*രാജ്യത്ത് ജനന-മരണ രജിസ്ട്രേഷനുകൾ നടത്താൻ ഇനി മുതൽ മാതാപിതാക്കളുടെ ആധാറും നിർബന്ധം.* ദേശീയ-സംസ്ഥാന തലങ്ങളിൽ ജനന-മരണ രജിസ്ട്രേഷന് വ്യക്തമായ ഡാറ്റ ബേസ് നിർമ്മിക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് പുതിയ നടപടി. ഇത് സംബന്ധിച്ച നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കിയിട്ടുണ്ട്. വ്യക്തികളുടെ ജനന-മരണ രജിസ്ട്രേഷന് പ്രത്യേക ഡാറ്റാ ബേസ് തയ്യാറാക്കുന്നതോടെ, ജനസംഖ്യാ രജിസ്റ്റർ, തിരഞ്ഞെടുപ്പുകൾ, റേഷൻ കാർഡുകൾ എന്നിവ തയ്യാറാക്കുമ്പോൾ ഏറെ ഉപകാരപ്പെടുമെന്നാണ് വിലയിരുത്തൽ.
*ഇലക്ട്രോണിക് വാഹന ഉൽപ്പാദന രംഗത്ത് വൻ മാറ്റങ്ങൾക്ക് കുതിപ്പേകുന്ന, തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് (എൽ.ടി.ഒ) ബാറ്ററിയുടെ പ്രോട്ടോടൈപ്പ് ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ കൈമാറി.* വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായരിൽ നിന്ന് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് പ്രോട്ടോടൈപ്പ് സ്വീകരിച്ചു.
*അപകീർത്തി പരാമർശക്കേസിൽ സുപ്രീം കോടതിയിൽ എതിർ സത്യവാംഗ്മൂലം സമർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.* മാപ്പ് പറയില്ലെന്നും സംഭവത്തിൽ താൻ കുറ്റക്കാരനല്ലെന്നും രാഹുൽ കോടതിയെ അറിയിച്ചു. കേസിലെ ഹർജിക്കാരനായ പൂർണേഷ് മോദി എന്നയാൾ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ ഉപയോഗിച്ച്, ചെയ്യാത്ത കുറ്റത്തിന് തന്നെക്കൊണ്ട് മാപ്പ് പറയിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ വ്യക്തമാക്കി.
*ഹിന്ദു പുരാണങ്ങളെക്കുറിച്ച് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവനകൾ തള്ളി മുസ്ലിം ലീഗ്.* ലീഗ് എന്നും വിശ്വാസി സമൂഹത്തോടൊപ്പമാണെന്ന് മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിഷയത്തിൽ പരിഹാരം വേണമെന്നും വർഗീയ ധ്രുവീകരണത്തിലേക്ക് പോകരുതെന്നും കുഞ്ഞാലിക്കുട്ടി അഭ്യർഥിച്ചു. എല്ലാവർക്കും അവരവരുടേതായ വിശ്വാസമുണ്ടെന്നും അത് എല്ലാ വിഭാഗവും മുറുകെ പിടിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
*നെടുമ്പാശേരിയില്‍ ബംഗാളിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി വന്ന രണ്ട് ബംഗാൾ സ്വദേശികൾ പോലീസ് പിടിയിലായി.* ഇന്നലെ രാത്രി ഏഴരയോടെ പുറയാർ ഗാന്ധിപുരത്താണ് സംഭവം. പെൺകുട്ടികൾ യഥാക്രമം 13, 17 വയസ് പ്രായമുള്ളവരും യുവാക്കൾ 20, 22 വയസുകാരുമാണ്. 22കാരന്റെ മാതാവ് പുറയാറിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്നുണ്ട്.
*കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയറും വേർപിരിയുന്നു.* 18 വർഷത്തെ ദാമ്പത്യജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ആഴത്തിലുള്ള സ്നേഹവും ബഹുമാനവും ഉള്ള അടുത്ത കുടുംബമായി തുടരുമെന്ന് ദമ്പതികൾ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. 2005 മേയിലാണ് ട്രൂഡോയും സോഫിയും വിവാഹിതരാകുന്നത്. ഇവർക്ക് മൂന്നു കുട്ടികളുണ്ട്. സേവ്യർ (15), എല്ലഗ്രേസ് (14), ഹാഡ്രിയന്‍ (ഒമ്പത് ).
*മണിപ്പുർ വിഷയത്തെപ്പറ്റി സംസാരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിലേക്ക് വിളിച്ചുവരുത്താനാവില്ലെന്ന് രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകർ.* പ്രധാനമന്ത്രിയെ സഭയിലേക്ക് വിളിച്ചുവരുത്താൻ നിയമപ്രകാരം കഴിയില്ലെന്നും അങ്ങനെ ചെയ്യില്ലെന്നും സഭയിലെ പ്രതിപക്ഷാവശ്യത്തിന് മറുപടിയായി ധൻകർ വ്യക്തമാക്കി. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് വോക്ക്ഔട്ട് നടത്തി.
*കെഎസ്ആർടിസിയിലെ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും സ്ഥലംമാറ്റ ഉത്തരവുകൾ മരവിപ്പിച്ചു.* 3,286 ഡ്രൈവർമാരെയും 2,803 കണ്ടക്ടർമാരെയും സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് മരവിപ്പിച്ചത്. ഉത്തരവിനെതിരെ യൂണിയനുകൾ ഉയർത്തിയ ആക്ഷേപങ്ങൾ പരിശോധിക്കാൻ മന്ത്രി ആന്റണി രാജു നിർദേശിച്ചു. അതേസമയം, ഉത്തരവ് ഇറങ്ങിയ ശേഷം സ്ഥലംമാറ്റം അംഗീകരിച്ച് പുതിയ സ്ഥലങ്ങളിൽ ജോലിക്ക് പ്രവേശിച്ചവരുടെ കാര്യത്തിൽ തൽസ്ഥിതി തുടരും. കഴിഞ്ഞ മാസം 15 നാണ് സ്ഥലമാറ്റ ഉത്തരവിറങ്ങിയത്.
*അറബ് ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ടുണീഷ്യൻ നേതാവ് നജ്ല് ബൗദൻ റമദാനെയെ പുറത്താക്കി പ്രസിഡന്റ് ഖായിസ് സയിദ്.* ചൊവ്വ വൈകിട്ടോടെയാണ് റമദാനയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്ന വിവരം പ്രസിഡന്റ് സയിദ് ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ എന്ത് കാരണത്താലാണ് റമദാനയെ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
*കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിനു കീഴിലുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിന് ഡപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്ക് റവന്യു ഡിവിഷണൽ ഓഫിസറുടെ അധികാരം നൽകാൻ മന്ത്രിസഭാ തീരുമാനം.* ഈ വ്യവസ്ഥ ഉൾപ്പെടുത്തി 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരടു ബിൽ മന്ത്രിസഭ അംഗീകരിച്ചു.
*വിളനാശം മൂലം നാശനഷ്ടം സംഭവിച്ച കർഷകർക്ക് ഇനി നല്‍കാനുള്ളത് 25 കോടി രൂപയെന്നു കൃഷിമന്ത്രി പി. പ്രസാദ്* കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 80 കോടി രൂപ അനുവദിച്ചു. കുടിശികയായ തുക ഘട്ടം ഘട്ടമായി വിതരണം ചെയ്യുമെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
*പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുൻഖ്വ പ്രവിശ്യയില്‍ രാഷ്ട്രീയ പാര്‍ട്ടി യോഗത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ നടത്തിയ ചാവേർ സ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു.* സ്‌ഫോടനത്തിൽ 63 പേർ മരിച്ചതായി അധികൃതർ വ്യക്തമാക്കി.
*നിത്യോപയോഗ സാധനങ്ങളുടെ വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തിൽ കേരളത്തിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി നിരവധി നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* വിലക്കയറ്റം പിടിച്ചുനിർത്താനായുള്ള ഇടപെടലുകളുടെ ഫലമായി എട്ടാം വർഷവും സപ്ലൈകോ സ്റ്റോറുകളിൽ സാധനങ്ങൾക്ക് വില കൂടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
*ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സ്പീക്കർ നടത്തിയ ഗുരുതരമായ പരാമർശങ്ങൾക്ക് സിപിഎം നൽകുന്ന പൂർണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.* ഭരണകൂടം മതപരമായ കാര്യങ്ങളിൽനിന്ന് അകന്നു നിൽക്കുക എന്നതാണ് മതേതരത്വത്തിന്റെ അടിത്തറ എന്നും സ്പീക്കർ മതപരമായ വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നതിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
*ഡ്യൂട്ടിക്കിടെ ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകി ആരോഗ്യ സർവകലാശാല.* തൃശൂർ ആരോഗ്യ സർവകലാശാലയിൽ വച്ച് നടന്ന ചടങ്ങിലാണ് വന്ദനാ ദാസിന് മരണാന്തര ബഹുമതിയായി എംബിബിഎസ് നൽകിയത്.ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ നിന്നും വന്ദനയുടെ മാതാപിതാക്കൾ മോഹൻദാസും വസന്തകുമാരിയും ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
*കാലാവസ്ഥ വ്യതിയാനം അതിജീവിക്കുന്ന പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ പരിചയപ്പെടുത്തുന്ന ഹൗസിംഗ് പാർക്ക് കേരളത്തിൽ സ്ഥാപിക്കുമെന്ന് റവന്യൂ, ഭവന നിർമാണ മന്ത്രി കെ രാജൻ.* സംസ്ഥാന നിർമിതി കേന്ദ്രം നടപ്പാക്കുന്ന ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കെട്ടിട നിർമാണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക പാർപ്പിട സംസ്‌കാരത്തെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണത്തിന്റെയും പഠനത്തിന്റെയും ഭാഗമായാണ് ത്രീഡി പ്രിന്റിംഗ് നിർമാണ സാങ്കേതികവിദ്യ സർക്കാർ പരിചയപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
*താനൂരില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എട്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.* തൃശൂര്‍ ഡിഐജി അജിതാ ബീഗമാണ് സസ്‌പെന്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലാണ് നടപടി. കസ്റ്റഡി മര്‍ദ്ദനം നടന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.
*സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് 2013ലെ കമ്പനി നിയമ പ്രകാരം കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.* കേരളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനക്കും സംസ്‌കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിലൂടെ സാധ്യമാകും.
*രാജ്യത്ത് വീണ്ടും റെക്കോർഡ് നേട്ടത്തിലേറി ജിഎസ്ടി വരുമാനം.* ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈ മാസത്തിൽ രാജ്യത്തെ മൊത്തം ജിഎസ്ടി വരുമാനം 1.65 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷം ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 11 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനവും മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്.
*ജമ്മു കാശ്മീർ അടക്കമുള്ള അതിർത്തി പ്രദേശങ്ങളിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരരുടെ എണ്ണത്തിൽ വൻ കുറവ്.* നിലവിൽ, വിവിധ സേനകളുടെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. ഈ വർഷം ജൂൺ അവസാനം വരെ ഭീകരരുടെ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കി. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നുഴഞ്ഞുകയറ്റം ശ്രമങ്ങളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്.
*ഹരിയാനയിൽ അരങ്ങേറുന്ന വർഗീയ സംഘർഷത്തിൽ ഇതുവരെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.* കൊല്ലപ്പെട്ടവരിൽ അഭിഷേക് രാജ്പുത് എന്ന ബജ്‌റംഗ്ദൾ പ്രവർത്തകനും ഉൾപ്പെടുന്നതായി റിപ്പോർട്ട്. അഭിഷേകിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം, മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും തല കല്ലുകൊണ്ട് തകർക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മേവാത്തിലെ ഹതിൻ പ്രദേശത്ത് താമസിക്കുന്ന ഭരത് ഭൂഷൺ എന്നയാളാണ് അഭിഷേകിനെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.
*പ്രളയത്തെ തുടർന്ന് നാശനഷ്ടങ്ങൾ ഉണ്ടായ ഹിമാചൽ പ്രദേശിന്റെ പുനരുദ്ധാരണത്തിന് കോടികൾ അനുവദിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ.* റിപ്പോർട്ടുകൾ പ്രകാരം, കുളു ജില്ലയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 400 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പങ്കുവെച്ചിട്ടുണ്ട്. നിലവിൽ, പ്രളയബാധിത മേഖലകളായ ബഡാ ഭുയാൻ, ദിയോധർ, ഷിരാദ്, ക്ലാത്ത്, ആലു ഗ്രൗണ്ട് മണാലി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.
*കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് ചന്ദനത്തടി കടത്തിയ സംഘത്തെ 150 കിലോമീറ്ററുകളോളം പിന്തുടർന്ന് പിടികൂടി കോയമ്പത്തൂർ പൊലീസ്.* കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സേലത്തിനടുത്ത് ആറ്റൂരിൽ ആണ് കേരളത്തിലെ മലപ്പുറം ജില്ലയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്തിയ ചന്ദനത്തടി പിടികൂടിയത്. 1051 കിലോ വരുന്ന ചന്ദനത്തടികളടങ്ങിയ ട്രക്ക് ആണ് പൊലീസ് പിടിച്ചെടുത്തത്.
*ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം.* നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീം കോടതി ശിവശങ്കറിന് രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളി.
*ഇത്തവണ മുസ്ലീം സഹോദരിമാര്‍ക്കൊപ്പം രക്ഷാബന്ധന്‍ ദിനം ആഘോഷിക്കാന്‍ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.* മുത്തലാഖ് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മുസ്ലീം സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വബോധം ഉണ്ടാക്കിയതായും മോദി ചൂണ്ടിക്കാട്ടി.
*ഹരിയാനയിലെ വർഗീയ കലാപ കേസുകൾ എസ്‌ഐടി അന്വേഷിക്കും. നുഹിലെ ഏറ്റുമുട്ടലിൽ ആറുപേർ കൊല്ലപ്പെട്ടു.* സംശയം തോന്നിയവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിൽ ബജ്‌റംഗ്ദൾ പ്രവർത്തകൻ മോനു മനേസറിന്റെ പങ്ക് കൂടി പരിശോധിക്കും.
*മദ്യം നൽകി പീഡനത്തിന് ഇരയാക്കിയെന്ന വിദേശ വനിതയുടെ പരാതിയിൽ ചെറിയഴീക്കൽ സ്വദേശികളായ രണ്ടു പേർ പിടിയിൽ.* 44 വയസ്സുള്ള അമേരിക്കൻ വനിതയെ പീഡിപ്പിച്ച കേസിലാണ് ആലുംകടവ് ചെറിയഴീക്കൽ പന്നിശ്ശേരിൽ നിഖിൽ (28), ചെറിയഴീക്കൽ അരയശേരിൽ ജയൻ (39) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇരുവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നു പൊലീസ് പറഞ്ഞു.
*കോയമ്പത്തൂരിൽ നടന്ന കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എൻഐഎ അറസ്‌റ്റ് ചെയ്‌തു.* 2022 ഒക്ടോബറിൽ ക്ഷേത്രത്തിന് സമീപം നടന്ന സ്‌ഫോടനത്തിൽ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ജമേഷ മുബീൻ കൊല്ലപ്പെട്ടിരുന്നു. ഇയാളുമായി അടുത്ത ബന്ധമുള്ള മുഹമ്മദ് ഇദ്രിസി(25)നെയാണ് എൻഐഎ സംഘം ഇപ്പോൾ പിടികൂടിയത്.
*മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കൂടി മരണത്തിന് കീഴടങ്ങി.* ധാത്രി എന്ന പേരുള്ള പെൺ ചീറ്റയാണ് മരിച്ചത്. ഇതോടെ, കുനോ നാഷണൽ പാർക്കിൽ നിന്നും മരിച്ച ചീറ്റകളുടെ എണ്ണം ഒൻപതായി ഉയർന്നു. ചീറ്റയുടെ മരണകാരണം കണ്ടെത്താൻ പോസ്റ്റുമോർട്ടം നടപടികൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ത്യയിലേക്ക് എത്തിച്ച ചീറ്റകളാണ് മരിച്ചത്.
*പ്രസിദ്ധമായ പളനി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് വീണ്ടും സ്ഥാപിക്കാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.* വിശ്വാസികളുടെ ഓര്‍ഗനൈസേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ശ്രദ്ധേയമായ വിധി. മധുര ബഞ്ചാണ് വിധി പറഞ്ഞത്. അനാവശ്യമായ ചര്‍ച്ചകള്‍ക്ക് സാഹചര്യമുണ്ടാക്കരുതെന്ന് തമിഴ്നാട് ദേവസ്വം വകുപ്പിനോട് ജസ്റ്റിസ് എസ്. ശ്രീമതി മുന്നറിയിപ്പ് നല്‍കി.
*ഇന്നത്തെ വചനം*
ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്.
പ്രത്യുത, ഇസ്രായേല്‍ വംശത്തിലെ നഷ്‌ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍.
പോകുമ്പോള്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍.
രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്‌ഠരോഗികളെ ശുദ്‌ധരാക്കുകയും പിശാചുക്കളെ ബഹിഷ്‌കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.
നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ വെള്ളിയോ ചെമ്പോ കരുതിവയ്‌ക്കരുത്.
യാത്രയ്‌ക്കു സഞ്ചിയോ രണ്ട് ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്. വേല ചെയ്യുന്നവന്‍ ആഹാരത്തിന് അര്‍ഹനാണ്.
നിങ്ങള്‍ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍, അവിടെ യോഗ്യതയുള്ളവന്‍ ആരെന്ന് അന്വേഷിക്കുകയും അവിടം വിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിന്‍.
നിങ്ങള്‍ ആ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനു സമാധാനം ആശംസിക്കണം.
ആ ഭവനം അര്‍ഹതയുള്ളതാണെങ്കില്‍ നിങ്ങളുടെ സമാധാനം അതില്‍ വസിക്കട്ടെ. അര്‍ഹതയില്ലാത്തതെങ്കില്‍, നിങ്ങളുടെ സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ.
ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടുപോരുമ്പോള്‍ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിന്‍.
വിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സോദോം-ഗൊമോറാദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുണ്ടാകുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
മത്തായി 10 : 5-15
*വചന വിചിന്തനം*
ദാനമായി ലഭിച്ചത് ദാനമായി നൽകുവിൻ എന്നാണ് കർത്താവ് ശിഷ്യൻമാരോട് പറയുന്നത്. വിശ്വാസമെന്ന വലിയ ദാനം സൗജന്യമായി സ്വീകരിച്ച് നിത്യജീവന് സൗജന്യമായി അർഹത നേടിയവരാണ് നമ്മൾ എന്ന ബോധ്യം പുലർത്തണം. ഈ ദാനം മറ്റുള്ളവരുമായി സൗജന്യമായി പങ്കുവയ്ക്കാനും വിശ്വാസത്തിലേക്ക് ആനയിക്കാനുമുള്ള നമ്മുടെ കടമയെ വചനം ഓർമിപ്പിക്കുന്നു.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*