കൈതോലപ്പായ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചുനടത്തിയ ഫെയ്‌സ്ബുക് പരാമര്‍ശത്തിലാണ് നടപടികള്‍ അവസാനിപ്പിക്കുന്നത്.
സി.പി.എമ്മിന്റെ ഉന്നതനായ ഒരു നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫീസില്‍വെച്ച് രണ്ടരക്കോടിയോളം രൂപ കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞ് കൊണ്ടുപോയെന്നായിരുന്നു ശക്തിധരന്റെ ആരോപണം. ഇതുസംബന്ധിച്ച് ബെന്നി ബഹനാന്‍ എം.പി. പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി.ക്ക് പരാതി നല്‍കി. കേസില്‍ അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് പരിശോധിക്കാന്‍ ഡി.ജി.പി. ഈ പരാതി കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കൈമാറി. തുടര്‍ന്ന് ശക്തിധരന്റെയും ബെന്നി ബഹനാന്‍ എം.പി.യുടെയും മൊഴി രേഖപ്പെടുത്തി.
എന്നാല്‍ പിന്നീട് ശക്തിധരന്‍ പരിശോധനയുമായി സഹകരിക്കാന്‍ തയ്യാറായില്ല. ഫെയ്‌സ്ബുക്കില്‍ കുറിച്ചതിനപ്പുറം തനിക്കൊന്നും പറയാനില്ല. ഉദ്ദേശിച്ച വ്യക്തികളുടെ പേരുകള്‍ പറയാന്‍ ഇപ്പോള്‍ താത്പര്യമില്ലെന്നും ശക്തിധരന്‍ പറഞ്ഞു. ഇതില്‍ കൂടുതലൊന്നും അറിയില്ലെന്ന് ബെന്നി ബെഹനാനും മൊഴിനല്‍കിയതോടെ കേസിന്റെ തുടര്‍നടപടകള്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഇനിയൊരു പോലീസ് അന്വേഷണത്തിന് സാധ്യതയില്ലെന്ന റിപ്പോര്‍ട്ട്, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.ജി.പി.ക്ക് നല്‍കിയിട്ടുണ്ട്.