ഏഷ്യൻ ഭൂഖണ്ഡത്തിലെ ചെറിയ രാജ്യമായ മംഗോളിയയിലേക്കുള്ള അപ്പസ്തോലിക യാത്ര ഇന്ന് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ പ്രാര്‍ത്ഥന യാചിച്ച് പാപ്പ. ഇന്നലെ ആഗസ്റ്റ് മുപ്പതാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ ട്വിറ്ററിൽ പങ്കുവെച്ച ഹ്രസ്വസന്ദേശത്തിലൂടെയാണ് പ്രാര്‍ത്ഥന യാചിച്ചത്. “മംഗോളിയയിലെ നമ്മുടെ സഹോദരങ്ങളെ സന്ദർശിക്കാൻ ഞാൻ നാളെ ഉച്ചതിരിഞ്ഞ് ഏഷ്യൻ ഭൂഖണ്ഡത്തിലേക്ക് പുറപ്പെടും. നിങ്ങളുടെ പ്രാർത്ഥനകളാൽ എന്റെ സന്ദർശനത്തെ അനുഗമിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു”. – പാപ്പയുടെ ട്വീറ്റില്‍ പറയുന്നു.ഒരുമിച്ച് പ്രത്യാശിക്കുക” എന്നതാണ് പാപ്പയുടെ ഇത്തവണത്തെ അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യം. “പ്രത്യാശ” എന്ന വാക്കാണ് പാപ്പായുടെ യാത്രയിൽ പ്രത്യേകമായി പ്രമേയമാകുക. ഇന്ന് ഓഗസ്റ്റ് 31-ന് വൈകുന്നേരം 6.30-ന് ഫ്രാൻസിസ് പാപ്പ റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് മംഗോളിയയിലേക്ക് യാത്ര തിരിക്കുക. 1300 കത്തോലിക്കർ മാത്രമുള്ള മംഗോളിയ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്. സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകുന്നതോടെ ചൈനയുമായി 2880 മൈൽ അതിർത്തി പങ്കിടുന്ന മംഗോളിയ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പ എന്ന പേര് ഫ്രാന്‍സിസ് പാപ്പക്ക് സ്വന്തമാകും. രാജ്യത്തെ ജനസംഖ്യയുടെ 87.1%വും ബുദ്ധമത വിശ്വാസികളാണ്.