പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളന കാലയളവിൽ പുതിയ മന്ദിരത്തിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ് പഴയ മന്ദിരത്തില്‍ പ്രത്യേക സമ്മേളനം 18-നാണ് തുടങ്ങുന്നത്. ഗണേശ ചതുര്‍ത്ഥിയായ 19-ന് മന്ദിരത്തിലേക്ക് മാറുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം 21 വരെയാണ് പ്രത്യേക സമ്മേളനം. രാജ്യത്തിന്റെ പേര് ഔദ്യോഗികമായി ഇന്ത്യ എന്നത് ഭാരതം എന്നാക്കുന്നതിനുള്ള ഭേദഗതി പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സാധ്യത.

ഇതിനിടെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഒമ്പത് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുകയും വരാനിരിക്കുന്ന സമ്മേളനത്തില്‍ അവ ചര്‍ച്ചചെയ്യാന്‍ സമയം അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍, അദാനിക്കെതിരായ ആരോപണങ്ങള്‍, മണിപ്പുര്‍ സംഘർഷം, ഹരിയാണയിലെ വര്‍ഗീയ സംഘര്‍ഷം, ചൈന അതിര്‍ത്തി, ജാതി സെന്‍സസ് തുടങ്ങിയ വിഷയങ്ങളാണ് സോണിയ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്.