കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കേറ്റു. കുളത്തൂപ്പുഴ -തെന്മല അന്തർ സംസ്ഥാന പാതയിൽ ഇഎസ്എം കോളനിക്ക് സമീപം കഴിഞ്ഞദിവസം രാവിലെയാണ് സംഭവം.തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്നതാണ് കെഎസ്ആർടിസി ബസ്. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാൻ ബസിൽ ഇടിയ്ക്കുകയും വാനിന്റെ മുൻഭാഗം പൂർണമായി തകരുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഡീസൽ ടാങ്ക് തകർന്ന് ഡീസൽ പൂർണമായും റോഡിലേക്ക് ഒഴുകി.
കുളത്തുപ്പുഴ പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റ യാത്രക്കാരെ കുളത്തൂപ്പുഴ ഗവ. ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന്, ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിസാര പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വീട്ടിൽ വിട്ടു.