*ബംഗളൂരു ഭീകരാക്രമണ നീക്കത്തില്‍ തടിയന്‍റവിട നസീര്‍ കസ്റ്റഡിയില്‍.* ജയിലില്‍നിന്നാണ് നസീറിനെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനു പദ്ധതിയിട്ടവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2008 ലെ ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായി പരപ്പന അഗ്രഹാര ജയിലിലാണ് തടിയന്‍റവിട നസീർ. മറ്റൊരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുമ്പോഴാണ് നസീർ പ്രതികളെ പരിചയപ്പെടുന്നത്.
*മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു.* മൂന്നിടങ്ങളിലായി മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലില്‍ നാല് പേർക്ക് പരിക്കേറ്റു. സാന്തിഖോങ്ബാമിൽ ബിഎസ്എഫ് ക്യാമ്പിന് നേരെ അക്രമികൾ വെടിയുതിർത്തു. അതേസമയം, മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിൽ നടത്തിയ സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു.
*തീവ്ര ഇസ്ളാമിക രാഷ്ട്രമായ ഇറാനിലെ അഞ്ചു നഗരങ്ങളിലായി ഈ മാസം അറസ്റ്റിലായത് അന്‍പതിലധികം പരിവര്‍ത്തിത ക്രൈസ്തവര്‍.* അറസ്റ്റിലായവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇറാനിലെ പ്രബല മുസ്ലീം വിഭാഗമായ ഷിയാ വിഭാഗത്തില്‍ നിന്നും ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ടെഹ്‌റാന്‍, കാരാജ്, റാഷ്ട്, ഒരുമിയെ, അലിഗൌഡാര്‍സ് എന്നീ നഗരങ്ങളിലുള്ള ക്രൈസ്തവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ചിലര്‍ക്ക് ജാമ്യം ലഭിച്ചുവെങ്കിലും നിരവധി പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. വീടുകളിലും, ഭവനദേവാലയങ്ങളിലും അതിക്രമിച്ച് കയറിയ പോലീസ് കുട്ടികളുടെ മുന്നില്‍വെച്ചാണ് അവരുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതെന്നു ഇറാനിലെ മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ ‘ആര്‍ട്ടിക്കിള്‍ 18’ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
*സിപിഎം നേതാവ് പി ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു.* യുവമോർച്ച പ്രവർത്തകരുടെ ഭീഷണി മുദ്രാവാക്യങ്ങൾക്കു പിന്നാലെയാണ് നടപടി. സ്പീക്കർ എഎൻ ഷംസീറിനെതിരെ യുവമോർച്ച ഭീഷണി മുഴക്കിയതിന് പിന്നാലെ പി ജയരാജൻ നടത്തിയ മോർച്ചറി പ്രയോഗം രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് തുടക്കമിട്ടിരുന്നു.
*കർഷകർക്ക് നെല്ലിന്റെ സംഭരണ വില ഭാവിയിൽ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് സപ്ലൈകോയും കേരള ബാങ്കും സഹകരിച്ച് മുന്നോട്ട് പോകാൻ ധാരണയായി.* ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
*കുറഞ്ഞവിലയ്ക്കുള്ള വൈദ്യുതിക്കരാറുകൾ ചട്ടലംഘനത്തിന്റെ പേരിൽ റദ്ദാക്കിയ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കൂടിയവിലയ്ക്കുള്ള പുതിയ കരാറുകൾക്ക് അനുമതി നൽകാനൊരുങ്ങുന്നു.* 25 വർഷത്തേക്ക് യൂണിറ്റിന് ശരാശരി 4.5 രൂപയ്ക്ക് ലഭിച്ചിരുന്ന കരാറുകളാണ് റദ്ദാക്കിയത്. ഇപ്പോൾ ഒരുവർഷത്തേക്ക് പരിഗണിക്കുന്ന കരാറുകളിലെ വിലയാകട്ടെ 4.91 രൂപമുതൽ 6.24 രൂപവരെയാണ്.
*31 ഗ്രാം ഹെറോയിൻ ലഹരിയുമായി പിടിയിലായ വനിതയെ സിംഗപ്പൂരിൽ തൂക്കിലേറ്റി.* 2018 ൽ പിടിയിലായ സരിദേവി ജാമണി (45)യുടെ വധശിക്ഷയാണു നടപ്പാക്കിയത്. ഈയാഴ്ച സിംഗപ്പൂരിൽ നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. അടുത്തയാഴ്ച മറ്റൊരു വധശിക്ഷകൂടിയുണ്ടെന്നാണു വിവരം. അരക്കിലോയിലേറെ കഞ്ചാവോ 15 ഗ്രാമിലേറെ ഹെറോയിനോ കൈവശം വച്ചാൽ സിംഗപ്പൂരിൽ വധശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഹെറോയിൻ കൈവശം വച്ചതിനു കഴിഞ്ഞയാഴ്ച 56 കാരനെ തൂക്കിലേറ്റിയിരുന്നു.
*ചൈനയുടെയും റഷ്യയുടെയും ഉന്നത നേതാക്കളെ ഇരുവശവും നിർത്തി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ലോകത്തിനു മുൻപിൽ ആണവ കരുത്തു പ്രദർശിപ്പിച്ചു.* ആണവ മിസൈലുകളും ആക്രമണം നടത്തുന്ന ഡ്രോണുകളും അണിനിരന്ന സൈനിക പരേഡിനാണ് തലസ്ഥാനമായ പ്യോങ്യാങ് വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. രാജ്യം വിജയദിനമായി ആഘോഷിക്കുന്ന കൊറിയൻ യുദ്ധവാർഷിക ദിനത്തിലാണ് പരേഡ് നടന്നത്. ഉത്തര കൊറിയയുടെ ആണവായുധ പരിപാടിക്ക് യുഎൻ രക്ഷാസമിതി നിരോധനം ഏർപ്പെടുത്തിയ 2006 മുതൽ ഇരുരാജ്യങ്ങളും അകലം പാലിച്ചുവരികയായിരുന്നു
*അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ.* ആസാം സ്വദേശി അഫ്സാക്ക് ആലം ആണ് പിടിയിലായത്. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്. അതേസമയം കുട്ടിയെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.
*നൈജറിൽ ഭരണ അട്ടിമറിക്കു ശേഷം പുതിയ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് കേണൽ ജനറൽ അമാദൗ അബ്ദ്റമാനെ.* ദേശീയ ടിവിയിലൂടെയാണ് അമാദൗ അബ്ദ്റമാനെ പ്രഖ്യാപനം നടത്തിയത്. രാജ്യം പടിപടിയായി നശിക്കുന്നത് തടയാൻ ഇടപെടൽ അനിവാര്യമായിരുന്നുവെന്നും 62 കാരനായ ജനറൽ പറഞ്ഞു.
*മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിലൂടെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള ശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ.* ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം കവർന്നെടുക്കുന്നതിനുള്ള നീക്കമാണിതെന്നും മന്ത്രി പറഞ്ഞു.
* ഭരണഘടനയിൽനിന്ന് ഇന്ത്യ എന്ന പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി പാർലമെന്‍റിൽ രംഗത്ത്.* രാജ്യസഭയിൽ ഉത്തരാഘണ്ഡിൽ നിന്നുള്ള അംഗം നരേഷ് ബൻസലാണ് വിവാദ പരാമർശം നടത്തിയത്.ഇന്ത്യ എന്ന പേര് കൊളോണിയൽ അടിമത്വത്തിന്‍റെ പ്രതീകമാണെന്നും ഭരണഘടനയിൽ ഭാരത് എന്ന് മാത്രമാക്കുകയാണ് വേണ്ടതെന്നും എംപി ആവശ്യപ്പെട്ടു. അതേസമയം, വിഷയം അവതരിപ്പിച്ചതിൽ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നു.
*പാസ്പോർട്ടും വീസയുമില്ലാതെ മടക്കടിക്കറ്റ് ബുക്ക് ചെയ്യാനെത്തിയ പ്രായപൂർത്തിയാകാത്ത പാക് പെൺകുട്ടി ജയ്പുരിൽ പിടിയിൽ.* 16 വയസുകാരിയെ ജയ്പുർ എയർപോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ലാഹോർ സ്വദേശിനിയായ ഗസൽ പർവീൺ ആണ് പിടിയിലായത്.
*വിവാദങ്ങൾ ഉണ്ടാക്കാതെ സർക്കാർ മുന്നോട്ടു പോകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.* കഴിഞ്ഞ ദിവസം ഉണ്ടായ മൈക്കു വിവാദത്തെ സംബന്ധിച്ചു യോഗം വിശദമായി ചർച്ച ചെയ്തില്ല. എന്നാൽ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന വീഴ്ചകൾ സർക്കാരിനും പാർട്ടിക്കും പൊതുവേ ക്ഷീണമുണ്ടാക്കുന്നതാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
*കുട്ടിക്കാലം മുതല്‍ പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം പ്രായപൂര്‍ത്തിയായ ശേഷമാണ് തുറന്ന് പറഞ്ഞതെന്ന കാരണത്താല്‍ ഇരയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ഹൈക്കോടതി.* മകളെ പീഡിപ്പിച്ചെന്ന കേസില്‍ ജീവിതാവസാനം വരെ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിതാവ് നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
*പിഎസ്‌സി അംഗീകരിച്ച കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ വകുപ്പ് മന്ത്രി ബിന്ദു ഇടപെട്ട സംഭവത്തിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* മന്ത്രിയുടെ നടപടി സ്വജനപക്ഷപാദവും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
*ഭാര്യ ‘കൊന്നു കുഴിച്ചുമൂടിയ’ നൗഷാദ് തിരിച്ചെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.* പത്തനംതിട്ട കലഞ്ഞൂര്‍ നൗഷാദിനെ കാണാതാകുന്നതിന് മുൻപ് വാടക വീട്ടില്‍ വച്ച് ഒന്നര വര്‍ഷം മുൻപ് ഭാര്യ അഫ്സാനയും സുഹൃത്തുക്കളും മര്‍ദ്ദിച്ചിരുന്നു. തുടർന്ന് അവശനിലയിലായ നൗഷാദിനെ അവര്‍ അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നു. മരിച്ചെന്നു കരുതിയാകാം നൗഷാദിനെ അവർ ഉപേക്ഷിച്ചു പോയതെന്നു പൊലീസ് പറഞ്ഞു.ഭാര്യയുടെ ആള്‍ക്കാര്‍ സ്ഥിരമായി മര്‍ദിച്ചിരുന്നുവെന്നും അതിനാല്‍ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നും നൗഷാദ് മൊഴി നല്‍കി.
*മഹാരാഷ്ട്ര ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ കേസിൽ എൻഐഎ ഒരാളെ കൂടി അറസ്റ്റ് ചെയ്തു.* പൂനെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. നിരോധിത ഭീകര സംഘടന പ്രചരിപ്പിച്ച അക്രമ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചതിന് ഡോ.അദ്‌നാലി സർക്കാരിനെയാണ് (43) അറസ്റ്റ് ചെയ്തത്.
*മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ആരുടെയും ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍.* ഇത് കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ സര്‍ക്കാരിനെ സഹായിക്കും. കൂടാതെ ഇവരെ ‘നെഗറ്റീവ് ബയോമെട്രിക് ലിസ്റ്റില്‍’ ഉള്‍പ്പെടുത്തുകയും ചെയ്യും. അതിനാല്‍ തന്നെ പിന്നീട് അവര്‍ക്ക് ഇന്ത്യന്‍ പൗരന്മാരാകാന്‍ കഴിയില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈയില്‍ മ്യാന്‍മറില്‍ നിന്ന് 700 ലധികം അനധികൃത കുടിയേറ്റക്കാര്‍ സംസ്ഥാനത്തേക്ക് കടന്നതായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മണിപ്പൂര്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.
*സിനിമാ പൈറസി തടയാൻ ലക്ഷ്യമിട്ടുള്ള സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബിൽ 2023 പാസാക്കി രാജ്യസഭ.* സിനിമകളുടെ പൈറേറ്റഡ് പകർപ്പുകൾ നിർമ്മിക്കുന്ന വ്യക്തികൾക്ക് മൂന്ന് വർഷം വരെ തടവും ഒരു സിനിമയുടെ നിർമ്മാണ ചെലവിന്റെ 5% വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബിൽ ആണ് പാസാക്കിയത്. സിനിമാ വ്യവസായത്തെ സഹായിക്കുന്നതിനും ലൈസൻസിംഗ് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും കൂടിയുള്ള ബിൽ ആണിത്.
*ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ 29,295 സർക്കാർ ജോലികളിൽ നിയമനം നൽകി.* കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിൽ ഒഴിവുകൾ കണ്ടെത്തുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ തുടർച്ചയായി നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
*തടിയന്‍റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്.* ബെംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതിന് പോലീസ് പിടിയിലായ അഞ്ചംഗ സംഘത്തെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചത് നസീറാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നസീറിനെ കസ്റ്റഡിയിലെടുത്തത്.
*ഉഡുപ്പി കോളേജ് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ട്വീറ്റ് ചെയ്തതിന് ബിജെപി പ്രവർത്തകയെ അറസ്റ്റ് ചെയ്തു.* ഉഡുപ്പിയിലെ കോളേജ് ശുചിമുറിയിൽ വച്ച് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച സംഭവത്തിലാണ് ഇവർ ട്വീറ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിന് ശേഷം ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ ഹനമന്ത്രയ് എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശകുന്തളയ്‌ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തത്.
*മഹാഭാരതത്തിലും ലവ് ജിഹാദ് സംഭവിച്ചെന്ന വിവാദ പരാമർശം നടത്തിയ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ മാപ്പ് പറഞ്ഞു.* പരാമർശം വലിയ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷൻ മാപ്പ് പറഞ്ഞത്. ഗോലാഘട്ടിലെ ട്രിപ്പിൾ കൊലക്കേസ് ‘ലൗ ജിഹാദ്’ ആണെന്ന അസം മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് പ്രതികരിക്കവേയാണ് ബോറ മഹാഭാരതത്തിലും ലവ് ജിഹാദ് സംഭവിച്ചെന്ന വിവാദ പരാമർശം നടത്തിയത്.
*സ്‌കൂളില്‍ പൊട്ടുതൊട്ട് എത്തിയതിന് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം നടന്നതായി പരാതി.* രാജസ്ഥാനിലാണ് സംഭവം. ശുഭം രജ്പുത് എന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് എട്ടംഗ സംഘം ഭീഷണിപ്പെടുത്തിയത്.ഹിന്ദു വിദ്യാര്‍ത്ഥി പൊട്ടുതൊട്ടതിനെ ചിലർ എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് ശുഭം രജ്പുത്തിന് മുസ്ലീം വിദ്യാര്‍ത്ഥികളുടെ ഭീഷണി. സംഭവമറിഞ്ഞ് സ്‌കൂളിലെത്തിയ ശുഭത്തിന്റെ മാതാപിതാക്കള്‍ക്കെതിരെയും ഭീഷണി ഉയർന്നു. മതം മാറണമെന്നും ഇവർ നിർദ്ദേശിച്ചു.
*ഉത്തർപ്രദേശിൽ ഭർത്താവിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ.* ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട് കോടാലി കൊണ്ട് വെട്ടിമുറിച്ച് അഞ്ച് കഷ്ണങ്ങളാക്കിയ ശേഷം മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. ഗജ്‌റൗള മേഖലയിലെ ശിവനഗർ സ്വദേശിയായ 55 കാരനായ റാം പാലാണ് മരിച്ചത്. കുറച്ചുനാളുകളായി റാം പാലിന്റെ സുഹൃത്തിനൊപ്പമായിരുന്നു ഇയാളുടെ ഭാര്യ ദുലാരോ ദേവി കഴിഞ്ഞിരുന്നത്
*കലഞ്ഞൂരില്‍ നിന്ന് ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തിയെങ്കിലും കേരള പൊലീസിന് വീണ്ടും ഒരു തലവേദന ഉണ്ടായിരിക്കുകയാണ്.* നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് ഭാര്യ അഫ്സാന മൊഴി നൽകിയതിന് പിന്നാലെ പലയിടത്തും പോലീസ് പരിശോധന നടത്തി.പോലീസ് നടത്തിയ പരിശോധനക്കിടെ വീടു പൊളിച്ച നാശനഷ്ടത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമ വടക്കത്തുകാവ് പാലമുറ്റത്ത് ബിജുകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
*മായം ചേർത്ത ശർക്കര വിൽപന നടത്തിയതിന് കോഴിക്കോട് വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും ശിക്ഷ വിധിച്ച് കോടതി.* താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ട് എന്ന സ്ഥാപനത്തിനെതിരെയാണ് കോടതി വിധി വന്നത്. താമരശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന നിറം ചേർത്ത ശർക്കര വിറ്റുവെന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്.
*ഇടുക്കിയിൽ ഗര്‍ഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി.* പത്തേക്കർ പുത്തൻവീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ(25)യെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രീഷ്മ ഏഴ് മാസം ഗർഭിണിയായിരുന്നു.
*ജെറുസലേമിൽ സന്യാസ ആശ്രമത്തിന്റെ തലവനായ വൈദികനോട് കഴുത്തിൽ ധരിച്ചിരുന്ന കുരിശ് മറയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ട സംഭവം വിവാദത്തില്‍.* പഴയ ജറുസലേമിലെ ഡോർമിഷൻ അബേയുടെ ചുമതല വഹിക്കുന്ന ഫാ. നിക്കോദേമൂസ് ഷ്നാബൽ എന്ന വൈദികനാണ് വിശ്വാസപരമായ വിവേചനത്തിന് ഇരയായിരിക്കുന്നത്. ജൂലൈ 19നു നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇസ്രായേലി സർക്കാരിന്റെ വെസ്റ്റേൺ വാൾ ഹെറിറ്റേജ് ഫൗണ്ടേഷനിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയാണ് കുരിശ് മറയ്ക്കാൻ ആവശ്യപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഫാ. ഷ്നാബലിന്റെ കുരിശ് വളരെ വലുതാണെന്നും, അത് ഈ സ്ഥലത്തിന് യോജിച്ചതല്ലെന്നും അവർ പറയുന്നത് ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
*മധ്യപ്രദേശിൽ കത്തോലിക്ക സന്യാസിനികളാകാൻ താൽപര്യം പ്രകടിപ്പിച്ച മൂന്നു ആദിവാസി പെൺകുട്ടികളെ കുട്ടികളുടെ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് കസ്റ്റഡിയിലെടുത്തു.* ജൂലൈ 21നാണ് സന്യാസ ജീവിതം തെരഞ്ഞെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. ആദിവാസികൾ ബഹുഭൂരിപക്ഷം വരുന്ന ജാബുവ ജില്ലയിലെ കത്തോലിക്കാ വിദ്യാലയത്തിന്റെ ഹോസ്റ്റലിൽ നിന്നു പെൺകുട്ടികളെ കസ്റ്റഡിയിലെടുക്കുകയായിരിന്നു.
*ഇന്നത്തെ വചനം*
അവനോടുകൂടെ ഭക്‌ഷണത്തിനിരുന്ന വരില്‍ ഒരുവന്‍ ഇതു കേട്ടിട്ട് അവനോടു പറഞ്ഞു: ദൈവരാജ്യത്തില്‍ അപ്പം ഭക്‌ഷിക്കുന്നവന്‍ ഭാഗ്യവാന്‍.
അപ്പോള്‍ യേശു അവനോടു പറഞ്ഞു: ഒരുവന്‍ ഒരിക്കല്‍ ഒരു വലിയ സദ്യ ഒരുക്കി; വളരെപ്പേരെ ക്‌ഷണിക്കുകയും ചെയ്‌തു.
സദ്യയ്‌ക്കു സമയമായപ്പോള്‍ അവന്‍ ദാസനെ അയച്ചു ക്‌ഷണിക്കപ്പെട്ടവരെ അറിയിച്ചു: വരുവിന്‍, എല്ലാം തയ്യാറായിരിക്കുന്നു.
എന്നാല്‍ അവരെല്ലാവരും ഒന്നുപോലെ ഒഴികഴിവു പറയാന്‍ തുടങ്ങി, ഒന്നാമന്‍ പറഞ്ഞു: ഞാന്‍ ഒരു വയല്‍ വാങ്ങി; അതുപോയി കാണേണ്ടിയിരിക്കുന്നു. എന്നെ ഒഴിവാക്കണം എന്നു ഞാന്‍ അപേക്‌ഷിക്കുന്നു.
മറ്റൊരുവന്‍ പറഞ്ഞു: ഞാന്‍ അഞ്ചുജോടി കാളകളെ വാങ്ങി; അവയെ പരീക്‌ഷിച്ചുനോക്കുവാന്‍ പോകുന്നു; എനിക്ക് ഒഴിവുതരണം എന്ന് അപേക്‌ഷിക്കുന്നു.
മൂന്നാമതൊരുവന്‍ പറഞ്ഞു: എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ. അതിനാല്‍ എനിക്കു വരാന്‍ നിവൃത്തിയില്ല.
ആദാസന്‍ തിരിച്ചുവന്ന്‌യജമാനനെ വിവരം ധരിപ്പിച്ചു. ഗൃഹനാഥന്‍ കോപിച്ച് ദാസനോടു പറഞ്ഞു: നീ വേഗം പട്ടണത്തിന്റെ തെരുവുകളിലും ഊടുവഴികളിലും ചെന്ന്, ദരിദ്രരെയും, വികലാംഗരെയും, കുരുടരെയും, മുടന്തരെയും ഇവിടെ കൂട്ടിക്കൊണ്ടു വരുക.
അനന്തരം ആദാസന്‍ പറഞ്ഞു:യജമാനനേ, നീ കല്‍പിച്ചതുപോലെ ഞാന്‍ ചെയ്‌തു. ഇനിയും സ്‌ഥലമുണ്ട്.
യജമാനന്‍ ദാസനോടു പറഞ്ഞു: നീ പെരുവഴിയിലും ഇടവഴികളി ലും ചെന്ന്, എന്റെ വീടു നിറയുവോളം ആളുകള്‍ അകത്തേക്കു വരുവാന്‍ നിര്‍ബന്‌ധിക്കുക.
എന്തെന്നാല്‍, ക്‌ഷണിക്കപ്പെട്ടവരില്‍ ഒരുവനും എന്റെ വിരുന്ന് ആസ്വദിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കാ 14 : 15-24
*വചന വിചിന്തനം*
ദൈവരാജ്യത്തിൽ അപ്പം ഭക്ഷിക്കുന്നവൻ ഭാഗ്യവാൻ. ദൈവരാജ്യത്തിൽ അപ്പം ഭക്ഷിക്കണമെങ്കിൽ ചില കാര്യങ്ങൾ മാറ്റിവയ്ക്കേണ്ടതായിട്ടുണ്ട്. ഭൗതിക കാര്യങ്ങളിൽ മാത്രം മുഴുകി കഴിയുന്നവർക്ക് ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സാധിക്കുകയില്ല. ആത്മീയതയ്ക്കായി സമയം മാറ്റി വയ്ക്കുന്നവർക്കേ ആത്മീയ അനുഭവം സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. നമ്മുടെ ഭൗതികമായ തിരക്കുകൾക്കിടയിൽ ആത്മീയതയ്ക്കായി കുറച്ചു സമയം മാറ്റിവയ്ക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ?
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*