ലഡാക്കിലെ നിലവിലെ സ്ഥിതിഗതികള്‍ നേരിട്ട് കണ്ടറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു സംഘം റൈഡർമാക്കൊപ്പം ബൈക്കിലാണ് ലഡാക്ക് യാത്ര. കർദുങ് ലായിലെത്തിയ രാഹുൽ ഗാന്ധിയുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

പാങ്ഗോങ് തടാകത്തിലേക്ക് ബൈക്ക് യാത്ര ആരംഭിച്ച രാഹുലിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. പാന്‍ഗോങ് തടാകത്തിലേക്കുള്ള യാത്രയിലാണെന്നും ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണതെന്ന് അച്ഛന്‍ പറയാറുണ്ടെന്നും എക്സിൽ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പെഴുതിയിരുന്നു.

വ്യാഴാഴ്ചയാണ് രാഹുല്‍ ഗാന്ധി ലഡാക്കിലെത്തിയത്. ദ്വിദിന സന്ദര്‍ശനമാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സന്ദര്‍ശനം ഓഗസ്റ്റ് 25 വരെ നീട്ടുകയായിരുന്നു. ലേയില്‍ 500-ൽ അധികംവരുന്ന യുവാക്കളുമായി സംവദിക്കുകയും ചെയ്തു. ഓഗസ്റ്റ് 25-ന് നടക്കുന്ന ലഡാക്ക് ഹില്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സന്ദര്‍ശനം.

സന്ദർശനത്തിനിടെ, ‘രാജ്യത്തെ ഒരിഞ്ച് ഭൂമിപോലും ചൈനീസ് സൈന്യം കൈയടക്കിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം ശരിയല്ലെന്നും ലഡാക്കിലെ ജനങ്ങൾ സന്തോഷവാന്മാരല്ല’ എന്നും രാഹുൽ പറഞ്ഞിരുന്നു.

അതേസമയം രാഹുലിന്റെ ലഡാക്ക് സന്ദർശനത്തിലെ ബൈക്ക് യാത്രയെ ചൊല്ലി ബിജെപിയും കോൺഗ്രസും പോരും ആരംഭിച്ചു.

ലഡാക്കിലെ ലേയില്‍നിന്ന് പാംഗോങ്ങിലേക്ക് ബൈക്കില്‍ യാത്രചെയ്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തിയിരുന്നു. ലഡാക്കില്‍ മോദി സര്‍ക്കാര്‍ പണിത മികവുറ്റ റോഡുകള്‍ പ്രോത്സാഹിപ്പിച്ചതിനാണ് രാഹുലിനെ പരിഹസിച്ച് റിജിജുവിന്റെ നന്ദി പറച്ചില്‍. രാഹുലിന്റെ യാത്രയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും രംഗത്തെത്തി. 2012-ല്‍ യുപിഎ ഭരണകാലത്ത് പാംഗോങ്ങിലേക്കുള്ള റോഡുകളുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടുന്ന വീഡിയോയും കഴിഞ്ഞദിവസം ലേയിയില്‍നിന്ന് മികച്ച റോഡിലൂടെ യാത്രതിരിച്ച രാഹുലിന്റെ ചിത്രവും പങ്കുവെച്ചാണ് കേന്ദ്രമന്ത്രിമാരുടെ പരിഹാസം.

എന്നാൽ, ബിജെപിയുടെ അവകാശവാദങ്ങളിൽ വെല്ലുവിളിയുമായി കോൺഗ്രസും രംഗത്തെത്തി. രാഹുൽ സഞ്ചരിച്ച റോഡിന്റെ ടെൻഡർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ കോൺഗ്രസ് വക്താവ് പവൻ ഖേര വെല്ലുവിളിച്ചു. എല്ലാത്തിന്റേയും ക്രെഡിറ്റ് ബിജെപി തട്ടിയെടുക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, 2014ന് മുമ്പ് ലഡാക്കിൽ ചിത്രീകരിച്ച ഹിന്ദി സിനിമകളിൽ അവിടത്തെ മികച്ച റോഡുകൾ കാണാമെന്നും ചൂണ്ടിക്കാട്ടി.