*ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള അവസാനദിനം ജൂലായ് ഒന്നിന് തീർന്നതോടെ ഇത് നടത്താത്തവർക്ക് ബാങ്കിടപാടിൽ തടസ്സം തുടങ്ങി.* പ്രതിദിനം 50,000 രൂപയിൽ കൂടുതലുള്ള ഇടപാട് നടത്താൻ സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. പുതിയ അക്കൗണ്ട് തുറക്കാനും കഴിയുന്നില്ല.
 
*കോട്ടയം, കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.* താലൂക്കിലെ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം വെളളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും മിക്ക സ്കൂളുകളിലും ക്യാംപുകൾ പ്രവർത്തിച്ചു വരുന്നതിനാലുമാണ് സ്കൂളുകൾക്കും പ്രഫഷനൽ കോളജുകൾക്കും ട്യൂഷൻ സെന്ററുകൾക്കും അങ്കണവാടികൾക്കും ഉൾപ്പെടെ അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

*കലാപകലുഷിതമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു പിന്നാലെ ബംഗാളിലെ അറുന്നൂറോളം ബൂത്തുകളിൽ റീ പോളിങ് പ്രഖ്യാപിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ.* തിങ്കളാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കും.

*കെ റെയിൽ (സിൽവർലൈൻ) പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് പറഞ്ഞിട്ടില്ലെന്നും നിലവിലെ രീതിയിൽ പ്രായോഗികമല്ലെന്നാണ് പറഞ്ഞതെന്നും മെട്രോമാൻ ഇ.ശ്രീധരൻ.* പൊന്നാനിയിലെ വീട്ടിൽ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസുമായി നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു പ്രതികരണം. കെ റെയിൽ പദ്ധതിയിൽ മാറ്റം വരുത്തിയാൽ കേരളത്തിന് യോജിക്കുമെന്നാണോ പറയുന്നതെന്ന ചോദ്യത്തിന് എപ്പോഴും താൻ അതു പറയാറുണ്ടെന്നും ശ്രീധരൻ മറുപടി നൽകി. 

*ക്രൈമിയയിലുൾപ്പെടെ മിസൈലുകൾ വീഴ്ത്തിയെന്ന് റഷ്യൻ സൈന്യം* 9 വർഷം മുൻപ് റഷ്യ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ക്രൈമിയയിലും റഷ്യയിലെ റോസ്തോവ്, ബ്രയാൻസ്ക് മേഖലകളിലുമായി 4 മിസൈലുകളാണു വീഴ്ത്തിയത്.റഷ്യയ്ക്കെതിരെ യുക്രെയ്നു ക്ലസ്റ്റർ ബോംബ് നൽകാനുള്ള യുഎസ് തീരുമാനത്തിൽ റഷ്യ പ്രതിഷേധിച്ചു.

*ഗവർണർ ആർഎൻ രവി വർഗീയ വിദ്വേഷം വളർത്തുന്നുവെന്നും തമിഴ്‌നാടിന്റെ സമാധാനത്തിന് ഭീഷണിയാണെന്നും ആരോപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രസിഡന്റ് മുർമുവിന് കത്തയച്ചു.* ഭരണഘടനയനുസരിച്ച് ഗവർണറാണ് സംസ്ഥാനത്തലവനെങ്കിലും മുഖ്യമന്ത്രിയുടെ കൗൺസിലിന്റെ ഉപദേശം അനുസരിച്ചായിരിക്കും അദ്ദേഹം പ്രവർത്തിക്കുകയെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു

*ഏകീകൃത സിവിൽ കോഡ് ബില്ലിന്‍റെ കരട് കാണാതെ അഭിപ്രായം പറയേണ്ടെന്നാണ് കോൺഗ്രസ് തീരുമാനമെന്ന് വ്യക്തമാക്കി ശശി തരൂർ.* ബില്ലിന് പിന്നിലെ ബിജെപിയുടെ രാഷ്ട്രീയ ഉദ്ദേശത്തിലും പ്രേരണയിലും വലിയ സംശയമുണ്ടെന്നും ബിൽ ഏതെങ്കിലും വിഭാഗത്തിന്‍റെ അവകാശത്തെ ലംഘിക്കുകയാണെങ്കിൽ എതിർക്കുമെന്നും ശശി തരൂർ പറഞ്ഞു.

*വിമാന യാത്രക്കാരുടെ ബാഗേജില്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ.* 30 വസ്തുക്കള്‍ക്കാണ് ബാഗേജില്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം വന്നിരിക്കുന്നത്. ഹജ്ജ് യാത്രക്കാര്‍ക്കാണ് ഇത് ബാധകമായിരിക്കുന്നത്. ലിസ്റ്റ് ചെയ്യപ്പെട്ട സാധനങ്ങള്‍ അനുവാദമില്ലാതെ കൊണ്ടുപോകുന്നത് പരിശോധനയില്‍ കണ്ടെത്തിയാല്‍ അവ കണ്ടുകെട്ടുമെന്നും യാത്രക്കാര്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കില്ലെന്നും ജിദ്ദയിലെ കിങ് അബ്ദുള്‍ അസീസ് രാജ്യാന്തര വിമാനത്താവളം അധികൃതര്‍ പറഞ്ഞു
 
*ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം നേതൃത്വം നൽകുന്ന ദേശീയ സെമിനാറിൽ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പങ്കെടുക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.* മുസ്ലീം ലീഗ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ ന്യായം അവരോട് തന്നെ ചോദിക്കണമെന്നും അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

*ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് തീരുമാനം.* പാണക്കാട് ചേർന്ന നേതൃയോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. അതുകൊണ്ടുതന്നെ മുസ്ലിം ലീഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ. കോൺഗ്രസിനാണ് ഈ പോരാട്ടത്തിൽ പ്രധാനമായും പങ്ക് വഹിക്കാൻ സാധിക്കുക. യുഡിഎഫിന്റെ മറ്റ് ഘടക കക്ഷികളെയൊന്നും ക്ഷണിക്കാത്ത യോഗത്തിലേക്ക് പോകേണ്ടതില്ലെന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനമെന്ന് യോഗത്തിന് ശേഷം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു

*കേരളത്തിൽ ചില ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ഉണ്ടായ ചെറിയ തോതിലുള്ള വിറയൽ, ഭൂമിയ്ക്കടിയിൽ നിന്നുണ്ടായ മുഴക്കം എന്നിവ സംബന്ധിച്ച വിശദീകരണവുമായി ദുരന്ത നിവാരണ അതോറിറ്റി.* കേരളത്തിലെ കാസർഗോഡ്, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ആണ് പ്രശ്നം. ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദവും കേൾക്കുന്നത്. ചെറിയ അളവിൽ ഉണ്ടാകുന്ന മർദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ വിരളം ആണ്. 

*ഭക്തജനങ്ങൾ ഒഴുകിയെത്തുന്ന മഹാകുംഭമേളയെ വരവേൽക്കാൻ ഒരുങ്ങി പ്രയാഗ് രാജ്.* 2025 ജനുവരി 13നാണ് പൗഷപൗർണമിയോടെ മഹാകുംഭമേള ആരംഭിക്കുക. ജനുവരി 14-15 തീയതികളിലെ മകരസംക്രാന്തി ദിനത്തിലാണ് ആദ്യ ഷാഹി സ്നാൻ. ഇതവണ 45 ദിവസമാണ് മഹാകുംഭം സംഘടിപ്പിക്കുന്നത്. മഹാകുംഭത്തിന്റെ ഒരുക്കങ്ങൾ സംബന്ധിച്ച് സംഗമം നഗരിയിൽ സന്യാസി ശ്രേഷ്ഠരുമായി സംഘടിപ്പിച്ച യോഗത്തിനുശേഷമാണ് ഔദ്യോഗിക തീയതി പ്രഖ്യാപിച്ചത്.

*രാജ്യത്ത് വരുന്ന 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്ന് നരേന്ദ്ര മോദി മത്സരിക്കുമെന്ന് അഭ്യൂഹം.* കന്യാകുമാരിയോ കോയമ്പത്തൂരോ ആയിരിക്കും മത്സരിക്കുക. മോദി മത്സരിക്കുമെന്നാണ് പ്രചാരണം. കോയമ്പത്തൂരില്‍ കഴിഞ്ഞ തവണ ജയിച്ചത് സിപിഎം ആണ്. ഭൂരിപക്ഷം 1,79,143 വോട്ട് കന്യാകുമാരിയില്‍ കഴിഞ്ഞ തവണ ജയിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. 1,37,950 വോട്ടായിരുന്നു ഭൂരിപക്ഷം.
 
*മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഭാഗികമായി പിൻവലിക്കാൻ നിർദ്ദേശം.* ഒപ്ടിക്കൽ ഫൈബർ കണക്ഷൻ ഉള്ളവർക്കും, ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകളിലും സേവനം പുനസ്ഥാപിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ, സർക്കാർ ഓഫീസുകളിലും, വീടുകളിലും ക്രമസമാധാനത്തെ ബാധിക്കാത്ത തരത്തിൽ ഇന്റർനെറ്റ് സേവനം ലഭിക്കുന്നതാണ്. 

*ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.* കഴിഞ്ഞ ദിവസം മുതല്‍ പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതതടസ്സവും ഉണ്ടായി.
 
*രാജ്യത്തിന്റെ ചരിത്ര മുഹൂർത്തങ്ങളിൽ ഒന്നായ ചന്ദ്രയാൻ-3- ന്റെ വിക്ഷേപണം നേരിൽ കാണാൻ അവസരം.* ഇന്ത്യൻ പൗരന്മാരെ ലോഞ്ചിംഗ് ദിവസം അതിഥികളായി ക്ഷണിച്ചിരിക്കുകയാണ് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് വ്യൂ ഗാലറിയിൽ നിന്നാണ് വിക്ഷേപണം കാണാൻ സാധിക്കുക. വിക്ഷേപണം നേരിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ivg.shar.gov.in/VSCREGISTERAT-IO എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്. ഏകദേശം 5000- ത്തോളം ആളുകൾക്കാണ് വിക്ഷേപണം നേരിട്ട് കാണാനുള്ള അവസരം. ജൂലൈ 14- ന് ഉച്ചയ്ക്ക് 2.35- നാണ് വിക്ഷേപണം.

*ത്രിദിന സന്ദർശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മലേഷ്യയിലേക്ക്.* ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്‌നാഥ് സിംഗ് മലേഷ്യ സന്ദർശിക്കുന്നത്. മലേഷ്യൻ പ്രതിരോധ മന്ത്രി ഡാറ്റോ സെരി മുഹമ്മദ് ഹസനുമായി രാജ്നാഥ് സിംഗ് ഉഭയകക്ഷി ചർച്ചകൾ നടത്തും.

*പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.* അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലുമായി ഐക്യം രൂപപ്പെടുത്തിയതിൽ രാഹുൽ ഗാന്ധിയെയും സ്മൃതി ഇറാനി വിമർശിച്ചു.

*രാഷ്ട്രീയ ചർച്ചകളിൽ ഏർപ്പെടാൻ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കുള്ള അതേ അവകാശം ഗവർണർമാർക്കും ഉണ്ടെന്ന് തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ.* ഗവർണർമാർ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ പരാമർശത്തിന് പിന്നാലെയാണ് ഗവർണറുടെ പരാമർശം.

*തന്റെ പലചരക്ക് കടയിൽ ജോലി ചെയ്തിരുന്ന തൊഴിലാളിയെ ഉടമ ജീവനോടെ കത്തിച്ചു.* പിന്നീട് വൈദ്യുതാഘാതമേറ്റതായി ഇയാൾ നാട്ടുകാരുടെ മുന്നിൽ ചിത്രീകരിച്ചു. ശനിയാഴ്ച മംഗളൂരുവിലെ മുളിഹിത്ത്‌ലുവിൽ ആയിരുന്നു സംഭവം. നിസാര പ്രശ്‌നത്തിന് പ്രതി തൗസീഫ് ഹുസ്സൈൻ ഗജ്‌നനെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പിന്നീട് ഗജ്‌നനെ വൈദ്യുതാഘാതമേറ്റെന്ന് പറഞ്ഞ് വെൻലോക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

*വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു.* അഞ്ചുതെങ്ങില്‍ മാമ്പള്ളി കൃപാനഗറില്‍ റീജന്‍-സരിത ദമ്പതികളുടെ മകള്‍ റോസ്ലിയയ്ക്കാണ് നായയുടെ കടിയേറ്റത്.മുഖത്തും കഴുത്തിനും കടിയേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
*സുഹൃത്തിന്റെ വീട്ടിൽ മാമോദീസക്കെത്തി ഡയമണ്ട് നെക്ലെസ് ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ.* ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ(30)യാണ് പോലീസിന്റെ പിടിയിലായത്. നാല് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണ് റംസിയ മോഷ്ടിച്ചത്. മെയ് 6നാണ് സംഭവം നടന്നത്. മാമോദീസ ചടങ്ങ് കഴിഞ്ഞ് ധരിച്ചതും ഗിഫ്റ്റ് കിട്ടിയതുമായ ആഭരണങ്ങൾ മുറിയിലെ അലമാരിയിൽ വെച്ചരിക്കുകയായിരുന്നു. അവിടെ നിന്നുമാണ് റംസിയ മോഷ്ടിച്ചത്

*കോഴിക്കോട് കൊടുവള്ളിയിൽ കുഴൽപണവുമായി രണ്ടുപേർ അറസ്റ്റിൽ.* കൊടുവള്ളി തലപെരുമണ്ണ തടായിൽ ഇഷാം(36), കൊടുവള്ളി ആലപ്പുറായിൽ ലത്തീഫ്(43) എന്നിവരാണ് പിടിയിലായത്. ഇഷാമിന്റെ പക്കൽ നിന്നും 23 ലക്ഷം രൂപയും ലത്തീഫിന്റെ കയ്യിൽനിന്നും 15 ലക്ഷം രൂപയുമാണു പിടികൂടിയത്.
 
*ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം.* 301 കോളനിയില്‍ കാട്ടാന വീട് പൊളിച്ച്‌ അകത്തു കയറാന്‍ ശ്രമിച്ചു. ജ്ഞാനജ്യോതിയമ്മാളിന്റെ വിടിന്റെ വാതിലും അടക്കളയുമാണ് ആനയുടെ ആക്രമണത്തിൽ തകർന്നത്. ചക്കക്കൊമ്പനാണ് വീട് ആക്രമിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

*രക്തസാക്ഷി ഫണ്ട്​ വെട്ടിപ്പ്​ സംബന്ധിച്ച്​ സിപിഎമ്മിൽ അന്വേഷണം.* വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്കെതിരെയാണ്​ ആ​​രോപണം ഉയർന്നത്. ഡിവൈഎഫ്​ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ നിന്ന്​ തിരിമറി നടത്തിയെന്നാണ്​ പരാതി.

*പബ്‌ജി കളിക്കിടെ പരിചയപ്പെട്ട കാമുകനെത്തേടി നാലുമക്കളുമായി ഇന്ത്യയിലേയ്ക്ക് കടന്നു കയറി പാകിസ്ഥാനി യുവതി സീമ ഹിന്ദുമതം സ്വീകരിച്ചതായി വാർത്ത.* ഉത്തര്‍പ്രദേശില്‍ ഗ്രേറ്റര്‍ നോയിഡയിലെ റബുപുരയിൽ കാമുകന്‍ സച്ചിന്‍ മീണയെ തേടിയാണ് യുവതി എത്തിയത്. ഇരുവർക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.  മുസ്ലീം മതം ഉപേക്ഷിച്ച്‌ ഹിന്ദു മതം സ്വീകരിച്ചെന്നും കടലാസുപണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ സച്ചിന്‍ മീണയെ വിവാഹം കഴിക്കുമെന്നും അറിയിച്ചിരിക്കുകയാണ് യുവതി.

*നിരവധി രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിലും പ്രശ്നങ്ങളിലും നയതന്ത്രപരമായ ഇടപെടൽ നടത്തുന്ന ചൈന ഇടതുപക്ഷ ശക്തികളെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നുവെന്ന് സി.പി.എം.* സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അമേരിക്കൻ സാമ്രാജ്യത്വം ഉൾപ്പെടെ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

*ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഞായറാഴ്ച അഞ്ച് പേര്‍ മരിച്ചു.* ഉരുള്‍പൊട്ടലും മിന്നല്‍പ്രളയവും സാധാരണജനജീവിതം താറുമാറാക്കി. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പലയിടങ്ങളിലും റോഡുഗതാഗതം തടസ്സപ്പെട്ടു. മിന്നൽ പ്രളയത്തിൽ വാഹനങ്ങൾ ഒലിച്ചുപോകുന്നതിന്‍റെ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.