ക്രിസ്തീയ മൂല്യങ്ങള്‍ മുറുകെ പിടിച്ച് ഭരിച്ച ഹംഗറിയുടെ ആദ്യ രാജാവായ വിശുദ്ധ സ്റ്റീഫന്‍, വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ട ദിവസമായ ഓഗസ്റ്റ് 20-ന് വിശുദ്ധന്റെ ആദരണാര്‍ത്ഥം ഹംഗറിയില്‍ ഡ്രോണുകള്‍ കൊണ്ട് ആകാശത്ത് തീര്‍ത്ത ലൈറ്റ് ഷോ ശ്രദ്ധേയമായി. ബുഡാപെസ്റ്റിലെ ഹംഗേറിയന്‍ പാര്‍ലമെന്റിന് മുന്‍പില്‍ സംഘടിപ്പിച്ച ലൈറ്റ് ഷോയുടെ മുഖ്യ സവിശേഷത ഡ്രോണുകള്‍ തീര്‍ത്ത പ്രകാശപൂരിതമായ വലിയ കുരിശായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായിരിക്കുകയാണ്.
1083 ഓഗസ്റ്റ് 20-ന് ഗ്രിഗറി ഏഴാമന്‍ മാര്‍പാപ്പയാണ് രാജാവായിരുന്ന സ്റ്റീഫനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. തന്റെ വ്യക്തിപരമായ വിശുദ്ധിയാലും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പ്രസിദ്ധനായിരുന്ന വിശുദ്ധ സ്റ്റീഫന്‍, ഹംഗറിയുടെ മധ്യസ്ഥ വിശുദ്ധന്‍ കൂടിയാണ്. ക്രിസ്തീയ വിശ്വാസം ആഴത്തില്‍ വേരോടിയിട്ടുള്ള ഒരു രാജ്യമാണ് ഹംഗറി. വിജാതീയ വിശ്വാസങ്ങളില്‍ നിന്നും ഹംഗറിയെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കുകയും പത്രോസിന്റെ സിംഹാസനത്തോട് വിശ്വസ്തയുള്ള രാഷ്ട്രമായി നിലനിറുത്തുകയും ചെയ്തത് രാജാവായിരുന്ന വിശുദ്ധ സ്റ്റീഫനായിരുന്നു. തന്റെ ഭരണകാലത്ത് വിശുദ്ധ സ്റ്റീഫന്‍ രാഷ്ട്രത്തെ പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ചിരിന്നു.