പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചു കയറി 15 വയസുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഗോരെഗാവ് പുരാർ ഐ.എൻ.ടി ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥി ഹുജേഫ ദവാരെയാണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്‌കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികൾ ജാവലിൻ ത്രോ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കെ സഹവിദ്യാർത്ഥി ജാവലിൻ എറിയുകയായിരുന്നു. തന്റെ ഷൂ ലെയ്സ് കെട്ടാൻ കുനിഞ്ഞ ദവാരെ, ജാവലിൻ വരുന്നത് കണ്ടിരുന്നില്ല. ജാവലിൻ തലയിൽ തുളച്ചുകയറിയതിനെ തുടർന്ന്, സംഭവസ്ഥലത്തുതന്നെ കുട്ടി കുഴഞ്ഞുവീണു. രക്തം വാർന്നൊഴുകിയ വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. സ്‌കൂളിലെ ജാവലിൻ ടീമിലെ സജീവ അംഗമായ ദവാരെ വരാനിരിക്കുന്ന തലൂക്കാതല മീറ്റിനുള്ള തയ്യാറെടുപ്പിലായിരുന്നു.അപകട മരണത്തിനാണ് നിലവിൽ ഗോരേഗാവ് പൊലീസ് കേസെടുത്തിട്ടുള്ളതെന്നും ജാവലിൻ എറിഞ്ഞ വിദ്യാർത്ഥിയുടെ ഭാഗത്തുനിന്നു എന്തെങ്കിലും അനാസ്ഥ ഉണ്ടായോയോന്ന് പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സ്‌കൂളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.