*ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 പേടകത്തിന്റെ ഭ്രമണപഥം ഉയർത്തുന്ന ആദ്യ ശ്രമം വിജയകരമായി പൂർത്തിയാക്കി.* പ്രൊപ്പൽഷൻ മോഡ്യൂളിലെ ഇന്ധനം ജ്വലിപ്പിച്ചതിനുശേഷമാണ് ഭ്രമണപഥം ഉയർത്തിയിട്ടുള്ളത്. നിലവിൽ, ഭൂമിക്ക് ചുറ്റും ദിവസത്തിൽ രണ്ട് തവണ വലം വയ്ക്കുന്ന തരത്തിലാണ് ഭ്രമണപഥം ഉള്ളത്. ഘട്ടം ഘട്ടമായാണ് ഭ്രമണപഥം ഉയർത്തുന്ന നടപടികൾ സ്വീകരിക്കുക. എൽവിഎം ത്രീ റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രയാൻ 3 പേടകം വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം ഐഎസ്ആർഒ പുറത്തുവിട്ടിട്ടുണ്ട്.
*മണിപ്പൂരിൽ കലാപം ആയുധധാരികളായ അക്രമികൾ 50കാരിയെ വീട്ടിൽ കയറി വെടിവച്ചു കൊന്നു.* കൊലപാതകത്തിന് ശേഷം സ്ത്രീയുടെ മുഖം വികൃതമാക്കി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സാവോംബംഗ് മേഖലയിലാണ് സംഭവം.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആയുധധാരികൾ സ്ത്രീയുടെ മുഖത്ത് നിറയൊഴിക്കുകയായിരുന്നു. രക്ഷപ്പെടുന്നതിന് മുമ്പ് അക്രമികൾ സ്ത്രീയുടെ മുഖം വികൃതമാക്കിയെന്നും പൊലീസ് പറഞ്ഞു. മാരിംഗ് നാഗ സമുദായത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീ മാനസിക പ്രശ്‌നങ്ങളുള്ളയാളാണെന്നും പൊലീസ് പറഞ്ഞു.
*ഈ വർഷത്തെ പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ആരംഭിക്കും.* ഇത്തവണ നടക്കുന്ന സമ്മേളനത്തിൽ സർക്കാർ 21 ബില്ലുകൾ അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഓഗസ്റ്റ് 10-നാണ് സമ്മേളനം സമാപിക്കുക. ഇതിനു മുന്നോടിയായി ജൂലൈ 19-ന് കക്ഷി നേതാക്കളുടെ യോഗം ചേരുന്നതാണ്. പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് സമ്മേളനം വിളിച്ചുചേർത്തത്. കൂടാതെ, 18-ന് എൻഡിഎയുടെ നേതൃത്വത്തിലും യോഗം ചേരും.
*സാമ്പത്തികപ്രതിസന്ധി അതിഗുരുതരമായതോടെ സർക്കാർ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിൽ.* ഖജനാവിൽ മിച്ചമില്ലാത്തതിനാൽ നിത്യനിദാന വായ്പ എടുത്താണ് മുന്നോട്ടുപോയത്. ഇതിന്റെ പരിധി കഴിഞ്ഞതോടെയാണ് ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലായത്. ഈവർഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യം
*മണിപ്പൂരിലെ നാഗാമേഖലയിൽ തിങ്കളാഴ്ച ബന്ദ്.* നാഗാ യുവതിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ബന്ദ്. യൂണിറ്റി ഖുറൈ മീരാ ലുപ് എന്ന സംഘടനയാണ് 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ബന്ദ്.നാഗ സ്ത്രീയായ മാരിം ലൂസിയാണ് കൊല്ലപ്പെട്ടത്. കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ വധിച്ചതെന്നാണ് സൂചന.
*കൊടും ചൂടില്‍ യുഎഇ വെന്തുരുകുന്നു.* 50.1 ഡിഗ്രി സെല്‍ഷ്യസ് ആണ് ചിലയിടങ്ങളില്‍ രേഖപ്പെടുത്തിയ കൂടിയ താപനില. സമീപ കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂടില്‍ ജനം വെന്തുരുകുകയാണ്.ശനിയാഴ്ച ഉച്ചയ്ക്ക് അൽ ദഫ്റാ മേഖലയിലാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. അൽദഫ്റ മേഖലയിൽ ഞായറാഴ്ചയും ചൂട് 49 ഡിഗ്രിക്ക് മുകളിലുണ്ട്. അബുദാബി, ദുബായ് എന്നിവിടങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുകയാണ്.
*ഓഗസ്റ്റ് ഒന്നുമുതൽ സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളേജുകളിലുമെല്ലാം പഞ്ചിങ് നിർബന്ധമാക്കുന്നു.* ശമ്പളവും ഹാജരും തമ്മിൽ ബന്ധിപ്പിക്കും. ഇതോടെ അനധികൃതമായി ഹാജരാകാത്തവർക്കും താമസിച്ചു വരുന്നവർക്കും ശമ്പള നഷ്ടം ഉണ്ടാകും. .
*ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സര വേദികളുടെ കാര്യത്തിലും തീരുമാനം മാറ്റി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.* നാലു മത്സരങ്ങൾ മാത്രം പാക്കിസ്ഥാനിൽ നടത്തി, ബാക്കി കളികൾ ശ്രീലങ്കയിൽ നടത്തുന്നതിന് തയാറല്ലെന്ന് പിസിബി ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിനെ നിലപാട് അറിയിച്ചു. ശ്രീലങ്കയിലെ കാലാവസ്ഥ മോശമാണെന്നും, കൂടുതൽ മത്സരങ്ങൾ പാക്കിസ്ഥാനിൽ നടത്തണമെന്നും പിസിബി ആവശ്യമുന്നയിച്ചു.
*സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് ഇനി പാട്ടു കേട്ട് ജോലി ചെയ്യാം.* മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലെ ജീവനക്കാർക്കാണ് സൗകര്യം ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് ജൂലൈ 14ന് ഉത്തരവിറങ്ങിയിരുന്നു. പാട്ടു കേട്ട് ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കാൻ 13,440 രൂപയും അനുവദിച്ചിരുന്നു.
*ഒമാനും ഇറാനും ഇടയിലുള്ള തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിനു ചുറ്റും സൈനികസാന്നിധ്യം ശക്തമാക്കാനുള്ള നീക്കവുമായി അമേരിക്ക.* ഹോര്‍മുസ് തീരത്ത് എഫ് 16 പോര്‍വിമാനങ്ങളെയാണ് അമേരിക്ക വിന്യസിക്കുക. കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുക്കുന്നത് തടയാനാണ് യുദ്ധവിമാനങ്ങള്‍ അയക്കുന്നതെന്ന് പെന്റഗണ്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. മധ്യപൗരസ്ത്യ ദേശത്ത് ഇറാന്‍– റഷ്യ– സിറിയ ബന്ധം ശക്തമാകുന്നതിനിടെയാണ് അമേരിക്കയുടെ ശക്തമായ നീക്കം
*അമേരിക്ക നല്‍കിയ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗപ്പെടുത്താന്‍ യുക്രൈന്‍ തീരുമാനിക്കുകയാണെങ്കില്‍ അതെ നാണയത്തില്‍ തിരിച്ചടിക്കാന്‍ ആവശ്യമായ ബോംബുകളുടെ ശേഖരം തങ്ങളുടെ പക്കലും ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍.* ഞായറാഴ്ച നടന്ന അഭിമുഖത്തിലാണ് യുക്രൈന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ തിരിച്ചും അവ തന്നെ പ്രയോഗിക്കാന്‍ റഷ്യ മടിക്കില്ലെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കിയത്.
*എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ സന്ദര്‍ശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും അനുയായികളും.* പ്രഫൂല്‍ പട്ടേലിനും മറ്റ് മന്ത്രിമാര്‍ക്കും ഒപ്പമാണ് അജിത് പവാര്‍ എന്‍സിപി അധ്യക്ഷനെ കാണാനെത്തിയത്. എന്‍സിപി പിളര്‍ത്തി എന്‍ഡിഎയിലെത്തിയത് ശേഷം ആദ്യമായാണ് അജിത് പവാര്‍ പക്ഷം ശരദ് പവാറിനെ കാണാനെത്തിയത്. മുംബൈയിലെ വൈ.ബി. ചവാന് സെന്ററില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.
*പച്ചക്കറി ലോറിയിൽനിന്ന് പുറത്തേക്ക് കിടന്ന കയർ കാലിൽ കുരുങ്ങി കാൽനടയാത്രക്കാരനായ സംക്രാന്തി ഡ്രൈക്ലീനിംങ് കടയിലെ ജീവനക്കാരൻ മുരളി മരണമടഞ്ഞു.* ലോറിയിൽ നിന്ന് പുറത്തേയ്ക്കു കിടന്ന കയർ കാലിൽ കുരുങ്ങി വലിച്ചിഴച്ചു കൊണ്ടുപോയതോടെയാണ് അപകടം ഉണ്ടായത്.പച്ചക്കറി ലോറിയിൽ അലക്ഷ്യമായി ഒരു കയർ തൂങ്ങിക്കിടന്നതാണ് അപകടത്തിന് കാരണം. സംക്രാന്തിയിൽ വെച്ച് പ്രഭാതസവാരിക്കിടെ ചായകുടിക്കാനായി കടയിലേക്ക് പോയ മുരളി ഈ കയറിൽ കുരുങ്ങുകയായിരുന്നു.
*നിർമ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണം തട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പോലീസ് സൈബർ വിഭാഗം തിരിച്ചു പിടിച്ചു.* കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെ നേട്ടം. കോഴിക്കോട് സ്വദേശി രാധാകൃഷ്ണനെ വാട്‌സ് ആപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40000 രൂപ തട്ടിയെടുത്തത്.
*ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.* എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മതത്തിന് അതീതമായിരിക്കണം വ്യക്തി നിയമങ്ങള്‍ എന്നും അദ്ദേഹം വ്യക്തമാക്കി. ഏകീകൃത സിവില്‍കോഡ് വന്നാല്‍ നീതിന്യായ സംവിധാനം കുറെക്കൂടി കാര്യക്ഷമമാകുമെന്നും ഇത് നടപ്പാക്കരുതെന്ന് പറയുന്നവരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പലതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
*ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.* പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലിന്റെ കരട് രൂപം പോലും ആയിട്ടില്ലെന്നും അതിന് മുന്‍പ് ബില്ലിനെ കുറിച്ച് അനാവശ്യ ചര്‍ച്ചയാണ് നടക്കുന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡ് ബില്ല് ഇത്തവണ പാര്‍ലമെന്റില്‍ വരുമോ എന്ന് സംശയമാണെന്നും അദേഹം പറഞ്ഞു.
*ലീനാമണിയ്ക്ക് നേരെ നടന്നത് അതിക്രൂരമായ ആക്രമണം.* വര്‍ക്കലയില്‍ വീട്ടമ്മയായ ലീനമണിയുടെ വായില്‍ തുണിതിരുകിയ ശേഷം കമ്പിപ്പാരകൊണ്ടാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. ഇവരുടെ കൈകളിലും കാലിലും കുത്തേറ്റിട്ടുണ്ടെന്ന് ലീനാമണിയുടെ സഹോദരിപുത്രൻ പറയുന്നു.ഭര്‍തൃസഹോദരന്മാരായ അഹദ്, മുഹസിന്‍, ഷാജി എന്നിവരും അഹദിന്റെ ഭാര്യയും ചേര്‍ന്ന് ആക്രമണം നടത്തിയത്.
*സർക്കാരിനെതിരായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി വിവര സാങ്കേതിക നിയമം (ഐടി) ഭേദഗതി ചെയ്ത നടപടിയില്‍ കേന്ദ്രത്തെ വിമർശിച്ച് ബോംബൈ ഹൈക്കോടതി.* അസാധാരണമായ ഒന്നാണ് ഐടി നിയമ ഭേദഗതി എന്നും ഉറുമ്പിനെ കൊല്ലാൻ ചുറ്റികയുടെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
*ഡൽഹിയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ വീണ്ടും കരകവിഞ്ഞ് യമുന.* കഴിഞ്ഞ ദിവസങ്ങളിൽ ജലനിരപ്പ് നേരിയ തോതിൽ താഴ്ന്നെങ്കിലും, ഇന്നലെ വീണ്ടും ഉയരുകയായിരുന്നു. നിലവിൽ, പ്രഗതി മൈതാനത്തിന് സമീപമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വിവിധ ഇടങ്ങളിൽ മഴയെ തുടർന്ന് റോഡുകളിൽ മരങ്ങൾ കടപുഴകി വീഴുകയും, ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ മേഖലകളിൽ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
*കടൽക്കരയിലെ പാറക്കെട്ടിലിരുന്ന് ഭർത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതി മരിച്ചു.* മഹാരാഷ്ട്രയിലെ ബാന്ദ്ര ഫോർട്ടിൽ ജൂലൈ 9ന് നടന്ന സംഭവത്തിൽ ഇരുപത്തിയേഴുകാരിയായ ജ്യോതി സോനാർ ആണ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
*ജമ്മു കാശ്മീരിലെ സിന്ധ് നദിയിലേക്ക് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു.* വാഹനാപകടത്തിൽ 8 സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു. സോൻമരാഗിലെ നീൽഗ്ര ബൽത്താലിനു സമീപമാണ് അപകടം നടന്നത്. ബാൽട്ടലിലേക്ക് വരികയായിരുന്നു സൈനിക സംഘമാണ് അപകടത്തിൽപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ടതോടെ നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
*2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ജെഡിഎസും സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായി.* ജെഡി (എസ്) എൻഡിഎയില്‍ ചേരുന്നത് സംബന്ധിച്ച് ഇരുപാര്‍ട്ടികളും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കര്‍ണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
*ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31ന് ശേഷം നീട്ടില്ല.* നികുതിദായകരോട് എത്രയും വേഗം റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഐടിആര്‍ ഫയല്‍ ചെയ്യാത്തവര്‍ക്കു ജൂലൈ 31 വരെ സമയമുണ്ട്.
*നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.* കോഴിക്കോട് കൊടിയത്തൂർ കോട്ടമ്മൽ സയ്യിദ് ഹാരിസ് ആണ് പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കുറ്റം ചുമത്തിയാണ് ഹാരിസിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
*കുടുംബശ്രീ അംഗങ്ങളുടെ കള്ളയൊപ്പിട്ട് പ്രസിഡന്റും സെക്രട്ടറിയും സിഡിഎസും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു.* അടിമാലിയിലാണ് തട്ടിപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സഹൃദയ കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി, സിഡിഎസ് ചെയർപേഴ്‌സൺ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒൻപത് പേരുടെ കള്ളയൊപ്പിട്ട് വായ്പ എടുത്തെന്നാണ് ആരോപണം. വനിത വികസന കോർപ്പറേഷനിൽ നിന്നും ഏഴ് ലക്ഷത്തി അൻപതിനായിരം രൂപ വായ്പയെടുത്തെന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
*ഉത്തർപ്രദേശിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്കു വേണ്ടി പ്രവർത്തിച്ച യുവാവ് അറസ്റ്റിൽ.* ഗോണ്ട തരബ്ഗഞ്ച് സ്വദേശിയായ മുഹമ്മദ് റയീസ് ആണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
*ക്ഷേത്രത്തിന്റെ രൂപസാദൃശ്യമുണ്ടെന്ന പേരിൽ മസ്ജിദ് അടച്ചുപൂട്ടിയ കളക്ടറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വിഭാഗം കോടതിയിൽ.* മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ പുരാതന മസ്ജിദ് അടച്ചുപൂട്ടിയ നടപടിക്കെതിരെ മുസ്ലിം സംഘടനകൾ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിനെയാണ് സമീപിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച കേസ് പരിഗണിക്കും. കഴിഞ്ഞ 11 ന് ആണ് കളക്ടർ മസ്ജിദ് പൂട്ടാൻ ഉത്തരവിട്ടത്.
*വിശുദ്ധ മദർ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ഡോക്യുമെന്ററി ചിത്രം ജൂലൈ 14ാം തീയതി, അമേരിക്കയിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.* സ്പെയിനിലും, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും പ്രദർശനം നടത്തി വിജയം കണ്ടെത്തിയ ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോസ് മരിയ സവാളയാണ്. വിശുദ്ധ പാദ്രെ പിയോ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ എന്നീ വിശുദ്ധരുടെ ജീവിതങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ജോസ് മരിയ സവാള.
*ഇന്നത്തെ വചനം*
നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. അവന്‍ ഒന്നാമന്റെ അടുത്തുചെന്നു പറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുക.
ഞാന്‍ പോകാം എന്ന് അവന്‍ പറഞ്ഞു; എങ്കിലും പോയില്ല.
അവന്‍ രണ്ടാമന്റെ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്‌സില്ല എന്നു പറഞ്ഞു; എങ്കിലും പിന്നീടു പശ്‌ചാത്തപിച്ച് അവന്‍ പോയി.
ഈ രണ്ടുപേരില്‍ ആരാണ് പിതാവിന്റെ ഇഷ്‌ടം നിറവേറ്റിയത്? അവര്‍ പറഞ്ഞു: രണ്ടാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേസ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.
മത്തായി 21 : 28-32
*വചന വിചിന്തനം*
മനസ്താപമാണ് ഉചിതമായ ആത്മീയ ഫലം പുറപ്പെടുവിക്കുന്നത്. കൈത്താക്കാലം ഫലദായകത്വത്തെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മൾ ചെയ്യാം എന്നു പറഞ്ഞിട്ട് ചെയ്യാതിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്. നമ്മൾ ജീവിതത്തിൽ സ്വീകരിച്ചിരിക്കുന്ന ദൗത്യങ്ങൾ അഥവാ ജീrതാവസ്ഥകൾക്ക് അനുസൃതമായ കടമകൾ നമ്മൾ നിർവഹിക്കുന്നുണ്ടോ എന്നു പരിശോധിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*