*മണിപ്പൂരിൽ സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ.* ആൾക്കൂട്ടം തങ്ങളെ ബലമായി കൂട്ടിക്കൊണ്ട് പോയപ്പോൾ പോലീസ് പ്രതികരിക്കാതെ നിൽക്കുകയായിരുന്നുവെന്ന് സംഭവത്തിൽ ഇരയായ സ്ത്രീ വെളിപ്പെടുത്തിയെന്ന് റിപ്പോർട്ട്. വീട്ടിൽ നിന്നും പോലീസാണ് സ്ത്രീകളടക്കമുള്ളവരെ ആൾകൂട്ടത്തിനിടയിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്നും അവർ പറഞ്ഞു. ഇവരുടെ ഭർത്താവ് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികനാണെന്നും റിപ്പോർട്ടിലുണ്ട്
*53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു.* മമ്മൂട്ടിയാണ് മികച്ച നടൻ. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ പ്രകടനമാണ് മമ്മൂട്ടിയെ മികച്ച നടനുള്ള അവാർഡിന് അർഹനാക്കിയത്. വിൻസി അലോഷ്യസ് ആണ് മികച്ച നടി. രേഖ എന്ന സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. നൻപകൽ നേരത്ത് മയക്കം ആണ് മികച്ച സിനിമ. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് മലയാള സിനിമയിലെ മികവുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
*പി വി അൻവറിന്റെ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ച് റവന്യൂവകുപ്പ്.* 3 മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നാണ് റവന്യു വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം. കണ്ണൂർ സോണൽ ലാൻഡ് ബോർഡ് ചെയർമാനാണ് പി വി അൻവർ എംഎൽഎയും കുടുംബവും കൈവശപ്പെടുത്തിയ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ചത്.
*ഓഗസ്റ്റ് 12-ന് നടക്കുന്ന 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു.* കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് കെ. തോമസ് എംഎൽഎയും സിനിമ- സീരിയൽ താരം ഗായത്രി അരുണും ചേർന്ന് എൻടിബിആർ സൊസൈറ്റി ചെയർപേഴ്സണായ ജില്ല കളക്ടർ ഹരിത വി. കുമാറിന് നൽകിയാണ് ഭാഗ്യചിഹ്ന പ്രകാശനം നിർവഹിച്ചത്. വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.
*കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കായെത്തും.* വ്യാഴാഴ്ച രാത്രിയെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങ് വൈകിയതിനാൽ യാത്ര മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാത്രി എറണാകുളത്തു തങ്ങി പുലർച്ചെ കോട്ടയ്ക്കലിലേക്കു തിരിക്കും. 29-ന് മടങ്ങും.
*മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രധാന പ്രതിയുടെ വീടിന് തീവെച്ചു.* വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് അക്രമികൾ വീട് കത്തിച്ചത്. അറസ്റ്റിലായ ഹുയ്റെം ഹീറോദാസിന്‍റെ വീടാണ് ജനങ്ങള്‍ കത്തിച്ചത്. സ്ത്രീകള്‍ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്. മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിൽ ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തികൊണ്ടുപോകുന്നതാണ് വീഡിയോയിൽ കാണുന്നത്.
*കർണാടകയുടെ താത്പര്യം കണക്കിലെടുത്ത് ബിജെപിക്കൊപ്പം ചേർന്ന് പ്രതിപക്ഷമായി പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചതായി ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി.* പാർട്ടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ പാർട്ടി മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ തനിക്ക് അധികാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
* ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്റെ മുന്നില്‍ അപമാനിച്ച കലാപകാരികള്‍ക്കെതിരെ സത്വര നിയമനടപടി സ്വീകരിക്കണമെന്ന് കെസിബിസി.* ഇത്തരം സംഭവങ്ങള്‍ ഒന്നല്ല നൂറു കണക്കിനുണ്ട് എന്ന് വമ്പുപറയുന്ന മണിപ്പുര്‍ മുഖ്യമന്ത്രി ബീരന്‍ സിംഗ് രാഷ്ട്രീയക്കാര്‍ക്ക് അപമാനമാണ്. കലാപം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും അത് അടിച്ചമര്‍ത്താന്‍ ഉത്തരവാദിത്തം കാണിക്കാത്ത മുഖ്യമന്ത്രി രാജിവയ്ക്കുന്നതാണ് നല്ലത്. ഇന്ത്യന്‍ സ്ത്രീത്വം അപമാനിതമാകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്രസര്‍ക്കാര്‍ നിഷ്ക്രിയത്വം വെടിഞ്ഞ് ഉത്തരവാദിത്തം നിര്‍വഹിക്കണം.
*മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു.* പൊതുമരാമത്ത് വകുപ്പ് ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസര്‍ കൊല്ലം കുന്നത്തൂര്‍ സ്വദേശി ആര്. രാജേഷ് കുമാറിനെതിരേയാണ് നടപടി. ഇയാൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
*സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണത്തിൽ കുറവു വന്നുവെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ.* കാട്ടാനകളുടെയും കടുവകളുടെയും എണ്ണം കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിലെ കാടുകളിൽ കടുവകളുടെ കണക്കെടുത്തു. മെയ് 17, 19 തീയതികളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് കാട്ടാനകളുടെ കണക്കുമെടുത്തു. ഇതിൽ നിന്നാണ് കണക്ക് കണ്ടെത്തിയത്. ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിൽ കടുവകളുടെ കണക്കെടുത്തത് 297 സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചാണ് പഠനം നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
*ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ലിഫ്റ്റ് കൊടുത്ത ശേഷം കാറിൽ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയില്‍.* മലപ്പുറം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലക്കാട് മുണ്ടക്കോട്ടുകുറിശ്ശി കള്ളിവളപ്പിൽ ഇബ്രാഹിമിനെ (46) ആണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
*തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ പരാതി.* ഔദ്യോഗിക ദുഃഖാചരണത്തിനിടെ ഡി ജെ പാർട്ടി നടത്തിയെന്നാരോപിച്ചാണ് മെഡിക്കൽ കോളേജിനെതിരെയുള്ള പരാതി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിനിടെയാണ് മെഡിക്കൽ കോളേജിൽ ഡി ജെ പാർട്ടി നടത്തിയത്.
*പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനിടയിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) എംപിമാരുടെ 10 ഗ്രൂപ്പുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തും.* യോഗങ്ങൾ ജൂലൈ 25 മുതൽ ആരംഭിക്കും, പ്രത്യേക പ്രാദേശിക കേന്ദ്രീകൃതമായി ഓരോ ഗ്രൂപ്പിലും 35 മുതൽ 40 വരെ പാർലമെന്റ് എംപിമാർ ഉൾപ്പെടും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ യോഗങ്ങൾ പ്രാധാന്യമർഹിക്കുന്നു.
*ഇന്ത്യയിൽ നിന്നും ഹെലികോപ്റ്ററുകൾ വാങ്ങാനൊരുങ്ങി അർജന്റീന.* സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ലൈറ്റ്, സെമി യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണ് ഇന്ത്യയിൽ നിന്നും വാങ്ങാൻ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലുമായി അർജന്റീനിയൻ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. ബെംഗളൂരുവിലെ ആസ്ഥാനത്ത് നടന്ന ഹിന്ദുസ്ഥാൻ എയർനോട്ടിക്സ് ലിമിറ്റഡിന്റെ ചടങ്ങിലാണ് അർജന്റീനിയൻ പ്രതിരോധ മന്ത്രി ജോർജ് തെയ്നയും, എച്ച്എഎൽ സിഎംഡി സി.ബി അനന്തകൃഷ്ണനും ഒപ്പുവെച്ചത്.
*നാലാം ദിവസവും തുടർച്ചയായ കനത്ത മഴയിൽ ഹൈദരാബാദ് നഗരം വെള്ളപ്പൊക്ക ഭീഷണിയിൽ.* തുടർച്ചയായി പെയ്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്. വെള്ളക്കെട്ട് രൂക്ഷമായതോടെ സെക്രട്ടേറിയറ്റിനു മുന്നിലെ റോഡുൾപ്പെടെ പല ഭാഗങ്ങളിലെയും ഗതാഗത മാർഗങ്ങൾ നിലച്ചു.
*മോദി സമുദായത്തെ അധിക്ഷേപിച്ച സംഭവത്തിലെ അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നൽകിയ അപ്പീലില്‍ സുപ്രീംകോടതി തീരുമാനം വൈകും.* ഹർജി പരിഗണിക്കവെ പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും നോട്ടീസയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ പത്തു ദിവസത്തിനകം മറുപടിയും നൽകണം. ജസ്റ്റിസുമാരായ ബിആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഓഗസ്റ്റ് നാലിന് കേസ് വീണ്ടും പരിഗണിക്കും.
*മണിപ്പൂർ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.* മണിപ്പൂർ സംഭവം തീർച്ചയായും വളരെ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങൾ മനസ്സിലാക്കുന്നു. മണിപ്പൂരിൽ നടന്നത് രാജ്യത്തെ മുഴുവൻ നാണക്കേടാക്കിയ സംഭവമാണെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞു. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
*ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം.* വാരാണസി ജില്ലാ കോടതിയാണ് നിര്‍ദേശം നൽകിയത്. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലസംഭരണി ഒഴികെയുള്ള ഭാഗങ്ങളിൽ സർവേ നടത്താനാണ് നിർദേശം.
*വിദേശ രാജ്യങ്ങളിലേക്ക് പച്ചരി കയറ്റുമതി ചെയ്യുന്നതിൽ നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ.* ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് കയറ്റുമതിയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ട ശക്തമായ മഴ വിളകളെ സാരമായി ബാധിച്ചിരുന്നു. ഇത്തരത്തിൽ ഉണ്ടായ ഉൽപ്പാദനക്കുറവ് പരിഹരിക്കുന്നതിനും കൂടിയാണ് പുതിയ നടപടി. അതേസമയം, പുഴുക്കലരി, ബസുമതി അരി എന്നിവയുടെ കയറ്റുമതി തുടരുന്നതാണ്.
*ഗവർണർ പദവി നിർത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള ബിനോയ് വിശ്വം എംപിയുടെ സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി.* ഓഗസ്റ്റ് മാസം ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും. കൊളോണീയൽ സംസ്‌കാരത്തിന്റെ ബാക്കിപ്പത്രമാണ് ഗവർണർ പദവിയെന്നാണ് ബില്ലിൽ വ്യക്തമാക്കിയിട്ടുള്ളത്.
*ഗുജറാത്തിൽ വരും മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. നിലവിൽ, സൗരാഷ്ട്ര, കച്ച് മേഖലകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.* മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രളയ സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
*രാജ്യത്തെ പ്രമുഖ സ്വകാര്യ സർവ്വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപന ഗ്രൂപ്പുകളെയും ഉത്തർപ്രദേശിൽ നിക്ഷേപം നടത്താൻ വേണ്ടി ക്ഷണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.* എല്ലാ സുരക്ഷയും, സാധ്യമായ സഹായവും പുതിയ സർവകലാശാലകൾ സ്ഥാപിക്കുന്നതിനായി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ബേസിക് ആൻഡ് സെക്കൻഡറി എഡ്യൂക്കേഷൻ കൗൺസിൽ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
*ബിഹാറിലുണ്ടായ വെടിവയ്പ്പിൽ വ്യവസായിയും അംഗരക്ഷകനും കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു.* മുസാഫർപുരിലാണ് സംഭവം.ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. രണ്ടുപേർ ചേർന്നാണ് ഇവർക്കെതിരെ വെടിച്ചതെന്നും സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയമുണ്ടെന്നും പോലീസ് അറിയിച്ചു.
*ഒഡീഷയിലെ ബാലസോര്‍ ട്രെയിൻ അപകടത്തിനു കാരണം സിഗ്നലിംഗിലെ പിഴവെന്ന് റെയിൽവേ.* രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിന് മറുപടിയായാണ് റെയില്‍വേ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കോണ്‍ഗ്രസ് എംപി മുകുള്‍ വാസ്നിക്, സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്, ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് എന്നിവരുടെ ചോദ്യത്തിനാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് മറുപടി നല്‍കിയത്.
*സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഓണക്കിറ്റ് വിതരണം പരിമിതപ്പെടുത്തിയേക്കും.* എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്താനാണ് തീരുമാനം. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥമിക ചര്‍ച്ചയിലാണ് ധാരണയായത്. എല്ലാവര്ക്കും ഓണക്കിറ്റ് നല്കണമെങ്കില് 558 കോടി രൂപ വേണ്ടിവരും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അന്തിമ തീരുമാനമെടുക്കും.
*കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ നേരിട്ട് കോടതിയിൽ ഹാജരാക്കിയതിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീം കോടതി.* തിഹാറിലെ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന യാസിൻ മാലിക്കിനെ യാതൊരു ഉത്തരവും നിർദ്ദേശവുമില്ലാതെ കോടതിയിൽ ഹാജരാക്കിയതാണ് സുപ്രീം കോടതിയെ ഞെട്ടിച്ചത്. യാസിൻ മാലിക് നേരിട്ട് കോടതിയിൽ എത്തിയതിനെ കേന്ദ്ര സർക്കാരും ഗൗരവത്തോടെയാണ് കാണുന്നത്. കോടതിയുടെ എതിർ പരാമർശങ്ങളെ തുടർന്ന് യാസിനെ ജയിലിലേക്കു തന്നെ തിരികെ കൊണ്ടുപോയി.
*പാക്കിസ്ഥാനിലെ പഞ്ചാബിൽ സ്ഥിതി ചെയ്യുന്ന സർഗോദ പട്ടണത്തിൽ ഒരു മാസത്തിനിടെ ക്രൈസ്തവ വിശ്വാസികൾക്കെതിരെ 3 വ്യത്യസ്ത മതനിന്ദാ കേസുകള്‍.* ജൂലൈ പതിനാറാം തീയതി തന്റെ വീടിന് സമീപം ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെയും, ഇസ്ലാമിക വിശുദ്ധ ഗ്രന്ഥമായ ഖുർആനെയും അടക്കം അപമാനിക്കുന്ന വാചകങ്ങളുള്ള ഒരു കടലാസ് കണ്ടെത്തിയെന്ന് മുഹമ്മദ് അബ്ദുൽ ഗഫർ എന്നൊരാൾ നടത്തിയ ആരോപണമാണ് ഏറ്റവും ഒടുവിൽ നടന്ന സംഭവം. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചില്ലെങ്കിലും, സംഭവമറിഞ്ഞ് അക്രമ ആഹ്വാനത്തോടെയാണ് ജനക്കൂട്ടം ഒരുമിച്ചുകൂടിയത്.
*ഭ്രൂണഹത്യ എന്ന മാരക തിന്‍മക്ക് വേണ്ടി യൂറോപ്യന്‍ യൂണിയന്‍ രൂപം കൊടുത്ത നിയമ ഭേദഗതിയുടെ കരടുരൂപത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ മെത്രാന്മാര്‍.* ചാര്‍ട്ടര്‍ ഓഫ് ഫണ്ടമെന്റല്‍ റൈറ്റ്സ് എന്ന നിര്‍ദ്ദിഷ്ട നിയമ ഭേദഗതി യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളെയും മാനുഷികാന്തസിനേയും അട്ടിമറിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനിലെ പൗരാവകാശ ചാര്‍ട്ടറിലെ ഭ്രൂണഹത്യ അവകാശങ്ങള്‍ വളരെക്കാലമായി വിവാദ വിഷയമായി തുടരുകയാണ്. ഈ നിയമഭേദഗതിക്ക് വേണ്ടി ഭ്രൂണഹത്യ അനുകൂലികള്‍ വളരെക്കാലമായി ശ്രമിച്ചു വരികയാണ് പുതിയ നീക്കം.
*വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ അതിക്രൂരമായ ലൈംഗീകാതിക്രമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിന് പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്തു തുടങ്ങി.* കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ധത്തിന് പിന്നാലെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട വിവിധ പോസ്റ്റുകള്‍ ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്യാന്‍ തുടങ്ങിയത്.
*ഇന്നത്തെ വചനം*
കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, അവന്‍ വീട്ടിലുണ്ട് എന്ന വാര്‍ത്ത പ്രചരിച്ചു.
വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ സ്‌ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവന്‍ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു.
അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവന്നു.
ജനക്കൂട്ടം നിമിത്തം അവന്റെ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍, അവന്‍ ഇരുന്ന സ്‌ഥലത്തിന്റെ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി.
അവരുടെ വിശ്വാസം കണ്ട് യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു.
നിയമജ്‌ഞരില്‍ ചിലര്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. അവര്‍ ചിന്തിച്ചു:
എന്തുകൊണ്ടാണ് ഇവന്‍ ഇപ്രകാരം സംസാരിക്കുന്നത്? ഇവന്‍ ദൈവദൂഷണം പറയുന്നു. ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് പാപം ക്‌ഷമിക്കാന്‍ സാധിക്കുക?
അവര്‍ ഇപ്രകാരം വിചാരിക്കുന്നുവെന്നു മനസ്‌സിലാക്കി യേശു അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നത്?
ഏതാണ് എളുപ്പം? തളര്‍വാതരോഗിയോട് നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നിന്റെ കിടക്കയുമെടുത്തു നടക്കുക എന്നു പറയുന്നതോ?
എന്നാല്‍, ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന് – അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു:
ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത്, വീട്ടിലേക്കു പോവുക.
തത്‌ക്‌ഷണം അവന്‍ എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി. എല്ലാവരും വിസ്‌മയിച്ചു. ഇതുപോലൊന്ന് ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല എന്നു പറഞ്ഞ് അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.
മര്‍ക്കോസ് 2 : 1-12
*വചന വിചിന്തനം*
വിശ്വാസമുള്ളിടത്ത് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. ഏറ്റവും വലിയ അത്ഭുതം പാപങ്ങൾ ക്ഷമിക്കപ്പെടുന്നു എന്നതാണ്. രോഗങ്ങൾ സുഖമാക്കപ്പെടുന്നത് പാപമോചനത്തെക്കാൾ ചെറിയ അത്ഭുതമാണ്. വി. കുർബാനയിലൂടെയും വി. കുമ്പസാരത്തിലൂടെയും പാപങ്ങൾ മോചിക്കപ്പെടുകയും കർത്താവിൻ്റെ തിരുശരീര രക്തങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന നമുക്ക് ഈ ദിവ്യാത്ഭുതങ്ങളെക്കുറിച്ച് എത്രമാത്രം ബോധ്യമുണ്ട്. കൗദാശിക ജീവിതത്തിലെ അത്ഭുതങ്ങളെ തിരിച്ചറിയാൻ സാധിക്കുമ്പോഴാണ് ക്രിസ്തീയ ജീവിതം അർത്ഥപൂർണമാകുന്നത്.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*