*ഭാരതീയ സംഹിത സുരക്ഷാ ബിൽ 2023 അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.* ഐപിസി, സിആർപിസി, തെളിവു നിയമം എന്നിവ പൂർണമായും മാറ്റി രാജ്യത്തെ ക്രിമിനൽ നിയമം സമഗ്രമായി പരിഷ്കരിക്കുന്ന സുപ്രധാന ബിൽ അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. ബ്രിട്ടിഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം പൂർണമായും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.
*ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ വധശിക്ഷ നല്‍കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.* വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥ കേന്ദ്രം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചു. ക്രിമിനല്‍ നിയമങ്ങളില്‍ വലിയ പരിഷ്‌കരണം പ്രഖ്യാപിച്ച അമിത് ഷാ ശിക്ഷയല്ല, നീതി ഉറപ്പാക്കാനാണ് പുതിയ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.
*2023-24 അധ്യയന വർഷത്തില്‍ ഒന്നാം ക്ലാസില്‍ സർക്കാർ–എയ്ഡഡ് വിദ്യാലയങ്ങളില്‍ 10,164 കുട്ടികള്‍ കുറഞ്ഞതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.* രണ്ടുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പുതുതായി 42,059 കുട്ടികള്‍ പ്രവേശനം നേടിയെന്നും മന്ത്രി അറിയിച്ചു. 2023-24 അക്കാദമിക് വർഷത്തില്‍ സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലായി ആകെ കുട്ടികളുടെ എണ്ണം 37,46,647 ആണ്. ഇതില്‍ സർക്കാർ – എയ്ഡഡ് സ്കൂളുകളില്‍ മാത്രം 34,04,724 കുട്ടികളാണുള്ളത്.
*പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായുള്ള സ്ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചു.* സ്റ്റാറ്റിക് സർവെയ്ലൻസ് സ്ക്വാഡ്, ഫ്ലൈയിംഗ് സ്ക്വാഡ് എന്നിവയുടെ സേവനമാണ് ആരംഭിച്ചത്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, പണം, മദ്യം എന്നിവ നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതിനെതിരെ ജാഗ്രത പുലർത്തുക, വോട്ടർമാരെ ഭീഷണിപ്പെടുത്താനും ക്രമസമാധാനം തകർക്കാനും ശ്രമിക്കുന്നവരെ കണ്ടെത്തുക, പണം, ആയുധങ്ങൾ, ലഹരി വസ്തുക്കൾ തുടങ്ങിയവ അനധികൃതമായി കടത്തുന്നത് പിടികൂടുക തുടങ്ങിയവയാണ് സ്ക്വാഡുകളുടെ ചുമതലകൾ.
*മോന്സന് മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസിലെ മൂന്നാംപ്രതി ഐജി ലക്ഷ്മണിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്.* ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇദ്ദേഹം എത്താത്തതിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് നീക്കം. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തോടൊപ്പം ഐജി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കോടതിയെ അറിയിക്കും.
*കീഴ്പ്പള്ളിക്കടുത്ത് വിയറ്റ്നാമിൽ വീണ്ടും 11 അംഗ മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം.* സംഘം ലഘുലേഖകൾ പതിക്കുകയും വിതരണം ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം ആറരയോടെ വിയറ്റ്നാമിൽ എത്തിയ സംഘം ഏഴരയോടെയാണ് തിരികെ പോയത്. കടയിൽനിന്നും ആയിരം രൂപയുടെ സാധനങ്ങളും വാങ്ങിയാണ് ആയുധധാരികളായ 11 അംഗസംഘം തിരികെ പോയത്.
*ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കിഴക്കൻ സിറിയയിൽ നടത്തിയ ആക്രമണത്തിൽ 23 പട്ടാളക്കാർ കൊല്ലപ്പെട്ടു.* പത്തു പട്ടാളക്കാർക്കു പരിക്കേറ്റു. ഒട്ടേറെപ്പേരെ കാണാതായിട്ടുമുണ്ടെന്നു സിറിയൻ ഒബ്സർവേറ്ററി സംഘടന അറിയിച്ചു. ദെയ്ർ അൽ സോർ പ്രവിശ്യയിൽ ശനിയാഴ്ച ഭീകരർ സൈനികരുടെ വാഹനം തടഞ്ഞ് വെടിയുതിർക്കുകയായിരുന്നുവെന്നു സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
*ജനകീയ ഹോട്ടലുകൾക്ക് സംസ്ഥാന സർക്കാർ നൽകിവന്ന സബ്സിഡി നിർത്തലാക്കി.* അധിക സാമ്പത്തിക ബാധ്യതയും സാമ്പത്തിക ഞെരുക്കവുമാണ് സബ്സിഡി നിർത്തലാക്കിയതിന് കാരണം. ആഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ സബ്സിഡി തുടർന്നുകൊണ്ടു പോകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ധനവകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
*മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി.* ‘പ്രധാനമന്ത്രി മണിപ്പൂരിനെ തമാശയാക്കി, കലാപം അവസാനിപ്പിക്കാനല്ല ലക്ഷ്യം. തരാംതാണ ഒരു രാഷ്ട്രീയക്കാരനെ പോലെ മാറരുത്. മണിപ്പൂര്‍ കത്തിയമരുന്നു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നു. ഈ ഒരു സാഹചര്യം നിലനില്‍ക്കുമ്പോഴും മണിപ്പൂരിനെക്കുറിച്ച് മോദി പറയുന്നത് ചിരിച്ചുകൊണ്ടാണ്’, രാഹുല്‍ ഗാന്ധി പറഞ്ഞു.
*വൈദ്യുതി കുടിശ്ശികയുള്ള ഉപഭോക്താക്കൾക്ക് പുതിയൊരു അറിയിപ്പുമായി എത്തിയിരിക്കുകയാണ് കെഎസ്ഇബി.* ആകർഷകമായ പലിശയിളവോടെ കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി കെഎസ്ഇബി ഒരുക്കുന്നത്. രണ്ട് വർഷത്തിന് മുകളിൽ പഴക്കമുള്ള കുടിശ്ശികകൾക്കാണ് പലിശയിളവ് ലഭിക്കുക. ഉപഭോക്താക്കൾക്ക് റവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകൾ ഇത്തരത്തിൽ തീർപ്പാക്കാവുന്നതാണ്.
*കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണത്തിനുള്ള സാധനങ്ങൾ സപ്ലൈകോയിലെത്തിക്കുമെന്ന് ഉറപ്പു നൽകി ഭക്ഷ്യമന്ത്രി ജി ആർ അനിൽ.* ഈ മാസം 18ന് മുമ്പ് തന്നെ മുഴുവൻ ഭക്ഷ്യധാന്യങ്ങളും സപ്ലൈകോയിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
*മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിനകം ഉന്നതതല സമിതി റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി.* അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിലുള്ള അന്വേഷണത്തിനും സുപ്രീം കോടതി നിർദേശം നൽകി. ആരോപണങ്ങൾ അന്വേഷിക്കാൻ ദത്താത്രയ് പദ്‌സാൽഗിക്കറോട് കോടതി നിർദേശിച്ചു.
*സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് രാജ്യം.* ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തും. എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിന പരിപാടികള്‍ക്കായി ചെങ്കോട്ട പൂര്‍ണ്ണമായും അലങ്കരിച്ചിരിക്കും. എന്നാല്‍ ഇത്തവണ ചെങ്കോട്ടയില്‍ കാര്യമായ അലങ്കാരങ്ങളുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. ചെങ്കോട്ട അതിന്റെ യഥാര്‍ത്ഥ രൂപത്തിലാകും സ്വാതന്ത്ര്യ ദിനാഘോഷത്തിന് സാക്ഷ്യം വഹിക്കുക. അലങ്കാരമൊന്നും ഉണ്ടാകില്ലെങ്കിലും ചെങ്കോട്ടയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഇത്തവണയും വിട്ടുവീഴ്ചയില്ല.
*മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളിലോ ഭര്‍ത്താവും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലോ സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍.* ഒന്നുകില്‍ സത്യവാങ്മൂലം തെറ്റാണെന്ന് പറയണം, അല്ലെങ്കില്‍ പണം വാങ്ങിയിട്ടില്ലെന്ന് പറയണം.
നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ചതിന്റെ പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കുമുമ്പില്‍ പ്രതിഷേധിച്ച കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസുവിന്റെ റിമാൻഡ് നീട്ടി കോടതി. ഓഗസ്റ്റ് 25 വരെയാണ് കുന്നമംഗംലം കോടതി റിമാൻഡ് നീട്ടിയത്.
*സൈനിക അട്ടിമറി മൂലം സംഘർഷഭരിതമായ നൈജറിൽ നിന്ന് എത്രയും വേഗം ഒഴിയാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം.* നൈജറിലെ നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയ പ്രതിനിധി അരിന്ദം ബാഗ്ചി അറിയിച്ചു. നൈജറിലേക്കുള്ള യാത്ര തൽക്കാലത്തേക്ക് ഒഴിവാക്കണമെന്നും ബാഗ്ചി അറിയിച്ചു.
*ആം ആദ്മി പാർട്ടി (എഎപി) എംപി രാഘവ് ഛദ്ദയെ വെള്ളിയാഴ്ച രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു.* മോശം പെരുമാറ്റത്തെ തുടർന്നാണ് നടപടി. ആം ആദ്മി നേതാവ് തന്റെ പ്രവൃത്തിയിലൂടെ സഭയുടെ അന്തസ് താഴ്ത്തിയെന്ന് ചദ്ദയെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ട് രജ്യസഭാ നേതാവ് പിയൂഷ് ഗോയൽ പറഞ്ഞു.
*ന്യൂഡൽഹി ലേഡി ഹാർഡിന്‍ജ് മെഡിക്കൽ കോളജിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തു.* സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗത്തിന്റെ ഒന്നാം നിലയിൽ വൈകിട്ട് നാലിനാണ് തീപിടിത്തം ഉണ്ടായത്.
*ഹരിയാനയിലെ നുഹിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മുസ്ലിം സമുദായത്തെ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി.* നുഹ് വർഗീയ സംഘർഷങ്ങളെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ഡിജിപിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു.
*രാജസ്ഥാനിലെ ജയ്പുരിൽ ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെക്കൊണ്ട് കോൺഗ്രസ് എംഎൽഎ ഷൂസ് നക്കിച്ചെന്ന് ആരോപണം.* യുവാവിന്റെ ശരീരത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മൂത്രമൊഴിച്ചെന്നും പരാതിയുണ്ട്. ജാംവാ രാംഗർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയ ഗോപാൽ മീണയ്ക്കും രാംഗർ പോലീസ് സ്റ്റേഷനിലെ അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
*എല്ലാമാസവും അഞ്ചിനു മുൻപായി തലേമാസത്തെ ശന്പളം വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഈ മാസം 26ന് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കും.* സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ലോയീസ് അസോസിയേഷൻ, ഐഎൻടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് അടങ്ങുന്ന സംയുക്ത സമര സമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
*പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ.* കണ്ണൂർ ചെറുതാഴം കല്ലംവള്ളി സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി കരയടത്ത് മധുസൂധനനെ (43) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്.
*തമിഴ്നാട്ടില്‍ വിദ്യാര്‍ഥികളായ ദളിത് സഹോദരങ്ങളെ വെട്ടിയ പ്രതികള്‍ അറസ്റ്റിൽ.* തെരുനെല്‍വേലി വള്ളിയൂരിലാണ് സംഭവം. പ്രതികൾ ആറു പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരിൽ നാലുപേര്‍ പ്ലസ് ടു വിദ്യാര്‍ഥികളും രണ്ടുപേർ പഠനം ഇടയ്ക്ക് വച്ച് അവസാനിപ്പിച്ചവരുമാണ്.
*തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ ആറുപേർ മരിച്ചു.* 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.വെള്ളിയാഴ്ച രാവിലെ ചെന്നൈ-ട്രിച്ചി ദേശീയപാതയിൽ പൊത്തേരി ഭാഗത്താണ് അപകടം നടന്നത്. റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചവർക്കുനേരെ അമിതവേഗത്തിൽ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ആറുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
*യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച കേസില്‍ അഞ്ചംഗ സംഘം അറസ്റ്റിൽ.* തോട്ടക്കാട്ടുകര കൊല്ലങ്ങാടന്‍ എഡ്വിന്‍ (29), മുപ്പത്തടം എരമം കരിപ്പുഴപ്പറമ്പ് അബ്ദുല്‍ മുഹാദ് (30), ദേശം മണിവിലാസം പ്രസാദ് (31), ബൈപ്പാസ് പുതുമനയില്‍ കമാല്‍ (26), ദേശം പുഷ്പകത്തുകുടി കിരണ്‍ (32) എന്നിവരാണ് പിടിയിലായത്. കീഴ്മാട് സ്വദേശി മുഹമ്മദ് ബിലാലിനെയാണ് സംഘം തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്.
*കോഴിക്കോട് പുതുപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.* കെട്ടിട നിർമാണ കരാറുകാരനായ മുസ്തഫയാണ് പിടിയിലായത്. ഇയാളെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ അഞ്ച് പരാതികളാണ് താമരശ്ശേരി പൊലീസിന് ലഭിച്ചത്.
*മഹാരാഷ്ട്രയിലെ താനയിലുള്ള സർക്കാർ ആശുപത്രിയിൽ ഒറ്റദിവസത്തിനിടെ അഞ്ച് രോഗികൾ മരിച്ച സംഭവത്തെത്തുടർന്ന് ജനക്കൂട്ടം ആശുപത്രിയിലെ പ്രവർത്തനം തടസപ്പെടുത്തി.* കൽവയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്. ജീവനക്കാരുടെ അനാസ്ഥമൂലമാണ് മരണം എന്നാരോപിച്ചായിരുന്ന ജനകീയപ്രതിഷേധം.
*കോട്ടയം ബസേലിയോസ് കോളജ് ജംക്‌ഷനിൽ മലയാള മനോരമയ്ക്കു സമീപം നടുറോഡിൽ അർധരാത്രിക്കു ശേഷം സ്ത്രീയെ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.* കഴുത്തിന് വെട്ടേറ്റു കിടന്ന സ്ത്രീയെ വെസ്റ്റ് പൊലീസ് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ കട്ടപ്പന സ്വദേശി ബാബു (ചുണ്ടെലി ബാബു) പൊലീസിന്റെ പിടിയിലായി. രാത്രി 12.30ന് ആണു സംഭവം
*ഇസ്രായേലിലെ വിവിധ സഭകളുടെ പാത്രിയാർക്കീസുമാരും, മെത്രാന്മാരും ഇസ്രായേൽ രാഷ്ട്രപതിയുമായി ചർച്ചകൾ നടത്തി.* തീവ്രവാദ ആക്രമണങ്ങളിൽ നിന്നും ക്രൈസ്തവ പുണ്യസ്ഥലങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും കൂടുതൽ സംരക്ഷണം ഉറപ്പാക്കുവാന്‍ അഭ്യർത്ഥിച്ച് നടത്തിയ ചര്‍ച്ചയില്‍ രാജ്യത്തിന്റെ പ്രസിഡന്റ് ഐസക് ഹെർസോഗ്, സുരക്ഷ വാഗ്ദാനം ചെയ്തു. ക്രൈസ്തവരോടും ഇസ്രായേലിലെ പുണ്യ സ്ഥലങ്ങളോടും തീവ്ര യഹൂദര്‍ നടത്തിയ ആക്രമണങ്ങളുടെയും വിവേചനങ്ങളുടെയും നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുമെന്നു അദ്ദേഹം പറഞ്ഞു
*ആഫ്രിക്കൻ രാജ്യമായ നൈജറിൽ സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റിനെ പുറത്താക്കിയ സംഭവത്തില്‍ സൈനിക നടപടിക്ക് മുതിരരുതെന്ന് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളോട് നൈജീരിയൻ മെത്രാൻ സമിതി.* രണ്ടാഴ്ചകൾക്ക് മുന്‍പാണ് പ്രസിഡന്‍റായിരുന്ന മുഹമ്മദ് ബാസമിനെ പുറത്താക്കി പ്രസിഡൻഷ്യൽ ഗാർഡ് കമാൻഡർ അബ്ദുറഹ്മാൻ ഷിയാനി രാജ്യത്തിന്റെ നേതാവായി സ്വയം അവരോധിച്ചത്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ദ എക്കണോമിക് കമ്മ്യൂണിറ്റി ഓഫ് ആഫ്രിക്കൻ നേഷൻസ് അട്ടിമറിക്ക് പിന്നാലെ രാജ്യത്ത് സൈനീക ഇടപെടൽ നടത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
*ചൈനയിലെ ഷെജാങ്ങ് പ്രവിശ്യയിലെ പള്ളികളിലെ കുരിശുകള്‍ നീക്കം ചെയ്യുന്നത് പുനഃരാരംഭിക്കുവാന്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പദ്ധതിയിടുന്നതില്‍ ദുഃഖം പ്രകടിപ്പിച്ച് ക്രൈസ്തവര്‍.* ഇരുപത് ലക്ഷം പ്രൊട്ടസ്റ്റന്റ് വിശ്വാസികളും 2,00,000 കത്തോലിക്കരുമുള്ള ഷെജാങ്ങ് പ്രവിശ്യയില്‍ 2014 മുതല്‍ നൂറുകണക്കിന് കുരിശുകളാണ് സര്‍ക്കാര്‍ തകര്‍ത്തത്. ഷെജാങ്ങിലെ ഡോങ്ങ്‌കിയാവോ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശ് നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്യുമെന്നും അറിയിച്ച് ഓഗസ്റ്റ് 3ന് അധികാരികളില്‍ നിന്നും ദേവാലയാധികൃതര്‍ക്ക് നോട്ടീസ് ലഭിച്ചതാണ് ക്രിസ്ത്യാനികളെ ആശങ്കയിലാഴ്ത്തുന്നത്.
*ഇന്നത്തെ വചനം*
യേശു താന്‍ ഏറ്റവും കൂടുതല്‍ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തി ച്ചനഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍ തുടങ്ങി:
കൊറാസീന്‍, നിനക്കു ദുരിതം! ബേത്‌സയ്‌ദാ, നിനക്കു ദുരിതം! നിന്നില്‍ നടന്ന അദ്‌ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുമായിരുന്നു!
വിധിദിനത്തില്‍ ടയിറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടുപറയുന്നു.
കഫര്‍ണാമേ, നീ സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ടുവെന്നോ? പാതാളംവരെ നീ താഴ്‌ത്തപ്പെടും. നിന്നില്‍ സംഭവി ച്ചഅദ്‌ഭുതങ്ങള്‍സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍, അത് ഇന്നും നിലനില്‍ക്കുമായിരുന്നു.
ഞാന്‍ നിന്നോടു പറയുന്നു: വിധിദിനത്തില്‍ സോദോമിന്റെ സ്‌ഥിതി നിന്റേതിനെക്കാള്‍ സഹനീയമായിരിക്കും.
മത്തായി 11 : 20-24
*വചന വിചിന്തനം*
പാപങ്ങളെക്കുറിച്ചോർത്ത് അനുതപിക്കുക നമ്മുടെ സ്വർഗോൻമുഖ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എന്നിൽ പാപമില്ല എന്ന ചിന്ത ഒരിക്കലും ക്രിസ്തീയമല്ല. ഞാൻ പാപിയാണ് എന്ന ചിന്തയാണ് എൻ്റെ ആത്മനവീകരണത്തിന് അത്യന്താപേക്ഷിതമായിരിക്കുന്നത്. ദൈവസന്നിധിയിൽ എളിമയോടെ വ്യാപരിക്കാം. പാപബോധം നൽകണമേ എന്ന് പ്രാർത്ഥിക്കാം. ഒപ്പം പാപബോധമില്ലാത്ത തലമുറയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*