ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കായി വ്യാപക തിരച്ചില്‍. ആലുവയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പോലീസിന്റെ തിരച്ചില്‍ നടക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു. ആലുവ ഭാഗത്ത് താമസിക്കുന്ന ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണെന്നാണ് സൂചന. ഇയാളുടെ ചില സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടിയും തിരച്ചില്‍ നടത്തിയ സമീപവാസികളും സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട. ഇയാള്‍ ചില മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നും വിവരങ്ങളുണ്ട്.
ആലുവ ചാത്തന്‍പുറത്തെ വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ബിഹാര്‍ സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. കുട്ടിയുടെ അച്ഛന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് പോയതിനാല്‍ അമ്മയും മൂന്ന് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മക്കള്‍ വീട്ടിലെ ഹാളിലും അമ്മ മുറിയിലുമാണ് കിടന്നിരുന്നത്. ഇതിനിടെയാണ് പ്രതി വീടിന്റെ വാതില്‍ തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.
ജനല്‍വഴി കൈയ്യിട്ട് വാതില്‍ തുറന്ന പ്രതി കുട്ടിയുമായി പുറത്തിറങ്ങിയശേഷം വാതില്‍ പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. പ്രതി കുട്ടിയുമായി പോകുന്നതിനിടെ കരച്ചില്‍ കേട്ടാണ് സമീപവാസികള്‍ വിവരമറിയുന്നത്. ശബ്ദം കേട്ട് സമീപവാസി പുറത്തേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കുട്ടിയുമായി ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇതോടെ മറ്റുള്ളവരെ വിവരമറിയിച്ച് തിരച്ചില്‍ ആരംഭിച്ചു. ഇതോടെ പ്രതി കുട്ടിയെ സമീപത്തെ വയലില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് വിവരം.
തിരച്ചിലിനിറങ്ങിയ നാട്ടുകാര്‍ ചോരയൊലിച്ചനിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വിവസ്ത്രയായി കരഞ്ഞുകൊണ്ടുവന്ന കുട്ടി ഹിന്ദിയിലാണ് സംസാരിച്ചത്. ഇതോടെയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയപ്പോള്‍ വീടിന്റെ വാതില്‍ പുറത്തുനിന്ന പൂട്ടിയിട്ടനിലയിലായിരുന്നു.
പീഡനത്തിനിരയായ എട്ടുവയസ്സുകാരി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ കുട്ടിക്ക് ഒരുശസ്ത്രക്രിയ നടത്തുമെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ആശുപത്രിയില്‍നിന്നുള്ളവിവരം.