*വ്യാജരേഖ കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം.* ഷാജന്റെ അറസ്റ്റിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് എറണാകുളം ജില്ലാ കോടതി. മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ നിലമ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്ത നടപടിയാണ് കോടതി വിമർശനത്തിന് കാരണം. ചോദ്യം ചെയ്യലിന് ശേഷം ഷാജനെ വിട്ടയക്കണമെന്ന് കോടതി നിർദേശിച്ചു.
*മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണം പത്തായി.* അപകടത്തിൽ രണ്ടു സ്ത്രീകളടക്കം എട്ടു പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണ സംഖ്യ ഉയരുമെന്നും ആശങ്കയുണ്ട്. ഉത്തര്‍പ്രദേശില്‍നിന്നുള്ള ടൂറിസ്റ്റ് സംഘം സഞ്ചരിച്ചിരുന്ന പ്രത്യേക കോച്ച് മധുരയിൽ നിർത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്. ഈ കോച്ചില്‍ അനധികൃതമായി കൊണ്ടുവന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് അധികൃതര്‍ പറയുന്നു.
*മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 40–ാം ഓർമദിനാചരണം നടന്നു.* അദ്ദേഹത്തിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലും തറവാട് വീടായ കരോട്ട് വള്ളക്കാലിലും പ്രത്യേക പ്രത്യേക പ്രാർഥനകൾ നടന്നു.
*ജി-20 ഉച്ചകോടിക്ക് സുരക്ഷ ഒരുക്കുന്നതിനായി ഡല്‍ഹി വിമാനത്താവളത്തിലെ 160 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കുമെന്ന് സർക്കാർ അറിയിച്ചു.* സെപ്റ്റംബര്‍ 8 മുതല്‍ 10 വരെയാണ് നിയന്ത്രണം. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും ഇവിടേക്ക് എത്തിച്ചേരേണ്ട 80 വിമാനങ്ങളുമാണ് റദ്ദാക്കുന്നത്.
*വനിതാ ലോകകപ്പ് കിരീടം നേടിയ താരത്തിന് നിർബന്ധിത ചുംബനം നൽകിയ സംഭവത്തിൽ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസിനെതിരെ നടപടിയുമായി ഫിഫ.* റൂബിയാലസിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയാണെന്നും ലൈംഗികാതിക്രമ പരാതിയിന്മേൽ അന്വേഷണം പൂർത്തിയാക്കും വരെ അദ്ദേഹം ഫുട്ബോൾ അസോസിയേഷൻ നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്നും ഫിഫ വ്യക്തമാക്കി.
*വിഎസ്എസ്സി പരീക്ഷയിൽ ആൾമാറാട്ടവും കോപ്പിയടിയും നടത്തിയ സംഭവത്തിൽ മുഖ്യആസൂത്രകർ അടക്കം മൂന്നുപേർകൂടി ഹരിയാനയിൽ അറസ്റ്റിൽ.* അറസ്റ്റിലായവരിൽ രണ്ടുപേർ മുഖ്യആസൂത്രകരും ഒരാൾ ഉദ്യോഗാർഥിയുമാണ്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായതായി സിറ്റി പോലീസ് കമ്മീഷണർ സി.നാഗരാജു പറഞ്ഞു. ഇവരെ ഉടൻ തന്നെ തിരുവനന്തപുരത്തെത്തിക്കും.
*കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ നേതാവ് എവ്ഗെനി പ്രിഗോഷിനോടും ഇദ്ദേഹത്തിന്റെ വലംകൈയായിരുന്ന ദിമിത്രി ഉട്കിനോടും സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നതായി ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോ.* ജീവന് ഭീഷണിയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായാണ് ലുക്കാഷെൻകോ വെളിപ്പെടുത്തിയത്.
*സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.* കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
*തിരുവനന്തപുരം പേട്ടയില്‍ സിപിഎം ഭീഷണിയെ തുടര്‍ന്നുള്ള പൊലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി.* രണ്ട് എസ് ഐ ഉള്‍പ്പെടെ മൂന്ന് പേരെയും പേട്ട സ്‌റ്റേഷനില്‍ തന്നെ നിയമിച്ചു. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കമ്മീഷണര്‍ സി.എച്ച് നാഗരാജുവിന്റേതാണ് നടപടി. ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച ഡിവൈഎഫ്‌ഐ നേതാവിനു പിഴ നല്‍കിയതായിരുന്നു പ്രശ്‌നം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി തിരുത്തിയത്
*കെഎസ്ആര്‍ടിസിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.* സ്വകാര്യ ഏജന്‍സി മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വായ്പയ്ക്കായി പണയം വെച്ചിട്ടുള്ള ആസ്തികളുടെ വിവരങ്ങള്‍ നല്‍കണമെന്നും ജസ്റ്റിസ് ടി.ആര്‍ രവി ഉത്തരവിട്ടു.
*പുതുപ്പള്ളിയില്‍ മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ ട്വിസ്റ്റ്.* പി.ഒ സതിയമ്മയ്ക്ക് എതിരെ ആള്‍മാറാട്ടത്തിന് പൊലീസ് കേസ് എടുത്തു. ലിജി മോളുടെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് സതിയമ്മ ജോലി നേടിയെന്ന് കാണിച്ച് ജില്ലാ പൊലീസ് മേധാവിക്കാണ് ലിജി മോള്‍ പരാതി നല്‍കിയത്.
*കാത്തിരിപ്പുകൾക്കൊടുവിൽ തിരുവനന്തപുരം നഗരത്തിൽ വീണ്ടും ഇലക്ട്രിക് ബസുകൾ എത്തി.* സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 60 ഇലക്ട്രിക് ബസുകളാണ് നിരത്തിലിറങ്ങുന്നത്. ചാല ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് താക്കോൽ കൈമാറി. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ചാല മുതൽ സെക്രട്ടറിയേറ്റ് വരെ ബസിൽ യാത്ര ചെയ്തു.
*പരമ ദരിദ്രര്‍ ഇല്ലാത്ത കേരളത്തിലേക്ക് നടന്നടുക്കുകയാണ് നാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.* അതിനായി ഒരു പരിപാടി തന്നെ തയ്യാറാക്കി. 2025 നവംബര്‍ 1 ന് പരമ ദരിദ്രര്‍ ഇല്ലാത്ത നാടായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അസോസിയേഷന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
*ചന്ദ്രയാൻ ലാൻഡറിന്റെ ഡിസൈനറാണെന്ന അവകാശ വാദവുമായി വന്ന സൂറത്ത് സ്വദേശിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.* ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനാണെന്നും, ചന്ദ്രയാൻ 3 ചാന്ദ്ര ദൗത്യത്തിന്റെ ലാൻഡർ മൊഡ്യൂൾ രൂപകൽപ്പന ചെയ്തതത് താൻ ആണെന്നുമാണ് മിഥുൽ ത്രിവേദി എന്നയാളുടെ അവകാശവാദം.
*ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായതോടെ, അടുത്ത ദൗത്യത്തിനായുള്ള ഒരുക്കത്തിലാണ് ഐ.എസ്.ആർ.ഒ.* സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി സെപ്റ്റംബർ 2 ന് ആദിത്യ എല്‍-1 വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. ശ്രീഹരിക്കോട്ടയില്‍ ഒരുങ്ങുന്ന ആദിത്യ എല്‍-1 മിഷന്‍ ആണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
*ഹരിയാന നൂഹിൽ മൊബൈൽ ഇന്റർനെറ്റും, ബൾക്ക് എസ്എംഎസ് സേവനങ്ങളും ഓഗസ്‌റ്റ് 28 വരെ നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവ്.* ശോഭ യാത്ര കണക്കിലെടുത്താണ് നടപടി. തിങ്കളാഴ്‌ച നടക്കാനിരിക്കുന്ന ശോഭ യാത്രയ്ക്ക് മുന്നോടിയായി സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനാണ് സർക്കാർ തീരുമാനം. അഡീഷണൽ ചീഫ് സെക്രട്ടറി ടിവിഎസ്എൻ പ്രസാദാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
*ഇന്ത്യയും ഇന്ത്യയുടെ ജി 20യും പുതിയ ആഗോള ക്രമത്തിന്റെ ഉത്തേജക ഏജന്റായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.* ഈ ജി 20 ആഗോള ദക്ഷിണേന്ത്യയുടെ ശബ്ദത്തെയും ആശങ്കകളെയും പ്രതിഫലിപ്പിക്കുന്നുവെന്നും ഭാവിയിൽ AI, DPI (ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ) മേഖലകളിൽ വൻ കുതിച്ചുചാട്ടം തന്നെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ജി 20 ക്ക് മുൻപായി ബിസിനസ് ടുഡേ മാസികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
*ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ ഐഎസ്ആർഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.* ചന്ദ്രയാൻ-3 ന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ബംഗളൂരിൽ എത്തിയാണ് അദ്ദേഹം ശാസ്ത്രജ്ഞരെ അഭിനന്ദിച്ചത്.
*അടുത്ത പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് ഐഎസ്ആർഒ.* ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗൻയാൻ ദൗത്യം, മംഗൾയാൻ രണ്ട്, മൂന്ന്, ആദിത്യ എൽ 1, ശുക്രയാൻ എന്നിവ ശാസ്ത്രരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന ദൗത്യങ്ങളാണ്. ആദിത്യ എൽ 1 സെപ്തംബർ രണ്ടിന് വിക്ഷേപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിന് പിന്നാലെ ഒരുങ്ങുന്നത് ഗഗൻയാൻ ദൗത്യമാണ്. ഇതിനായി ഇന്ത്യ വനിതാ റോബോട്ടായ ‘വയോമിത്ര’യെ അയക്കുമെന്ന് റിപ്പോർട്ട്.
*മധുര ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.* രണ്ട് ലക്ഷം രൂപയാണ് അദ്ദേഹം പ്രഖ്യാപിച്ച തുക. അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യവും ഉറപ്പാക്കണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
*കേന്ദ്ര സർക്കാറിന്റെ സ്മാർട്ട് സിറ്റി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.* ഇത്തവണ ഇൻഡോറാണ് മികച്ച സ്മാർട്ട് സിറ്റി പട്ടികയിൽ ഒന്നാമത് എത്തിയത്. സൂറത്തും ആഗ്രയും രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അതേസമയം, ഇത്തവണത്തെ മികച്ച സംസ്ഥാനത്തിനുള്ള പുരസ്കാരത്തിന് അർഹമായത് മധ്യപ്രദേശാണ്. തമിഴ്നാട് രണ്ടാം സ്ഥാനവും, ഉത്തർപ്രദേശ് മൂന്നാം സ്ഥാനവും പങ്കിട്ടു.
*റോസ്ഗർ മേളയിൽ 51,000 നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും.* ഓഗസ്റ്റ് 28 ന് നടക്കുന്ന ചടങ്ങിലാണ് അദ്ദേഹം നിയമന കത്തുകൾ കൈമാറുന്നത്. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും ചടങ്ങിന് സാക്ഷ്യം വഹിക്കും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി റോസ്ഗർ മേളയിൽ പങ്കെടുക്കുന്നത്.
*ഇന്ത്യ-ബംഗ്ലാദേശ് രാജ്യാന്തര അതിർത്തിയിൽ മൂന്ന് കോടിയിലധികം വിലവരുന്ന 45 സ്വർണ ബിസ്‌ക്കറ്റുകൾ പിടികൂടി.* ഒരാൾ അറസ്റ്റിൽ. സ്വർണം കടത്താൻ സ്ര്രാമിച്ച ട്രക്ക് ഡ്രൈവറെയാണ് അറസ്റ്റ് ചെയ്തത്. അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം വെള്ളിയാഴ്ചയായിരുന്നു സംഭവം. ഏകദേശം 3,07,44,424 രൂപ വിലമതിക്കുന്ന 45 സ്വർണ്ണ ബിസ്ക്കറ്റുകൾ ആണ് ഇയാളിൽ നിന്നും പിടികൂടിയത്.
*മാസപ്പടി വിവാദത്തിലും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലും ആരോപണ വിധേയരെ പിന്തുണക്കുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.* ഇരവാദവുമായി ഇറങ്ങുന്നത് ആളുകളെ പറ്റിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എ.സി മൊയ്തീന്‍ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണെങ്കില്‍ എന്തിന് ബിനാമി പേരില്‍ ലോണ്‍ എടുക്കണമെന്നും മുരളീധരന്‍ ചോദിച്ചു.
*കൊല്ലം ചിതറയിൽ 14 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പശ്ചിമ ബംഗാളിലേക്ക് കടന്നുകളഞ്ഞയാൾ നാല് വർഷത്തിന് ശേഷം പിടിയിൽ.* ബംഗാൾ സ്വദേശി റഷീദിൽ ഇസ്ലാം ആണ് പിടിയിലായത്. ഭൂട്ടാൻ അതിർത്തിയിലുള്ള ഡോക്കിൻ മേഖലയിൽ നിന്നാണ് കടയ്ക്കൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
*താനൂരിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ താമിർ ജിഫ്രി എന്ന യുവാവ് പോലീസ് കസ്റ്റഡിയിലിരിക്കെ മർദനമേറ്റ് മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്.* പരപ്പനങ്ങാടി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ച ആദ്യ പ്രതിപ്പട്ടികയിൽ നാല് പോലീസ് ഉദ്യോഗസ്ഥരാണ് ഉൾപ്പെട്ടിട്ടുള്ളത്.
*ഡൽഹിയിൽ വാക്കുതർക്കത്തെ തുടർന്ന് സിആർപിഎഫ് ഹെഡ് കോൺസ്റ്റബിളിന്റെ കൈ ഭർത്താവ് വെട്ടിമാറ്റി.* വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗറിലുള്ള ഒരു ഹോട്ടലിൽ വച്ചാണ് സംഭവം. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശികളാണ് ദമ്പതികൾ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് ഇവർ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത്. ഡിപ്പാർട്ട്മെന്റൽ പരീക്ഷയ്ക്കായി നഗരത്തിൽ എത്തിയതായിരുന്നു യുവതി
*1845-ല് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ആന്‍ഡ്രൂ കിം ടേ-ഗോണില്‍ തുടങ്ങിയ കൊറിയന്‍ പൗരോഹിത്യം ഏഴായിരത്തിലേക്ക്.* സമീപകാലത്ത് കൊറിയന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ 6921 വൈദികരാണ് രാജ്യത്തു തിരുപ്പട്ടം സ്വീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 1 വരെയുള്ള കണക്കാണിത്. 178 വര്‍ഷത്തെ ചരിത്രത്തില്‍ ഇക്കാലമത്രയും സുവിശേഷം പ്രഘോഷിക്കുകയും, ഇടവകയുമായി ബന്ധപ്പെട്ട അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, വിശ്വാസികള്‍ക്ക് കൂദാശകള്‍ നല്‍കുകയും, യുവത്വത്തിന്റെ ഒപ്പം നില്‍ക്കുകയും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് അവര്‍ വിശ്വാസികള്‍ക്ക് ഒപ്പമുണ്ടായിരുന്നു.
*സീറോ മലബാർ സഭയുടെ ഗോരഖ്പൂര്‍ രൂപതയ്ക്ക് പുതിയ മെത്രാൻ. ഫാ. മാത്യു നെല്ലിക്കുന്നേൽ സിഎസ്.ടിയാണ് പുതിയ മെത്രാൻ.* 31-ാമത് സിനഡിന്റെ മൂന്നാമത് സമ്മേളനം സമാപിക്കവേ ഗോരഖ്പൂര്‍ രൂപത ബിഷപ്പ് തോമസ് തുരുത്തിമറ്റം വിരമിച്ച സാഹചര്യത്തിലാണ് പുതിയ മെത്രാന്റെ നിയമനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ശനിയാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 3.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടത്തപ്പെട്ടു. .
*ഗോരഖ്പൂര്‍ രൂപതയുടെ നിയുക്ത മെത്രാനായി പ്രഖ്യാപിക്കപ്പെട്ട ഫാ. മാത്യു നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെ അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ ജേഷ്ഠ സഹോദരന്‍.* ഒരു കുടുംബത്തില്‍ നിന്ന് രണ്ടു മെത്രാന്‍മാര്‍ എന്ന അപൂര്‍വ്വ സംഭവത്തിനാണ് കേരള കത്തോലിക്ക സഭ ഇന്നു സാക്ഷ്യം വഹിച്ചത്. അനുജന്‍ ഇടുക്കി രൂപതക്കു വൈദിക പഠനത്തിന് ചേര്‍ന്നപ്പോള്‍ സിഎസ്‌ടി സന്യാസ സമൂഹമാണ് ജേഷ്ഠന്‍ തെരഞ്ഞെടുത്തത്. 1998 ഡിസംബർ മുപ്പതാം തിയതി കോതമംഗലം രൂപതയുടെ മുൻ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിലിൽ നിന്നാണ് ഇരുവരും ഒരുമിച്ച് ആണ് പൗരോഹിത്യം സ്വീകരിച്ചത്.
*ഇന്നത്തെ വചനം*
ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട് ഒരു ഉപമ പറഞ്ഞു:
ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരുന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു.
ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്‌ഷിക്കുമായിരുന്നു.
കുറേ നാളത്തേക്ക് അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല.
എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാന വള്‍ക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും.
കര്‍ത്താവ് പറഞ്ഞു: നീതിരഹിതനായ ആന്യായാധിപന്‍ പറഞ്ഞതെന്തെന്ന് ശ്രദ്‌ധിക്കുവിന്‍.
അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ?
അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?
ലൂക്കാ 18 : 1-8
*വചന വിചിന്തനം*
മനുഷ്യരെ തന്റെ ഉള്ളം കൈയിൽ പരിപാലിച്ചുകൊണ്ടിരിക്കുന്ന ദൈവം അവരുടെ ഓരോരോ കാര്യങ്ങളിൽ എത്രയോ തല്പരനാണ് എന്ന വസ്തുതയ്ക്ക് ഊന്നൽ നൽകുന്ന വചന സന്ദേശമാണ് തിരുസഭാ മാതാവ് ന്യായാധിപന്റെയും വിധവയുടെയും ഉപമയിലൂടെ ഇന്ന് നമ്മോട് പങ്കു വയ്ക്കുന്നത്.
മൂന്ന് രീതിയിലാണ് ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നത്. ഒന്നാമതായി, ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് വേഗം ഉത്തരം നൽകുന്നു. അപ്പോൾ ഓർക്കുക, അവിടുന്ന് നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കുകയാണ്. രണ്ടാമതായി, നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം വൈകുകയാണെങ്കിൽ, ഓർക്കുക അവിടുന്ന് നമ്മുടെ ക്ഷമ വർദ്ധിപ്പിക്കുകയാണ്. മൂന്നാമതായി നമ്മുടെ പ്രാർത്ഥനകൾക്ക് അവിടുന്ന് ഉത്തരം നൽകുന്നില്ലെങ്കിൽ, ദൈവത്തിനറിയാം നമുക്ക് ആ സാഹചര്യത്തെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന്. അതിനാൽ ഒരു കാര്യം ഉറപ്പാണ് – നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുമ്പോഴും, മറുപടി വൈകുമ്പോഴും, ഉത്തരം ലഭിക്കാതിരിക്കുമ്പോഴും ദൈവം തീർച്ചയായുംനമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ഈശോയുടെ ജീവിതത്തിലെ ഏറെ തീവ്രതയേറിയ ഒരു പ്രാർത്ഥന ഇപ്രകാരമാണല്ലോ ഗദ്സമേൻ തോട്ടത്തിൽ വച്ച് ഹൃദയം നുറുങ്ങി ഈശോ പിതാവിനോട് ഇപ്രകാരം പ്രാർത്ഥിച്ചു – പിതാവേ കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നു നീങ്ങി പോകട്ടെ. പാനപാത്രം നീങ്ങി പോയില്ല. പകരം, അത് നുകരാൻ തക്ക സഹനശക്തി ദൈവപിതാവ് ഈശോയ്ക്ക് നൽകി. *ദൈവത്തോട് നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ചുറ്റുപാടുകളിലായിരിക്കില്ല മാറ്റം വരുന്നത്. മറിച്ച്, നമ്മുടെ ചുറ്റുപാടുകളും പ്രശ്നങ്ങളും നമ്മെ മുക്കാതിരിക്കത്തക്കവണ്ണം നാം കരുത്താർജ്ജിക്കും*
കടപ്പാട്
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*