*ബാക്കുവിൽ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പിൽ ഇതിഹാസ താരം മാഗ്നസ് കാൾസണെതിരായ ഫൈനലിലെ ആദ്യ ഗെയിമിൽ സമനില നേടി ഇന്ത്യയുടെ കൗമാര താരം ആർ പ്രഗ്നാനന്ദ.* ഇതോടെ രണ്ട് ക്ലാസിക്കൽ ഗെയിമുകൾ അടങ്ങുന്ന ചെസ് ലോകകപ്പിൽ ചരിത്രം കുറിക്കാനുള്ള സാധ്യതകൾ പ്രഗ്നാനന്ദ നിലനിർത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസ്സ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി കൗമാരപ്രായക്കാരനായ പ്രഗ്നാനന്ദ മാറി.
*ഇന്ത്യയിൽ സന്ദർശനം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.* ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. വൈറ്റ് ഹൗസ് വക്താവ് കരിൻ ജാൺ പിയർ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബർ മാസം ഏഴു മുതൽ പത്തു വരെയുള്ള തീയതികളിലാകും ജോ ബൈഡൻ ഇന്ത്യ സന്ദർശിക്കുന്നത്.
*ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയതോടെ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ.* കോവിഡിനെതിരെ ശക്തമായ ജാഗ്രതാ നിർദ്ദേശമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. നിലവിൽ, രാജ്യത്ത് കോവിഡ് പോസിറ്റീവ് ആയ വ്യക്തികളുടെ ജീനോം സ്വീക്വൻസിംഗ് വിവരങ്ങൾ ശേഖരിക്കാൻ സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജീനോം സ്വീക്വൻസിംഗ് ക്രോഡീകരിച്ച് കൃത്യമായി നിരീക്ഷണം ഏർപ്പെടുത്തേണ്ടതാണ്. കൂടാതെ, പുതുതായി കണ്ടെത്തിയ വകഭേദങ്ങളുമായി ഇവയ്ക്ക് സാമ്യം ഉണ്ടോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തണം
*ഓണത്തിനു ശേഷം ലോഡ് ഷെഡിംഗ് ഒഴിവാക്കാൻ പുറത്തു നിന്നു കൂടുതൽ വൈദ്യുതി വാങ്ങാനുള്ള നടപടി ക്രമങ്ങളുമായി വൈദ്യുതി ബോർഡ്.* 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ടെൻഡർ അടുത്തമാസം നാലിനു തുറക്കും. ഉദ്ദേശിച്ച വിലയ്ക്കു വൈദ്യുതി ലഭിച്ചാൽ ലോഡ് ഷെഡിംഗിലേക്കു കടക്കേണ്ടി വരില്ലെന്നാണ് അധികൃതർ പറയുന്നത്.
*സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്തേക്ക് 113 ബസുകള്‍ കൂടി വാങ്ങാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.* ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ക്ക് ബസ് സൗകര്യം എളുപ്പത്തില്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് സിറ്റിയുടെ മാര്‍ഗദര്‍ശി ആപ്പും പുറത്തിറക്കി.
*ജി 20 ഉച്ചകോടി കണക്കിലെടുത്ത് ഡല്‍ഹിയില്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ സര്‍ക്കാര്‍ ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങള്‍ അടച്ചിടും.* എല്ലാ സര്‍ക്കാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സ്വകാര്യ ഓഫീസുകളും സ്‌കൂളുകളും അടച്ചിടും. കൂടാതെ ബാങ്കടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും എല്ലാ കടകളും ഈ മൂന്ന് ദിവസങ്ങളില്‍ തുറക്കില്ല.
*വടക്കൻ ഗ്രീസിൽ കാട്ടുതീ നാശം വിതച്ച വനമേഖലയിൽ പതിനെട്ട് മൃതദേഹങ്ങൾ കണ്ടെത്തി.* തുർക്കി അതിർത്തിക്ക് സമീപം വടക്കുകിഴക്കൻ ഗ്രീസിലെ എവ്റോസ് മേഖലയിലെ ദാദിയ വനത്തിലാണ് തീപിടുത്തമുണ്ടായത്. മരണപ്പെട്ടവർ അനധികൃത കുടിയേറ്റക്കാരാണെന്നാണ് കരുതുന്നത്. ദാദിയ നാഷണൽ പാർക്ക് അലക്സാണ്ട്രോപോളിസിന്റെ വടക്ക് ഭാഗത്തുള്ള വലിയ വനപ്രദേശമാണ്, തിങ്കളാഴ്ച മുതൽ തീ പടർന്നതായാണ് കരുതുന്നത്.
*കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ഓണം അലവൻസും ബുധനാഴ്ച നൽകും.* യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. 2,750 രൂപയാണ് ഓണം അലവൻസ്. ഇതോടെ സമരത്തിൽനിന്നും പിൻവാങ്ങുകയാണെന്ന് യൂണിയനുകൾ അറിയിച്ചു.
*സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രം.* ഇതിന്റെ ഭാഗമായി കുട്ടിയെക്കുറിച്ചുള്ള പ്രാഥമീക വിവരങ്ങൾക്കു പുറമേ, സാന്പത്തിക ആരോഗ്യവിവരങ്ങളും രക്ഷിതാക്കളുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നന്പർ ഉൾപ്പെട 54 വിവരങ്ങൾ നല്‍കണമെന്നാണ് നിർദേശം.
മുൻ കാലങ്ങളിൽ കേന്ദ്രം സംസ്ഥാനത്തെ സ്കൂളുകളേക്കുറിച്ചും അധ്യാപകരേക്കുറിച്ചുമുള്ള വിവരങ്ങളാണ് ശേഖരിച്ചു വന്നിരുന്നത്.
*മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് ആയിരം രൂപ വീതം അനുവദിച്ച് ഉത്തരവായി.* സംസ്ഥാനത്തെ 55781 പട്ടിക വർഗക്കാരിൽ കോട്ടയം ജില്ലയിലെ ഉപഭോക്താക്കൾ ഒഴികെയുള്ളവർക്ക് ഈ ഓണക്കാലത്ത് തുക ലഭിക്കും.
*ടാങ്കർ ട്രക്ക് മറിഞ്ഞ് ഡീസൽ ചോർന്നതിനെത്തുടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിൽ സ്ഫോടനം. സംഭവത്തിൽ ആർക്കും പരിക്കില്ല.*
പെരിന്തൽമണ്ണയിൽ ആണ് സംഭവം. കിണറ്റിന് മുകളിലെ തീ അണയ്ക്കാൻ സാധിച്ചെങ്കിലും താഴ്ഭാഗത്ത് തീ അണഞ്ഞിട്ടില്ല. അഗ്നിരക്ഷാ സേന പ്രദേശത്ത് തുടരുകയാണ്.
*13 ഇനങ്ങള്‍ക്ക് സബ്‌സിഡി നിരക്കുമായി സപ്ലൈകോ സജീവം.* തേക്കിന്‍കാട് മൈതാനിയിലാരംഭിച്ച സപ്ലൈകോയുടെ ഓണം ഫെയറില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ചെറുപയര്‍, ഉഴുന്നുപരിപ്പ്, കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ, മട്ട അരി, അരലിറ്റര്‍ വെളിച്ചെണ്ണ എന്നീ ഇനങ്ങളാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നത്. 19ന് ആരംഭിച്ച ഓണം ഫെയറില്‍ ഒരു ദിവസം 700ഓളം ആളുകളെങ്കിലും എത്തുന്നുണ്ട്. നോണ്‍ സബ്‌സിഡി ഇനത്തിലുള്ള സാധനങ്ങള്‍ക്കും പൊതു വിപണിയേക്കാള്‍ അഞ്ചുമുതല്‍ 50 ശതമാനം വരെ വിലക്കുറവുണ്ട്.
*കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരനായ യുവാവ് ബസിനടിയിൽ പെട്ട് മരിച്ചു.* കാഞ്ഞിരപ്പള്ളി പട്ടിമറ്റം കറിപ്ലാവ് ചമ്പക്കര ബേബിയുടെ മകൻ സ്കറിയാച്ചൻ (25) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5.30 ഓടെ കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷനിലായിരുന്നു അപകടം നടന്നത്.
*മലയോര മേഖലകളിലെ ദുരന്തങ്ങളിൽ കർശന നിലപാട് സ്വീകരിച്ച് സുപ്രീം കോടതി.* മലയോര മേഖലകളിൽ ആവർത്തിച്ചുള്ള ദുരന്തങ്ങൾ നടന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിച്ചത്. ഇത്തരത്തിൽ ഉണ്ടാകുന്ന പരിസ്ഥിതി ദുരന്തങ്ങൾ മനുഷ്യ നിർമ്മിതമാണോ എന്ന് സുപ്രീം കോടതി ചർച്ച ചെയ്യുന്നതാണ്. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളെ കുറിച്ച് പഠിക്കുന്നതിനോടൊപ്പം, മലയോര മേഖലയിലെ ജനസാന്ദ്രത വർദ്ധിക്കുന്ന സാഹചര്യവും വിലയിരുത്തുന്നതാണ്.
*ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗ് ഇന്ന് വൈകീട്ട് 6.04ന് നടക്കും.* വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിച്ചു. ചന്ദ്രനില്‍ നിന്നും വെറും 25 കിലോമീറ്റർ അകലത്തിൽ മാത്രമാണ് ലാൽഡൻ ഇപ്പോള്‍ ഉള്ളത്.
*പാക് അതിര്‍ത്തി കടന്ന് വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇന്ത്യ രംഗത്ത് എത്തി.* അതിര്‍ത്തി കടന്ന് ഭീകര ക്യാമ്പുകള്‍ തകര്‍ക്കുന്നതിനായി വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ കരസേനയും പ്രതിരോധ മന്ത്രാലയവും നിഷേധിച്ചു. അതേസമയം, ജമ്മു കശ്മീരിലെ ബാലാകോട്ട് സെക്ടറില്‍ നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാനുള്ള പാക് ഭീകരരുടെ ശ്രമം തടഞ്ഞതായും സൈന്യം സ്ഥിരീകരിച്ചു. എന്നാല്‍, ഇത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് അല്ലെന്ന് സൈന്യം വ്യക്തമാക്കി.
*ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം.* ആഴക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്നാട് നാഗപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഏഴ് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ നാഗപട്ടണത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
*ഡല്‍ഹിയില്‍ വന്‍ ജനക്കൂട്ടം പള്ളിയില്‍ അതിക്രമിച്ചു കയറി പ്രാര്‍ത്ഥനാഹാള്‍ അടിച്ചു തകര്‍ത്തു.* ഡല്‍ഹിയിലെ താഹിര്‍പൂരില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. ജനക്കൂട്ടം സിയോണ്‍ പ്രാര്‍ത്ഥനാ ഹാള്‍ നശിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പള്ളിയില്‍ ബഹളമുണ്ടാക്കിയവര്‍ക്കെതിരെ, ജിടിബി എന്‍ക്ലേവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസ് സ്റ്റേഷനിലെത്തിയും സംഘം മുദ്രാവാക്യം വിളിച്ചു.
*ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനു തിരിച്ചടി.* വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി വിധി സസ്പെന്‍ഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് വിട്ടത്. ഹൈക്കോടതിക്കു പിഴവു പറ്റിയെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ആറാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവിന്റെ ആനുകൂല്യങ്ങള്‍ ഈ കാലയളവില്‍ തുടരും.
*തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ നടക്കുന്ന തട്ടിപ്പുകൾക്ക് തടയിടാനൊരുങ്ങി കേന്ദ്ര സർക്കാർ.* പദ്ധതിയുടെ പ്രവർത്തനം കൃത്യമായി വിശകലനം ചെയ്യുന്നതിനായി ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഫീൽഡ് തല നിരീക്ഷണ സംവിധാനങ്ങൾ പല സ്ഥലങ്ങളിലും അട്ടിമറിക്കുന്നുണ്ടെന്ന് തെളിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
*രാജ്യത്തിൻറെ അഭിമാനമായ ചന്ദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ നടൻ പ്രകാശ് രാജിനെതിരെ പോലീസ് കേസെടുത്തു.* ഹിന്ദു സംഘടന നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കർണ്ണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പോലീസാണ് കേസെടുത്തത്.
*15ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനുമായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റ് പ്രവാസികൾ.* നരേന്ദ്ര മോദിക്ക് ഇന്ത്യൻ പതാകകളും താലികളുമായി ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. വാട്ടർക്ലോഫ് എയർഫോഴ്സ് ബേസിൽ ദക്ഷിണാഫ്രിക്കൻ ഡെപ്യൂട്ടി പ്രസിഡന്റ് പോൾ മഷാറ്റൈൽ മോദിയെ സ്വീകരിച്ച് അദ്ദേഹത്തിന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി. പ്രധാനമന്ത്രി വിമാനമിറങ്ങിയപ്പോൾ ഇന്ത്യൻ പതാകയുമായി നിരവധി ഇന്ത്യൻ പ്രവാസികൾ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. പ്രധാനമന്ത്രി മോദി ജനങ്ങൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്തു.
*പ്രതിരോധ ചാരക്കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ പൗരനായ രാഹുൽ ഗംഗലിനെ സെൻട്രൽ സിബിഐ അറസ്‌റ്റ് ചെയ്തു.* മാധ്യമപ്രവർത്തകൻ വിവേക് രഘുവംശിയിൽ നിന്ന് പ്രതിരോധ, സായുധ സേനയെ സംബന്ധിച്ച തന്ത്രപ്രധാനമായ രേഖകൾ ഗംഗലിന് ലഭിച്ചിരുന്നതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു.
*ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയെ കാണാനില്ലെന്ന് കുടുംബം.* മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് മറിയ ഫാത്തിമ ഖാന്‍ ഭര്‍ത്താവിന് എതിരെ പരാതി നല്‍കാന്‍ ഭോയിവാഡ പൊലീസ് സ്റ്റേഷനിലേക്ക് പോയത്. ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നു എന്ന പരാതി നല്‍കാനായിരുന്നു അത്. തുടര്‍ന്ന് ഇരുവരേയും പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. എന്നാല്‍, ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന ആരോപണം പൊലീസ് സ്റ്റേഷനിലും ഭര്‍ത്താവ് അക്രം ഖാന്‍ ആവര്‍ത്തിച്ചതോടെ യുവതി ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.
*11കാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് ഏഴ് വർഷം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.* പട്ടാമ്പി പണിക്കം പള്ളിയാലിൽ സക്കീർ ഹുസൈനെ(54)യാണ് കോടതി ശിക്ഷിച്ചത്. പട്ടാമ്പി അതിവഗ കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനു ആണ് ശിക്ഷ വിധിച്ചത്.
*തുവ്വൂരിൽ സുജിത എന്ന യുവതിയെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ പുറത്താക്കി യൂത്ത് കോൺഗ്രസ്.* വിഷ്ണുവിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചു.സംഘടനാപരമായ കാരണങ്ങളെത്തുടർന്ന് 2023 മെയ് 24-ന് വിഷ്ണുവിനെ നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നതായും ഇയാളെ സംരക്ഷിക്കില്ലെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
*ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണ് രോഗിക്ക് പരിക്കേറ്റു.* നെഞ്ചുവേദനയായി കൊണ്ടുവന്ന സ്ത്രീയെ അത്യാഹിത വിഭാഗത്തിൽ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. സ്ട്രച്ചർ തകർന്ന് നാൽപതുകാരി നെഞ്ചിടിച്ച് തറയിൽ വീഴുകയായിരുന്നു. പനവൂർ മാങ്കുഴി സ്വദേശി ലാലിക്കാണ് പരിക്കേറ്റത്.
*സംസ്ഥാനത്ത് കണ്ണിലെ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നു.* ഇത് പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ അതീവ ശ്രദ്ധ വേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിർദേശിക്കുന്നത്. ചെങ്കണ്ണിന്റെ ലക്ഷണങ്ങളുമായി ഇതിന് വളരെ അധികം സാമ്യമാണുള്ളത്.
*സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി.മൊയ്തീന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡ് തുടരുന്നു.* രാവിലെ ഏഴിനു തുടങ്ങിയ റെയ്ഡാണു രാത്രി വൈകിയും തുടരുന്നത്. കൊച്ചിയിൽനിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണു വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടിൽ പരിശോധന നടത്തുന്നത്.
*ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബൈബിളിലെ ഭാഗങ്ങൾ തിരുത്താൻ ശ്രമിക്കുകയാണെന്ന മുന്നറിയിപ്പുമായി അമേരിക്കൻ കോൺഗ്രസ് സംഘം മൈക്ക് ഗല്ലാഘർ.* ഹൗസ് സെലക്ട് കമ്മറ്റി ഓൺ ദി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷനായ അദ്ദേഹം രണ്ടുവർഷം കൂടി നടക്കുന്ന ആഗോള മതങ്ങളുടെ പാർലമെന്‍റ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ചിക്കാഗോയിൽ ഓഗസ്റ്റ് 14 മുതൽ ഓഗസ്റ്റ് 18 വരെയാണ് പാർലമെന്റ് നടക്കുന്നത്. നേരത്തെ റെക്കോർഡ് ചെയ്ത തയ്യാറാക്കിയ സന്ദേശമാണ് മൈക്ക് ഗല്ലാഘറിന്റെതായി വേദിയിൽ കേൾപ്പിച്ചത്. ബൈബിൾ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി തിരുത്തുന്നത് എന്നതിന് ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.
*അമേരിക്കയിലെ സംയുക്ത ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാനും ആർമി ജനറലുമായ മാർക്ക് മില്ലി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു.* ഇന്നലെ ആഗസ്റ്റ് 21 ന് അപ്പസ്തോലിക് കൊട്ടാരത്തിലെ മാർപാപ്പയുടെ പഠന മുറിയിലാണ് കൂടിക്കാഴ്ച നടന്നത്. കത്തോലിക്ക വിശ്വാസിയായ മാർക്ക് മില്ലി, യുഎസിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനും പ്രസിഡന്റിന്റെയും പ്രതിരോധ സെക്രട്ടറിയുടെയും ദേശീയ സുരക്ഷാ സമിതിയുടെയും പ്രധാന സൈനിക ഉപദേശകനുമാണ്.
*ഖുറാൻ അവഹേളിക്കപ്പെട്ടുവെന്നാരോപിച്ച് പ്രകോപിതരായ മുസ്ലീം സമൂഹം അഴിച്ചുവിട്ട ആക്രമണത്തില്‍ ഭവനം തകര്‍ക്കപ്പെട്ട 100 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നഷ്ട്ടപരിഹാരം പ്രഖ്യാപിച്ച് പാക്ക് ഭരണകൂടം.* വീട് നഷ്ടപ്പെട്ട നൂറു പാവപ്പെട്ട ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കു രണ്ട് മില്യൺ പാക്കിസ്ഥാൻ റുപ്പീ (അഞ്ചരലക്ഷം ഇന്ത്യന്‍ രൂപ) വീതം നഷ്ടപരിഹാരം നൽകുമെന്ന് ഇന്നലെ പാക്ക് സര്‍ക്കാര്‍ അറിയിച്ചു. അക്രമം നടന്ന പഞ്ചാബിലെ ജരൻവാല സന്ദർശിച്ചതിന് തൊട്ടുപിന്നാലെ, മുഖ്യമന്ത്രി മൊഹ്‌സിൻ നഖ്‌വി, ട്വിറ്ററില്‍ നഷ്ടപരിഹാര പ്രഖ്യാപനം നടത്തുകയായിരിന്നു.
*രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ ഓറഞ്ച് കൗണ്ടിയിലെ ലോസ് ആഞ്ചലസിന് സമീപം സ്ഥാപിതമായ സെന്റ് മൈക്കേല്‍സ് ആശ്രമം ചുരുങ്ങിയകാലം കൊണ്ട് നിരവധി യുവാക്കളെ പൗരോഹിത്യത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ട് ശ്രദ്ധ നേടുന്നു.* ആഗോളതലത്തില്‍ തന്നെ വൈദിക പഠനം നടത്തുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും, സെന്റ് മൈക്കേല്‍സ് ആശ്രമത്തില്‍ 42 യുവാക്കള്‍ വൈദിക പഠനം തുടരുകയാണ്. ആശ്രമം ആരംഭം കുറിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ നേട്ടമെന്നതാണ് ശ്രദ്ധേയമായ വസ്തുത.
*തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ കംബോഡിയയില്‍ നിന്നു ഇതാദ്യമായി ജെസ്യൂട്ട് വൈദികന്‍ അഭിഷിക്തനായി.* ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നു ഫ്നോം പെന്നിലെ അപ്പസ്തോലിക വികാരിയായ മോണ്‍. ഒലിവിയര്‍ ഷ്മിത്തായിസ്ലറില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച ഫാ. ഡാമോ ചുവോറിലൂടെയാണ് രാജ്യത്തിന് ആദ്യമായി ജെസ്യൂട്ട് സമൂഹാംഗമായ വൈദികനെ ലഭിച്ചിരിക്കുന്നത്.
*ഇന്നത്തെ വചനം*
നോഹയുടെ ദിവസങ്ങള്‍പോലെ ആയിരിക്കും, മനുഷ്യപുത്രന്റെ ആഗമനം. ജലപ്രളയത്തിനുമുമ്പുള്ള ദിവസങ്ങളില്‍,
നോഹ പേടകത്തില്‍ പ്രവേശി ച്ചദിവസംവരെ, അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്‌തും ചെയ്‌തുകൊടുത്തും കഴിഞ്ഞുപോന്നു.
ജലപ്രളയം വന്ന് സംഹരിക്കുന്നതുവരെ അവര്‍ അറിഞ്ഞില്ല. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനവും.
അപ്പോള്‍ രണ്ടുപേര്‍ വയലിലായിരിക്കും; ഒരാള്‍ എടുക്കപ്പെടും മറ്റെയാള്‍ അവശേഷിക്കും.
രണ്ടു സ്‌ത്രീകള്‍ തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും, മറ്റവള്‍ അവശേഷിക്കും.
നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍.
കള്ളന്‍ രാത്രിയില്‍ ഏതു സമയത്താണു വരുന്നതെന്ന് ഗൃഹനാഥന്‍ അറിഞ്ഞിരുന്നെങ്കില്‍, അവന്‍ ഉണര്‍ന്നിരിക്കുകയും തന്റെ ഭവനം കവര്‍ ച്ചചെയ്യാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്നു നിങ്ങള്‍ അറിയുന്നു.
അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്‌ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.
മത്തായി 24 : 37-44
*വചന വിചിന്തനം*
ജാഗരൂകതയെക്കുറിച്ചാണ് ഈശോ പറയുന്നത്. നോഹ മാത്രം വെള്ളപ്പൊക്കത്തെക്കുറിച്ച് ജാഗ്രത പുലർത്തി. അദ്ദേഹവും കുടുംബവും രക്ഷപെട്ടു. നിത്യതയെക്കുറിച്ച് ജാഗ്രത പുലർത്തുന്നവർക്കേ ലോകത്തിലെ ഭൗതീകതയുടെ വേലിയേറ്റത്തെക്കുറിച്ച് ബോധ്യമുണ്ടാവുകയും അവയെ അതിജീവിച്ച് നിത്യതയിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. അതിനാൽ നമുക്ക് ജാഗരൂകതയുള്ളവരായിരിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*