ജനാധിപത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം തടവിലാക്കിയ മതഗല്‍പ്പ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോളണ്ടോ അല്‍വാരെസിന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥനയുമായി കോസ്റ്ററിക്കയിലെ ടിലാരന്‍ ലിബേരിയാ രൂപത മെത്രാന്‍ മോണ്‍. മാനുവല്‍ യൂജെനിയോ സലാസാര്‍ മോര ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദ് മാതാവിന്റെ സന്നിധിയില്‍. ഇന്ന് താന്‍ ഫ്രാന്‍സില്‍ നമ്മുടെ ലൂര്‍ദ്ദ് മാതാവിന്റെ സന്നിധിയിലാണെന്നും സ്വാതന്ത്ര്യത്തോടെ തന്റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും സംരക്ഷിക്കുന്നതിനുമായി ബിഷപ്പ് അല്‍വാരസിന്റെ മറ്റൊരു ചിത്രവും മാതാവിന്റെ പാദാരവിന്ദങ്ങളില്‍, അത്ഭുത നീരുറവ പ്രവഹിക്കുന്നിടത്ത് സമര്‍പ്പിച്ചിട്ടുണ്ടെന്നു ബിഷപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. “പുരാതന സര്‍പ്പത്തിന്റെ തല മാതാവ് തകര്‍ക്കട്ടെ” എന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പിന്റെ പോസ്റ്റ്‌ അവസാനിക്കുന്നത്.

ഇതാദ്യമായല്ല ബിഷപ്പ് മാനുവല്‍ യൂജെനിയോ, റോളണ്ടോ അല്‍വാരെസിന്റെ മോചനത്തിനായി പരസ്യമായി ശബ്ദമുയര്‍ത്തുന്നത്. ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ ബിഷപ്പ് മാനുവല്‍ നിക്കരാഗ്വേന്‍ അതിര്‍ത്തിയിലെത്തി അല്‍വാരെസിന്റെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ഇതിനു പുറമേ, ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ബിഷപ്പ് സലാസര്‍ നിക്കരാഗ്വേന്‍ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗ രാജ്യത്തുനിന്നും അന്യായമായി നാടുകടത്തിയ മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനികളെ കോസ്റ്ററിക്കയിലേക്ക് സ്വാഗതം ചെയ്തതും ഇതേ മെത്രാനാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി ക്രിസ്റ്റഫര്‍ ക്രിസ് സ്മിത്ത്, റോളണ്ടോ അല്‍വാരെസ് ജീവിച്ചിരിക്കുന്നതിന്റെ തെളിവ് ഡാനിയല്‍ ഒര്‍ട്ടേഗ ലോകത്തിനു കാണിച്ചു കൊടുക്കണമെന്നും, മെത്രാന്റെ ആരോഗ്യവസ്ഥയേക്കുറിച്ച് പരിശോധിക്കുവാന്‍ റെഡ് ക്രോസിനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരിന്നു.2022 ഓഗസ്റ്റ്‌ 4-നാണ് മതഗല്‍പ്പ രൂപതാ മെത്രാനും, എസ്തേലി അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ മോണ്‍. റോളണ്ടോ അല്‍വാരെസിനെ നിക്കാരാഗ്വേന്‍ ഭരണകൂടം വീട്ടു തടങ്കലിലാക്കിയത്. രാജ്യം വിടുവാനുള്ള ഭരണകൂടത്തിന്റെ സമ്മര്‍ദ്ധത്തിന് വഴങ്ങാത്തതിനെത്തുടര്‍ന്നു മെത്രാന് 26 വര്‍ഷം 4 മാസത്തേ ജയില്‍ ശിക്ഷയുമാണ് വിധിച്ചത്. നിക്കരാഗ്വേയിലെ അപ്പസ്തോലിക പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മാര്‍ടാഗിനേയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സഭാംഗങ്ങളായ കന്യാസ്ത്രീകളും ഉള്‍പ്പെടെ നിരവധി സന്യസ്ഥരെ നാടുകടത്തിയ ഏകാധിപത്യ ഭരണകൂടം കത്തോലിക്ക റേഡിയോ സ്റ്റേഷനുകളും, ചാനലുകളും അടച്ചുപൂട്ടിയതും ആഗോള തലത്തില്‍ ചര്‍ച്ചയായിരിന്നു.