*ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങള്‍ ലഭ്യമായി തുടങ്ങി.* ചന്ദ്രനിലെ മണ്ണിന്റെ താപസ്വഭാവം പഠിക്കുന്ന ചാസ്‌തേയില്‍ നിന്നുള്ള വിവരങ്ങളാണ് ഇസ്രൊ പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മണ്ണിന്റെ താപനില അളക്കപ്പെടുന്നത്.
*ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ നേടികൊടുത്ത് നീരജ് ചോപ്ര.* 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളമ്പിക്‌സിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂര്‍വ്വ നേട്ടംകൂടിയാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്.
*മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും മലയാളിയുമായ കെ. പരമേശ്വറിനെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍(എഎജി) ആയി നിയമിച്ച് ഉത്തർ പ്രദേശ് സർക്കാർ.* സുപ്രീം കോടതിയിൽ ഉത്തര്‍പ്രദേശ് സര്‍ക്കാരിനായി കേസുകളില്‍ ഹാജരാകാനാണ് പരമേശ്വറിന്റെ നിയമനം.
*ഓണത്തോടനുബന്ധിച്ചു അതിർത്തി ചെക്ക്പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ വിവിധ ഇടങ്ങളിൽ നിന്നു കൈക്കൂലി പണം പിടികൂടി.* മോട്ടോർ വാഹനം, എക്സൈസ്, മൃഗസംരക്ഷണം വകുപ്പുകൾക്ക് കീഴിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത വൻതുക പിടികൂടി. ഇതു കൈക്കൂലിയാണെന്നാണു വിജിലൻസ് കണ്ടെത്തൽ
*ഓണം വാരത്തിൽ സംസ്ഥാനത്തെ ബിവറേജസ് കോർപറേഷന്റെയും കണ്‍സ്യൂമർ ഫെഡിന്റെയും ചില്ലറ മദ്യവിൽപന ശാലകൾ മൂന്നു ദിവസം തുറക്കില്ല.* തിരുവോണ ദിവസമായ 29, ചതയ ദിനമായ 31 തീയതികളിൽ മദ്യശാലകൾക്ക് അവധിയാണ്.സെപ്റ്റംബർ ഒന്നിനും മദ്യശാലകൾക്ക് അവധിയായതിനാൽ തുറക്കില്ല. തിരുവോണ ദിവസം ബാറുകൾ തുറക്കും.
*വനിതാ ലോകകപ്പ് കിരീടം നേടിയ ജെന്നി ഹെർമോസോ എന്ന താരത്തിന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസ് നിർബന്ധിത ചുംബനം നൽകിയ സംഭവത്തിൽ അടിയന്തര നീക്കങ്ങളുമായി സ്പാനിഷ് എഫ്എ.* തിങ്കളാഴ്ച ഫെഡറേഷന്റെ അടിയന്തര യോഗം നടക്കുന്നുണ്ടെന്നും എല്ലാ പ്രാദേശിക ഫുട്ബോൾ ഫെഡറേഷനുകളും ഈ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്നും അധികൃതർ അറിയിച്ചു.
*ബിഹാറില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പദ്ധതിയുണ്ടെന്നറിയിച്ച് ആം ആദ്മി പാര്‍ട്ടി.* 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. 2025-ലാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക
*കേരള കോൺഗ്രസ് എം അടക്കം മുന്നണി വിട്ടുപോയ എല്ലാ പാർട്ടികളും യുഡിഎഫിലേക്ക് തിരികെ വരണമെന്ന് കെ. മുരളീധരൻ എംപി.* കേരള കോൺഗ്രസ് എമ്മിന് ഇടതുമുന്നണിയിൽ തുടരാനാവില്ലെന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോട്ടയത്ത് എത്തിയ വേളയിലാണ് മുരളധീരൻ ഈ പ്രസ്താവനകൾ നടത്തിയത്.
*സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി നിർദ്ദേശങ്ങൾ പുറപ്പെുവിച്ച് ദുരന്ത നിവാരണ അതോറിറ്റി.* പൊതുജനങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.
*ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായമൊരുക്കാൻ പദ്ധതിയുമായി കേരളാ പോലീസ്.* പ്രശാന്തി എന്നാണ് പദ്ധതിയുടെ പേര്. 9497900035, 9497900045 എന്നീ ഹെൽപ് ലൈൻ നമ്പറുകളിലൂടെ ഈ സേവനം ലഭ്യമാണ്. ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുക പരാതികൾ സമയബന്ധിതമായി കൈകാര്യം ചെയ്യുക, യാത്രാസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുക, പുനരധിവാസം, കൗൺസിലിംഗ്, പഠനം തുടങ്ങിയ മേഖലകളിൽ കൈത്താങ്ങ് ആകുക, മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സംശയനിവാരണം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഈ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
*പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു.* ആമയം സ്വദേശി ഷാഫി ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സുഹൃത്തിന്റെ കൈയിൽ നിന്നും അബദ്ധത്തിൽ പൊട്ടിയ വെടി സുഹൃത്തിന് കൊണ്ടതാണെന്നാണ് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായിരുന്ന 2 സുഹൃത്തുക്കൾ കടന്നുകളഞ്ഞു.
*വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു.* കാശ്മീർ കത്വയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ നടന്ന സംഭവത്തിൽ, ക്ലാസ് മുറിയുയിലെ ബ്ലാക്ക് ബോര്‍ഡില്‍ ജയ് ശ്രീറാം എന്ന് എഴുതിയതിന്റെ പേരിലാണ് അധ്യാപകന്‍ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ, വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
*2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്ന് വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.* എല്ലാ പാർട്ടികളോടും നടത്തിയ ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
*ഇന്ത്യ, ചൈന, ഇന്തോനേഷ്യ എന്നിവ 2030 ഓടെ ജി 20 രാജ്യങ്ങളില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴില്‍ ചെയ്യുന്ന അഞ്ച് സമ്പദ്‌വ്യവസ്ഥകളില്‍ മൂന്നെണ്ണമായിരിക്കുമെന്ന് മാനേജ്മെന്റ് കണ്‍സള്‍ട്ടൻസി സ്ഥാപനമായ മക്കിൻസി റിപ്പോര്‍ട്ട്.* കിഴക്കൻ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഒരു സമ്പദ്‍വ്യവസ്ഥയും ഉയര്‍ന്നുവന്നേക്കുമെന്നും മക്കിൻസി പറഞ്ഞു. രണ്ടാംലോകയുദ്ധത്തിന് ശേഷം കടം ഏറ്റവും ഉയര്‍ന്ന നിലയിലാണ്.
*നൂഹില്‍ ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ബ്രജ് മണ്ഡല്‍ ശോഭായാത്രയ്ക്ക് അനുമതി നിഷേധിച്ച് ഹരിയാന സര്‍ക്കാര്‍.* പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചത്. കൂടാതെ സോഷ്യല്‍ മീഡിയ വഴി കിംവദന്തികള്‍ പ്രചരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഓഗസ്റ്റ് 26 മുതല്‍ 28 വരെ മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു .
*മഹാരാഷ്ട്രയില്‍ തക്കാളിവില സാധാരണ നിലവാരത്തിലേക്ക്.* മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ ഇന്നലെ കിലോയ്ക്ക് 24 രൂപ മുതല്‍ 30 രൂപവരെയായിരുന്നു നിരക്ക്. കഴിഞ്ഞയാഴ്ചത്തെ നിരക്കിനെക്കാള്‍ 12 രൂപമുതല്‍ 15 രൂപവരെ കുറവാണിത്. വെള്ളിയാഴ്ച 28 ട്രക്ക് തക്കാളി എത്തിയതായി കര്‍ഷകകൂട്ടായ്മയായ എപിഎംസി അറിയിച്ചു. ഏകദേശം 1237 ക്വിന്റല്‍ തക്കാളി ഇതുവഴി വിപണിയിലെത്തി. സത്താറ, സോലാപുര്‍,സസ്വാദ് മേഖലകളില്‍ നിന്ന് കൂടുതല്‍ തക്കാളി വിപണിയിലെത്തിത്തുടങ്ങി. വരുംദിവസങ്ങളില്‍ ഇനിയും വില കുറയുമെന്നാണ് സൂചന.
*സ്ത്രീശക്തിയുടെ ജീവിക്കുന്ന ഉദാഹരണമാണ് ചന്ദ്രയാൻ-3 ന് പിന്നിൽ പ്രവർത്തിച്ച നിരവധി വനിതാ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.* എല്ലാ സാഹചര്യങ്ങളിലും വിജയിക്കാൻ ആഗ്രഹിക്കുന്ന, ഏത് സാഹചര്യത്തിലും എങ്ങനെ വിജയിക്കണമെന്ന് അറിയുന്ന ‘പുതിയ ഇന്ത്യയുടെ’ ആത്മാവിന്റെ പ്രതീകമായി ചന്ദ്രയാൻ മിഷൻ മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
*ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.* തെരഞ്ഞെടുപ്പിന് വേണ്ടിയല്ല, ആശയപരമായ സഖ്യമാണ് ഡിഎംകെയും ഇടത് പാർട്ടികളുമായുള്ളതെന്ന് സ്റ്റാലിൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതിയെക്കുറിച്ച് സംസാരിക്കാൻ നരേന്ദ്രമോദിക്ക് എന്ത് യോഗ്യതയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി ചോദിച്ചു.
*അടുത്ത മാസം ദേശീയ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഗുരുതര സുരക്ഷാ വീഴ്ച.* അഞ്ചിലധികം മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ. നിരോധിത സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) പ്രവർത്തകർ ഖാലിസ്ഥാൻ അനുകൂല ഗ്രാഫിറ്റി ഉപയോഗിച്ച് മെട്രോ സ്റ്റേഷനുകൾ വികൃതമാക്കിയതായി ഡൽഹി പോലീസ്.
*യുപിയിൽ അധ്യാപിക വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചതിനെ തുടർന്ന് വിവാദമായ സ്കൂൾ പൂട്ടാൻ ഉത്തരവ്.* മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂളാണ് അന്വേഷണം പൂർത്തിയാകുന്നത് വരെ പൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്.
സംഭവത്തിൽ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് യുപിയിലെ വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സർക്കാരും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
*ജി 20 ഉച്ചകോടിയിലേക്ക് ജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.* രാജ്യത്തിന്റെ അനന്ത സാധ്യതകളെ പുറം ലോകത്തെ അറിയിക്കാനുള്ള വേദിയാണ് ജി20 അദ്ധ്യക്ഷപദവിയെന്ന് അദ്ദേഹം പറഞ്ഞു. ജന പങ്കാളിത്തത്തോടെയാണ് ജി20 ഉച്ചകോടികൾ നടത്തുന്നത്. വരുന്ന മാസത്തെ ഉച്ചകോടിയിൽ ജനങ്ങളാകണം മുൻപന്തിയിലെന്നും അദ്ദേഹം വ്യക്തമാക്കി.
*പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടതിന് തൊട്ടുപിന്നാലെ, ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി നടത്തിയ പരാമർശം വിവാദമാകുന്നു.* ജിഹാദി ചിന്താഗതിക്കാരായ ആളുകൾ ചന്ദ്രനിൽ എത്തുന്നതിന് മുമ്പ് തന്നെ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയും ശിവശക്തി പോയിന്റ് ഹിന്ദു രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്യണമെന്ന് സ്വാമി ചക്രപാണി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
*ബലാത്സംഗക്കേസില്‍ മൊഴി നല്‍കാന്‍ കോടതിയില്‍ ഹാജരാകാൻ വിസമ്മതിച്ച ഗര്‍ഭിണിയായ യുവതിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊന്നു.* ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരിൽ നടന്ന സംഭവത്തിൽ, എട്ടുമാസം ഗര്‍ഭിണിയായ യുവതിയെയാണ് മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊന്ന് പുഴയില്‍ തള്ളിയത്. മാതാപിതാക്കളുടെ പരാതിയില്‍ പങ്കാളിക്കെതിരെ കോടതിയില്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചാണ് കൊലപാതകത്തിന് കാരണം.
*റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചതിതിനെ തുടർന്ന് പതിനഞ്ചുകാരനെ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചു. കൊച്ചി ഹൈക്കോടതി ജംഗ്ഷനിൽ വെച്ച് നടന്ന സംഭവത്തിൽ, മർദ്ദനമേറ്റ കുട്ടിയുടെ കർണപടം പൊട്ടി.* കേൾവിശക്തിക്ക് തകരാർ സംഭവിച്ച കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേൾവിശക്തിക്ക് തകരാറുണ്ടെന്ന് കണ്ടെത്തിയതോടെ, ശസ്ത്രക്രിയ ഉൾപ്പടെയുള്ള വിദഗ്ദ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.സംഭവത്തിൽ എളങ്കുന്നപ്പുഴ സ്വദേശി മനുവാണ് അറസ്റ്റിലായത്.
*അരുവിക്കരയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.* ആറ്റിങ്ങല്‍ സ്വദേശി രേഷ്മ (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് വീട്ടിലില്ലായിരുന്നു.ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയമാണ് രേഷ്മയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
*കേരള സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദപ്രവേശനം.* സ്പോർട്ട്സ് ക്വാട്ട വഴിയാണ് വ്യാജസർട്ടിഫിക്കറ്റ് വഴി പ്രവേശനം നേടിയത്. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള രണ്ടു കോളേജുകളിൽ ആണ് തട്ടിപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കി. ബോക്സിങ്ങിലെ അഞ്ചാം സ്ഥാനം തിരുത്തി മൂന്നാം സ്ഥാനം ആക്കിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കാൻ സർവ്വകലാശാല തീരുമാനിച്ചു.
*നിലമ്പൂരിൽ സഹോദരന്മാരുടെ മക്കളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.* മമ്പാട് സ്വദേശികളായ കുന്നുമ്മൽ റയാൻ സിദിഖ്(11), അഫ്താബ് റഹ്മാൻ(14)എന്നിവരാണ് മരിച്ചത്.ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ ഇരുവരും ഇന്ന് വൈകിട്ട് അഞ്ചിനാണ് അപകടത്തിൽപ്പെട്ടത്.
ഒഴുക്കിൽപ്പെട്ടവരെ നാട്ടുകാർ ചേർന്ന് കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
*മലയാളി യുവതിയെ ബംഗളൂരുവില്‍ ലിവ് ഇന്‍ പാര്‍ട്ണര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി.* തിരുവനന്തപുരം സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടില്‍ ഇന്നലെ രാത്രിയാണ് കൊലപാതകമുണ്ടായത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) അറസ്റ്റ് ചെയ്തു. ദേവയെ വൈഷ്ണവ് കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം.
*നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.* രണ്ടേമുക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യാത്രക്കാർ അറസ്റ്റിലായി. കൊല്ലം സ്വദേശിനിയായ ആനന്ദവല്ലിയെയും കോഴിക്കോട് സ്വദേശിയായ സഫീറിനെയുമാണ് അറസ്റ്റ് ചെയ്തത്.
*വഴക്കു പറഞ്ഞതിന്റെ വിരോധത്തിൽ, പതിനഞ്ചുകാരനായ മകൻ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ ശ്രമിച്ചു.* പൊലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കാനും ശ്രമിച്ചു. പോത്തൻകോട് പഞ്ചായത്ത് പരിധിയിൽ ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. ഇരുവരും ചേർന്ന് മുളകു പൊടി കലക്കിയ വെള്ളം അച്ഛന്റെ മുഖത്തൊഴിച്ച ശേഷം ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ട് തലയിൽ തുരുതുരെ കുത്തി. കുതറിമാറിയ പിതാവ് പുറത്തിറങ്ങി കതക് കയർ കൊണ്ടു കയർ കൊണ്ടു കെട്ടിയടച്ച ശേഷം നിലവിളിച്ചു പുറത്തേക്കോടുകയായിരുന്നു.
*പാക്കിസ്ഥാനിലെ ജരൻവാലയിൽ മതനിന്ദാ ആരോപണത്തിന്റെ പേരിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും, ഭവനങ്ങൾക്കും നേരെ തീവ്ര ഇസ്ലാമികവാദികളിൽ നിന്നും അടുത്തിടെ നടന്ന ആക്രമണത്തില്‍ രാജ്യത്തെ ഇസ്ലാമിക നേതൃത്വം സ്വീകരിച്ച നിലപാട് ശ്രദ്ധേയമാകുന്നു.* ക്രൈസ്തവരോട് മാപ്പ് ചോദിച്ചും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സഹായം വാഗ്ദാനം ചെയ്തും പാക്കിസ്ഥാനിലെ ഇസ്ലാമിക നേതൃത്വം വേറിട്ട നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് അന്താരാഷ്ട്ര വായ്പകളും സാമ്പത്തിക സഹായങ്ങളും ലഭിക്കേണ്ടതിന് മനുഷ്യാവകാശപരവും മതസ്വാതന്ത്ര്യപരവുമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്
*ഇന്നത്തെ വചനം*
വിനാശത്തിന്റെ അശുദ്‌ധലക്‌ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ – വായിക്കുന്നവന്‍ ഗ്ര ഹിച്ചുകൊള്ളട്ടെ -യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ.
പുരമുകളിലായിരിക്കുന്നവന്‍ താഴെ ഇറങ്ങുകയോ വീട്ടില്‍നിന്ന് എന്തെങ്കിലും എടുക്കാന്‍ അകത്തു പ്രവേശിക്കുകയോ അരുത്.
വയലിലായിരിക്കുന്നവന്‍ മേലങ്കി എടുക്കാന്‍ പിന്തിരിയരുത്.
ആദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം.
ഇതു ശീതകാലത്തു സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍.
ദൈവത്തിന്റെ സൃഷ്‌ടികര്‍മത്തിന്റെ ആരംഭം മുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ കഷ്‌ടതകള്‍ ആദിവസങ്ങളില്‍ ഉണ്ടാകും.
കര്‍ത്താവ് ആദിവസങ്ങള്‍ ചുരുക്കിയില്ലായിരുന്നെങ്കില്‍ ഒരുവനും രക്‌ഷപെടുകയില്ലായിരുന്നു. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുവേണ്ടി അവിടുന്ന് ആദിവസങ്ങള്‍ ചുരുക്കി.
ഇതാ, ക്രിസ്‌തു ഇവിടെ; അതാ, അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കരുത്.
കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടും. സാധ്യമെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അടയാളങ്ങളും അദ്‌ഭുതങ്ങളും അവര്‍ പ്രവര്‍ത്തിക്കും.
നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
മര്‍ക്കോസ് 13 : 14-23
*വചന വിചിന്തനം*
തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കാൻ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നവർ ധാരാളമുണ്ട്. വഴിതെറ്റി പോകുന്നവരും ധാരാളമുണ്ട്. തെറ്റായ പ്രബോധനങ്ങൾ ഇമ്പകരമായി തോന്നുകയും അവ സ്വീകരിക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്. എന്നാൽ അവ നമ്മെ നയിക്കുക ആത്മനാശത്തിലേക്കായിരിക്കും. അതിനാൽ ജാഗരുകതയോടെ കർത്താവിൻ്റെ പ്രബോധനങ്ങളിൽ ഉറച്ചുനിൽക്കാൻ പരിശ്രമിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*