*വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.* വ്‌ളാഡിമിര്‍ പുടിന്‍ അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ലെന്നും ബൈഡന്‍ ആരോപിച്ചു. പ്രിഗോഷിന്റെ മരണത്തിന് പിന്നാലെയാണ് ബൈഡന്‍ പരസ്യമായി രംഗത്തെത്തിയത്. പ്രിഗോഷിനൊപ്പം വിശ്വസ്തന്‍ ദിമിത്രി ഉട്കിനും വിമാനത്തിലുണ്ടായിരുന്ന മറ്റ് എട്ടുപേരും കൊല്ലപ്പെട്ടു.
*വാഗ്നർ കൂലിപ്പട്ടാള തലവൻ യെവ്ഗനി പ്രിഗോഷിന്റെ മരണത്തിനു ശേഷം ആദ്യമായി പ്രതികരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ.* പ്രിഗോഷിൻ കൊല്ലപ്പെട്ട വിമാനാപകടത്തിൽ പുടിൻ അനുശോചിച്ചു. അപകടത്തെ ദുരന്തമെന്നാണ് പുടിൻ വിശേഷിപ്പിച്ചത്. പ്രിഗോഷിൻ കഴിവുകളുള്ള എന്നാൽ നിരവധി തെറ്റുകൾ ചെയ്ത മനുഷ്യനായിരുന്നെന്ന് പുടിൻ പറഞ്ഞു.
*ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.* അപകടം നടന്ന ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിലെ ലെവൽക്രോസിംഗിന്റെ അറ്റകുറ്റപ്പണി സിഗ്നൽ ആൻഡ് ടെലികോം വിഭാഗത്തിലെ നീനിയർ ഡിവിഷണൽ എൻജിനീയറുടെ അനുമതിയില്ലാതെയാണ് നടത്തിയെന്നു സിബിഐ പറയുന്നു. 94-ാം നന്പർ ലെവൽക്രോസിംഗിലെ അറ്റകുറ്റപ്പണിയെത്തുടർന്നുള്ള സാങ്കേതിക പ്രശ്നമാണ് അപകടത്തിനുള്ള ഒരു ഒരു കാരണമെന്ന് ഭൂവനേശ്വറിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണസംഘം പറയുന്നു.
*കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ മുഴുവൻ ശന്പളവും ലഭിച്ചു.* ഇന്നലെ പുലർച്ചെയോടെയാണ് ജീവനക്കാരുടെ അക്കൗണ്ടുകളിൽ ശന്പളം എത്തിയത്. ജൂലൈ മാസത്തെ ശന്പളം ഓഗസ്റ്റ് അഞ്ചിനു മുൻപായി നൽകുന്നതിനായിരുന്നു കെഎസ്ആർടിസി മാനേജ്മെന്റ് തീരുമാനിച്ചിരുന്നതെങ്കിലും ധനവകുപ്പിൽ നിന്നും തുക ലഭിക്കാത്തതിനെ തുടർന്ന് ശന്പളം വൈകുകയായിരുന്നു.
*സംസ്ഥാനം വീണ്ടും 1300 കോടി രൂപ കൂടി കടമെടുക്കുന്നു.* ഇതോടെ ഓണക്കാലത്തിന്റെ ഭാഗമായി ഓഗസ്റ്റിൽ മാത്രം കടമെടുത്ത തൂക 6300 കോടിയായി ഉയർന്നു.ഓണക്കാലത്തിനു ശേഷം വരുന്ന സർക്കാർ ജീവനക്കാരുടെ ശന്പളം അടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായാണ് 1300 കോടി കൂടി കടമെടുക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ശന്പളം ഓണത്തിനു മുൻപു വിതരണം ചെയ്തിരുന്നില്ല. ഓണത്തിനു ശേഷമാണ് ശന്പള വിതരണം.
*വിശുദ്ധ കുർബാന അർപ്പണ വിഷയത്തിലെ തർക്കങ്ങളിൽ എറണാകുളം-അങ്കമാലി അതിരൂപത അംഗങ്ങളുമായി ചർച്ച തുടരാൻ സന്നദ്ധമാണെന്ന് സീറോമലബാർ സഭാ സിനഡ് അറിയിച്ചു.* സംഭാഷണം സുഗമമാക്കാൻ മാർ ബോസ്കോ പുത്തൂർ കൺവീനറായി കമ്മിറ്റി രീപൂകരിച്ചു. ആർച്ച്ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പാംപ്ലാനി, മാർ കുര്യാക്കോസ് ഭരണികുളങ്ങര ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസ് ചിറ്റൂപ്പറമ്പിൽ സിഎംഐ, മാർ എഫ്രേം നരികുളം, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.
*അതിർത്തിയിൽ സേനാപിന്മാറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി- ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ധാരണ.* ബ്രിക്സ് സമ്മേളനത്തിനി ടെയായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. കിഴക്കൻ ലഡാക്കിലെ സേനാപിന്മാറ്റം വേഗത്തിലാക്കാൻ ഇരു രാഷ്ട്രത്തലവന്മാരും ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു.
*മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി.* കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയത് അധികാര ദുർവിനിയോഗമാണെന്നും യാതൊരു സേവനവും നൽകാതെയാണ് പണം കൈപ്പറ്റിയതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
*മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.* രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ എന്ന് ചോദിച്ച കോടതി, സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസിനെതിരെ കോടതിയലക്ഷ്യകേസ് ഫയൽ ചെയ്തു. ഹൈക്കോടതി സ്വമേധയായാണ് കേസെടുത്തത്. അടുത്ത ഒരു ഉത്തരവ് വരുന്നത് വരെ ശാന്തൻപാറയിലെ കെട്ടിടം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
*സംസ്ഥാനത്ത് ബുധൻ, വ്യാഴം ദിവസങ്ങളിൽ 1196 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി.* ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. നിയമ ലംഘനം നടത്തിയ 16 കടകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. 113 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് കൈമാറി. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 103 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകി. 159 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 319 സർവൈലൻസ് സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചു. ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
*എന്തുകൊണ്ടാണ് ലാൻഡിംഗിനായി ചന്ദ്രന്റെ ദക്ഷിണധ്രുവം തിരഞ്ഞെടുത്തതെന്ന് വിശദീകരിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) മേധാവി എസ് സോമനാഥ്.* ഏതാണ്ട് 70 ഡിഗ്രിയുള്ള ദക്ഷിണധ്രുവത്തോട് ഞങ്ങൾ അടുത്ത് പോയി. ദക്ഷിണധ്രുവത്തിന് സൂര്യനാൽ പ്രകാശം കുറയുന്നത് സംബന്ധിച്ച് ഒരു പ്രത്യേക നേട്ടമുണ്ട്. കൂടുതൽ ശാസ്ത്രീയമായ ഉള്ളടക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
*ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ കനത്തമഴയെ തുടര്‍ന്ന് എട്ട് കെട്ടിടങ്ങള്‍ തകര്‍ന്നു.* അതിശക്തമായ മണ്ണിടിച്ചിലും മേഘവിസ്ഫോടനവുമാണുണ്ടായത്. ഹിമാചല്‍ പ്രദേശില്‍ കുളുവിലും മാണ്ഡിയിലും തകര്‍ന്ന ബഹുനില കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും അടിയില്‍ പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 12 മരണം റിപ്പോര്‍ട്ട് ചെയ്തു. ഹിമാചലിലെ 12 ജില്ലകളിലും ഉത്തരാഖണ്ഡിലെ 7 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
*ഫിഡെ ചെസ് ലോകകപ്പിൽ നോർവെയുടെ മാഗ്നസ് കാൾസന് കിരീടം.* അത്യന്തം വാശിയേറിയ ഫൈനലിൽ ടൈബ്രേക്കറിലാണ് ഇന്ത്യയുടെ കൗമാര വിസ്മയം പ്രഗ്നാനന്ദയെ കാൾസൻ തോൽപ്പിച്ചത്. ഫൈനലിലെ ആദ്യ രണ്ട് ഗെയിമുകളും സമനിലയിൽ കലാശിച്ചതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. കാൾസന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്. ഭക്ഷ്യവിഷബാധയെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾക്കിടെയിലാണ് കാൾസൻ പ്രഗ്നാനന്ദയെ തോൽപിച്ചത്.
*69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.* . അല്ലു അർജുൻ ആണ് മികച്ച നടൻ. പുഷ്പ എന്ന സിനിമയിലെ പ്രകടനത്തിനാണ് അല്ലു അർജുൻ പുരസ്‌കാരത്തിന് അർഹനായത്. ആലിയ ഭട്ട്, കൃതി എന്നിവരാണ് മികച്ച നടിമാർ. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ സ്വന്തമാക്കി. സർദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിച്ചത്.
*ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാട് സ്വീകരിച്ച് കെ മുരളീധരന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍.* ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും തങ്ങൾ മത്സരിക്കാനില്ലെന്ന നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും. മത്സരിക്കില്ലെന്ന കെ മുരളീധരന്റെ നിലപാടിന് പിന്നാലെയാണ് ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും നിലപാട് അറിയിച്ചിരിക്കുന്നത്.
*ഫിഡെയുടെ ചെസ് ലോകകപ്പില്‍ റണ്ണറപ്പായതോടെ 67 ലക്ഷത്തോളം രൂപയാണ് (80,000 ഡോളര്‍) പ്രഗ്നാനന്ദയ്ക്ക് സമ്മാനമായി ലഭിക്കുക.* കിരീടം നേടിയ കാള്‍സന് 91 ലക്ഷത്തോളം രൂപയും (110,000 ഡോളര്‍) ലഭിക്കും. വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം നേരത്തേ തന്നെ പ്രഗ്നാനന്ദ സ്വന്തമാക്കിയിരുന്നു.
*എത്യോപ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.* ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിൽ എത്തിയപ്പോഴാണ് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ കൂടിക്കാഴ്ച്ചയ്ക്ക് സാന്നിദ്ധ്യം വഹിച്ചു.
*ഏകീകൃത സിവിൽ കോഡ് സ്വീകരിക്കാനാകില്ലെന്ന് നിയമ കമ്മീഷനോട് നിലപാടറിയിച്ച് അഖിലേന്ത്യ മുസ്ലീം പേഴ്‌സണൽ ലോബോർഡ്.* ഏകീകൃത സിവിൽകോഡ് സ്വീകരിക്കാനാകില്ലെന്നും ശരീഅത്തിന്റെ അടിസ്ഥാന രൂപത്തിൽ ചെറിയ മാറ്റം പോലും അംഗീകരിക്കാനാകില്ലെന്നും മുസ്ലീം പേഴ്‌സണൽ ലോബോർഡ് വ്യക്തമാക്കി.
*പ്രഗ്‌നാനന്ദയ്ക്ക് അഭിനന്ദവുമായി പ്രധാനമന്ത്രി.* അന്തരാഷ്ട്ര ചെസ് മത്സരത്തിലെ പ്രഗ്നാനന്ദയുടെ പ്രകടനത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അനിതരസാധാരണമായ കഴിവാണ് പ്രഗ്നാനന്ദ കഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
*മാഹിയിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ് സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസി (32) നെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തു.* ആർപിഎഫ് എസ്‌ഐ കെ ശശിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചുണ്ടായ കല്ലേറിൽ സി എട്ട് കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്. പൊട്ടിയ ചില്ല് അകത്തേക്ക് തെറിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
*സംസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂരമായ പീഡനം.* കോഴിക്കോട് കുറ്റ്യാടിക്കടുത്ത് തൊട്ടിൽ പാലത്താണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ഡിഗ്രി വിദ്യാർത്ഥിയായ പെൺകുട്ടിയെ കഴിഞ്ഞ ദിവസം വൈകീട്ട് മുതൽ കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്.
*ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മാനേജർ അറസ്റ്റിൽ.* പയ്യന്നൂരിൽ നടന്ന സംഭവത്തിൽ വേങ്ങാട് പടുവിലായി സ്വദേശി ഹാഷിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 6 മുതലാണ് യുവതി ഹെെപ്പർ മാർക്കറ്റിൽ ജോലിക്ക് എത്തിയത്. അന്ന് മുതൽ മാനേജർ ലൈംഗിക താൽപര്യത്തോടെ പെരുമാറുകയും അത്തരത്തിൽ പ്രവർത്തികുകയും ചെയ്തു എന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
*നെടുന്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.* 95 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി അറസ്റ്റിലായി. ഇയാൾ അബുദാബിയിൽനിന്നാണ് നെടുമ്പാശേരിയിലെത്തിയത്. കാൽപ്പാദത്തിൽ ഒട്ടിച്ചും അടിവസ്ത്രത്തിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
*മമ്പാട് വടപുറം താളിപ്പൊയിലിൽ വീണ്ടും കടുവയുടെ സാന്നിധ്യം*. ചാലിയാർ തീരങ്ങളിലും ജനവാസ മേഖലയോടു ചേർന്ന കൃഷിയിടത്തും ചൊവ്വാഴ്ചയും ബുധനാഴ്ചയും കാൽപ്പാടുകൾ കണ്ടെത്തി. ഇത് കടുവയുടേതാണെന്ന് വനപാലകർ സ്ഥിരീകരിച്ചു. വയനാട് വനം വന്യജീവി വിഭാഗവുമായി കൂടിയാലോചന നടത്തിയാണ് സ്ഥിരീകരിച്ചത്.
*കാമുകിയുമായുണ്ടായ തർക്കത്തെത്തുടർന്ന് ട്രാൻസ്ഫോമറിനു മുകളിൽ കയറിയ ബ്രഹ്മപുരം പടിഞ്ഞാറേ മൂലയിൽ വീട്ടിൽ അജ്മൽ സിദ്ദീഖിനെ (22) പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.* ഇന്നലെ പുലർച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാൻഡിനു സമീപമുള്ള ട്രാൻസ്ഫോമറിലാണു കാമുകിയെ പേടിപ്പിക്കാൻ അജ്മൽ കയറിയത്. ട്രാൻസ്ഫോമറിനു മുകളിൽ കയറി ലൈനിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
*പാക്കിസ്ഥാനിലെ ജരന്‍വാലയില്‍ നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബ്രിട്ടനില്‍ സമാധാന റാലി.* മാഞ്ചസ്റ്റർ കോൺസുലേറ്റിന് പുറത്ത് നടന്ന സമാധാന റാലിയില്‍ ഇംഗ്ലണ്ടിന്റെ വിവിധയിടങ്ങളിൽ താമസിക്കുന്ന പാക്കിസ്ഥാനി ക്രൈസ്തവര്‍ പങ്കെടുത്തു. പാക്കിസ്ഥാനിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ക്രൂരമായ പീഡനങ്ങളിൽ തങ്ങളുടെ ദുഃഖവും ആശങ്കയും പ്രകടിപ്പിച്ച് നൂറ്റിഅന്‍പതോളം ആളുകളാണ് ധര്‍ണ്ണയില്‍ പങ്കുചേര്‍ന്നത്. കോൺസുലേറ്റിന് പുറത്ത് ഓരോരുത്തരും സംയുക്ത നിവേദനത്തിൽ ഒപ്പുവെച്ചു. ജരൻവാലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ക്രൈസ്തവരുടെ സംരക്ഷണം ആവശ്യപ്പെട്ടും കൊണ്ടുള്ള നിവേദനം കോൺസുലർ ജനറൽ മുഹമ്മദ് താരിഖ് വസീറിന് സമർപ്പിച്ചു.
*താബോർ മല മുകളിൽ രൂപാന്തരീകരണ തിരുനാൾ ആചരിക്കുന്നതിൽ നിന്നും ഇസ്രായേൽ അഗ്നിശമന സേന ക്രൈസ്തവ വിശ്വാസികളെ വിലക്കിയതായി റിപ്പോര്‍ട്ട്.* മലയിലെ ദേവാലയത്തിന്റെ സുരക്ഷ പരിശോധിച്ചിട്ടില്ല, സുരക്ഷാ പദ്ധതി അപര്യാപ്തമാണ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ക്രൈസ്തവരെ മലയിൽ പ്രാർത്ഥിക്കുന്നതിൽ നിന്നും അധികൃതർ തടഞ്ഞത്. തിരുനാളിനോട് അനുബന്ധിച്ച് ആയിരക്കണക്കിന് തീർത്ഥാടകർ പ്രാർത്ഥനയിൽ പങ്കെടുക്കാൻ ഇസ്രായേലിൽ എത്തിയിട്ടുണ്ടായിരുന്നുവെന്ന് ഇസ്രായേലിലെ ക്രൈസ്തവ നേതാക്കളിൽ ഒരാളായ വാബിയാ അബു നാസർ വൈനെറ്റ് എന്ന മാധ്യമത്തോട് പറഞ്ഞു.
*അക്രമവും മതഭ്രാന്തും വളർത്തുന്ന രീതിയിൽ ദൈവവിശ്വാസത്തെ ഉപയോഗിക്കുന്നതിനെയും, മതത്തിന്റെ പേരിൽ കൊലപാതകങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതിനെയും അപലപിച്ച് ഫ്രാൻസിസ് പാപ്പ.* ഓഗസ്റ്റ് 22 ചൊവ്വാഴ്ച പങ്കുവെച്ച ട്വിറ്റർ സന്ദേശത്തിലൂടെയാണ് മതത്തെ അക്രമത്തിന്റെ മാർഗ്ഗമാക്കി മാറ്റുന്ന തീവ്ര മതചിന്തകൾക്കെതിരെ ഫ്രാൻസിസ് പാപ്പ ഉദ്ബോധിപ്പിച്ചത്. വിദ്വേഷവും, അക്രമവും തീവ്രവാദവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുന്നതിനായി മതങ്ങളെ ദുരുപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാപ്പ ആവശ്യപ്പെട്ടു. കൊലപാതകം, നാടുകടത്തൽ, തീവ്രവാദം, അടിച്ചമർത്തൽ എന്നിവയെ ന്യായീകരിക്കാനായി ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നത് അവസാനിപ്പിക്കുവാനുമുള്ള തന്റെ അഭ്യർത്ഥന പുതുക്കുകയാണെന്നും പാപ്പയുടെ ട്വീറ്റില്‍ പറയുന്നു.
*നാല്‍പ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാര്‍ക്സിസ്റ്റ് കലാപകാരികള്‍ ക്രൂരമായി കൊലപ്പെടുത്തിയ അര്‍ജന്റീനയിലെ സൈനികോദ്യോഗസ്ഥന്റെ നാമകരണ നടപടികള്‍ക്ക് തുടക്കമായി.* ആയിരങ്ങളെ കൊന്നൊടുക്കുന്ന സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫോര്‍മുല വെളിപ്പെടുത്താത്തതിന്റെ പേരില്‍ 1975-ല്‍ മാര്‍ക്സിസ്റ്റ് കലാപകാരികള്‍ ക്രൂരമായി കൊലപ്പെടുത്തിയ ആര്‍മി കേണല്‍ അര്‍ജെന്റീനോ ഡെല്‍ വാല്ലെ ലാറാബുരെയുടെ നാമകരണ നടപടികള്‍ക്കാണ് ഇക്കഴിഞ്ഞ ദിവസം തുടക്കമായത്.
*തിരുസഭ നേരിടുന്ന വിവിധ പ്രതിസന്ധികള്‍ക്കു പിന്നിലെ കാരണം സഭ യേശു ഏകരക്ഷകനാണെന്ന് പ്രഘോഷിക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി യുവവൈദികന്‍റെ ഫേസ്ബുക്ക് കുറിപ്പ്.* സൊസൈറ്റി ഓഫ് ഡിവൈന്‍ വൊക്കേഷന്‍ സന്യാസ സമൂഹാംഗമായ ഫാ. റോയ് എസ്‌ഡിവി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈശോ മിശിഹാ സത്യദൈവവും ഏക രക്ഷകനുമാണെന്നു പഠിപ്പിക്കുന്നതിൽ എന്ന് വീഴ്ച വരുത്താൻ തുടങ്ങിയോ അന്ന് സഭയുടെ അധഃപതനം ആരംഭിച്ചുവെന്ന് ഇപ്പോള്‍ മേഘാലയയില്‍ മിഷ്ണറി വൈദികനായി സേവനം ചെയ്യുന്ന ഫാ. റോയിയുടെ പോസ്റ്റില്‍ പറയുന്നു.
*ഇന്നത്തെ വചനം*
ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേഅത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍.
നിങ്ങള്‍ ലോകത്തിന്റേ തായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു.
ദാസന്‍യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞവചനം ഓര്‍മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്റെ വചനം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും.
എന്നാല്‍, എന്റെ നാമം മൂലം അവര്‍ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവര്‍ അറിയുന്നില്ല.
ഞാന്‍ വന്ന് അവരോടു സംസാരിച്ചിരുന്നില്ലെങ്കില്‍ അവര്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവരുടെ പാപത്തെക്കുറിച്ച് അവര്‍ക്ക് ഒഴികഴിവില്ല.
എന്നെ ദ്വേഷിക്കുന്നവന്‍ എന്റെ പിതാവിനെയും ദ്വേഷിക്കുന്നു.
മറ്റാരും ചെയ്‌തിട്ടില്ലാത്ത പ്രവൃത്തികള്‍ ഞാന്‍ അവരുടെയിടയില്‍ ചെയ്‌തില്ലായിരുന്നുവെങ്കില്‍, അവര്‍ക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവര്‍ എന്നെയും എന്റെ പിതാവിനെയും കാണുകയും ദ്വേഷിക്കുകയും ചെയ്‌തിരിക്കുന്നു.
അവര്‍ കാരണം കൂടാതെ എന്നെ വെറുത്തു എന്ന് അവരുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്ന വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.
യോഹന്നാന്‍ 15 : 18-25
*വചന വിചിന്തനം*
സഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈശോയെയാണ് വചനത്തിൽ നമ്മൾ കണ്ടുമുട്ടുന്നത്. ലോകത്തിലെ നേതാക്കൻമാരെല്ലാം തങ്ങളുടെ അനുയായികൾക്ക് സൗഭാഗ്യങ്ങൾ വാഗ്‌ദാനം ചെയ്യുമ്പോൾ ഈശോ ഈ ലോകത്തിൽ സഹനങ്ങളും പീഡനങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. എങ്കിലും ഏറ്റവും അധികം അനുയായികൾ ഉള്ളത് ഈശോയ്ക്കാണ്. കാരണം അവിടന്ന് നിത്യ സൗഭാഗ്യം വാഗ്ദാനം ചെയ്യുന്നു. വിശ്വാസത്തിലും ധാർമികതയിലും ഉറച്ചുനിന്ന് അത് കരസ്ഥമാക്കാമെന്ന് പഠിപ്പിക്കുന്നു. അതിനുവേണ്ടി വരുന്ന സഹനങ്ങളെയും ത്യാഗങ്ങളെയും സ്വീകരിക്കണമെന്നും ഓർമിപ്പിക്കുന്നു. ക്രിസ്തുമാർഗമാണ് നിത്യതയിലേയ്ക്കുള്ള ഏകമാർഗം എന്ന ബോധ്യം നമ്മിൽ ആഴപ്പെടുമ്പോൾ അതിനായി നേരിടേണ്ടിവരുന്ന സഹനങ്ങൾ ഉൾക്കൊള്ളാൻ നമുക്കു സാധിക്കും.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*