*വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ മൊറോക്കോയിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ആയിരംകടന്നു.* മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി 11ന് ആണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി.19 മിനിറ്റിനുശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ തുടര്ച്ചലനങ്ങളുണ്ടായതായും യുസ് ഏജന്‍സി അറിയിച്ചു.
*അടുത്ത മാസം ഒന്നിന് നിലവിൽ വരും വിധം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനം.* പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിക്കും. നാല് വര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്.
*സംസ്ഥാനത്തെ നിരത്തുകളിൽ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ് ശ്രീജിത്ത്.* സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിന് 140 ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കുമെന്നും ഒരു ജില്ലയില്‍ പത്തെണ്ണം വീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
*പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.* പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. ബന്ധം ദൃഢമാക്കുന്ന ചർച്ചയാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് ജോ ബൈഡൻ ഇന്ത്യയിലെത്തിയത്. ഡൽഹിയിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്.
*പുതുപ്പള്ളിയില്‍ പ്രകടമായത് സഹതാപ തരംഗമല്ല അഭിമാന തരംഗമെന്ന് നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍.* ഉമ്മന്‍ ചാണ്ടിയെ മരണത്തിന് ശേഷവും സിപിഎം അപമാനിച്ചെന്നും ചാണ്ടി പ്രതികരിച്ചു. താന്‍ ഉമ്മന്‍ ചാണ്ടിയെ കൊല്ലാന്‍ ശ്രമിച്ചെന്ന് സിപിഎം ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പ് നേരത്തേ കിട്ടിയിരുന്നെങ്കില്‍ പുറത്തുവിടുമായിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് സഹായം നല്‍കിയത് കോണ്‍ഗ്രസാണെന്നും ചാണ്ടി പറഞ്ഞു.
*സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.* പിഎം പോഷന്‍ പദ്ധതിയുടെ കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിന് നല്‍കിയിരുന്നു. ഈ തുകയും സംസ്ഥാന വിഹിതവും നോഡല്‍ അക്കൗണ്ടിലേക്കു കൈമാറിയിട്ടില്ല. അതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഫണ്ട് അനുവദിക്കാന്‍ ആകില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
*ആഫ്രിക്കന്‍ യൂണിയന് ജി 20യില്‍ സ്ഥിര അംഗത്വം നല്‍കി.* ഇതോടെ ജി 20യിലെ അംഗരാജ്യങ്ങളുടെ എണ്ണം 21 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയോടെ ജി 20ലേക്ക് ആഫ്രിക്കന്‍ യൂണിയനെ ക്ഷണിക്കുകയാണെന്ന് ലോക നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു
*സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത.* തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലേയും മലയോര മേഖലകളിൽ മഴ കനത്തേക്കും.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചു.
*വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങൾക്ക് യുനെസ്‌കോ അംഗീകാരം.* യുനെസ്‌കോ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ടിൽ കേരളത്തിന് പ്രത്യേക പരാമർശം ലഭിച്ചു. ‘സഹവർത്തിത്വത്തോടെയുള്ള പ്രവർത്തനങ്ങൾ ഉള്ളടക്ക നിർമിതിയുടെ ഗുണനിലവാരവും വൈവിധ്യവും വർദ്ധിപ്പിക്കും’ എന്ന തലക്കെട്ടിനു കീഴിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സ്‌കൂൾവിക്കി’ പോർട്ടലാണ് അന്താരാഷ്ട്ര മാതൃകയായി പരാമർശിച്ചത്. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
*സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിൽ തുടരുന്നു.* ശനിയാഴ്ച വിലയിൽ കുറവുണ്ടായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം എത്തി. ഇതോടെ ഇന്ന് സംസ്ഥാനത്തെ സ്വർണക്കടകളിൽ തിരക്ക് അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഒരുഗ്രാമിന് 5485 രൂപയും പവന് 43,880 രൂപയുമാണ് ഇന്നത്തെ നിരക്ക്.
*വാഹനാപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.* കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ സംസ്ഥാനത്ത് വാഹനാപകടമരണങ്ങളിൽ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷാ വർഷാചരണത്തിന്റെയും ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിന്റെ സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
*18-ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു.* ഒരു തരത്തിലുള്ള തീവ്രവാദവും യു.കെയിൽ അംഗീകരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ഖാലിസ്താന്റെ പേരിലുള്ള തീവ്രവാദമോ അക്രമമോ യു.കെയിൽ അനുവദിക്കില്ലെന്നും, ഖാലിസ്താൻ പ്രശ്നം നേരിടാൻ യു.കെ സർക്കാർ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
*തനിക്കേറെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.* ജി 20 നേതാക്കളുടെ ഉച്ചകോടിക്കായി ഡൽഹിയിലെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ തനിക്ക് വളരെ അടുപ്പമുള്ളതും പ്രിയപ്പെട്ടതുമായ രാജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയുടെ മരുമകൻ’ വിളി തനിക്ക് സ്‌പെഷ്യൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
*അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി തലവനുമായ എൻ ചന്ദ്രബാബു നായിഡുവിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു.* 2021ൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ, നായിഡുവിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
*മൊറോക്കോയിലെ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.* മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ടാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മൊറോക്കോയിലെ ഹൈ അറ്റ്‌ലസ് പർവതനിരകളിൽ ഉണ്ടായത്.
*ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ (ഡിപിഐ) പ്രശംസിച്ചു ലോകബാങ്ക് രംഗത്ത്.* വെറും ആറ് വർഷത്തിനുള്ളിൽ രാജ്യം നേടിയത് അഞ്ച് പതിറ്റാണ്ടുകൾ കൊണ്ട് ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണെന്ന് ലോക ബാങ്ക് അഭിനന്ദിച്ചു. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ലാൻഡ്‌സ്‌കേപ്പ് രൂപപ്പെടുത്തുന്നതിൽ മോദി സർക്കാർ സ്വീകരിച്ച പ്രധാന നടപടികൾ എടുത്തുപറഞ്ഞുകൊണ്ട്, ന്യൂഡൽഹിയിൽ നടക്കുന്ന ബിഗ് ജി 20 ഉച്ചകോടിക്ക് മുന്നോടിയായി തയ്യാറാക്കിയ ലോകബാങ്ക് രേഖയിൽ ആണ് അഭിനന്ദനം.
*രാജ്യത്തിൻറെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ ശ്രദ്ധനേടി ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുന്നിലെ ‘ഭാരത്’ നെയിംപ്ലേറ്റ്.* ജി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലെ നെയിം കാർഡിൽ രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
*ജി 20 ഉച്ചകോടിക്കെത്തിയ പ്രതിനിധികൾക്കായി രാഷ്ട്രപതി ഒരുക്കുന്ന അത്താഴ വിരുന്നിലേക്ക് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയെ ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ.* രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് മല്ലികാർജ്ജുൻ ഖാർഗെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം ചൂണ്ടിക്കാട്ടി. ലോകനേതാക്കൾക്കുള്ള അത്താഴ വിരുന്നിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത ജനാധിപത്യ രാജ്യമെന്നത് മറ്റെവിടെയും സങ്കൽപ്പിക്കാനാവില്ലെന്ന് ചിദംബരം എക്സിൽ കുറിച്ചു.
*ഇന്ത്യയുടെ ഹിറ്റ്‌ലിസ്റ്റിലുള്ള കൊടും ഭീകരനെ അജ്ഞാതർ പാക് അധിനിവേശ കശ്മീരിൽ വെടിവെച്ചു കൊന്നു.* ലഷ്‌കർ-ഇ-ത്വയ്ബ ത്രീവവാദി അബു കാസിം എന്ന റിയാസ് അഹമ്മദിനെയാണ് അജ്ഞാതരായ തോക്കുധാരികൾ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പാക് അധീന കശ്മീരിലെ റാവൽകോട്ടിൽ വച്ച് അൽ ഖുദൂസ് മസ്ജിദിനുള്ളിൽ വെച്ചാണ് ഭീകരന് വെടിയേറ്റത്. കോട്ലിയിൽ നിന്ന് പ്രാർത്ഥന നടത്താനെത്തിയ റിയാസ് അഹമ്മദിന് തലയ്ക്കാണ് വെടിയേറ്റത്.
*വിവാഹം കഴിക്കാനോ ഒരുമിച്ച് ജീവിക്കാനോ ഉള്ള പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ അവകാശത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ആർക്കും ഇടപെടാൻ കഴിയില്ലെന്ന് കോടതി.* അലഹബാദ് ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ലിവ് ഇൻ പങ്കാളികളായ യുവതീയുവാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.
*ത്രിപുരയിൽ ഭൂചലനം. ധർമ്മനഗറിന് സമീപമാണ് ഭൂചലനം ഉണ്ടായത്.* റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം അറിയിച്ചത്. ധർമ്മനഗറിൽ നിന്ന് 72 കിലോമീറ്റർ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
*അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യഥാർത്ഥ മുഖം സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.*
ജി 20 ഉച്ചകോടി കണക്കിലെടുത്ത് സർക്കാർ, ഇന്ത്യയിലെ ചേരികൾ മറയ്ക്കുകയും ആളുകളെ ഒളിപ്പിക്കുകയും ചെയ്യുകയാണെന്ന് രാഹുൽ ആരോപിച്ചു. തങ്ങളുടെ അതിഥികളിൽ നിന്ന് ഇന്ത്യയുടെ യാഥാർത്ഥ്യം മറയ്ക്കേണ്ട ആവശ്യമില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
*കണ്ണൂരിൽ ലഹരി വേട്ട. തെക്കീ ബസാർ അശോക ഹോസ്പിറ്റലിനു സമീപം എക്‌സൈസ് നടത്തിയ പരിശോധനയിൽ മാരുതി 800 കാറിൽ കടത്തിക്കൊണ്ടു വന്ന മെത്താംഫിറ്റാമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു.* തെക്കീ ബസാർ സ്വദേശി ജയേഷ് കെ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ നിന്നും വാഹനത്തിൽ നിന്നുമായി 20.75 ഗ്രാം മെത്താംഫിറ്റാമിനും, മെത്താംഫിറ്റാമിൻ തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക് ത്രാസും കണ്ടെടുത്തു.
*ഷൊർണൂർ കവളപ്പാറ കാരക്കാട് സഹോദരിമാർ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്.* കവർച്ചാ ശ്രമത്തിനിടെ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച തൃത്താല സ്വദേശി സ്വദേശി മണികണ്ഠൻ (48) കുറ്റം സമ്മതിച്ചു.
*തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച. ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച 3 കിലോ സ്വർണാഭരണങ്ങൾ കാറിൽ എത്തിയ സംഘം തട്ടികൊണ്ടുപോയി.* ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. തൃശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച 3 കിലോ സ്വർണാഭരണങ്ങൾ, കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് കവര്‍ച്ച നടന്നത്.
*കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎമ്മിനു 2 വൻ തിരിച്ചടികൾ.* കോടികൾ കടത്തിയതു സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ എന്ന മൊഴിയാണ് ഒന്ന്. കള്ളപ്പണം വെളുപ്പിച്ചവർക്കു മുൻ എംപിയുമായി ബന്ധമുണ്ടായിരുവെന്ന മൊഴിയാണു രണ്ടാമത്തെ അടി. ഇ.ഡി കോടതിയിൽ സമർപ്പിച്ച സാക്ഷിമൊഴികളിലാണ് ഇവയുള്ളത്. കോടതി രേഖയിൽ പേരു പറയുന്നില്ലെങ്കിലും പി.കെ.ബിജു എന്ന് വ്യക്തമായ സൂചനയുണ്ട്.
*കാട്ടാനയുടെ ആക്രമണത്തിൽ ആതിരപള്ളി കൊല്ലതിരുമേടു ഫോറസ്റ്റ് സ്റ്റേഷനിലെ വനം വാച്ചർ കൊല്ലപ്പെട്ടു.* പെരിങ്ങൽകുത്ത് ആദിവാസി ഊരിലെ ഇരുമ്പൻ കുമാരനാണു ( 58) മരിച്ചത്. വൈകിട്ട് 4 മണിയോടെ വാഴച്ചാൽ റേഞ്ചിലെ പച്ചിലവളം ഒപി കെട്ടിടത്തിനു സമീപത്തു വച്ചാണു സംഭവം. ഇഞ്ചി ശേഖരിക്കാൻ പോയപ്പോഴാണ് ആന ആക്രമിച്ചത്. സംഭവ സ്ഥലത്തേക്കു പോയ ആംബുലൻസ് വാഴച്ചാൽ ഇരുമ്പുപാലം പരിസരത്തുവച്ചു കാട്ടാനകൂട്ടം തടഞ്ഞു. കുമാരനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
*തിരുവനന്തപുരം പൂവച്ചലിൽ കാറിടിച്ച് കുട്ടി മരണപ്പെട്ട സംഭവത്തിൽ കാട്ടാക്കട പോലീസ് നരഹത്യയ്ക്ക് കേസെടുത്തു.* കുട്ടിയുടെ അകന്ന ബന്ധു പ്രിയരഞ്ജനെതിരെയാണ് കേസെടുത്തിട്ടുള്ളത്. കാട്ടാക്കട ചിന്മയ മിഷൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖർ (15) ആണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വാഹനം കുട്ടിയെ ഇടിക്കുന്ന ദൃശ്യങ്ങൾ പോലീസിന് കിട്ടിയതാണ് സംഭവത്തില്‍ വഴിത്തിരിവായത്.
*നൈജീരിയയിൽ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിൽ റെക്ടറിക്ക് തീകൊളുത്തി സെമിനാരി വിദ്യാർത്ഥിയെ കൊലപ്പെടുത്തി.* ഫുലാനി മുസ്ലിം തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. സെപ്റ്റംബർ ഏഴാം തീയതിയാണ് സംഭവം. സെമിനാരി വിദ്യാർത്ഥിയായ നാമാൻ ധൻലാമിയുടെ മരണത്തിന് കാരണമായ അക്രമം കഫഞ്ചാൻ രൂപതയുടെ മെത്രാൻ ജൂലിയസ് യാക്കൂബു സ്ഥിരീകരിച്ചു. റാഫേൽ ഫാടാൻ ഇടവക ദേവാലയത്തിന്റെ റെക്ടറിക്കാണ് ഫുലാനി ഗോത്ര തീവ്രവാദികള്‍ തീവച്ചത്.
*യുക്രൈനില്‍ നിന്നും റഷ്യ തടവിലാക്കിയ റിഡംപ്റ്ററിസ്റ്റ് വൈദികര്‍ ഉപയോഗിച്ചിരുന്ന മിഷ്ണറി കുരിശും പ്രാര്‍ത്ഥനാ പുസ്തകവും ജപമാലയും ഫ്രാന്‍സിസ് പാപ്പക്ക് കൈമാറി*. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് രാവിലെ വത്തിക്കാനില്‍വെച്ച് യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭ മെത്രാന്മാരുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭാതലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കാണ് ഇവ ഫ്രാന്‍സിസ് പാപ്പക്ക് കൈമാറിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 16ന് ബെര്‍ഡ്യാന്‍ങ്കില്‍വെച്ച് റഷ്യന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്ത തടവിലാക്കിയ ഫാ. ഐവാന്‍ ലെവിറ്റ്സ്കി, ഫാ. ബോഹ്ദാന്‍ ഹെലെറ്റ എന്നിവര്‍ ഉപയോഗിച്ചിരുന്ന കുരിശും, കൊന്തയും, പ്രാര്‍ത്ഥനാ പുസ്തകവുമാണ് കൈമാറിയത്.
*മുസ്ലീം ഭൂരിപക്ഷ രാജ്യമായ അസര്‍ബൈജാന്റെ ഉപരോധത്തെ തുടര്‍ന്നു വംശീയ ഉന്‍മൂലനത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന അര്‍മേനിയന്‍ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാ സഹായ അഭ്യര്‍ത്ഥനയുമായി അമേരിക്കന്‍ കര്‍ദ്ദിനാള്‍.* ഔദ്യോഗിക വെബ്സൈറ്റില്‍ വിവിധ ഭാഷകളില്‍ പോസ്റ്റ് ചെയ്ത സന്ദേശം വഴിയാണ് കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ, അസര്‍ബൈജാന്റെ ഉപരോധത്തില്‍ മരണത്തെ മുന്നില്‍ കണ്ടു കഴിയുന്ന ഒരുലക്ഷത്തില്‍പരം അര്‍മേനിയന്‍ ക്രൈസ്തവ സഹോദരീ സഹോദരന്‍മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചത്. ക്രൂരമായ പീഡനങ്ങള്‍ക്ക് മുന്നില്‍ നിശബ്ദതക്കും, നിഷ്ക്രിയത്വത്തിലും സ്ഥാനമില്ല. അര്‍മേനിയന്‍ സഹോദരീസഹോദരന്‍മാര്‍ ഉന്മൂലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി.
*ഇന്നത്തെ വചനം*
അന്നുതന്നെ യേശു ഭവനത്തില്‍ നിന്നു പുറത്തുവന്ന്, കടല്‍ത്തീരത്ത് ഇരുന്നു.
വലിയ ജനക്കൂട്ടങ്ങള്‍ അവന്റെ അടുത്തു വന്നു. തന്നിമിത്തം അവന്‍ ഒരു തോണിയില്‍ക്കയറി ഇരുന്നു. ജനക്കൂട്ടം മുഴുവന്‍ തീരത്തു നിന്നു.
അപ്പോള്‍ അവന്‍ വളരെക്കാര്യങ്ങള്‍ ഉപമകള്‍വഴി അവരോടു പറഞ്ഞു: വിതക്കാരന്‍ വിതയ്‌ക്കാന്‍ പുറപ്പെട്ടു.
അവന്‍ വിതച്ചപ്പോള്‍ വിത്തുകളില്‍ കുറെ വഴിയരുകില്‍ വീണു. പക്‌ഷികള്‍ വന്ന് അതു തിന്നു.
ചിലത് മണ്ണ് അധികമില്ലാത്ത പാറമേല്‍ വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്ന് മുളച്ചുപൊങ്ങി.
സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്‌തു.
വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു.
മറ്റു ചിലതു നല്ല നിലത്തു വീണു. അതു നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്‍കി.
ചെവിയുള്ളവന്‍കേള്‍ക്കട്ടെ.
മത്തായി 13 : 1-9
*വചന വിചിന്തനം*
1. കിളികൾ – അർഹതയില്ലാത്തവ തട്ടിയെടുക്കുന്നവരും, വിയർക്കാതെ സമ്പാദിക്കുന്നവരും, ആരെയെങ്കിലുമൊക്കെ പറ്റിച്ച് എന്തെങ്കിലും നേടുന്നവരും ഈ ഗണത്തിലുള്ളവരാണ്.
2. സൂര്യൻ – നമ്മുടെ താപവും ക്രോധവും ആരെയെങ്കിലും വാടാനോ വീഴാനോ ഇടയാക്കരുത്. ആരുടെയെങ്കിലും ദേഷ്യവും വൈര്യവും നിന്നെ ഉണക്കി കരിച്ചു കളഞ്ഞിട്ടുണ്ടെങ്കിൽ അത് നിനക്ക് ക്രിസ്തുവിലേക്ക് ആഴ്ന്നിറങ്ങിയ വേരില്ലാതിരുന്നതുകൊണ്ടാണ്.
3. മുൾച്ചെടികൾ – ഒരു നന്മയും പുറപ്പെടുവിക്കാതെ, മറ്റുള്ളവരെ ഞെരുക്കി, അവരുടെ നന്മകളെ ചൂഷണം ചെയ്ത്, അവരെ ഉപയോഗിച്ച് ജീവിക്കുന്ന മുൾച്ചെടികൾ ആകാതിരിക്കുക.
നാളെ ഒത്തിരി ഫലങ്ങൾ പുറപ്പെടുവിക്കാൻ ദൈവം ഒരുക്കിയ വിത്തിനെ വളരാൻ അനുവദിക്കാതെ ഞെരുക്കിക്കളയാനും, തട്ടിയെടുക്കാനും ഒന്നും നമുക്ക് ഇടവരാതിരിക്കട്ടെ..
കടപ്പാട്
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*