കേരള സർക്കാരിന്റെ മദ്യനയത്തെ ശക്തമായി എതിർക്കുമെന്നും നാട്ടിൽ പുതിയ മദ്യശാലകൾ തുറന്ന് മദ്യത്തിന്റെ മഹാപ്രളയം സൃഷ്ടിക്കാനുളള നീക്കം എത്രയും വേഗം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും ചങ്ങനാശേരി അതിരൂപത കെസിബിസി മദ്യ വിരുദ്ധ സമിതിയുടെ അടിയന്തര യോഗം സർക്കാരിനോടാവശ്യപ്പെട്ടു. മയക്കുമരുന്നുകൊണ്ട് കൗമാരം ഇന്നു തളർന്നു കിടക്കുന്നു. ഇനി മദ്യത്തിന്റെ കുത്തൊഴുക്കുകൂടി വന്നാൽ നാട്ടിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാന്യമായി നടക്കാൻ പറ്റാത്ത സ്ഥിതി വരും. സമര പരിപാടി ആലോചിക്കുന്നതിനു വിവിധ സംഘടനകളുടെ യോഗം ഓഗസ്റ്റ് മൂന്നിന് അതിരൂപത കേന്ദ്രത്തിൽ കൂടുവാനും യോഗം തീരുമാനിച്ചു. ജെ. റ്റി. റാംസേയുടെ അധ്യക്ഷതയിൽ കൂടിയ യോഗം അതിരൂപത ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം ഉദ്ഘാടനം ചെയ്തു.
തോമസ്കുട്ടി മണക്കുന്നേൽ, ടി. എം. മാത്യു, ബേബിച്ചൻ പുത്തൻപറമ്പിൽ, കെ.പി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. വിദേശ മദ്യം, ബിയര്‍ എന്നിവ പരമാവധി സംസ്ഥാനത്തിനകത്ത് ഉത്പ്പാദിപ്പിക്കുവാന്‍ പുതിയ മദ്യ നയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിന്നു. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കും. ഇതിനായി നിലവിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനും പഴ വര്‍ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുവാനും വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്ന റെസ്റ്റോറന്റ് കള്‍ക്ക് സീസണില്‍ ബിയര്‍, വൈന്‍ എന്നിവ വില്‍ക്കാന്‍ ലൈസന്‍സ് നല്‍കുമെന്നും പുതിയ മദ്യനയത്തില്‍ പറയുന്നുണ്ട്. മദ്യ വര്‍ജ്ജനം തെരഞ്ഞെടുപ്പ് നയമായി എടുത്ത സര്‍ക്കാര്‍ വ്യാപകമായി മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.