*പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ കിഴക്കുവടക്കായി വൈദീകരുടെ കബറിടത്തിനു സമീപം പുതിയ കല്ലറയിൽ ഇനി ഉമ്മൻ ചാണ്ടിക്ക് അന്തിവിശ്രമം.* മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ മുഖ്യകാർമികത്വത്തിലാണ് സമാപനശുശ്രൂഷകൾ നടന്നത്. സഭയിലെ 24 മെത്രാപ്പോലീത്താമാരും സഹകാർമികത്വം വഹിച്ചു. പുതുപ്പള്ളി പള്ളി വികാരി ഫാ.വർഗീസ് വർഗീസ് നേതൃത്വം നൽകി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും കർമങ്ങളിൽ പങ്കെടുത്തു.
*മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ അംഗങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.* സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അടുത്തെത്തി സംസാരിച്ചു. വിഷയത്തില്‍ ശാശ്വത പരിഹാരത്തിനായാണ് മോദിയുടെ നീക്കം. മണിപ്പൂരില്‍ കലാപം രൂക്ഷമാവുന്നതിനിടെ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നത് വലിയ പ്രതിഷേധത്തിലേക്കാണ് പോകുന്നത്. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക്‌സഭയും, രാജ്യസഭയും നിര്‍ത്തിവച്ചു. ലോക്‌സഭ 2 മണി വരെയും, രാജ്യസഭ 12 മണിവരെയുമാണ് നിര്‍ത്തിവച്ചത്.
*മണിപ്പൂരില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.* എനിക്ക് സങ്കടവും ദേഷ്യവും വരുന്നു. മണിപ്പൂരിലെ സംഭവം സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നു. 140 കോടി ഇന്ത്യക്കാരെ നാണം കെടുത്തുന്നു. ഞാൻ രാജ്യത്തിന് ഉറപ്പ് നൽകുന്നു, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നിയമം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് അതിന്റെ വഴിക്ക് പോകും. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല’, പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ക്രമസമാധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ.
*തന്റെ പിതാവിന് ജനലക്ഷങ്ങള്‍ നല്കിയ സ്നേഹാദരങ്ങള്‍ക്ക് വികാരനിര്‍ഭരമായി നന്ദി പറഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍.* തന്റെ ജീവിതത്തിലെ പരിശുദ്ധന് നഷ്ടപ്പെട്ട ദിവസങ്ങളാണ് ഇത്. തന്റെ പിതാവ് സ്വര്‍ഗത്തിലായിരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. തന്റെ പിതാവ് ഒരാളെയും ദ്രോഹിച്ചതായി അറിയില്ലെന്ന് ആരെക്കുറിച്ചും മോശം പറയുന്നത് കേട്ടിട്ടില്ല.
*മഹാരാഷ്ട്രയ്ക്കു പിന്നാലെ നാഗാലാന്‍ഡിലും എന്‍സിപി നേതാവ് ശരദ് പവാറിനു തിരിച്ചടി.* നാഗാലാന്‍ഡിലെ പാര്‍ട്ടിയുടെ എഴ് എംഎല്‍എമാരും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനു പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അജിത് പവാറിനെ പിന്തുണയ്ക്കുമെന്ന് എംഎല്‍എമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
*സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് നൽകാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* നെല്ലുവില വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം
*കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും നല്കാന് സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമെന്ന് ഹൈക്കോടതി.* ഈ മാസം 26 നു മുമ്പ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു സര്‍ക്കാരിനോടു നിര്‍ദേശിച്ചു. ഇതിനിടെ പെന്‍ഷന്‍തുക നല്കിയിട്ടില്ലെങ്കില് അതെത്ര തുകയാണെന്ന് അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
*സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിൽ നടന്ന ഖുറാൻ കത്തിക്കൽ പ്രതിഷേധത്തെത്തുടർന്ന് സ്വീഡിഷ് അംബാസഡറെ പുറത്താക്കി ഇറാഖ്.* ബാഗ്ദാദിലെ സ്വീഡിഷ് എംബസിയിൽ ആക്രമണങ്ങൾ നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഈ നടപടി. സ്വീഡനിലെ തങ്ങളുടെ ഷാർ ഡെ അഫേഴ്സിനെ തിരിച്ചുവിളിച്ചതായും ഇറാഖ് അറിയിച്ചു.
*സംസ്ഥാന സർക്കാരിന്റെ അംഗീകൃത പൊതു ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങൾക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നൽകേണ്ടതുള്ളു എന്ന് സംസ്ഥാന അക്ഷയ ഡയറക്ടർ അനു കുമാരി.* സർക്കാർ അംഗീകരിച്ച സേവനനിരക്ക് പൊതുജനങ്ങൾക്ക് കാണത്തക്കവിധം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കുന്നതിനും നൽകുന്ന സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് രസീത് എല്ലാ ഉപഭോക്താക്കൾക്കും നിർബന്ധമായും നൽകുന്നതിനും അക്ഷയ കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്
*ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാനായി രാഹുൽ ഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി തുടങ്ങിയവർ പുതുപ്പള്ളി പള്ളിയിലെത്തി.* മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, വി.എൻ. വാസവൻ തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാനെത്തി.
*അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ നടന് വിനായകനെതിരേ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു.* ചേരാനെല്ലൂര്‍ സ്വദേശി സനല്‍ നെടിയത്തറയുടെ പരാതിയിലാണ് കേസ്. കലാപമുണ്ടാക്കനുള്ള ഉദ്ദേശത്തോടെ പ്രകോപനം നല്‍കുക, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
*സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഗൂഢാലോചനക്കേസിൽ വെറുതെ വിടണമെന്നുള്ള സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ അപേക്ഷ തള്ളി അഹമ്മദാബാദ് സെഷൻസ് കോടതി.* ഗുജറാത്ത് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നൽകിയ പരാതി നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജി എ.ആർ പട്ടേൽ അപേക്ഷ തള്ളിയത്.
*ഹെഡ്‌ലൈറ്റിന് പവർ കൂട്ടിയാൽ ഇനി പിഴ ലഭിക്കും.* വാഹനങ്ങളിലെ ഹെഡ് ലൈറ്റിലെ തീവ്ര പ്രകാശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബൾബുകൾ, ലേസർ ലൈറ്റുകൾ, അലങ്കാര ലൈറ്റുകൾ എന്നിവയുടെ ദുരുപയോഗം തടയാൻ പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി
*പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി ഉപദ്രവിച്ച ദമ്പതികളെ നാട്ടുകാർ കയ്യേറ്റം ചെയ്തു.* ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന വനിതാ പൈലറ്റിനെയും ഭര്‍ത്താവിനെയുമാണ് നാട്ടുകാര്‍ സമൂഹവിചാരണ ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇതിനു പിന്നാലെ പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ കേസെടുത്തതായും പ്രതികളായ ദമ്പതിമാരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
*കാമുകനൊപ്പം കഴിയാൻ ഇന്ത്യയിലെത്തിയ പാകിസ്ഥാൻ യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ ഏറുന്നു.* ഉത്തർപ്രദേശ് പൊലീസും ഭീകരവിരുദ്ധ സ്ക്വാഡും ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ഇവരിൽ നിന്നും ആറ് പാസ്പോർട്ടുകൾ കണ്ടെടുത്തു. പാകിസ്ഥാൻ പാസ്പോർട്ടുകളാണ് ആറും. എന്നാൽ ഇതിൽ ഒന്നിൽ പേരും വിലാസവും പൂർണമല്ല. പാസ്പോർട്ടിന് പുറമേ നാല് മൊബൈൽ ഫോണുകളും രണ്ട് വീഡിയോ കാസറ്റുകളും സീമയുടെ പക്കൾ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
*കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ മണിപ്പൂരിൽ ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ്.* മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. വിഷയം പാർലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തു. കുറ്റാരോപിതരെ വെറുതെ വിടില്ലെന്നും, തക്കതായ ശിക്ഷ നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തത്.
*കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ റായിഗഡില്‍ ഉരുള്‍പൊട്ടി.* നിരവധി വീടുകള്‍ തകര്‍ന്നു. 20 ഓളം വീടുകള്‍ മണ്ണിനടിയിലായി. 100 ഓളം പേരെ കാണാതായെന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ദുരന്ത നിവാരണ സേനകളുടെ അടക്കം നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.
*ജനപ്രിയ ട്രെയിനായ വന്ദേ ഭാരത് മാതൃകയില്‍ സാധാരണക്കാര്‍ക്കായി ‘വന്ദേ സാധാരണ്‍’ ട്രെയിന്‍ ഓടിക്കും.* ഒക്ടോബറില്‍ സര്‍വീസ് തുടങ്ങും. കുറഞ്ഞ ടിക്കറ്റ് നിരക്കായിരിക്കും വന്ദേ സാധാരണയില്‍ ഈടാക്കുക. രാജ്യത്ത് ഒന്‍പത് കേന്ദ്രങ്ങളില്‍ നിന്നാണ് ആദ്യ സര്‍വീസ്. കേരളത്തിനും ഒരു ട്രെയിന്‍ ലഭിക്കും. എറണാകുളം- ഗുവാഹതി പ്രതിവാര സര്‍വീസാകും ഇതെന്നാണ് വിവരം.
*റെയില്‍വേയില്‍ വന്‍ പരിഷ്‌കരണങ്ങള്‍ക്ക് തയ്യാറെടുക്കുന്നു. യാത്രക്കാര്‍ക്ക് സൗകര്യ പ്രധാനമായി യാത്ര ചെയ്യുവാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ നവീകരണം.* എല്ലാ ട്രെയിനുകളിലും ഓട്ടോമാറ്റിക്ക് ഡോറുകള്‍, ആന്റി ജെര്‍ക്ക് കപ്ളേഴ്സ്, ട്രെയിനുകള്‍ക്ക് കൂടുതല്‍ വേഗത സാധ്യമാകുന്നതിന് രണ്ട് എഞ്ചിനുകള്‍ ഉപയോഗിക്കും.
*മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.* പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടാതിരിക്കുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യമാണ്. ഇതു അംഗീകരിക്കാനാവില്ലെന്നും യെച്ചൂരി പറഞ്ഞു. മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പ്രതികരിക്കാന്‍ മോദിക്ക് 75 ദിവസം വേണ്ടിവന്നു. പ്രധാനമന്ത്രി ഇത്രയും കാലം എന്തുകൊണ്ട് മിണ്ടാതിരുന്നുവെന്ന് യെച്ചൂരി ചോദിച്ചു.
*ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വേണ്ടിയുള്ള പണത്തിനായി, കവര്‍ച്ച നടത്തിയ കേസില്‍ തൃശൂര്‍ സ്വദേശിയെ എന്‍ഐഎ പിടികൂടി.* തൃശൂര്‍ സ്വദേശി മതിലകത്ത് കോടയില്‍ ആഷിഫിനെയാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ കേരളത്തില്‍ നടന്ന കവര്‍ച്ചയിലും സ്വര്‍ണക്കടത്തിലും സംഘത്തിന് പങ്കുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി.
*ബെംഗളുരുവിൽ പലയിടങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട തീവ്രവാദസംഘത്തിലെ അഞ്ചുപേർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.* കർണാടക സ്വദേശികളായ സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ, സാഹിദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളുരു സെൻട്രൽ ജയിലിൽ വച്ച് ഇവരെ തീവ്രവാദപ്രവർത്തനത്തിന് പ്രേരിപ്പിച്ചത് തടിയന്‍റവിട നസീറാണെന്നും, ആക്രമണത്തിന്‍റെ പദ്ധതിയുടെ സൂത്രധാരൻ നസീറായിരുന്നെന്നുമാണ് പൊലീസ് പറയുന്നു.
*കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 6,450 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.* സംഭവത്തിൽ തോട്ടപ്പള്ളി ഷെമി മൻസിലിൽ ഷെമീർ (39), പുറക്കാട് കൈതവളപ്പിൽ അഷ്കർ (39) എന്നിവരെ അറസ്റ്റ് ചെയ്തു.
*കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി.* പാലക്കാട് കൂറ്റനാട് സ്വദേശി റിഷാദിൽ നിന്ന് (32) 1034 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ നാല് ക്യാപ്സൂളുകൾ കണ്ടെടുത്തു.മാനന്തവാടി സ്വദേശി മുഹമ്മദ് ഷാമിലിൽനിന്ന് (21) 850 ഗ്രാം സ്വർണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂളുകളും മലപ്പുറം മുഹമ്മദ് ഷാഫിയിൽനിന്ന് (41) 1537 ഗ്രാം സ്വർണമിശ്രിതമടങ്ങിയ അഞ്ചു ക്യാപ്സൂളുകളുമാണ് പിടിച്ചത്.
*ചികിത്സയിൽ കഴിയവെ കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ നിന്നും കണ്ടെത്തി.* തുകലശ്ശേരി മാടവന പറമ്പിൽ വീട്ടിൽ കെ എസ് ബിജു(36)വിനെയാണ് ഇന്ന് മൂന്ന് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആണ് സംഭവം.
*പട്ടിക ജാതി വിഭാഗത്തിൽപെട്ട ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 47കാരന് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.* മലപ്പുറം തേഞ്ഞിപ്പലം വാലാശേരി പറമ്പിൽ ഷാജിയെ (47) ആണ് കോടതി ശിക്ഷിച്ചത്. പരപ്പനങ്ങാടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി എ. ഫാത്തിമ ബീവി ആണ് 20 വർഷം തടവിന് ശിക്ഷിച്ചത്. 25,000 രൂപ പിഴയും അടയ്ക്കണം.
*യുക്രൈനില്‍ സമാധാന ദൗത്യത്തിനായി ഫ്രാന്‍സിസ് പാപ്പ അയച്ച കർദ്ദിനാൾ മാറ്റിയോ സൂപ്പി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി.* വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. സമാധാനത്തിന്റെ വഴികൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് പാപ്പ അയച്ച ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദ്ദിനാൾ മാറ്റിയോ സൂപ്പി, റഷ്യ – യുക്രൈന്‍ പ്രതിസന്ധിയില്‍ വിവിധ വിഷയങ്ങള്‍ ജോ ബൈഡന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. റഷ്യയിലേക്ക് നിർബന്ധിതമായി കൊണ്ടുപോയ യുക്രൈന്‍ കുട്ടികളെ തിരികെ കൊണ്ടുവരാനുള്ള വത്തിക്കാന്റെ പ്രതിജ്ഞാബദ്ധതയും, അതിനുള്ള സഹായാഭ്യർത്ഥനയും കൂടിക്കാഴ്ചയുടെ മുഖ്യവിഷയമായിരുന്നു.
*ഉത്തർപ്രദേശില്‍ മതപരിവർത്തന നിരോധന നിയമ മറവില്‍ വ്യാജ ആരോപണം ഉന്നയിച്ച് ജയിലിൽ അടച്ച 11 ക്രൈസ്തവ വിശ്വാസികളെ ബാഹ്റാ ജില്ലയിലെ കോടതി ജാമ്യത്തിൽ വിട്ടു.* ജൂലൈ 17നാണ് പാസ്റ്ററായ ബാബു റാമും, മറ്റ് പത്തു പേരും ജയിൽ മോചിതരായത്. തീവ്ര ഹിന്ദുത്വസംഘടനയായ ബജ്രംഗ്‌ദള്‍ നൽകിയ പരാതികളെ തുടർന്നു ജൂലൈ ഏഴാം തീയതി ഞായറാഴ്ച പ്രാർത്ഥനകൾക്ക് പിന്നാലെ ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരിന്നു.
*ഇന്നത്തെ വചനം*
എന്നാല്‍, നിങ്ങള്‍ ആരെ ഭയപ്പെടണമെന്നു ഞാന്‍ മുന്നറിയിപ്പു തരാം. കൊന്നതിനുശേഷം നിങ്ങളെ നരകത്തിലേക്കു തളളിക്കളയാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍. അതേ, ഞാന്‍ പറയുന്നു, അവനെ ഭയപ്പെടുവിന്‍.
അഞ്ചു കുരുവികള്‍ രണ്ടു നാണയത്തുട്ടിനു വില്‍ക്കപ്പെടുന്നില്ലേ? അവയില്‍ ഒന്നുപോലും ദൈവസന്നിധിയില്‍ വിസ്‌മരിക്കപ്പെടുന്നില്ല.
നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണ്.
ഞാന്‍ നിങ്ങളോടു പറയുന്നു, മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്‍മാരുടെ മുമ്പില്‍ മനുഷ്യപുത്രനും ഏറ്റുപറയും.
മനുഷ്യരുടെമുമ്പില്‍ എന്നെതള്ളിപ്പറയുന്നവന്‍ ദൈവത്തിന്റെ ദൂതന്‍മാരുടെ മുമ്പിലും തള്ളിപ്പറയപ്പെടും.
മനുഷ്യപുത്രനെ തിരായി സംസാരിക്കുന്നവനോടു ക്‌ഷമിക്കപ്പെടും. എന്നാല്‍, പരിശുദ്‌ധാത്‌മാവിനെതിരായി ദൂഷണം പറയുന്നവനോടു ക്‌ഷമിക്കപ്പെടുകയില്ല.
സിനഗോഗുകളിലും അധികാരികളുടെയും ഭരണാധിപന്‍മാരുടെയും മുമ്പിലും അവര്‍ നിങ്ങളെ കൊണ്ടുപോകുമ്പോള്‍, എങ്ങനെ, എന്ത് ഉത്തരം കൊടുക്കുമെന്നും എന്തു പറയുമെന്നും ഉത്‌കണ്‌ഠാകുലരാകേണ്ടാ.
എന്താണു പറയേണ്ടതെന്ന് ആ സമയത്തു പരിശുദ്‌ധാത്‌മാവു നിങ്ങളെ പഠിപ്പിക്കും.
ലൂക്കാ 12 : 5-12
*വചന വിചിന്തനം*
മനുഷ്യരുടെ മുമ്പിൽ ദൈവത്ത ഏറ്റുപറയുന്നവരെ, മഹത്വപ്പെടുത്തുന്നവരെ ദൈവവും മഹത്വപ്പെടുത്തും. ഇതിന് ഇന്ന് നമ്മുടെ കൺമുമ്പിലുള്ള വളരെ മികച്ച ഉദാഹരണമാണ് മുൻമുഖ്യന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃത സംസ്കാരം. അദ്ദേഹം തൻ്റെ ജീവിതത്തിൽ ദൈവത്തെ ഏറ്റുപറഞ്ഞു ജീവിച്ചു. ഒരിക്കലും ക്രിസ്തിയ വിശ്വാസം തള്ളി പറഞ്ഞില്ല. പകരം താൻ ദൈവ വിശ്വാസിയാണന്നും ദൈവഭയമുള്ളവനാണന്നും കർത്താവ് പറഞ്ഞതുപോലെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു എന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പരസ്യ നിലപാട്. ദൈവത്തെയും ക്രൈസ്തവ വിശ്വാസത്തെയും തള്ളിപ്പറഞ്ഞ് കപട മതേതരത്വം അഭിനയിക്കുന്ന രാഷ്ടീയർക്കാർക്ക് എന്തു നൻമ ചെയ്യാൻ സാധിക്കുന്നു; എന്ത് ആദരവ് നേടാൻ സാധിക്കുന്നു. എന്നാൽ അദ്ദേഹത്തിന് ജാതിമത വ്യത്യാസമില്ലാതെ ആദരവുകൾ ലഭിക്കുന്നു. ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുന്നവരെ ദൈവവും മഹത്വപ്പെടുത്തും.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*