായി അടുത്ത ബന്ധം പുലർത്തിയവർ നിരീക്ഷണത്തിലാണ്.