കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് (ജൂലൈ 20) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ വി. വിഘ്‍നേശ്വരി അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെത്തുടർന്നാണ് ജില്ലയിൽ അവധി പ്രഖ്യാപിച്ചത്.
അതേസമയം ഇന്ന് പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലും പൊതുദർശനം നടക്കും. തുടർന്നു വലിയപള്ളി സെമിത്തേരിയിൽ പ്രത്യേക കബറിടത്തിൽ 3.30നു സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും.