*മണിപ്പുരിൽ രണ്ടുജില്ലകളിലായുണ്ടായ സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.* മെയ്ത്തി ഭൂരിപക്ഷ മേഖലയായ ബിഷ്ണുപുരിലും കുക്കി ഭൂരിപക്ഷമുള്ള ചുരാചന്ദ്പുരിലും ശനിയാഴ്ച പുലർച്ചെയാണ് സംഘർഷമുണ്ടായതെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ മെയ്ത്തി വിഭാഗത്തിൽനിന്നുള്ളവരും രണ്ടുപേർ കുക്കി വിഭാഗത്തിൽനിന്നുമുള്ളവരുമാണെന്ന് പോലീസ് പറഞ്ഞു
*ഈ അധ്യയനവർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിൽ പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞവർഷത്തേക്കാൾ 84,000 വിദ്യാർഥികൾ കുറഞ്ഞെന്ന് കണ്ടെത്തൽ.* എന്നാൽ, ജൂലായ് ജൂലായ് 15-നു പ്രസിദ്ധീകരിക്കേണ്ടിയിരുന്ന തലയെണ്ണൽ കണക്ക് സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ വർഷം ഇത്രയേറെ കുട്ടികൾ എങ്ങനെ കുറഞ്ഞെന്ന് ആലോചിച്ചു തല പുകയ്ക്കുകയാണ് സർക്കാർ.
*നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേനേതാവായിരുന്ന എൻകെ അഷ്‌റഫിന്റെ റിസോർട്ട് ഇഡി കണ്ടുകെട്ടി.* ഇടുക്കിയിലെ മാങ്കുളത്തെ ‘മൂന്നാർ വില്ല വിസ്ത’ എന്ന പേരിലുള്ള 2.53 കോടിയുടെ റിസോർട്ടാണ് കണ്ടുകെട്ടിയത്.പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗമായിരുന്ന അഷ്‌റഫിനെ കഴിഞ്ഞ ഏപ്രിലിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. നിക്ഷേപ പദ്ധതികൾക്കായി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ, ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
*മിത്ത്’ വിവാദത്തില്‍ തുടര്‍ പ്രക്ഷോഭത്തിന് ഒരുങ്ങി എന്‍എസ്എസ്.* ഞായറാഴ്ച അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേരും. തുടര്‍ സമര രീതികള്‍ നേതൃയോഗങ്ങളില്‍ തീരുമാനിക്കും. കഴിഞ്ഞ ദിവസം സംഘപരിവാര്‍ നേതാക്കള്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കണ്ടിരുന്നു.
*അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയിൽ ശനിയാഴ്ച രാത്രി 9.31-ന് റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.* ഇതിന് തുടർച്ചയായി ഡൽഹിയിലും ഭൂചലനമനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അധികൃതർ അറിയിച്ചു.
അപകീര്‍ത്തിക്കേസില്‍ ശിക്ഷ സ്റ്റേചെയ്ത സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും.
*ഗണപതി ഭഗവാനെ അവഹേളിച്ച സ്പീക്കർ മാപ്പു പറഞ്ഞേ തീരുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.* ഷംസീർ തിരുത്തണമെന്ന് എൻഎസ്എസും ശിവഗിരി മഠവും ആവശ്യപ്പെട്ടത് സിപിഎം കാണുന്നില്ലേ? ഹിന്ദുസമൂഹത്തെ അവഹേളിച്ച എ.എൻ.ഷംസീർ അധ്യക്ഷനായ നിയമസഭാ സമ്മേളനത്തിൽ കോൺഗ്രസ് പങ്കെടുക്കുമോയെന്നും മുരളീധരൻ ചോദിച്ചു. ഭാരതീയ പൈതൃകത്തെ അവഹേളിക്കുന്നവർ നാളെ ആയുർവേദവും ശാസ്ത്രമല്ല എന്ന് പറയുമോയെന്ന് ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.
*റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ നിന്നു തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയർ സെക്കൻഡറി വിഭാഗം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടിയായതായി മന്ത്രി ആന്റണി രാജു.* പ്ലസ് ടു പരീക്ഷ പാസായവർക്ക് ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതിക്കായി പുസ്തകങ്ങൾ തയാറാക്കി കഴിഞ്ഞതായും ഇവ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
*ഓണത്തോടനുബന്ധിച്ച് ക്ഷേമപെൻഷൻ വിതരണത്തിനായി 1,762 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.* 60 ലക്ഷത്തോളം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണം ആരംഭിക്കുകയാണെന്നും ഓണസമ്മാനമായി രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ 1,762 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
*ബിഹാര്‍ വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയില്‍.* അര്ബംഗ വിമാനത്താവളത്തില്‍ നിന്നും വിഷ്ണു താക്കൂര്‍ എന്നയാളാണ് പിടിയിലായത്. പൊതിഞ്ഞ നിലയില്‍ ബാഗിനുള്ളിലായിരുന്നു ഈ വെടിയുണ്ടകള്‍. സ്ക്രീനിംഗിനിടെയാണ് ഇവ കണ്ടെത്തിയത്.
*വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ നിന്നുള്ള പലസ്തീൻ വംശജനായ യുവാവിന്റെ വെടിയേറ്റ് ഇസ്രയേൽ പട്രോൾ യൂണിറ്റ് ഓഫീസർ കൊല്ലപ്പെട്ടു.* ടെൽ അവീവ് നഗരമധ്യത്തിലെ റോഡിൽ വച്ച് ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
*സ്വകാര്യ ചാനലിനെതിരായ പ്രകോപന പ്രസംഗത്തില്‍ സിപിഎം നേതാവ് ജെയ്ക് സി.തോമസിനെതിരേ കേസെടുത്തു.* ചാലക്കുടി പോലീസാണ് കേസെടുത്തത്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ്. ചാലക്കുടി ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസെടുക്കാൻ പോലീസ് തയാറായത്.
*സംസ്ഥാനത്ത് തരം മാറ്റേണ്ട ഭൂമി 25 സെന്റില്‍ കൂടുതലെങ്കില്‍ അധികമുള്ള സ്ഥലത്തിന്റെ ന്യായവിലയുടെ 10 ശതമാനം മാത്രം ഫീസായി അടച്ചാല്‍ മതിയെന്നു ഹൈക്കോടതി.* ഇതു സംബന്ധിച്ച സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന് ബഞ്ച് ശരിവച്ചു.
*റഷ്യൻ എണ്ണ ടാങ്കറിനു നേർക്ക് യുക്രെയ്ൻ ഡ്രോൺ ആക്രമണം.* റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് സമീപമായിരുന്നു ആക്രമണമുണ്ടായത്. 24 മണിക്കൂറിനുള്ളിൽ സമാനമായ രണ്ടാമത്തെ ആക്രമണമാണ്. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ഇതിനെ തുടർന്ന് ക്രിമിയ പാലം അടച്ചു
*കേരളത്തിൽ പ്രവർത്തിക്കുന്ന രജിസ്ട്രേഷൻ ഉള്ളതും ഇല്ലാത്തതുമായ സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും നടത്തുന്ന പഠന വിനോദ യാത്രകൾ നിർത്തലാക്കണമെന്നും രാത്രികാല പഠന ക്ലാസുകൾ നിരോധിക്കണമെന്നും ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി.* കുട്ടികളുടെ പഠനയാത്രയ്ക്ക് സർക്കാർ മാനദണ്ഡങ്ങളുണ്ടെങ്കിലും ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും അവയൊന്നും പാലിക്കുന്നില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു.
*ജമ്മു കാശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ മൂന്ന് സൈനികർക്ക് വീരമൃത്യു.* പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈനികരാണ് വീരമൃത്യു വരിച്ചത്. ജമ്മു കാശ്മീരിലെ കുൽഗാമിലെ ഹലാൻ വനമേഖലയിൽ പുലർച്ചയാണ് ഏറ്റുമുട്ടൽ നടന്നത്. വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് സൈന്യം തിരച്ചിൽ ആരംഭിച്ചത്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളും കുടുതല്‍ പരിശോധന നടത്തും.
*ചന്ദ്രയാൻ- 3-ന്റെ നിർണായക ഘട്ടം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ.* ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന ലൂണാർ ഓർബിറ്റ് ഇഞ്ചക്ഷനാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇതോടെ, ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തി. ഇനി ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന നടപടികൾ ആരംഭിക്കുന്നതാണ്. നിലവിൽ, ചന്ദ്രന്റെ ഭ്രമണപഥത്തിൽ പേടകം എത്തിയതിനാൽ റിഡക്ഷൻ ഓഫ് ഓർബിറ്റ് എന്ന പ്രക്രിയ നടക്കുന്നതാണ്.
*തമിഴ്നാട്ടിൽ ആന്തരിക അവയവങ്ങളുടെ മാംസവുമായി മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ.* സംശയാസ്പദമായ സാഹചര്യത്തിൽ വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. പരിശോധനയിൽ ഒരു പെട്ടിയിൽ ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തി. തമിഴ്നാട്ടിലെ തേനിക്ക് സമീപം ഉത്തമപാളയത്താണ് സംഭവം. കേസിൽ തമിഴ്നാട് സ്വദേശികൾക്ക് ഇത് കൈമാറിയ പത്തനംതിട്ട സ്വദേശിയെയും പൊലീസ് പിടികൂടി.
*മുംബൈ ഹൈക്കോടതി ജഡ്ജി എന്ന പേരില്‍ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ച ശേഷം പണം കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.* മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശി ഹിമാലയ് മാരുതി ദേവ്‌കോട്ട് (24 )ആണ് മുനമ്പം പൊലീസിന്റെ പിടിയിലായത്. മുംബൈ ഹൈക്കോടതി ജഡ്ജ് എന്ന ബോര്‍ഡ് ഘടിപ്പിച്ച് ബീക്കണ്‍ ലൈറ്റ് വച്ച ഇന്നോവ കാറില്‍ രണ്ടു ദിവസം മുന്‍പ് ചെറായി ബീച്ചില്‍ റിസോര്‍ട്ടില്‍ എത്തിയ ഇയാള്‍ക്ക് ഒപ്പം മറ്റ് 3 യുവാക്കളും ഉണ്ടായിരുന്നു.
*പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ 2 ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി.* നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റന്‍ഡറെയും സസ്പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.
*വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.* മട്ടാഞ്ചേരി സ്വദേശി ജഹാസാണ് പൊലീസിന്റെ പിടിയിലായത്. രണ്ട് കുട്ടികളുടെ പരാതിയിന്മേലാണ് നടപടി. പിടിയിലായ പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും ഇയാൾ മറ്റ് കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
*നിസ്‌കരിക്കാനെത്തിയ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കാസർഗോഡ് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.* കാസർഗോഡ് മുണ്ട്യത്തടുക്ക സ്വദേശി അജ്‌മൽ ഹിമാമി സഖാഫിയെയാണ് കാസർഗോഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിയിലെത്തിയ കുട്ടിയെ മദ്രസയ്ക്ക് സമീപത്തെ മുറിയിലേയ്ക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
*പത്തനംതിട്ട പരുമലയില്‍ നഴ്‌സ് വേഷത്തില്‍ ആശുപത്രിയില്‍ കടന്ന് കയറി യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ആസൂത്രണം നടന്നെന്ന് പൊലീസ്.* സ്‌നേഹയെ കൊലപ്പെടുത്തി ഭര്‍ത്താവ് അരുണിനേ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയര്‍ ഇഞ്ചക്ഷന്‍ ചെയ്തു കൊലപ്പെടുത്താനാണ് ശ്രമിച്ചത്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണും അനുഷയും തമ്മില്‍ അടുപ്പമുണ്ടെങ്കിലും നിലവില്‍ കേസില്‍ പ്രതിയല്ലെന്ന് പൊലീസ് അറിയിച്ചു.
*കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട സബ് രജിസ്ട്രാറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.* പി.കെ. ബീനയെ ആണ് പിരിച്ചുവിട്ടത്. ചേവായൂര്‍ സബ് രജിസ്ട്രാറായിരിക്കെയാണ് സംഭവം. കൈക്കൂലി കേസില്‍ വിജിലന്‍സ് ഇവരെ പിടികൂടിയിരുന്നു. വിജിലന്‍സ് പിടിയിലായത് മുതല്‍ ബീന സസ്പെന്‍ഷനിലായിരുന്നു.
*പീഡിത ക്രൈസ്തവർക്ക് വേണ്ടി പ്രത്യേകം സമർപ്പിച്ചിരിക്കുന്ന ആരാധനാലയം സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ കൂദാശ ചെയ്തു.* ജൂലൈ 22നു സ്റ്റോക്ക്ഹോം ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആണ്ടേർസ് അർബോറേലിയൂസാണ് കൂദാശ കർമ്മത്തിന് നേതൃത്വം നൽകിയത്. കിസ്റ്റ എന്ന പേരിലുള്ള ഉത്തര സ്വീഡനിൽ സ്ഥിതിചെയ്യുന്ന ഹോളി മാർട്ടിർസ് സിറിയൻ കത്തോലിക്കാ ദേവാലയത്തിലായിരിന്നു കൂദാശ കർമ്മം. സിറിയൻ ഓർത്തഡോക്സ് വൈദികർ ഉൾപ്പെടെ ഇവിടെ നടന്ന സുറിയാനി കുർബാനയിൽ പങ്കെടുത്തു. തങ്ങളുടെ വിശ്വാസത്തിന്റെ വേരുകൾ മറന്ന മതേതര പാശ്ചാത്യ ലോകത്തിന് അഭയാർത്ഥികളുടെ വിശ്വാസ സാക്ഷ്യം വലുതാണെന്ന് ചടങ്ങിൽവെച്ച് കർദ്ദിനാൾ അർബോറേലിയൂസ് പറഞ്ഞു.
*ഭ്രൂണഹത്യ ക്ലിനിക്കിനു മുന്നിൽ നിന്ന് പ്രാർത്ഥിച്ചതിന്റെ പേരിൽ നേരത്തെ പിഴയൊടുക്കിയ ബോർൺമൗത്ത് സ്വദേശിക്കെതിരെ ക്രിമിനല്‍ കേസ്.* ആദം സ്മിത്ത് കോർണര്‍ എന്ന വ്യക്തിയ്ക്കെതിരെയാണ് ഭ്രൂണഹത്യ വിരുദ്ധമായ ബോധവൽക്കരണങ്ങളും, പ്രാർത്ഥനകളും വിലക്കിയ ബഫർ സോണിന്റെ ഉള്ളിൽ നിശബ്ദമായി പ്രാർത്ഥിച്ചുവെന്ന കുറ്റം ചാര്‍ത്തിയിരിക്കുന്നത്. 2022ൽ ഇതിന്റെ പേരിൽ കോണറിന് പിഴ ശിക്ഷ ലഭിച്ചിരുന്നു. അതേസമയം ഓഗസ്റ്റ് ഒന്‍പതാം തീയതി ബോർൺമൗത്തിലെ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ അദ്ദേഹം ഹാജരാകുമെന്ന് കോർണറിന് നിയമസഹായം നൽകുന്ന അലയൻസ് ഡിഫൻഡിങ് ഫ്രീഡം വ്യക്തമാക്കി.
*യേശു നമ്മോടൊപ്പമുണ്ടെന്നും അവിടുന്ന് നമ്മുടെ കണ്ണുനീർ തുടയ്ക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ.* പോർച്ചുഗലിൽ നടക്കുന്ന ലോക യുവജന സംഗമത്തില്‍ ഇന്നലെ കുരിശിന്റെ വഴിയോട് അനുബന്ധിച്ച് പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ലിസ്ബണിലെ എഡ്വേർഡോ ഏഴാമൻ പാർക്കിൽ നല്‍കിയ സന്ദേശത്തില്‍ “ജീവിതത്തിൽ നിങ്ങളെ കരയിപ്പിക്കുന്നതെന്താണെന്ന് യേശുവിനോട് പറയുന്നതിന്” ഒരു നിമിഷം നിശബ്ദത പാലിക്കണമെന്നും പറഞ്ഞു.
*ഇന്നത്തെ വചനം*
യേശു, ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്റെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കുപോയി.
അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെവെട്ടിത്തിളങ്ങി. അവന്റെ വസ്‌ത്രം പ്രകാശംപോലെ ധവളമായി.
മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി അവര്‍ കണ്ടു.
പത്രോസ് യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം – ഒന്നു നിനക്ക്, ഒന്നു മോശയ്‌ക്ക്, ഒന്ന് ഏലിയായ്‌ക്ക്.
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരുമേഘംവന്ന് അവരെ ആവരണം ചെയ്‌തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍.
ഇതുകേട്ട ക്‌ഷണത്തില്‍ ശിഷ്യന്‍മാര്‍ കമിഴ്‌ന്നു വീണു; അവര്‍ ഭയവിഹ്വലരായി.
യേശു സമീപിച്ച് അവരെ സ്‌പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്‍ക്കുവിന്‍, ഭയപ്പെടേണ്ടാ.
അവര്‍ കണ്ണുകളുയര്‍ത്തിനോക്കിയപ്പോള്‍ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല.
മത്തായി 17 : 1-8
*വചന വിചിന്തനം*
1. പത്രോസും യാക്കോബും യോഹന്നാനും യേശുവിൻ്റെ രൂപാന്തരീകരണത്തിനു കൂട്ടുപോവുകയാണ്. അല്പം കഴിഞ്ഞ് അവരെ തന്നെയാണ് യേശു ഗത്സമെനിലും കൂട്ടിരിക്കാനായി വിളിക്കുന്നത്. ഉയർച്ചയിലും താഴ്ചയിലും, സന്തോഷത്തിലും സന്താപത്തിലും, വളർച്ചയിലും വിളർച്ചയിലും കർത്താവിനോട് കൂടെയുള്ളവർ ഭാഗ്യവാന്മാർ.
2. ഉയർന്നമലകൾ ദൈവികസാന്നിധ്യത്തിൻ്റെ പ്രതീകങ്ങളാണ്. ദൈവവുമായി സംസാരിക്കാൻ, ദൈവികമായ അനുഭവങ്ങളിലേക്ക് കടക്കുവാൻ നമ്മൾ നാമായിരിക്കുന്ന ഇടങ്ങളിൽ നിന്ന് ഇനിയും ഉയരേണ്ടിയിരിക്കുന്നു. നമ്മുടെ താഴ്‌വാരങ്ങളെ ഉപേക്ഷിക്കാനും കർത്താവിൻ്റെ മലയിലേക്ക് നടന്നുകയറുവാനും തയ്യാറാകേണ്ടിയിരിക്കുന്നു
3. നാം ഈ ഭൂമിയിലെ ആനന്ദങ്ങളിലേക്ക് മാത്രം നോക്കിയിരിക്കേണ്ടവരല്ല. നമുക്കുള്ള നിത്യമായ ആനന്ദം സ്വർഗ്ഗത്തിലാണ്. പലപ്പോഴും ഭൂമിയിലെ നൈമിഷികമായ സുഖങ്ങൾക്കും സന്തോഷങ്ങൾക്കുമായി ചിലവഴിക്കുന്ന സമയവും ഊർജ്ജവും നിത്യമായ ആനന്ദത്തിനുവേണ്ടി ചിലവഴിച്ചിരുന്നെങ്കിൽ..!
കടപ്പാട്
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*